For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ണ് നനയിക്കുന്ന സുഹൃത്ത് ബന്ധം; കാലഘട്ടത്തിന്‍റെ പ്രണയവും ദാമ്പത്യവും കാട്ടിത്തന്ന സിനിമ

  |

  എല്ലാക്കാലത്തും പ്രണയകഥകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും പ്രണയത്തിന്‍റെ വിവിധ തലങ്ങളുണ്ട്. പുതിയ കാലത്ത് ബന്ധങ്ങള്‍ക്ക് സമൂഹം അതിരുകള്‍ ഒന്നും തന്നെ നിഷ്കര്‍ഷിച്ചിട്ടില്ല. സ്ത്രീയെന്നും പുരുഷനെന്നുപോലും അതിരുകളില്ലാതായി. എഴുപതും അറുപതും കാലഘട്ടങ്ങളില്‍ പ്രണയത്തിന് എന്നും അതിരുകളുണ്ടായിരുന്നു. ജാതിയും മതവും സാമ്പത്തികവും ഒക്കെ പ്രശ്നങ്ങളായിരുന്നു. പ്രണയിക്കുന്നു എന്ന് തുറന്ന് പറയാന്‍ പോലും ഭയപ്പാടുണ്ടായിരുന്ന കാലം. നഷ്ട പ്രണയങ്ങളുടെ കാലങ്ങളായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. അത് അന്നത്തെ കഥകളിലും കവിതകളിലും ഒക്കെ വല്ലാത്ത വേദനയുണ്ടാക്കി അങ്ങനെ തെളിഞ്ഞ് കിടന്നിരുന്നു. നഷ്ടപ്പെടുമ്പോഴും ആ പ്രണയങ്ങള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാകുന്ന നായകനും നായികയും കഥകളില്‍ മാത്രമായിരുന്നില്ല ജീവിതത്തിലും ഒരുപാടുണ്ടായിരുന്നു.

  വിവാഹത്തിന് മുമ്പ് പ്രണയം ഉണ്ടായാല്‍ അത് ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും അറിയാതെ മൂടിവെക്കാനാണ് അന്നത്തെ സ്ത്രീകള്‍ ശ്രമിച്ചിരുന്നത്. വിവാഹത്തിന് മുമ്പ് പ്രണയം ഉള്ള ഭാര്യയെ ഉള്‍ക്കൊള്ളാന്‍ അക്കാലത്തെ പുരുഷന്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അപ്പോ പിന്നെ അത് തന്‍റെ ജീവന്‍റെ ജീവനായ സുഹൃത്താണെന്ന് അറിയുമ്പോഴുള്ള അവസ്ഥ ആലോചിക്കാനേ കഴിയില്ല. ഇതാണ് ജേസി സംവിധാനം ചെയ്ത അവള്‍ വിശ്വസ്തയായിരുന്നു എന്ന സിനിമയില്‍ പറയുന്നത്.

  പ്രശസ്ത നോവലിസ്റ്റ് കാനം ഇ ജെ തിരക്കഥ രചിച്ച സിനിമ ആ കാലഘട്ടത്തെ പ്രണയവും മനുഷ്യമനസും ഒക്കെ ഏച്ചുകെട്ടലില്ലാതെ തന്നെ വരച്ചു കാട്ടുന്നു. ജോണിയും ജയിംസും കോളജില്‍ വെച്ചേ സുഹൃത്തുക്കളായിരുന്നു. ആത്മ മിത്രങ്ങളായിരുന്ന അവര്‍ക്കിടയില്‍ രഹസ്യങ്ങളില്ലായിരുന്നു. ജയിംസിന് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് ജോണിക്ക് അറിയാമായിരുന്നു. പക്ഷേ, അതാരായിരുന്നുവെന്ന് മാത്രം അറിയില്ലായിരുന്നു. പഠനം കഴിഞ്ഞ് പിന്നീട് രണ്ട് പേരും കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് അവര്‍ കണ്ടുമുട്ടുന്നത്. ജോണിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന ജയിംസ് അവിടെ എത്തുമ്പോഴാണ് ജോണിയുടെ ഭാര്യ പത്മിനിയെ കാണുന്നത്. പത്മിനിയും ജയിംസും പിന്നീട് അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് സിനിമയില്‍ പിന്നീട് കൂടുതല്‍ സമയവും. തന്‍റെ കൂട്ടുകാരന്‍ പഴയതുപോലെയല്ലെന്ന് ജോണിക്ക് തോന്നിയതിനാല്‍ ജയിംസിനെ ഒരു സൈക്കാട്രിസ്റ്റിന്‍റെ അടുത്ത് കൊണ്ട് പോകുന്നു. എന്നാല്‍ ജോണിക്ക് രോഗമില്ലെന്ന് മനസിലാക്കിയ ഡോക്ടര്‍ പക്ഷേ, അദ്ദേഹത്തെ അവിടെത്തന്നെ ചികിത്സിക്കുന്നു.

  മാതൃകയായ അമ്മായിയമ്മ

  മാതൃകയായ അമ്മായിയമ്മ

  ജയിംസിനെ കാണാന്‍ ജോണിന്‍റെ അമ്മ എത്തുന്നതോടെ ഡോക്ടര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു. ഡോക്ടറെ കണ്ട് മടങ്ങി വരുന്ന അവര്‍ മരുമകളെ വിളിച്ച് വാതിലടച്ച് ജയിംസിന്‍റെ കാമുകിയെക്കുറിച്ച് ചോദിക്കുന്നു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് താനാണ് ജയിംസിന്‍റെ കാമുകി എന്ന് അവര്‍ സമ്മതിക്കുന്നു. മരുമകളെ തള്ളിപ്പറയുന്ന അമ്മായിയമ്മയെ പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ഏറ്റവും മാതൃകാപരമായ അമ്മയെയും അമ്മായിയമ്മയെയുമൊക്കെയാണ് സിനിമ കാണിക്കുന്നത്. മരുമകളെ വിശ്വാസമുള്ള അമ്മായിയമ്മ ജയിംസിന്‍റെ കയ്യിലുള്ള ഫോട്ടോ കത്തിച്ചു കളയുന്നു. അതോടെ പത്മിനിയും സമാധാനത്തോടെയിരുന്നുവെങ്കിലും കൂട്ടുകാരനെക്കുറിച്ച് അന്വേഷിച്ച് നാട്ടില്‍ പോയ ജോണ്‍ എല്ലാ യാഥാര്‍ഥ്യങ്ങളും തിരിച്ചറിയുകയാണ്. തിരിച്ചെത്തിയ ജോണ്‍ പത്മിനിയെ ഉപദ്രവിക്കുമ്പോഴും മാതൃകാപരമായി ഇടപെടുന്ന അമ്മായിയമ്മ അമ്മയുടെ ഏറ്റവും ഉദാത്തമായ സ്നേഹമാണ് പ്രേക്ഷന് മുന്നില്‍ വിളമ്പുന്നത്. ക്ലൈമാക്സില്‍ പത്മിനി തെറ്റുകാരിയല്ലെന്ന് പറഞ്ഞുകൊണ്ട് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ജയിംസ് അല്‍പ്പം വേദനയുണ്ടാക്കുന്നുവെങ്കിലും അതിനെക്കാളും ആശ്വാസമാണ് നല്‍കുന്നത്. ഒരു കുടുംബ ബന്ധം തകരുന്നില്ലല്ലോ എന്നാണ് അപ്പോള്‍ തോന്നുക.

  ഹൃദയത്തില്‍ തൊടുന്ന സുഹൃത്ത് ബന്ധം

  ഹൃദയത്തില്‍ തൊടുന്ന സുഹൃത്ത് ബന്ധം

  ആ കാലത്തായതുകൊണ്ടാണ് അങ്ങനെയൊരു മരണത്തിലേക്ക് എത്തിക്കേണ്ടി വന്നത്. ഇനിയൊരിക്കലും ശല്യമാകില്ലെന്ന് ബോധ്യപ്പെടുത്താന്‍ അത് വേണമായിരുന്നു. ഇന്നായിരുന്നെങ്കില്‍ ഒരുപക്ഷേ, അത് തിരിച്ചറിഞ്ഞ് രണ്ട് സുഹൃത്തുക്കളും കെട്ടിപ്പിടിക്കുമായിരുന്നു. മറ്റേതൊരു ബന്ധത്തെക്കാളും വലുതാണ് സുഹൃത്ത് ബന്ധം. അതും സിനിമ പറയുന്നു. സുഹൃത്തായിട്ടും തന്നില്‍ നിന്ന് മറച്ചു എന്നാണ് ജോണിനെ ഏറ്റവും കൂടുതല്‍ ക്ഷുഭിതനാക്കിയത്. സിനിമയില്‍ കഥാപാത്രങ്ങളുടെ ചിരി ഡബ്ബ് ചെയ്തത് മാത്രമാണ് ഇത്തിരിയെങ്കിലും അസ്വസ്ഥത ഉണ്ടാക്കുന്നത്. ടെക്നോളജി അത്രയും പുരോഗമിക്കുകയും അഭിനയം കുറെക്കൂടി സ്വാഭാവികമാവുകയും ചെയ്ത കാലഘട്ടത്തില്‍ അത് കാണുമ്പോള്‍ ലേശം ബുദ്ധിമുട്ട് തോന്നാം. ഇടക്ക് ജോണിയുടെ പെങ്ങളായി ഗ്ലാമര്‍ വേഷത്തില്‍ എത്തുന്ന ഉണ്ണിമേരിയും സാധാരണ പരിചയമുള്ള കഥാപാത്രമാണ്. ചെറിയ വേഷത്തില്‍ മല്ലികാ സുകുമാരനെയും കാണാം. ജോണിയായി വിന്‍സെന്‍റും ജയിംസായി സോമനും പത്മിനിയായി ജയഭാരതിയും അഭിനയിക്കുന്നു. മാതൃകാ അമ്മായിയമ്മയായി സിനിമയുടെ നട്ടെല്ലാകുന്നത് ടി ആര്‍ ഓമനയാണ്. കമലാഹാസന്‍, ജോസ്പ്രകാശ്, ബഹദൂര്‍, ശങ്കരാടി, അടൂര്‍ഭാസി, ശ്രീലതാ നമ്പൂതിരി, മണവാളന്‍ ജോസഫ് എന്നിവര്‍ സിനിമയുടെ ഭാഗമാകുന്നു.

  അമ്പിളി എന്ന ഗായിക പാടിയ ഗാനത്തിന് ചുവട് വെച്ച് ഉണ്ണിമേരി

  അമ്പിളി എന്ന ഗായിക പാടിയ ഗാനത്തിന് ചുവട് വെച്ച് ഉണ്ണിമേരി

  പണ്ട് പണ്ടൊരു കുറുക്കന്‍ എന്ന് തുടങ്ങുന്ന ഗാനം അന്നത്തെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ്. തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി എന്ന് പാടി മലയാളികളുടെ മനസില്‍ ഇടം നേടിയ അമ്പിളിയാണ് പണ്ട് പണ്ടൊരു കുറുക്കന്‍ എന്ന ഗാനവും ആലപിച്ചിരിക്കുന്നത്. ഊഞ്ഞാല ഊഞ്ഞാല, മായല്ലേ രാഗ മഴവില്ലേ തുടങ്ങി നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ശബ്ദമാണ്. മലയാളിയായ അമ്പിളി മലയാള സിനിമാ സംവിധായകന്‍ കെ ജി രാജശേഖരനെയാണ് ജീവിത പങ്കാളിയായി സ്വീകരിച്ചത്. 800 സിനിമകളിലായി മൂവായിരം ഗാനങ്ങള്‍ ഈ ശബ്ദ മാധുര്യത്തില്‍ പുറത്തു വന്നു. ഹിന്ദിയിലും ബംഗാളിയിലും തമിഴിലും ഈ ഗായിക കഴിവ് തെളിയിച്ചു. എഴുപതുകള്‍ മുതല്‍ എണ്‍പതു വരെയുള്ള കാലഘട്ടങ്ങളിലായിരുന്നു അമ്പിളിയുടെ പാട്ടുകള്‍ നമ്മളെ അതിശയിപ്പിച്ചത്. പത്മജ തമ്പി എന്ന് പറയുന്ന അമ്പിളി പാടി വെച്ച പാട്ടുകള്‍ ഇന്നും മലയാളികളുടെ മനസിലുണ്ട്. യേശുദാസും വാണിജയറാമും പാടിയ പാട്ടുകളും മികച്ചതായിരുന്നെങ്കിലും ഒരുപക്ഷേ കാലത്തെ അതിജീവിച്ച പാട്ടുകളുടെ കൂട്ടത്തില്‍ പണ്ട് പണ്ടൊരു കുറുക്കന്‍ എന്ന പാട്ടിനും ഇടം നേടാന്‍ കഴിഞ്ഞു.

  English summary
  About Aval vishwasthayanu malayalam old movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X