»   » 1500 കോടിയുടെ ആസ്തിയുമായി ഷാരൂഖ്

1500 കോടിയുടെ ആസ്തിയുമായി ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam
Sharukh
കിങ് ഖാന്‍ എന്ന വിശേഷണത്തിന് ഷാരൂഖ് ഖാന്‍ അര്‍ഹനാണോയെന്ന് ബോളിവുഡില്‍ത്തന്നെ പലര്‍ക്കും സംശയമാണ്. എന്നാല്‍ സമ്പത്തിന്റെ കാര്യത്തില്‍ ഷാരൂഖിന് കിങ് ഖാനെന്ന പേര് നന്നായി ചേരും, മറ്റാരേക്കാളുമേറേ.

കാര്യമെന്തെന്നല്ലേ 1500 കോടി രൂപയുടെ ആസ്തിയും വിലമതിക്കാനാവാത്ത താരമൂല്യവുമായി ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരിക്കുന്നു. അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും അമിര്‍ ഖാനുമുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെയെല്ലാം കടത്തിവെട്ടിയാണ് ഷാരൂഖ് ഖാന്‍ മുന്നിലെത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു താരത്തിന് ഇത്രയുമധികം ആസ്തിയുണ്ടാകുന്നത്. 1500 കോടി രൂപയുടെ ആസ്തി ഷാരൂഖ് ഖാന്‍ സ്വന്തമാക്കിയത് പലവഴിയ്ക്കാണ്.

പരസ്യചിത്രങ്ങളിലെ അഭിനയത്തിലൂടെ 238 കോടി രൂപ. (34 ബ്രാന്റുകളുടെ പരസ്യങ്ങളില്‍ ഷാരൂഖ് അഭിനയിക്കുന്നുണ്ട് 7 കോടി രൂപയാണ് ഒരു പരസ്യചിത്രത്തിനായി ഒരുവര്‍ഷം വാങ്ങുന്നത്). ഷോകളിലും ഇവന്റുകളിലും പങ്കെടുക്കുക വഴി ലഭിക്കുന്നത് 75 കോടി രൂപ. (വിവാഹസല്‍ക്കാരവേളകളിലും മറ്റും അതിഥിയായി എത്തുന്നതിന് 5 കോടി രൂപയാണ് ഷാരൂഖ് ഖാന്‍ വാങ്ങുന്നത്.

സിനിമാഭിനയത്തിന്, ഒരു സിനിമയ്ക്ക് 12 കോടി എന്ന നിരക്കിലാണ് ഷാരൂഖ് ഖാന്‍ പ്രതിഫലം വാങ്ങുന്നത്. കൂടാതെ സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതവും വാങ്ങും.സൂപ്പര്‍ ഹറ്റായി മാറിയ മൈ നെയിം ഈസ് ഖാന്‍' എന്ന ചിത്രത്തിന്റെ ലാഭവിഹിതം 50 കോടിയെങ്കിലും കടക്കും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഇതുകൂടാതെ 500 കോടി രൂപ വിറ്റുവരവുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്ഥാപനവും ഷാരൂഖിനുണ്ട്. ആനിമേഷന്‍, ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാണം, ഐപിഎല്‍ ക്രിക്കറ്റ് ടീമിന്റെ ഉടമസ്ഥത, പരസ്യചിത്ര നിര്‍മ്മാണം, സിനിമാ നിര്‍മ്മാണം തുടങ്ങി എല്ലാ മേഖലകളിലും റെഡ് ചില്ലീസ് സജീവമാണ്.

ഇന്ത്യയുടെ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചാനല്‍ പ്രോഗ്രാമായ ഡിസ്‌കവറി ചാനല്‍ ആന്റ് ലിവിങിന്റെ ലിവിങ് വിത്ത് എ സൂപ്പര്‍ സ്റ്റാര്‍' എന്ന പരിപാടി റെഡ് ചില്ലീസും കൂടിച്ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 20 കോടി രൂപയാണ് ഷാരൂഖ് ഖാന്റെ ജീവിതം പകര്‍ത്തുന്ന ആ പരമ്പരയുടെ ചെലവ്.

സംപ്രേക്ഷണം തീരുമ്പോള്‍ ആ പരമ്പര 100 കോടി രൂപയെങ്കിലും ഷാരൂഖിന് നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും ഷാരൂഖ് ഖാന്‍ സജീവമാണ് മുംബൈ, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളില്‍ വീടുകളും ലോകത്തിലെ പല വന്‍നഗരങ്ങളിലും വസ്തുവകകളും ഷാരൂഖിനുണ്ട്. ഇവയുടെ മൂല്യം 650 കോടി രൂപവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ഷാരൂഖ് ഖാന്റെ ആസ്തി 1500 കോടി രൂപ വരും. ടാം എന്ന സംഘടനയാണ് ഷാരൂഖിന്റെ ആസ്തിയെക്കുറിച്ച് അന്വേഷണം നടത്തിയത്. ടാം തങ്ങളുടെ റിപ്പോര്‍ട്ട് അവരുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 44 കാരനായ ഷാരൂഖ് 6 വര്‍ഷം കൂടിതന്റെ സൂപ്പര്‍ സ്റ്റാര്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് ടാമിന്റെ നിരീക്ഷണം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam