For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊലമാസ് ആണ് ചെങ്കൽരഘുവും ബിജുമേനോനും... പടയോട്ടമാവട്ടെ ക്ലാസ്! ശൈലന്റെ റിവ്യു

  By Desk
  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating: 3.5

  Film: Padayottam

  Director: Rafeek Ibrahim

  Cast: Bijumenon, Dileesh pothan, Anu sithara, Ravi Singh

  ബിജു മേനോൻ നായകനാവുന്ന പടയോട്ടം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ചിരിക്കുന്നു. സംവിധാനം നവാഗതനായ റഫീക്ക് ഇബ്രാഹിം. പടയോട്ടത്തെക്കുറിച്ച് ശൈലൻ എഴുതിയ റിവ്യൂ താഴെ വായിക്കാം

  പ്രേം നസീർ എന്ന നടനോട് ഒരുകാലത്ത് മഹാപുച്ഛമായിരുന്നു. പുള്ളിയുടെ സ്ത്രൈണത കലർന്ന കുഞ്ഞിരാമൻ_പ്രണയങ്ങളും പിഷ്ക്കുങ്കാ പിഷ്ക്ക്യുങ്കാ സി ഐ ഡിക്കളികളുമൊക്കെ തെല്ലൊരു പരിഹാസത്തോടെയാണ് അന്നൊക്കെ കാണാൻ കഴിഞ്ഞത്. അങ്ങനെയിരിക്കെ ഒരു ദിവസം സൂര്യാ ടിവിയിൽ പടയോട്ടം എന്ന സിനിമ യാദൃച്ഛികമായി കാണാനിടവന്നു. പതിവുമട്ടിലൊരു കാർഡ്ബോർഡ് പുരാണബാലെയാവുമെന്ന മുൻ_വിധിയോടെ ടിവിയ്ക്ക് മുന്നിലിരുന്ന ഞാൻ അതിലേക്ക് വീണുപോയി സിനിമ തീരുന്ന വരെ ഒറ്റയിരിപ്പ് ഇരുന്നു എന്നുപറയുന്നതാവും ശരി. അത്രമേൽ ഗംഭീരമായ ഒരു അനുഭവമായിരുന്നു പടയോട്ടവും അതിന്റെ നട്ടെല്ലായ തമ്പാൻ എന്ന നസീർ കഥാപാത്രവും.. തന്റെ കരിയറിൽ അതുവരെയുള്ളതും അതിനുശേഷമുള്ളതുമായ എല്ലാവിധ പൈങ്കിളി ഇമേജുകളെയും പ്രേംനസീർ എന്ന മനുഷ്യൻ പടയോട്ടത്തിലെ പ്രകടനത്തിന്റെ വേഴ്സറ്റാലിറ്റി കൊണ്ട് മായ്ച്ചു കളഞ്ഞു.

  ദശാബ്ദങ്ങൾ പിന്നിട്ട്‌ മലയാളത്തിൽ പടയോട്ടം എന്ന പേരിൽ വീണ്ടുമൊരു സിനിമ പ്രദർശനത്തിനെത്തുമ്പോൾ അതിന് പഴയ തമ്പാന്റെ പടയോട്ടവുമായി ബന്ധമൊന്നുമില്ല. തമ്പാന് പകരം ചെങ്കൽ രഘുവാണിവിടെ പുരുഷബിംബം. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെപ്പോലുള്ള ആടയാഭരണ ഗെറ്റപ്പുകളുമായി സ്ക്രീനിലും പോസ്റ്ററിലും നിറഞ്ഞു നിൽക്കുന്ന ചെങ്കൽ രഘു ബിജു മേനോന്റെ കരിയറിലെ ഏറ്റവും തലയെടുപ്പുള്ള കഥാപാത്രമാണ്.. മാസ് അല്ല കൊലകൊല്ലി മാസ്

  കാര്യം രഘു ഗുണ്ടാതലവനാണെങ്കിലും തലപ്പൊക്കമേറിയവനാണെങ്കിലും പടയോട്ടത്തെ ഒരു മാസ് ആക്ഷൻ പടമായോ നായകനെ ആണത്ത പ്രഘോഷണങ്ങളുടെ പരസ്യപ്പലകയായിട്ടോ അല്ല സംവിധായകൻ റഫീക്ക് ഇബ്രാഹിം കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നത് വേറെ കാര്യം.. കോമഡിയാണ് സിനിമയുടെ സ്ഥായീഭാവം.

  തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തങ്ങളിലുള്ള ഏതോ ഒരു പാർശ്വവൽകൃത പ്രദേശം അവിടെ ഇത്തിരി കലിപ്പും കൊട്ടേഷനും അടിപിടിയും വെള്ളമടിയും ജിമ്മും പ്രണയവുമൊക്കെയായി നടക്കുന്ന കുറച്ചു ചെറുപ്പക്കാർ. അതിലൊരുത്തന് ഉണ്ടാവുന്ന ചെറിയൊരു പ്രശ്നത്തിന് പകരം ചോദിക്കാനായി മറ്റു മൂന്നുപേർ കാസർക്കോട്ടേക്ക് നടത്തുന്ന യാത്രയാണ് പടയോട്ടം. യാത്ര ദൈർഘ്യമുള്ളതായതുകൊണ്ട് ഒരു ബലത്തിന് വേണ്ടി അവർ സീനിയർ ഗുണ്ടയായ ചെങ്കൽ രഘുവിനെയും കൂടെക്കൂട്ടുന്നതോടെ പടയോട്ടം കളറാവുന്നു.

  ഗുണ്ടയായ പുരുഷൻ ഗുണ്ടയായ സ്ത്രീയിൽ ഇണചേരുന്നതിലൂടെ പിറവിയെടുക്കുന്നതല്ല ഗുണ്ടകൾ എന്നു രഞ്ജിത്ത് പണ്ടൊരു സിനിമയിൽ കാരിക്കാമുറി ഷണ്മുഖനെ ക്കൊണ്ട് പറയിക്കുന്നുണ്ട്. അതിനെ പ്രയോഗതലത്തിൽ നടപ്പിൽ വരുത്തുകയാണ് സംവിധായകൻ പടയോട്ടത്തിൽ. ഗുണ്ടകളോടുള്ള സ്ക്രിപ്റ്റിലെ സമീപനം വളരെയധികം റിയലിസ്റ്റിക് ആണ് . ഹെവി ലുക്കിനുള്ളിലുള്ള രഘുവിന്റെ പച്ചജീവിതമാണ് പടത്തെ ആസ്വാദ്യമാക്കുന്നത്. രഘു മാത്രമല്ല കൂടെയുള്ളവരെയും അയാൾ ഇടപഴകുന്നവരെയുമെല്ലാം ഭൂമിയിൽ ജീവിക്കുന്നവരായി തന്നെയാണ് സംവിധായകൻ സ്ക്രീനിലേക്ക് ഇറക്കി വിട്ടിരിക്കുന്നത്. രഘുവും അമ്മയും തമ്മിലുള്ള ബന്ധവുമൊക്കെ എക്സ്ട്രാ ലവ്വബിൾ ആയി പകർത്തപ്പെട്ടിരിക്കുന്നു.

  ബിജുമേനോൻ തന്നെയാണ് പടയോട്ടത്തിന്റെ സേനാനായകൻ.. മാസും ആക്ഷനും പ്രതീക്ഷിച്ച് വന്ന് കാത്തു നിന്നവർക്ക് നിരാശയുണ്ടെങ്കിലേ ഉള്ളൂ, ബാക്കിയൊക്കെ പെർഫെക്റ്റ് ആണ് രഘുവും മേനോനും. ദിലീഷ് പോത്തൻ , ബേസിൽ ജോസഫ്, സേതുലക്ഷ്മി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പ്രശാന്ത് പിള്ള(ബി ജി എം), സതീഷ് കുറുപ്പ് (ക്യാമറ) എന്നിവരും കട്ടയ്ക്ക് കട്ട. വെറുമൊരു ചീള് റോളിനായ് അനു സിതാരയെ ഒന്നും കാസ്റ്റ് ചെയ്ത് കൊണ്ടുവരേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഷൂട്ട് കാണാൻ വന്ന ആരെയെങ്കിലും വച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന ഒരു വേഷമായിരുന്നു അത് .

  ക്ലൈമാക്സ് പഞ്ച് ആണ് പടയോട്ടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പുറത്തേക്കിറങ്ങിയാലും അതിന്റെ impact നിലനിൽക്കും.

  അരുൺ എ ആർ, അജയ് രാഹുൽ, സോനു സുരേന്ദ്രൻ എന്നിവർ ചേർന്നെഴുതിയിരിക്കുന്ന തിരക്കഥ ആദ്യത്തെ അരമണിക്കൂറിനടുത്ത് തന്നെ ഒരു ട്രാവൽ മൂവിയായിക്കൂടി പരിണമിക്കുന്നുണ്ട്. കാസറക്കോട്ടേക്കുള്ള വഴിമധ്യെ വൈപ്പിൻ ചാവക്കാട് ഭാഗങ്ങളിലൊക്കെ പടയോട്ടക്കാർ ഇടവേളകൾ ആനന്ദകരമാക്കുന്നുണ്ട്. കൊളോക്കിയലായിട്ടുള്ള ഭാഷാ വ്യതിയാനങ്ങളെ സിനിമ വളരെ പോസിറ്റീവ് ആയിട്ടാണ് സമീപിക്കുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നത്. ഇഴച്ചിൽ എന്നൊക്കെ വേണമെങ്കിൽ ചില ഭാഗങ്ങളെ ആരോപിക്കാമെങ്കിലും പടത്തിന്റെ ഴോണറിന് അനുഗുണമായതു കൊണ്ട് മുഷിച്ചിൽ ഒന്നും ഉണ്ടാക്കുന്നില്ല.

  English summary
  about Biju Menon's Padayottam Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X