For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നെടുത്ത ആ തീരുമാനം എന്റെ ധൈര്യമായിരുന്നില്ല! പിന്നെ തേടി വന്നത് ലിംക റെക്കോർഡും; അനീഷ് ഉപാസന

  |

  ലോക് ഡൗണ്‍ കാലത്ത് തന്റെ കഴിവുകള്‍ ഓരോന്നായി ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിക്കുകയാണ് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. കീബോര്‍ഡ് വായിക്കുകയും പാട്ട് പാടുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങളും വീഡിയോസും അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടാറുള്ളത്.

  ഇന്ന് അല്‍പം സീരിയസ് ആയി സംസാരിക്കാമെന്ന് പറഞ്ഞ് എത്തിയിയിരിക്കുകയാണ് അനീഷ് ഉപാസന. സിനിമാമോഹം തലക്ക് പിടിച്ച് നടന്ന കാലം മുതല്‍ തനിക്ക് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ കഥ വരെയാണ് അദ്ദേഹം പറഞ്ഞത്. വായിക്കുന്നവര്‍ക്കെല്ലാം പ്രചോദനമാകുന്ന ആ കഥയിങ്ങനെയാണ്...

  കാലം 2009 കൊച്ചി, സിനിമയുമായി ബന്ധപെട്ടു എന്തേലുമൊക്കെ സ്വന്തമായി ചെയ്യണമെന്ന ആഗ്രഹം തലക്കുപിടിച്ചു നടക്കുന്ന സമയം. പലരെയും സമീപിച്ചു. സിനിമയില്‍ തന്നെ അത്യാവശ്യം ഫോട്ടോയെടുപ്പും പരിപാടികളുമൊക്കെയുണ്ടല്ലോ അനീഷേ... അതാദ്യം മര്യാദയ്ക്ക് ചെയ്ത് പേരെടുക്കാന്‍ നോക്ക്. ഇതായിരുന്നു ബഹുജന മറുപടി. മറുപടി നിരാശപെടുത്തിയെങ്കിലും ഈ 'ഉപാസനാമൂര്‍ത്തി'അടങ്ങിയിരുന്നില്ല. താമസിയാതെ എന്റെ അവസ്ഥ മനസിലാക്കി ഒരാള്‍ മുന്നിലേക്കു വന്നു. സലാവുദീന്‍!

  അദ്ദേഹം നിര്‍മ്മിക്കുന്ന മായാമാധവം എന്ന മ്യൂസിക് ആല്‍ബത്തില്‍ നിന്ന് ഒരു ഗാനം എനിക്ക് ചിത്രീകരിക്കാം. ഗാനം ആലപിച്ചിരിക്കുന്നത് ചലച്ചിത്രതാരം ഭാമയാണ്.ആല്‍ബം ചിത്രീകരിക്കുന്നതിനായി സലാവുദീന്‍ തരക്കേടില്ലാത്ത ഒരു തുകയും ഓഫര്‍ ചെയ്തു. പിന്നെയൊന്നും നോക്കിയില്ല ചാടികയറിയങ്ങു എറ്റു. പക്ഷേ കാശു കൈപറ്റിയതോടു കൂടി കാര്യങ്ങള്‍ സീരിയസായി തുടങ്ങി. മലയാള സിനിമ ലൊക്കേഷനിലൂടെ ക്യാമറയും കഴുത്തില്‍ തൂക്കി നടന്നപ്പോള്‍ കണ്ടതല്ലാതെ സംവിധാനവും സിനിമാട്ടോഗ്രഫിയുമായി യാതൊരു ബന്ധവും എനിക്കില്ലെന്ന യാഥാര്‍ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി.

  വേലിയിലിരിക്കുന്ന പാമ്പിനെയെടുത്തു വീഡിയോയിലാക്കിയ അവസ്ഥ. ഇത് ചെയ്യണം. ചെയ്‌തേ പറ്റൂ. കാരണം അങ്ങോട്ട് ചെന്ന് ചോദിച്ചു മേടിച്ച പണിയാണ്.
  യെസ്. ആദ്യം തന്നെ ഒരു ക്യാമറമാനെ ഒപ്പിച്ചേക്കാം. കാരണം അയാള്‍ എന്റെ ബഡ്ജറ്റില്‍ ഒതുങ്ങുകയും വേണമല്ലോ. അന്വേഷണം തുടങ്ങി. പക്ഷേ ഞാന്‍ സമീപിച്ചവരെല്ലാം അന്നെന്നോട് പറഞ്ഞ പ്രതിഫലം ഏകദേശം ഇന്നത്തെ ബാഹുബലിയുടെ ബഡ്ജെറ്റോളം വരും നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഞാന്‍ വീണ്ടും ചിന്തിച്ചു തുടങ്ങി.

  കുറച്ചുകാലമായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരാഗ്രഹമായിരുന്നു സ്റ്റില്‍ ക്യാമെറകൊണ്ടൊരു വീഡിയോ ഷൂട്ട്. കയ്യിലാണേല്‍ സ്വന്തമായി ക്യാമറയും ഉണ്ട്. എന്റെ പരീക്ഷണത്തിന് ഒരു പക്ഷേ ഉചിതമായ സമയം ഇതുതന്നെയാണെങ്കിലോ. എന്നിരുന്നാലും കാര്യമറിഞ്ഞ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഡാ... മറ്റൊരുത്തന്റെ കാശാണ്. വെറുതെ ഇടിമേടിച്ചു കൂട്ടണ്ട. ശരിയാണ്, പക്ഷേ എനിക്ക് ശരിയെന്നു തോന്നുന്നതും ആത്മവിശ്വാസമുള്ളതുമല്ലേ ഞാന്‍ ചെയ്യേണ്ടത്? പക്ഷേ പരാജയപ്പെട്ടാല്‍, പരാജയപ്പെട്ടാല്‍ തുക തിരികെ കൊടുക്കേണ്ടി വരും. കൊടുക്കാം. ആരോഗ്യമുണ്ടല്ലോ. പണിയെടുത്തു കടം വീട്ടാം.

  അന്നെടുത്ത ആ തീരുമാനം എന്റെ ധൈര്യമായിരുന്നില്ല. ആത്മവിശ്വാസം തന്നെയായിരുന്നു. ശരിയാവുമെന്നുള്ള പൂര്‍ണമായ ആത്മവിശ്വാസം. ആ ആത്മവിശ്വാസത്തിനു 2011 ല്‍ ലിംക ബുക്ക് ഓഫ് നാഷ്ണല്‍ റെക്കോര്‍ഡ് എന്നെ തേടി വന്നു! ഇന്ത്യയില്‍ ആദ്യമായി സ്റ്റില്‍ ക്യാമറ കൊണ്ട് ചിത്രീകരിച്ച വീഡിയോ ആല്‍ബം. അതായിരുന്നു ബഹുമതി! ഇന്നും ഞാനെന്നോടു പറയുന്ന ഒരു വാക്കുണ്ട്. 'എന്നേ തളര്‍ത്താന്‍ എനിക്ക് മാത്രമേ കഴിയു'എന്ന്. പക്ഷേ ചത്താലും ഞാന്‍ എന്നേ തളര്‍ത്താറില്ല.

  English summary
  Aneesh Upasana Talks About Limca Book of Records
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X