»   » അമീര്‍ ഖാന്‍ ഇനി പിപ്‌ലി ലൈവില്‍

അമീര്‍ ഖാന്‍ ഇനി പിപ്‌ലി ലൈവില്‍

Posted By:
Subscribe to Filmibeat Malayalam
Aamir Khan
മൂന്ന് മണ്ടന്‍മാര്‍ ചേര്‍ന്ന് പണപ്പെട്ടി നിറച്ച വിശേഷങ്ങള്‍ മാത്രമേ ബോളിവുഡിന് ഇപ്പോള്‍ പറയാനുള്ളൂ. 18 ദിവസം കൊണ്ട് 315 കോടി വാരിയ ത്രീ ഇഡിയറ്റ്‌സിനെ ഹിന്ദി സിനിമാ ലോകം പുകഴ്ത്തുമ്പോള്‍ ഏറ്റവുമധികം സന്തോഷിയ്ക്കുന്നത് പെര്‍ഫെക്ഷനിസ്റ്റ് സ്റ്റാര്‍ അമീര്‍ ഖാന്‍ തന്നെയാണ്.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം ബോളിവുഡ് ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകള്‍ തിരുത്തിയെഴുതിയ ചിത്രങ്ങളില്‍ നായകനാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം അമീര്‍ മറച്ചുവെയ്ക്കുന്നില്ല. അമീറിന്റെ തന്നെ ഗജിനി സ്ഥാപിച്ച 260 കോടിയുടെ റെക്കാര്‍ഡാണ് ത്രീ ഇഡിയ്റ്റസ് വെറും 18 ദിവസം കൊണ്ട പഴങ്കഥയാക്കിയത്. ഒരു ബോളിവുഡ് ചിത്രം വിദേശരാജ്യങ്ങളില്‍ നേടുന്ന കളക്ഷന്റെ കാര്യത്തിലും ത്രീ ഇഡിയറ്റ്‌സ് മുന്നിലെത്തി കഴിഞ്ഞു.

വര്‍ഷത്തില്‍ ഒരൊറ്റ സിനിമ എന്ന ട്രാക്കില്‍ നീങ്ങുന്ന അമീര്‍ ഇപ്പോള്‍ തന്റെ പുതിയ പ്രൊജക്ടിനെപ്പറ്റിയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. നവാഗതയായ അനൗഷ റിസ്‌വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പിപ്‌ലി ലൈവ് ആണ് അമീറിന്റെ അടുത്ത ചിത്രം. എന്‍ഡിടിവിയില്‍ ജേണലിസ്റ്റായിരുന്ന അനൗഷയുടെ തിരക്കഥ വായിച്ചയുടന്‍ അമീര്‍ സമ്മതം മൂളുകയായിരുന്നു.

പിപ്‌ലി എന്നൊരു ഗ്രാമത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ മൊത്തം അവസ്ഥ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ടാകും. എന്നാല്‍ വെറും ചിരിയ്ക്ക് വേണ്ടി മാത്രം സൃഷ്ടിച്ച തമാശകളല്ല അവ, ആര്‍ക്കും ഇഷ്ടപ്പെടുന്ന ഓരോരുത്തരുടെ മനസ്സിനുള്ളിലുള്ള കാര്യങ്ങളാവും ചിത്രം പറയുക. അമീര്‍ വിശദീകരിയ്ക്കുന്നു. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിയ്ക്കുകയാണ്.

എന്നാല്‍ പിപ്‌ലി ലൈവിന്റെ ഷൂട്ടിങ് എന്ന് തുടങ്ങുമെന്ന് പറയാന്‍ താരം തയ്യാറായില്ല. ഇനി കുറച്ച് കാലം വിശമിച്ചതിന് ശേഷം പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടന്നാല്‍ മതിയെന്നാണ് അമീറിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് സിനിമകളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും അതിന് വേണ്ടി വന്ന അദ്ധ്വാനം വളരെ വലുതായിരുന്നു. ഇനി ഏതായാലും കുറച്ചുനാള്‍ കുടുംബത്തിനൊപ്പം കഴിയുക. അതാണ് എന്റെ അടുത്ത പ്ലാന്‍ -അമീര്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam