»   » ഐശ്വര്യ റായി നിരസിച്ച ചിത്രങ്ങളിലൂടെ കരിഷ്മ കപൂര്‍ സ്റ്റാറായി, ഉപേക്ഷിച്ചതില്‍ സങ്കടമില്ലെന്ന് താരം!

ഐശ്വര്യ റായി നിരസിച്ച ചിത്രങ്ങളിലൂടെ കരിഷ്മ കപൂര്‍ സ്റ്റാറായി, ഉപേക്ഷിച്ചതില്‍ സങ്കടമില്ലെന്ന് താരം!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ ഐശ്വര്യ റായിയായിരുന്നു ഒരുകാലത്ത് സിനിമയെ ഒന്നടങ്കം അടക്കി ഭരിച്ചിരുന്നത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി ഐശ്വര്യ മാറുകയും ചെയ്തു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ഹൃത്വിക് റോഷന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം ആഷ് അഭിനയിച്ചിട്ടുണ്ട്.

ആമിര്‍ ഖാന്‍ സിനിമയില്‍ മുഴുനീള വേഷം ചെയ്യാന്‍ ഐശ്വര്യയ്ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. ആമിറിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ രാജഹിന്ദുസ്ഥാനിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് ഐശ്വര്യയെയായിരുന്നു. എന്നാല്‍ പിന്നീട് കരിഷ്മ കപൂറാണ് ആ വേഷത്തിലെത്തിയത്. കരിയറില്‍ താന്‍ ഇത്തരത്തില്‍ നിരവധി സിനിമകള്‍ നിരസിച്ചിട്ടുണ്ട്. അവയെക്കുറിച്ച് ഓര്‍ത്ത് പിന്നീട് പശ്ചാത്താപം തോന്നിയിട്ടില്ലെന്നും താരം പറയുന്നു. ഫെമിനയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ആഷ് മനസ്സ് തുറന്നത്.

രാഖി സാവന്തും സണ്ണി ലിയോണും തമ്മിലുള്ള അങ്കം മുറുകുന്നു, പുതിയ വെളിപ്പെടുത്തലുമായി രാഖി, കാണൂ!

മമ്മുക്കയാണ് ആദ്യം അഭിനന്ദിച്ചത്, മമ്മൂട്ടിയുടെ കരുതലിനെക്കുറിച്ച് വാചാലനായി സംവിധായകന്‍, കാണൂ!

നിരസിച്ച ചിത്രങ്ങള്‍

മിസ്സ് ഇന്ത്യ പദവി നേടുന്നതിന് മുന്‍പ് തന്നെ താരത്തിന് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും സ്വീകരിക്കാന്‍ നിര്‍വാഹമില്ലായിരുന്നു. ആമിര്‍ ഖാന്‍ ചിത്രമായ രാജഹിന്ദുസ്ഥാനില്‍ അവസരം ലഭിക്കുമ്പോഴും സമാന അവസ്ഥയായിരുന്നു. അതേ സമയത്ത് തന്നെയാണ് ദില്‍ ദോ പദല്‍ഹെയിലെയും ഓഫര്‍ എത്തിയത്. എന്നാല്‍ ഈ രണ്ട് സിനിമകളും തനിക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ഐശ്വര്യ പറയുന്നു. പിന്നീട് കരിഷ്മ കപൂറാണ് രാജഹിന്ദുസ്ഥാനില്‍ ആമിറിന്റെ നായികയായി എത്തിയത്. ഇരുവരുടേയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി അത് മാറുകയും ചെയ്തു. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ദില്‍ ഗോ പദല്‍ഹെയുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. കരിഷ്മ കപൂറിന്റെ കരിയറിലെ മികച്ച രണ്ട് സിനിമകളും ഐശ്വര്യ റായ് ഉപേക്ഷിച്ചതാണെന്ന കാര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം.

ഇരുവറിലേക്ക് എത്തിയത്

റൊമാന്റിക് ചിത്രങ്ങളുടെ തോഴനായ മണിരത്‌നത്തിന്റെ മേക്കിങ്ങ് രീതി തികച്ചും വ്യത്യസ്തമാണ്. 1997 ല്‍ പുറത്തിറങ്ങിയ മനോഹരമായ സിനിമയായിരുന്നു ഇരുവര്‍. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രകാശ് രാജ്, രേവതി, ഐശ്വര്യ റായ്, ഗൗതമി, തബു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സിനിമകളിലൊന്ന് കൂടിയാണ് ഇരുവര്‍. മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് മൈ സ്റ്റോറിയുമായി രാജീവ് മേനോന്‍ തന്നെ സമീപിച്ചതെന്ന് ആഷ് പറയുന്നു. ഇരുവര്‍ ഏറ്റെടുത്തതോടെ മൈ സ്‌റ്റോറി ഉപേക്ഷിക്കുകയായിരുന്നു. ഇരുവറില്‍ അഭിനയിക്കുമ്പോള്‍ത്തന്നെ ഇത് സൂപ്പര്‍ ഹിറ്റായി മാറുമെന്ന് തോന്നിയിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ തന്നെത്തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നുവെന്നും ഐശ്വര്യ പറയുന്നു.

നിരസിച്ചതില്‍ കുറ്റബോധമില്ല

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താരങ്ങള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. ഒരു താരം നിരസിച്ച സിനിമ മറ്റൊരു താരം ഏറ്റെടുക്കുമ്പോള്‍ അത് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറുന്ന സംഭവം പലപ്പോഴും ആവര്‍ത്തിക്കാറുണ്ട്. അത്തരത്തില്‍ താന്‍ ഉപേക്ഷിച്ച ചിത്രങ്ങളിലൂടെ മറ്റൊരു നായിക പ്രശസ്തയായതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് ഐശ്വര്യ പറയുന്നു. കരിയറില്‍ നിരസിച്ച ചിത്രങ്ങളെക്കുറിച്ചോര്‍ത്ത് ഇന്നുവരെ ദു:ഖിച്ചിട്ടില്ല. മറ്റ് സിനിമകള്‍ ഏറ്റെടുത്തിരിക്കുന്ന സമയമായതിനാലാണ് പല ചിത്രങ്ങളും സ്വീകരിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ അതേ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം പിന്നീട് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.

വിവാഹത്തിന് ശേഷം സംഭവിച്ച മാറ്റം

സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഒരുപാട് സൗഹൃദങ്ങളൊന്നും തുടക്കകാലത്ത് തനിക്കുണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാനേജ് ചെയ്തിരുന്നത് മാനേജര്‍മാരായിരുന്നു. അഭിനയിക്കുന്നതോടെ തന്റെ ജോലി കഴിഞ്ഞുവെന്ന ധാരണയായിരുന്നു അക്കാലത്ത് തനിക്കുണ്ടായിരുന്നത്. എന്നാല്‍ അഭിഷേക് ബച്ചന്റെ ഭാര്യയായി ബച്ചന്‍ കുടുംബത്തിലെത്തിയതോടെ ആ ധാരണ മാറിയെന്നും ഐശ്വര്യ റായി പറയുന്നു. സിനിമയിലെ തന്നെ നിരവധി പേരുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെത്തിയപ്പോള്‍ താനും ആ തരത്തിലേക്ക് മാറി. സിനിമയുമായി ബന്ധപ്പെട്ട് നിരവധി സുഹൃത്തുക്കളെ തനിക്കും ലഭിച്ചു. അവരോട് ഇടപഴകാനും സംസാരിക്കാനും താനും സമയം കണ്ടെത്തി തുടങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നുവെന്നും ആഷ് വ്യക്തമാക്കുന്നു.

ആരാധ്യ ദൈവത്തിന്റെ മകളാണ്

അഭിഷേക് ബച്ചന്‍ ഐശ്വര്യ റായി ദമ്പതികളുടെ മകളായ ആരാധ്യയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. സാധാരണക്കാരിയെപ്പോലെയാണ് തങ്ങള്‍ മകളെ വളര്‍ത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ താരപുത്രികളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് ആരാധ്യ. ഐശ്വര്യ റായിക്കൊപ്പം എപ്പോഴും കൂടെയുള്ള താരപുത്രി തുടക്കത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊന്നും സമ്മതിച്ചിരുന്നില്ല. തനിക്ക് ദൈവം നല്‍കിയ സമ്മാനമാണ് ആരാധ്യയെന്നാണ് ആഷ് പറയുന്നത്. മകളുടെ കാര്യത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലാത്തത് ഐശ്വര്യയെന്ന അമ്മ കാരണമാണെന്നാണ് അഭിഷേക് നേരത്തെ വ്യക്തമാക്കിയത്. മകളുടെ ജനനത്തിന് ശേഷം അവളുടെ കാര്യങ്ങള്‍ക്കായിരുന്നു ഇരുവരും പ്രാധാന്യം നല്‍കിയിരുന്നത്.

English summary
Aishwarya Rai Admits She REJECTED These Two ICONIC Films Of Karisma Kapoor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X