For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ദ്രന്‍ വീട്ടിലെ കാരണവരും പൃഥ്വി അമ്മക്കുട്ടിയും; മക്കളുടെ ചെലവിലല്ല ജീവിക്കുന്നതെന്ന് മല്ലിക സുകുമാരന്‍

  |

  നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മല്ലിക സുകുമാരന്‍. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭര്‍ത്താവ് സുകുമാരനില്‍ തുടങ്ങി മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയവരാണ്.

  സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരന്‍. തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്.

  മലയാളത്തിലെ മുന്‍നിര താരങ്ങളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ലേബലില്ല, നടന്‍ സുകുമാരന്റെ ഭാര്യയായി അറിയപ്പെടാനാണ് മല്ലികയ്ക്ക് ഏറെയിഷ്ടം. തന്റെ മക്കളെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രമേയുള്ളൂവെന്ന് മല്ലിക പറയുന്നു. മക്കള്‍ സ്വാശ്രയബോധമുള്ളവരായിക്കണമെന്ന അഭിപ്രായക്കാരിയാണ് മല്ലിക. സ്വന്തമായി അധ്വാനിച്ച് ജീവിക്കാന്‍ കഴിവുള്ളവരാകണം മക്കള്‍. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങളെക്കുറിച്ച്‌ മനസ്സു തുറന്നത്.

  ഇന്ദ്രനേയും പൃഥ്വിയേയും പോലെ രണ്ട് മക്കളെ ലഭിച്ചത് മല്ലികയുടെ ഭാഗ്യമായി എല്ലാവരും പറയുന്നു. എന്നാല്‍ അതിന് പിന്നില്‍ വളരെ വലിയ ഒരു കഷ്ടപ്പാടിന്റെ കഥയുണ്ട്. സൈനിക് സ്‌കൂളിലെ ശിക്ഷണമാണ് അവര്‍ ഇന്ന് നല്ല രീതിയില്‍ ജീവിക്കാന്‍ കാരണമെന്ന് മല്ലിക തുറന്നുപറയുന്നു. ജീവിതത്തിന് അച്ചടക്കവും ചിട്ടയും കൈവന്നത് സൈനിക് സ്‌കൂളിലെ പഠനം മൂലമാണ്. അതില്‍ അവര്‍ എന്നും അഭിമാനിക്കുന്നുവെന്നും മല്ലിക വ്യക്തമാക്കുന്നു.

  'മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ഇന്നുണ്ട്. എന്തു പറഞ്ഞാലും അടുത്ത 24 മണിക്കൂറില്‍ വാങ്ങിത്തരാനുള്ള കഴിവും അവര്‍ക്കുണ്ട്. എന്നാല്‍ താന്‍ അവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാറില്ലെന്ന് മല്ലിക പറയുന്നു. അത്യാവശ്യം പണവും സ്വത്തുമൊക്കെ ഉണ്ടാക്കിത്തന്നിട്ടാണ് സുകുവേട്ടന്‍ പോയത്. ആവശ്യം വന്നാല്‍ ചോദിക്കാം എന്നേ ഉള്ളൂ. അതുവരെ ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയാനാണ് താത്പര്യം.

  ഇന്ദ്രജിത്ത് വീട്ടിലെ മൂത്ത കുട്ടിയായതിനാല്‍ ഒരു കാരണവരെ പോലെയാണ്. പല കാര്യങ്ങളും വിട്ടുകൊടുക്കാറുണ്ട്. എന്നാല്‍ പൃഥ്വി അങ്ങനെയല്ല, അവന് കുറച്ച് നിര്‍ബന്ധമൊക്കെയുണ്ട്. ചില കാര്യങ്ങളില്‍ ശാഠ്യം പിടിക്കാറുണ്ട്. ഇളയകുട്ടിയല്ലേ, അതിന്റെയാണ്. പക്ഷെ, കുട്ടികള്‍ രണ്ടുപേരും അച്ഛനെപ്പോലെ കര്‍ശന നിലപാടുള്ളവരും സത്യസന്ധരുമാണ്. സത്യം മാത്രമേ പറയാവൂ എന്ന് അച്ഛന്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്.

  മക്കളുടെയും മരുമക്കളുടെയും കാര്യങ്ങളില്‍ അനാവശ്യമായി ഞാന്‍ ഇടപെടാറില്ല. വിവാഹത്തിനുശേഷം അവരുടെ കാര്യം നോക്കി അധ്വാനിച്ച് ജീവിക്കുന്നു. ഇടയ്‌ക്കൊക്കെ കൊച്ചുമക്കളെ കാണാന്‍ ചെല്ലും. അവരുടെ ഒപ്പം രണ്ടുദിവസം താമസിക്കും, അത്രയുമൊക്കെ മതി. അതല്ലാതെ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ എനിക്കു താത്പര്യമില്ല. സുകുവേട്ടന്‍ അക്കാര്യമൊക്കെ നേരത്തെ തന്നെ പറഞ്ഞ് ഏല്‍പ്പിച്ചാണ് പോയത്. മക്കളെ അവരുടെ സ്വാതന്ത്ര്യത്തിനു വിടണമെന്നത് അദ്ദേഹത്തിന്റെ കൂടി ആഗ്രഹമായിരുന്നു.

  പൂര്‍ണ്ണിമയ്ക്കും സുപ്രിയയ്ക്കും ഭാഗ്യക്കുറി അടിച്ചതാണ്. എന്നെപ്പോലെയൊരു അമ്മായിയമ്മയെ വേറെയെവിടെ കിട്ടും. അതുകൊണ്ട് എല്ലാവരും സ്‌നേഹത്തോടെ തന്നെ പോകുന്നു. വളര്‍ന്നുവരുമ്പോള്‍ ഒരുപക്ഷേ നക്ഷത്രയും അലംകൃതയുമൊക്കെ എന്നെപ്പോലെ തന്നെയാകാം, കാരണം അവര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കാനും പറയാനുമുള്ള കഴിവുണ്ട്.

  ട്രോളുകള്‍ തന്നെ സഹായിച്ചിട്ടേ ഉള്ളൂവെന്നാണ് മല്ലിക പറയുന്നത്. ചെമ്പുപാത്രത്തിന്റെയും ലംബോര്‍ഗിനിയുടെയുമൊക്കെ കാര്യം വാര്‍ത്തയായും ട്രോളായും വന്നതുകൊണ്ടാണ് തന്റെ വീടിനു മുന്നിലെ വഴി ശരിയായതെന്ന് മല്ലിക പറയുന്നു. 'അന്ന് ആ വാര്‍ത്ത വന്നതുമൂലം ഇവിടെയുള്ള നാല്‍പതോളം വീടുകളിലേക്കുള്ള വഴി ശരിയാക്കി കിട്ടി. ഇനി മഴക്കാലം വന്നാലും വെള്ളപ്പൊക്കം വന്നാലും പേടിക്കേണ്ട'. മല്ലിക പറയുന്നു.

  English summary
  Actress Mallika Sukumaran opens up about her family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X