»   » ധൂമിന്റെ മൂന്നാം ഭാഗത്തില്‍ ഷാരൂഖ്‌ വില്ലന്‍?

ധൂമിന്റെ മൂന്നാം ഭാഗത്തില്‍ ഷാരൂഖ്‌ വില്ലന്‍?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ കിങ്‌ ഖാന്‍ ഷാരൂഖ്‌ വീണ്ടുമൊരു വില്ലന്‍ വേഷത്തിനൊരുങ്ങുന്നു. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിയ്‌ക്കാമെങ്കില്‍ ബോളിവുഡിലെ മികച്ച ത്രില്ലറുകളിലൊന്നായ ധൂം പരമ്പരയിലെ പുതിയ ചിത്രത്തില്‍ ഷാരൂഖ്‌ ഖാന്‍ വില്ലനായെത്തും.

ബാസിഗര്‍, ധര്‍, അഞ്ചാം എന്നീ ചിത്രങ്ങളിലൂടെ വില്ലന്‍ വേഷങ്ങള്‍ക്ക്‌ തന്റേതായൊരു നിര്‍വചനം നല്‌കിയ ഷാരൂഖ്‌ ധൂമില്‍ വില്ലനായി അവതരിച്ചാല്‍ ആരാധകര്‍ ആവേശം കൊള്ളുമെന്ന കാര്യമുറപ്പ്‌. ധൂം വില്ലന്‍മാര്‍ക്ക്‌ എപ്പോഴും നായകനേക്കാള്‍ ഗ്ലാമര്‍ ഉണ്ടാവുമെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ?

ധൂം ഒന്നില്‍ ജോണ്‍ എബ്രഹാമായിരുന്നു വില്ലനെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഹൃത്വിക്ക്‌ റോഷനായിരുന്നു പ്രതിനായകനായെത്തി തിളങ്ങിയത്‌. രണ്ടു ഭാഗങ്ങളിലും വില്ലന്റെ ഗ്ലാമറില്‍ മങ്ങിപ്പോയത്‌ അഭിഷേക്‌ ബച്ചനായിരുന്നു.

ധൂമിന്റെ മൂന്നാം ഭാഗത്തില്‍ വില്ലന്‍ വേഷം അവതരിപ്പിയ്‌ക്കാനുള്ള യാഷ്‌ രാജ്‌ ഫിലിംസിന്റെ ക്ഷണം ഷാരൂഖ്‌ സന്തോഷത്തോടെ സ്വീകരിച്ചുവെന്നാണ്‌ ബി ടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌.

ധൂം പരമ്പരയിലെ ആദ്യ രണ്ട്‌ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത സഞ്‌ജയ്‌ ഗാഡ്‌ വി യാഷ്‌ രാജ്‌ ക്യാമ്പ്‌ വിട്ട സാഹചര്യത്തില്‍ പുതിയൊരാളെ സംവിധായകനാക്കാനാണ്‌ ആലോചന നടക്കുന്നത്‌. അതേ സമയം ആദിത്യ ചോപ്ര തന്നെ സംവിധായകനാകാനുള്ള സാധ്യതകളും ആരും തള്ളിക്കളയുന്നില്ല.

ധൂം 3ന്റെ ആലോചനകള്‍ യാഷ്‌ രാജ്‌ ഫിലിംസ്‌ ഏറെ നാള്‍ മുമ്പ്‌ തുടങ്ങിയതാണെങ്കിലും ഷാരൂഖിന്റെ വില്ലത്തരങ്ങള്‍ കാണണമെങ്കില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിയ്‌ക്കേണ്ടി വരും.

2010നുള്ളില്‍ ഷാരൂഖിന്‌ 4 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. മൈ നെയിം ഈസ്‌ ഖാന്‍, ഡോണ്‍ 2, ഫറാ ഖാന്റെ ഹാപ്പി ന്യൂ ഇയര്‍, ഷാരൂഖിന്റെ നിര്‍മാണ കമ്പനിയായ റെഡ്‌ ചില്ലീസ്‌ ചിത്രം ഇതെല്ലാം കഴിഞ്ഞതിന്‌ ശേഷമെ ധൂമിലെ വില്ലത്തരങ്ങള്‍ക്ക്‌ ഷാരൂഖ്‌ രംഗത്തിറങ്ങുകയുള്ളൂ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam