»   » രാഹുല്‍ സ്റ്റൈലില്‍ രണ്‍ബീറിന്റെ തീവണ്ടിയാത്ര

രാഹുല്‍ സ്റ്റൈലില്‍ രണ്‍ബീറിന്റെ തീവണ്ടിയാത്ര

Posted By:
Subscribe to Filmibeat Malayalam
Ranbir Kapoor
ശാന്തമായ മുഖം, ശുഭ്ര വസ്ത്രം, ചെറിയ കുറ്റിത്താടി ബോളിവുഡ് യുവതാരം രണ്‍ബീര്‍ കപൂര്‍ അല്‍പ നേരത്തേക്കെങ്കിലും എല്ലാ അര്‍ത്ഥത്തിലും ഖാദി പാര്‍ട്ടിക്കാരുടെ നേതാവ് രാഹുല്‍ ഗാന്ധിയായി മാറി. മുംബൈ നഗരത്തിന്റെ ജീവനാഡിയായ സബര്‍ബന്‍ തീവണ്ടിയില്‍ കയറി യാത്രക്കാരെ വിസ്മയിപ്പിച്ച രണ്‍ഭീര്‍ സ്റ്റൈലില്‍ മാത്രമല്ല, ആക്ഷനിലും പക്കാ രാഹുലായി മാറാന്‍ ശ്രമിച്ചു.

പുതിയ പൊളിറ്റിക്കല്‍ മൂവി രാജ്‌നീതിയുടെ പ്രമോഷന്‍ പരിപാടികള്‍ക്ക് വേണ്ടിയാണ് രണ്‍ഭീര്‍ ഈ സാഹസമെല്ലാം കാണിച്ചത്. രാഹുല്‍ തന്റെ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണം നടത്തിയപ്പോള്‍ രണ്‍ഭീര്‍ തന്റെ സിനിമയെ പ്രമോട്ട് ചെയ്യാന്‍ വേണ്ടി തീവണ്ടിയില്‍ കയറി. അതു മാത്രമാണ് വ്യത്യാസം. തീവണ്ടിയാത്രയുടെ വീഡിയൊ കാണൂ.

സഹയാത്രികനായി രണ്‍ഭീര്‍ എത്തിയപ്പോള്‍ സബര്‍ബന്‍ തീവണ്ടിയിലെ യാത്രക്കാര്‍ ഏറെ വിസ്മയിച്ചു. രാഹുലിനെ പോലെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രസംഗം നടത്താനൊന്നും തുനിഞ്ഞില്ലെങ്കിലും സബര്‍ബന്‍ തീവണ്ടി യാത്രകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ താരപുത്രന്‍ തയാറായി.

കോളെജ് പഠനകാലത്ത് കൂട്ടുകാര്‍ക്കൊപ്പം സബര്‍ബന്‍ ട്രെയിന്‍ യാത്ര ഏറെ ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍ തീവണ്ടിയ്ക്കുള്ള തിക്കും തിരക്കുമൊന്നും അന്നും ഇഷ്ടപ്പെട്ടിരുന്നില്ല. അന്നൊക്കെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറിക്കൂടിയാണ് തിരക്കില്‍ നിന്ന് പലപ്പോഴും രക്ഷപ്പെട്ടതെന്ന് രണ്‍ഭീര്‍ വെളിപ്പെടുത്തി

പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന രാജ്‌നീതിയില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ വേഷമാണ് രണ്‍ഭീര്‍ കപൂര്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ നായികയായ കത്രീന കെയ്ഫ് ഒരു സോണിയ സ്‌റ്റൈലിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയും ഈ സിനിമയുടെ പ്രത്യേകതയാണ്. മഹാഭാരതത്തിലെ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിയ്ക്കുന്ന രാജ് നീതിയില്‍ ഒരു വന്‍ താരനിര തന്നെ അണിനിരിക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam