»   » രഞ്ജിത്തുമായുള്ള പ്രണയം, വിവാഹം,ഡിവോഴ്‌സ് പ്രിയാരാമന്റെ ജീവിതത്തില്‍ സംഭവിച്ചത്,പ്രിയ തിരിച്ചുവരുമോ?

രഞ്ജിത്തുമായുള്ള പ്രണയം, വിവാഹം,ഡിവോഴ്‌സ് പ്രിയാരാമന്റെ ജീവിതത്തില്‍ സംഭവിച്ചത്,പ്രിയ തിരിച്ചുവരുമോ?

Posted By: Nihara
Subscribe to Filmibeat Malayalam

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു പ്രിയാരാമന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പമെല്ലാം നിരവധി സിനിമകളില്‍ വേഷമിട്ട താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. 1993 ല്‍ രജനീകാന്ത് നിര്‍മ്മിച്ച വാലി എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയ വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.

ഐവി ശശിയുടെ അര്‍ത്ഥന എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവര്‍ന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമായി. പിന്നീട് ടെലിവിഷന്‍ പരമ്പരകളില്‍ വേഷമിട്ടെങ്കിലും ഇടയ്ക്കുവെച്ച് അതും നിര്‍ത്തി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് നടന്‍ രഞ്ജിത്തുമായി പ്രണയത്തിലായത്. പിന്നീട് ഈ ബന്ധം വിവാഹത്തിലെത്തിയെങ്കിലും ഏറെ താമസിയാതെ ഇരുവരും വേര്‍പിരിഞ്ഞു.

പൊട്ടിത്തെറിച്ച പെണ്ണായി പ്രേക്ഷകമനം കവര്‍ന്നു

പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായി അധികമാര്‍ക്കും ഇഷ്ടപ്പെടാത്ത ചട്ടമ്പിക്കാരി പെണ്ണായാണ് തുടക്കത്തില്‍ പ്രിയാരാമന്‍ വേഷമിട്ടത്. നായകനോട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന നായികാ വേഷമാണ് പ്രിയയെ കാത്തിരുന്നത്. തുടക്കത്തിലെ പൊട്ടിത്തെറി പിന്നീട് പ്രണയത്തിലേക്ക് മാറുന്നതോടെ കഥാപാത്രത്തിന്റെ സ്വഭാവത്തിലും മാറ്റം വരുന്നു. കാശ്മീരം, മാന്ത്രികം, ആറാം തമ്പുരാന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് പ്രിയാരാമന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്.

പെട്ടെന്നൊരു ദിവസം സിനിമയില്‍ നിന്നും അപ്രത്യക്ഷമായി

തമിഴിലും മലയാളത്തിലുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെ പെട്ടെന്നൊരു സുപ്രഭാതത്തിലാണ് താരം അപ്രത്യക്ഷമായത്. പ്രണയവും വിവാഹവുമൊക്കെയായി താരം കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു.

പ്രണയമായി മാറിയ സൗഹൃദം

തെന്നിന്ത്യന്‍ സിനിമയിലെ ഏറെ തിരക്കുള്ള താരമായി നില്‍ക്കുന്നതിനിടയിലാണ് പ്രിയാരാമന്‍ നടന്‍ രഞ്ജിത്തുമായി അടുക്കുന്നത്. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളില്‍ വില്ലനായെത്തിയ നടനാണ് രഞ്ജിത്ത്. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം

രഞ്ജിത്തുമായുള്ള പ്രണയം ആരംഭിച്ചതോടെ പ്രിയാരാമന്‍ സിനിമകള്‍ കുറച്ചു. പിന്നീട് വീട്ടുകാരുടെ അനുമതിയോടെ 2002 ല്‍ ഇരുവരും വിവാഹിതരായി. പതിവു പോലെ വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞു

കുടുംബ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. 2013 ല്‍ നല്‍കിയ ഹര്‍ജിയിലൂടെ 2014 ല്‍ ഇരുവരും വിവാഹ മോചിതരായി.

കുട്ടികള്‍ പ്രിയയോടൊപ്പം

പ്രിയാരമന്‍ രഞ്ജിത്ത് ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. കുട്ടികളുടെ വളര്‍ച്ചയില്‍ മാതാവിന്റെ സ്‌നേഹവും പരിചരണവും അത്യാവശ്യമായതിനാല്‍ രഞ്ജിത്ത് കുട്ടികളുടെ ചുമതല പ്രിയയെ ഏല്‍പ്പിക്കുകയായിരുന്നു. മക്കളോടൊപ്പമാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

രഞ്ജിത്ത് വീണ്ടും വിവാഹിതനായി

വിവാഹ മോചനത്തിനു മുന്‍പ് തന്നെ മറ്റൊരു നടിയുമായി രഞ്ജിത്തിന് ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷം തെന്നിന്ത്യന്‍ താരമായ രാഗസുധയും രഞ്ജിത്തും വിവാഹിതരായി.

മിനിസ്‌ക്രീനില്‍ സജീവമായി

വിവാഹ മോചനത്തിനു ശേഷം ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രിയാരാമന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്ത പരമ്പരകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചിരുന്നത്. സീരിയലുകളില്‍ സജീവമായിരുന്നുവെങ്കിലും സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

തിരിച്ചു വരവിനൊരുങ്ങുന്നു

വ്യക്തി ജീവിതത്തിലെ താളപ്പിഴകള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് പ്രിയാരാമന്‍ എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവാഹ മോചനത്തിനു ശേഷം സിനിമയില്‍ സജീവമാവുന്ന അഭിനേത്രിമാരുടെ കൂട്ടത്തിലേക്ക് ചേരാന്‍ പ്രിയരാമനും തയ്യാറെടുക്കുകയാണ്.

English summary
Priya Raman going to comeback in Film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam