twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരിപ്പിച്ചും പേടിപ്പിച്ചും ഒരുഗ്രൻ എന്റർടെയ്‌നർ; “സ്ത്രീ” - ഹിന്ദി മൂവി

    By Lekhaka
    |

    ഏത് സീസണിലും അത്യാവശ്യം പ്രേക്ഷകരെ ലഭിക്കുന്നവയാണ് ഹൊറർ-കോമഡി വിഭാഗങ്ങളിലെത്തുന്ന ചിത്രങ്ങൾ. തമിഴിൽ മാസത്തിൽ ഒന്ന് എന്ന മിനിമം തോതിൽ ഇത്തരം ചിത്രങ്ങൾ റിലീസ് ചെയ്യപ്പെടുമ്പോൾ അത്രത്തോളമില്ലെങ്കിലും ബോളിവുഡിലും ഈ വിഭാഗത്തിൽ ചിത്രങ്ങൾ ഇടയ്ക്കിടക്ക് പുറത്തിറങ്ങാറുണ്ട്. പലതരം പ്രേതസിനിമകൾ കണ്ടുമടുത്ത പ്രേക്ഷകർക്ക് കോമഡി മിക്സ് ചെയ്തുവരുന്ന ഹൊറർ ചിത്രങ്ങളോട് താല്പര്യം കൂടുതലുമാണ്.

    അഭിനയ മികവിനാൽ ശ്രദ്ധേയനായ യുവതാരം രാജ്കുമാർ റാവുവും യുവനടി ശ്രദ്ധാ കപൂറും മുഖ്യവേഷത്തിലെത്തിയിരിക്കുന്ന സ്ത്രീ എന്ന ഹൊറർ-കോമഡി മിശ്രിതം ബോളിവുഡിൽ പുതിയ തരംഗം സൃഷ്ട്ടിക്കാൻ കഴിവുള്ള ചിത്രമാണ്.

    stree

    ഓഗസ്റ്റ് 31 വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രത്തിൽ പങ്കജ് ത്രിപാഠി, അപാർശക്തി ഖുറാണ, അഭിഷേക് ബാനർജി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

    റിലീസിന് മുമ്പെ ബോളിവുഡിൽ ചർച്ചാവിഷയമായി മാറിയ സ്ത്രീ സംവിധാനം ചെയ്‌തിരിക്കുന്നത് അമർ കൗശിക്കാണ്‌.


    നാളെ വാ…! :

    അമാനുഷികവും, അദ്ഭുതാവഹവുമായ പ്രതിഭാസങ്ങൾ നമുക്ക് ചുറ്റും ധാരാളം സംഭവിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങൾ എന്ന് ആധുനിക സമൂഹം വിളിക്കുന്ന പലതിനും വ്യക്തമായ വിശദീകരണങ്ങൾ നൽകാൻ നമ്മുടെ ശാസ്ത്രലോകത്തിനുപോലും എപ്പോഴും കഴിയാറില്ല.

    stree

    ഇന്ത്യയിൽ പല ഗ്രാമങ്ങളിലും പ്രത്യേകിച്ച് കർണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു സമയത്ത് ആളുകൾ വീടിന് വെളിയിൽ 'നാളെ വാ’ എന്ന് എഴുതി വയ്ക്കുമായിരുന്നു. വളരെ ചർച്ച ചെയ്യപ്പെട്ടതും വിഭ്രാന്തി പരത്തിയതുമായ സംഭവപരമ്പരയാണ് ഇത്.

    തൊണ്ണൂറുകളിൽ പ്രചരിച്ച ഈ രീതിക്ക് സമാനമായത് പിന്നീട് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആവർത്തിച്ചിരുന്നു. അമർ കൗശിക്ക് സ്വതന്ത്രസംവിധായകനായി ആദ്യമായൊരുക്കിയ മുഴുനീള ചിത്രമായ സ്ത്രീയിൽ അവിശ്വസിനീയവും അത്യപൂർവ്വവുമായ ഈ രീതിയെയാണ് ആധാരമാക്കിയിരിക്കുന്നത്.

    പുരുഷൻമ്മാരുടെ പേടിസ്വപ്നമായ സ്ത്രീ! :

    ചന്ദേരി എന്ന ഉത്തരേന്ത്യൻ ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്.

    ചുവന്ന അക്ഷരങ്ങളിൽ ഗ്രാമത്തിലെ എല്ലാ വീടുകളുടേയും കടകളുടേയും മുന്നിൽ “ഓ സ്ത്രീ കൽ ആനാ” ( സ്ത്രീയോട് നാളെ വരൂ എന്ന്) എഴുതിയിരിക്കുന്നതാണ് സിനിമ ആരംഭിക്കുമ്പോൾ കാണാൻ കഴിയുന്നത്.

    stree

    ഗ്രാമത്തിലെ പ്രമുഖ ക്ഷേത്രത്തിലെ എല്ലാ വർഷവുമുള്ള നാല് ദിവസത്തെ ഉത്സവസമയത്ത് അവിടെ ഒരു സ്ത്രീയുടെ ദുരാത്മാവ് എത്തും, ഈ ദിവസങ്ങളിൽ രാത്രിയിൽ പുരുഷൻമാർ ഒറ്റക്ക് പുറത്ത് പോകാറില്ല. സ്ത്രീ എന്നുതന്നെ എല്ലാവരും വിളിക്കുന്ന പ്രേതം വീട്ടിനുള്ളിലിരുന്നാലും പുരുഷന്മാരെ തേടിയെത്തി ഉടുതുണി മാത്രം ബാക്കിയാക്കി അവരെ കൊണ്ടു പോവുകയാണ് പതിവ്.

    ഇത്തരത്തിൽ സ്ത്രീയുടെ ആത്മാവ് വീട്ടിലേക്ക് കയറാതിരിക്കാനാണ് 'നാളെ വാ’ എന്ന് വീടിന് പുറത്ത് എഴുതി വയ്ക്കുന്നത്. ഇത് വായിച്ച് ആത്മാവ് നാളെ വരാം എന്ന് കരുതി മടങ്ങും, തുടർ ദിവസങ്ങളിലും ഇത് ആവർത്തിക്കും.

    സ്ത്രീ എത്തുന്ന ഉത്സവസമയത്തെ നാല് ദിവസങ്ങളിലെ സംഭവങ്ങളാണ് സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

    പേടിപ്പിച്ചും ചിരിപ്പിച്ചും നാല് ദിനരാത്രങ്ങൾ :

    ചന്ദേരി ഗ്രാമത്തിലെ പുതു തലമുറയിൽപ്പെട്ട വിക്കി,ബിട്ടു, ജനാ (രാജ്കുമാർ റാവു, അപാർശക്തി ഖുറാണ, അഭിഷേക് ബാനർജി)എന്നീ കൂട്ടുകാരും അവർക്ക് ഉപദേശങ്ങൾ നൽകുന്ന രുദ്രയും(പങ്കജ് ത്രിപാഠി) വിക്കി പ്രണയിക്കുന്ന പേര് വെളിപ്പെടുത്താത്ത പെൺകുട്ടിയുമാണ് (ശ്രദ്ധാ കപൂർ) ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ.

    പ്രാവീണ്യമുള്ള തൈയ്യൽക്കാരനായ വിക്കി ഉത്സവസമയത്ത് മാത്രം കണ്ട് പരിചയമുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. സ്ത്രീയെപ്പറ്റി പ്രചരിക്കുന്ന കഥകളെ അന്ധവിശ്വാസമായി മാത്രം കണക്കിലെടുത്ത് തള്ളിപ്പറഞ്ഞിരുന്ന വിക്കിയും കൂട്ടുകാരും ഒപ്പമുണ്ടായിരുന്ന ഒരു യുവാവിനെ ഉത്സവത്തിന്റെ ആദ്യ ദിവസത്തെ രാത്രിയിൽ കാണാതാകുമ്പോഴേക്കും ഭയന്നുവിറയ്ക്കുന്നു.

    രണ്ടാമത്തെ രാത്രിയിൽ തങ്ങളുടെ കൂട്ടുകാരൻ ജീനയേയും സ്ത്രീ കൊണ്ടു പോകുമ്പോൾ ബിട്ടുവും വിക്കിയും ശ്രദ്ധാ കപൂറിന്റെ കഥാപാത്രത്തെ സംശയിക്കുന്നു.

    വളരെ നിഗൂഡതകളാണ് ശ്രദ്ധയുടെ കഥാപാത്രത്തിനുള്ളത്. ആരാണെന്നോ എന്താണ് യഥാർത്ഥ ലക്ഷ്യമെന്നോ അറിയാത്ത ആ കഥാപാത്രം വിക്കിയുമായി സുഹൃദ്ബന്ധം സ്ഥാപിക്കുകയും പൂച്ചയുടെ രോമം പല്ലിയുടെ വാല് തുടങ്ങിയ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ നഷ്ട്ട പ്രണയത്തിന് പുരുഷൻമാരോട് പ്രതികാരം ചെയ്യുന്ന സ്ത്രീ ആയിരിക്കുമതെന്ന് പ്രേക്ഷകർക്കും തോന്നും. എന്നാൽ ചിത്രം പുരോഗമിക്കുമ്പോൾ ഇത്തരത്തിലുള്ള എല്ലാ ധാരണകളും മാറിമറിയും.

    ഇടവേളയാകുമ്പോഴും ക്ലൈമാക്സിലും വൻ ട്വിസ്റ്റും ചിത്രം കരുതിയിട്ടുണ്ട്.

    ശ്രദ്ധ കപൂറിന്റെ കഥാപാത്രമാണ് ചിത്രത്തിലെ സസ്പെൻസ് മുഴുവനും കൈയ്യടക്കിയിരിക്കുന്നത്.

    മൂന്നാമത്തെ രാത്രിയിൽ ഇരുപതോളം പുരുഷന്മാരെ സ്ത്രീ കൊണ്ടുപോകുമ്പോൾ ഗ്രാമവാസികളാകെ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലായി അവശേഷിക്കുന്ന പുരുഷൻമാർ രക്ഷപെടാനായി സ്ത്രീവേഷം ധരിക്കണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

    ഈ അവസരത്തിൽ സ്ത്രീയെപ്പറ്റി വ്യക്തമായി മനസ്സിലാക്കി ഗ്രാമത്തെ രക്ഷിക്കുക എന്ന ദൗത്യം വിക്കിയും കൂട്ടുകാരും സ്വയം ഏറ്റെടുത്തു.

    dstree

    അവർക്കത് എങ്ങിനെ സാധിക്കുമെന്നും ശ്രദ്ധ കപൂറിന്റെ കഥാപാത്രത്തിന്റെ ലക്ഷ്യമെന്തന്നതും സിനിമ കണ്ടുതന്നെ അറിയേണ്ട കാര്യങ്ങളാണ്.

    ബ്രില്ല്യന്റ് മിക്സ്സിംഗ് :

    ഹൊറർ കോമഡി വിഭാഗത്തിൽപ്പെട്ട ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുണ്ട്, പക്ഷെ സ്ത്രീ അതിനെക്കാളുമൊക്കെ ഒരുപാട് മുകളിലാണ്.

    തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന തമാശകളും നല്ല ഒന്നാന്തരം ഹൊറർ രംഗങ്ങളും ചിത്രത്തിൽ മികച്ച രീതിയിൽ സമന്വയിപ്പിച്ചിട്ടുണ്ട്.

    രണ്ട് ഘടകങ്ങളും ഒരേ മികവോടെ കൈകാര്യം ചെയ്യുക എന്നത് ചെറിയ കാര്യമല്ല. കോമഡിക്കും ഹൊററിനും പുറമെ, ഐറ്റം നമ്പറും, റൊമാൻസുമെല്ലാം വേണ്ട രീതിയിൽ ചേർത്ത് പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന സ്ത്രീ ഒരു ടീം വർക്കിന്റെ ഫലമാണ് തീയറ്ററിൽ കാഴ്ച്ചവയ്ക്കുന്നത്.

    ആവർത്തനമല്ലാത്ത പുതുമയുള്ള കഥാബീജം ഒരു വാണിജ്യ സിനിമയ്ക്ക് വേണ്ടവിധം തിരക്കഥയാക്കി ഭംഗിയായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മാറ്റ് കൂട്ടുന്ന മുഖ്യഘടകങ്ങളാണ് ശ്രദ്ധേയ താരനിരയും, സാങ്കേതികതികവും.

    stree

    ലളിതവും എന്നാൽ പ്രേക്ഷകരെ ചിരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്ന സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്, ഈ സംഭാഷണങ്ങൾക്ക് താരങ്ങൾ തങ്ങളുടെ അഭിനയത്തിലുടെ കരുത്തേകിയതിനാൽ പ്രേക്ഷകർക്ക് ഒരിക്കലും വാച്ചിലേക്കും മൊബൈലിലേക്കും നോക്കാൻ മനസ്സുവരില്ല എന്നതാണ് സത്യം.

    ഒരുപിടി മികച്ച ചിത്രങ്ങളിൽ സഹകരിച്ച അനുഭവപാടവം സംവിധായകനെ തുണച്ചിരിക്കുന്നു. പ്രേക്ഷകരെ തീയറ്ററിലേക്ക് വരുത്താൻ മാത്രമല്ല അവർക്ക് സംതൃപ്തി നൽകാനും തന്റെ ആദ്യ ചിത്രത്തിൽ അതുകൊണ്ടാണ് അമർ കൗശിക്കിന് കഴിഞ്ഞത്.

    അഭിനയത്തിലെ മികവ് :

    രാജ്കുമാർ റാവു ഒരിക്കൽക്കൂടി തന്റെ കഴിവ് തെളിയിച്ച് ചിത്രത്തിൽ പ്രധാനിയായി നിറയുന്നുണ്ട്. താരത്തെ ഇഷ്ട്ടപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതെന്തുകൊണ്ടെന്ന് ഈയൊരൊറ്റ ചിത്രം കാണുമ്പോൾ ബോധ്യപ്പെടും.

    നടൻ ആയുഷ്മാൻ ഖുറാണയുടെ സഹോദരനായ അപാർശക്തി ഖുറാണ ദംഗൽ എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്‌, താരവും മിന്നുന്ന പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവച്ചിരിക്കുന്നത്.

    പങ്കജ് ത്രിപാഠി, ശ്രദ്ധാ കപൂർ, അഭിഷേക് ബാനർജി, വിജയ് റാസ് എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങൾ പ്രേക്ഷകർക്ക് മറക്കാനാകാത്ത വിധം ഭംഗിയാക്കിയിട്ടുണ്ട്‌. ഓരോരുത്തരുടേയും പ്രകടനം പ്രേക്ഷകർ വീണ്ടും വീണ്ടും ഓർത്ത് ചിരിക്കുംവിധമായിരുന്നു. ഒരു രംഗങ്ങളിലും ഹാസ്യം കൃതൃമമായി സൃഷ്ടിച്ചതായി തോന്നുകയില്ല അത്രമേൽ സാഭാവികമായാണ് താരങ്ങൾ തങ്ങളുടെ വേഷം കൈകാര്യം ചെയ്തത്.

    stree

    തുടക്കത്തിൽ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട നോറാ ഫത്തേഹിയുടെ പ്രകടനവും ഗംഭീരമായിരുന്നു.

    സിനിമയുടെ പ്രമോഷനുപയോഗിച്ച നടി കൃതി സനോന്റെ ആദ്യ ഐറ്റം നമ്പർ 'ആവോ കഭി ഹവേലി പെ’ ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല എന്നത് നടിയുടെ ആരാധകരെ ഒരു പക്ഷെ നിരാശരാക്കിയിരിക്കാം. ഇതേ ഗാനം മറ്റൊരു രീതിയിൽ ചിത്രത്തിൽ ആവിഷ്ക്കരിച്ചിട്ടുമുണ്ട്.

    റേറ്റിംഗ് : 8/10


    ആദ്യ ദിവസം പുറത്തുവന്ന നിരൂപണങ്ങളിൽ പലരും ചിത്രത്തെ ഒരു ശരാശരി ചിത്രമായി മാത്രം കണക്കിലെടുത്ത് എഴുപത് ശതമാനത്തിൽ താഴെ മാത്രമാണ് റേറ്റിംഗ് നല്കിയിട്ടുള്ളത്. പക്ഷെ എന്റെ കാഴ്ച്ചപ്പാടിൽ സിനിമ അതിലും കൂടുതൽ അർഹിക്കുന്നുണ്ട്, കാരണം തീയറ്ററിലെത്തിയവരിൽ ഭൂരിഭാഗം പ്രേക്ഷകരേയും കൈയ്യിലെടുക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതുതന്നെ. എന്ത് പ്രതീക്ഷിച്ചാണോ ചിത്രം കാണാൻ ഓരോരുത്തരും ടിക്കറ്റ് എടുത്തത് അത് സാധ്യമാക്കുന്ന പ്രകടനമായിരുന്നു സ്ത്രീ കാഴ്ച്ചവച്ചത്.

    സ്ത്രീയെ ബഹുമാനിക്കണമെന്ന് ഓർമ്മപ്പെടുത്തിയുള്ള ചിത്രത്തിന്റെ കൈമാക്സും സംവിധായകന് ചെയ്യാൻ കഴിയുമായിരുന്നതിന്റെ മാക്സിമമായി തന്നെ കണക്കിലെടുക്കാം, അതിലും മികച്ച ക്ലൈമാക്സ് ചിത്രത്തിന് നല്കാൻ കഴിയില്ല.

    stree

    ദൃശ്യസുന്ദരവും ഹൊറർ ഫിലിംങ് നൽക്കുന്ന സാങ്കേതിക മേൻമയുള്ള സൗണ്ട്സും തീയറ്ററിൽ പ്രേക്ഷകനേകുന്ന അനുഭവം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

    പ്രതീക്ഷിച്ചതിനേക്കാളും ഒരുപടികൂടി ഉയർന്ന ചിത്രമായാണ് സ്ത്രീ വിസ്മയിപ്പിച്ചത് അതിനാൽ തന്നെ ധൈര്യമായി ഹൊറർ -കോമഡി ചിത്രങ്ങളിഷ്ട്ടപ്പെടുന്നവർക്ക് ഞാൻ റെക്കമന്റ് ചെയ്യുന്നു - സംശയിക്കാതെ ടിക്കറ്റെടുക്കുക, കാണാൻ ശ്രമിക്കുക.

    ചിരിപ്പിക്കുന്നതിനൊപ്പം ത്രില്ലടിപ്പിക്കുന്ന അപൂർവ്വ സൃഷ്ട്ടികളിൽ ഒന്നായ സ്ത്രീ എന്ന ചിത്രത്തിന്

    പ്രേക്ഷകരെ രസിപ്പിക്കാനും സംതൃപ്തി നൽകാനും കഴിയുന്നതിനാൽ വാണിജ്യപരമായും നല്ല നേട്ടമുണ്ടാക്കാൻ അനായാസം കഴിയും.

    English summary
    about Sthree hindi movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X