For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്‍ നടിമാര്‍ പീഡിതര്‍?

  By Ravi Nath
  |

  നമ്മുടെ സിനിമക്കാര്യങ്ങളില്‍ ഏതുകാലത്തും സജീവമായ്‌ നിലനില്‍ക്കുന്ന വിഷയമാണ്‌ സിനിമക്കുള്ളിലെ സ്‌ത്രീ. ആധുനിക സമൂഹം ഏറെ പുരോഗതികള്‍ ആഘോഷിക്കുമ്പോഴും സ്‌ത്രീയുടെ നേര്‍ക്കു നടക്കുന്ന അതിക്രമങ്ങള്‍ പലരൂപത്തിലും ഭാവത്തിലും അനുദിനം വര്‍ദ്ധിച്ചുവരികയാണ്‌. ഇവിടെ സിനിമയ്‌ക്കുള്ളിലെ സ്‌ത്രീയുടെ അവസ്ഥയും മറിച്ചല്ല എന്നുചുരുക്കം.

  ഒരു പെര്‍ഫോമര്‍ എന്ന നിലയിലാണ്‌ സിനിമയ്‌ക്കുള്ളില്‍ സ്‌ത്രീയുടെ കാര്യമായ നിലനില്‍പ്‌. അല്ലെങ്കില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ്‌ സ്‌ത്രീ തള്ളിക്കയറ്റം സിനിമയില്‍ അനുഭവപ്പെടുന്നത്‌. സിനിമയുടേയും നാടകത്തിന്റേയും ആദ്യകാലത്ത്‌ സ്‌ത്രീകളെ അഭിനയിക്കാന്‍ കിട്ടിയിരുന്നില്ല നമ്മുടെ നാട്ടില്‍. കാരണം ഈ രംഗം കുടുംബത്തില്‍ പിറന്ന സ്‌ത്രീകള്‍ക്കു ചേര്‍ന്നതല്ല എന്ന കാഴ്‌ചപ്പാടായിരുന്നു.

  പിന്നീട്‌ കാര്യങ്ങള്‍ മാറിമറിഞ്ഞുവെങ്കിലും പലപ്പോഴും കുടുംബം ഉയര്‍ത്തിപ്പിടിച്ചവര്‍ മക്കള്‍ക്കുനേരെ സിനിമയിലേക്കുള്ള വാതില്‍ അടച്ചിട്ടു. വീണ്ടും സിനിമ വളര്‍ന്നു സമൂഹം വളര്‍ന്നു. ടെലിവിഷന്‍ രംഗങ്ങളില്‍ വിപ്ലവകരമായ മുന്നേറ്റമുണ്ടായി. നമ്മുടെ ജീവിതത്തിന്റെ സ്വഭാവം തന്നെ മാറി. ഇന്ന്‌ സിനിമ വലിയ ഒരു ആകര്‍ഷകഘടകമാണ്‌ സ്‌ത്രീക്ക്‌. എല്ലാ വഴികളും ഇവിടേക്ക്‌ എത്തിചേരാനുള്ള കുറുക്കുവഴികള്‍ മാത്രം.

  പണം, പ്രശസ്‌തി ഇവ രണ്ടും മാത്രമാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. സര്‍വ്വതന്ത്ര സ്വതന്ത്രയായ സ്‌ത്രീ ഇവിടേയും പ്രഖ്യാപിക്കുന്നു സിനിമയ്‌ക്കുള്ളില്‍ സ്‌ത്രീ പീഡിപ്പിക്കപെടുന്നുവെന്ന.്‌ സിനിമയുടെ ഭൂതകാലം കാണിച്ചുതന്ന ചില അവ്യക്ത
  ചിത്രങ്ങളുണ്ട്‌ നമുക്ക്‌ മുമ്പില്‍. വിജയശ്രീ, ശോഭ, സില്‍ക്ക്‌ സ്‌മിത തുടങ്ങി പ്രശസ്‌തരും അപ്രശസ്‌തരുമായ നിരവധി അഭിനേത്രികള്‍ സിനിമയ്‌ക്കുള്ളില്‍ തിളങ്ങി നില്‌ക്കേ ദുരന്തപൂര്‍ണ്ണമായി ജീവിതം ഒടുക്കിയവരാണ്‌.

  സിനിമ നല്‌കിയ ദുരനുഭവങ്ങളാണ്‌ ഇവര്‍ക്കും പറയാനുണ്ടായിരുന്നത്‌. വിദ്യാഭ്യാസവും കഴിവും തന്റേടവും സ്വാതന്ത്ര്യവുമുള്ള പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ സിനിമയ്‌ക്കുള്ളില്‍ ഇന്നും പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്‌ കാരണമെന്തായിരിക്കും? സിനിമ കഴിവുള്ളവരെ കണ്ടെടുത്ത്‌ പ്രോത്സാഹിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു കലാമേഖലയേ അല്ല, മറിച്ച്‌ പലവിധത്തിലുള്ള കുറുക്കുവഴികളും സുഖിപ്പിക്കലും കൊണ്ട്‌ കയറിപ്പോകുന്ന ഇടംതന്നെയാണ്‌. ഇതിന്‌ സാധ്യമാവാത്തവര്‍ക്ക്‌ അവസരങ്ങള്‍ കുറയും എല്ലാവാതിലുകളും അടയും.

  ഇവിടെ പുരുഷനും സ്‌ത്രീക്കും ഒരേ തരതത്തിലുള്ള അനുഭവങ്ങള്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. സൗന്ദര്യം, ശരീരം എന്ന ഘടകങ്ങള്‍ സ്‌ത്രീയുടെ വഴി കുറേക്കൂടി ലളിതമാക്കുന്നു, ഒപ്പം കഴിവും. കഴിവുള്ള താരത്തിന്‌ തന്റെ യഥാര്‍ത്ഥ നിലപാടുമായി സിനിമയ്‌ക്കുള്ളില്‍ നിലനില്‍ക്കാനാവും.

  ഇന്ന്‌ ഒരു പരിധിവരെ എന്തും ബലികഴിച്ച്‌ മുന്‍പന്തിയിലേക്ക്‌ കുതിക്കാന്‍ തയ്യാറുള്ളവര്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ കഴിവുള്ള പലരും പിന്‍തള്ളപ്പെടും. മുന്നേറാനുള്ള വെമ്പലില്‍ ഇവര്‍ പലപ്പോഴും വഴിതെറ്റി പോകുന്നു എന്നത്‌ കാലം കാണിച്ചുതന്ന സത്യമാണ്‌. പ്രശസ്‌തിയിലേക്കുള്ള കുതിപ്പ്‌ പലരും ദുരുപയോഗം ചെയ്യുന്നു.

  പരിപൂര്‍ണ്ണമായ പുരുഷകേന്ദ്രീകൃതമായ നമ്മുടെ സിനിമയെ ഇവര്‍ കൃത്യമായ്‌ തിരിച്ചറിയുക എന്നതാണ്‌ വലിയ കാര്യം. സ്‌ത്രീയുടെ മാനത്തിന്‌ മാത്രം വിലയിടുന്ന സമൂഹത്തില്‍ വിലപ്പെട്ടത്‌ സൂക്ഷിക്കാനറിയുക, അല്ലെങ്കില്‍ കൂളായി മുമ്പോട്ടു നടക്കുക. പിന്നെ എല്ലാം പതിവുപോലെ.

  English summary
  Woman in cinema is always a hot subject. It is a dark reality that women in cinema are not different from the women in the society
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X