»   » ബണ്ടി ചോറിന്റെ കഥ സിനിമയാകുന്നു

ബണ്ടി ചോറിന്റെ കഥ സിനിമയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Bunty Chor
ഹൈടെക് മോഷണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ബണ്ടി ചോറിന്റെ കഥ സിനിമയാകുന്നു. തിരുവനന്തപുരത്ത് നടത്തിയ ഹൈടെക് മോഷണത്തിലൂടെയാണ് ബണ്ടി ചോര്‍ മലയാളികള്‍ക്ക് സുപരിചിതനായത്. മുമ്പ് റിയാലിറ്റി ഷോകളില്‍ തിളങ്ങിയിട്ടുള്ള ബണ്ടി അതിന് ശേഷമാണ് മോഷണത്തിലൂടെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അത്യന്തം ത്രില്ലിങ് ആയ ബണ്ടി ചോറിന്റെ കഥ മലയാളമുള്‍പ്പെടെ മൂന്ന് ഭാഷകളിലാണ് തയ്യാറാക്കുക. ബണ്ടി ചോര്‍- സ്‌റ്റോറി ഓഫ് എ തീഫ് എന്നാണ് ചിത്രത്തിന്റെ പേര്.

ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ്മയ്‌ക്കൊപ്പം ജോലിചെയ്തിട്ടുള്ള മനോജ് രാം ആണ് ബണ്ടി ചോര്‍ സംവിധാനം ചെയ്യുന്നത്. മനോജിന്റെ ആദ്യ ചിത്രമായിരിക്കുമിത്. ബോളിവുഡ് താരമായ നാന പാടേക്കര്‍, നാസര്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്നാണ് അറിയുന്നത്.

വിനയന്റെ ഡ്രാക്കുളയിലൂടെ ശ്രദ്ധേയനായ സുധീര്‍ നായരാണ് ബണ്ടി ചോറായി ചിത്രത്തില്‍ അഭിനയിക്കുക. ബണ്ടി ചോറിനും അയാളുടെ മോഷണ കഥകള്‍ക്കും ലഭിച്ച വാര്‍ത്താ പ്രാധാന്യമാണ് ഈ സംഭവം സിനിമയാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് മനോജ് പറയുന്നത്. സിനിമ ബണ്ടിയെ മഹത്വ വല്‍ക്കരിക്കാനല്ലെന്നും ബണ്ടിയുടെ ജീവിതം ചിത്രീകരിക്കുകമാത്രമാണ് ലക്ഷ്യമെന്നും മനോജ് വ്യക്തമാക്കുന്നു.

ഇതിന് മുമ്പ് 2008ല്‍ പുറത്തിറങ്ങിയ ഓയെ ലക്കി, ലക്കി ഓയെ എന്ന ബോളിവുഡ് ചിത്രവും ബണ്ടി ചോറിന്റെ കഥയെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്. ഇതില്‍ അഭയ് ഡിയോളായിരുന്നു കള്ളന്റെ റോളിലെത്തിയത്. എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും തന്റെ ചിത്രമെന്ന് മനോജ് പറയുന്നു. ബോളിവുഡ് ചിത്രം ബണ്ടി ചോറിന്റെ കഥ ഉള്‍ക്കൊണ്ടുകൊണ്ട് ചെയ്ത ചിത്രമാണ്. എന്നാല്‍ ഇത് ബണ്ടിചോറിന്റെ കഥ തന്നെയാണ് പറയുന്നത്- മനോജ് വ്യക്തമാക്കുന്നു.

ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി എടുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ് പവിത്രമാണ്. മെയ് ആദ്യവാരത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും മുംബൈ, ബാംഗ്ലൂര്‍, ഗോവ, കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണമെന്നും അണിയറക്കാര്‍ പറയുന്നു.

English summary
While Sudhir Nair will play the role of Bunty Chor, Nana Patekar and Nasser have apparently been signed up to play prominent roles in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam