»   » സിനിമയില്‍ കലയും കച്ചവടവുമേയുള്ളൂ

സിനിമയില്‍ കലയും കച്ചവടവുമേയുള്ളൂ

Posted By:
Subscribe to Filmibeat Malayalam
Kalavoor Ravikumar
മുഖ്യധാര മലയാള സിനിമയില്‍ കച്ചവടവും കലയും പരസ്‌പരം കൈകോര്‍ത്തുകൊണ്ടുള്ള ചില നീക്കുപോക്കുകളേ ഉള്ളൂ. ഒരു കണക്കിന്‌ പറഞ്ഞാല്‍ അതിന്റെ ആവശ്യമേയുള്ളൂ. കറകളഞ്ഞ ആത്മാര്‍ത്ഥതകൊണ്ട്‌ പ്രമേയത്തിലും സിനിമയുടെ അണിയറയിലും ഇടപെട്ടു കഴിഞ്ഞാല്‍ സംഗതി ഒരു തീരുമാനമായതുതന്നെ.

കലവൂര്‍ രവികുമാര്‍ എന്ന പഴയ പത്രപ്രവര്‍ത്തകന്‍ മലയാളസിനിമയില്‍ നല്ല ശീലങ്ങളുള്ള ഒരു തിരക്കഥാകൃത്താണ്‌. ഒരു കഥയുണ്ടാക്കാനും അത്‌ ഭംഗിയായി തിരക്കഥാ രൂപത്തില്‍ ഒരുക്കാനുമറിയുന്ന കലവൂരിനെ മലയാളം ആ നിലയില്‍ അംഗീകരിച്ചു കഴിഞ്ഞതുമാണ്‌.

നമ്മള്‍, ഇഷ്ടം, ഗോള്‍ തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട സിനിമളിലൂടെ കലവൂര്‍ രവികുമാര്‍ പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായമുള്ള തിരക്കഥകള്‍ സൃഷ്ടിച്ചു. സംവിധാനത്തില്‍ ഒരു കൈ നോക്കലായിരുന്നു കലവൂരിന്റെ രണ്ടാമൂഴം. ഒരിടത്തൊരു പുഴയുണ്ട്‌ എന്ന പേരില്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്ത്‌ ആദ്യസിനിമ ഒരുക്കി.

സിനിമ തിയറ്ററില്‍ പരാജയം ഏറ്റുവാങ്ങി. ചില അവാര്‍ഡുകളും അഭിപ്രായങ്ങളും നേടിയെടുത്തു എന്നതിനപ്പുറം ഈ കലവൂര്‍ സിനിമ ഒരു സംവിധായകന്റെ അടയാളപ്പെടുത്തലിന്‌ സാക്ഷിയായില്ല. പ്രമേയത്തോട്‌ കൂറുപുലര്‍ത്തികൊണ്ട്‌ ചുരുങ്ങിയ ബഡ്‌ജറ്റില്‍ തീര്‍ത്ത സിനിമ എങ്ങുമെത്താത്ത അവസ്ഥയായി.

വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ കലവൂര്‍ മറ്റൊരു നല്ല സബ്‌ജക്‌റ്റുമായി ഫാദേഴ്‌സ്‌ ഡേയിലൂടെ വീണ്ടും സംവിധായകനാവുന്നത്‌. രേവതി, ലാല്‍, വിനീത്‌, കേരള ബ്യൂട്ടി ക്യൂന്‍ ഇന്ദുതമ്പി ഒക്കെ അഭിനയിച്ച ചിത്രവും തിയറ്റര്‍ ഇഫക്ടിന്‌ വിധേയമാക്കപ്പെട്ടില്ല. എന്നിരുന്നാലും ഈ ചിത്രം ഒരു സംവിധായകനെ കാണിച്ചുതന്നു.

പ്രമേയം നല്ലതായിരുന്നുവെങ്കിലും കാസ്‌റ്റിംഗില്‍ ഒരുപാട്‌ വിട്ടുവീഴ്‌ചകള്‍ നടത്തിയത്‌ സിനിമയെ ദോഷമായി ബാധിച്ചു. ദൃശ്യ സാദ്ധ്യതകളെ എഴുത്തു കൈയ്യേറിയ അനുഭവവും കലവൂരിന്റെ ശ്രമങ്ങള്‍ക്കു വിഘാതമായി. കലയും കച്ചവടവും കൃത്യമായ അളവില്‍ മിക്‌സ്‌ ചെയ്‌ത്‌ ന്യു ജനറേഷന്‍ പാക്കേജില്‍ സിനിമ മട്ടും ഭാവവും മാറികൊണ്ടിരിക്കെ പ്രമേയത്തോടുള്ള സത്യസന്ധതയൊന്നും സിനിമയെ വിജയത്തില്‍ കൊണ്ടെത്തിക്കയില്ല എന്നതിന്റെ സാക്ഷിപത്രമായി കലവൂരിന്റെ പുതിയ സിനിമയും. ഇനി ചില ഗുണപാഠങ്ങള്‍ ഈ തിരക്കഥാകൃത്തിനെ സ്വാധീനിക്കാതിരിക്കില്ല എന്നുറപ്പിക്കാം.

English summary
Kalavoo Ravikumar is an established script writer. He has also experimented himself as a director.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam