»   » വില്ലനാവാന്‍ ഷാരൂഖില്ല

വില്ലനാവാന്‍ ഷാരൂഖില്ല

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ കിങ്‌ ഖാന്‍ ഷാരൂഖിന്റെ വില്ലന്‍ അവതാരം കാണാന്‍ കാത്തിരുന്നവരെ നിരാശപ്പെടുത്തുന്നതാണ്‌ ബി ടൗണില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ധൂമിന്റെ മൂന്നാം ഭാഗത്തില്‍ ഷാരൂഖ്‌ വില്ലനായി അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ നിര്‍മാതാക്കളായ യാഷ്‌രാജ്‌ ഫിലിംസ്‌ വക്താവ്‌ നിഷേധിച്ചതാണ്‌ ആരാധകരെ നിരാശയിലാഴ്‌ത്തിയത്‌.

തീര്‍ത്തും അവാസ്‌തവമായ പ്രചാരണമാണിത്‌. യഷ്‌രാജ്‌ ഫിലിംസ്‌ ഇങ്ങനെയൊരുകാര്യം ചിന്തിച്ചിട്ടില്ല -യഷ്‌രാജ്‌ ഫിലിംസിന്റെ വൈസ്‌ പ്രസിഡന്റ്‌ (മാര്‍ക്കറ്റിങ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍സ്‌) റഫീഖ്‌ ഗാങ്‌ജി പറഞ്ഞു.

സഞ്‌ജയ്‌ ഗാഡ്‌വി സംവിധാനം ചെയ്‌ത ധൂംരണ്ടില്‍ ഹൃത്വിക്‌റോഷന്‍ വില്ലനായി പ്രത്യക്ഷപ്പെട്ടതുപോലെ മൂന്നാംഭാഗത്തില്‍ ഷാരൂഖ്‌ എത്തുമെന്നായിരുന്ന വാര്‍ത്ത. ഒരു ബ്രിട്ടീഷ്‌ ന്യൂസ്‌ വെബ്‌സൈറ്റാണ്‌ ഇക്കാര്യം ആദ്യമായി പുറത്തുവിട്ടത്‌.

മെയ്‌ 26ന്‌ പുറത്തു വന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ വില്ലന്‍ വേഷം അഭിനയിക്കായി നിര്‍മാതാക്കള്‍ ഷാരൂഖിനെ സമീപിച്ചുവെന്നും താരം അതിന്‌ സമ്മതം മൂളിയെന്നുമായിരുന്നു വാര്‍ത്ത. ഇതിനിടെ വില്ലന്‍ വേഷത്തിലേക്ക്‌ സെയ്‌ഫ്‌ അലിഖാനെ നിശ്ചയിച്ചുവെന്നും ബി ടൗണില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ധൂമിന്റെ ആദ്യഭാഗത്ത്‌ അഭിഷേക്‌ ബച്ചന്‍, ഉദയ്‌ചോപ്ര, ജോണ്‍ എബ്രഹാം, ഇഷ ഡിയോള്‍, റിമിസെന്‍ തുടങ്ങിയ താരങ്ങളായിരുന്നു പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്‌. ജോണായിരുന്നു അതില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്‌തത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam