»   » പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സുരാജിന്റെ അഞ്ച് കഥാപാത്രങ്ങള്‍, ഒപ്പം ഒരു ട്വിസ്റ്റും!!! ഇതാണ് സുര

പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സുരാജിന്റെ അഞ്ച് കഥാപാത്രങ്ങള്‍, ഒപ്പം ഒരു ട്വിസ്റ്റും!!! ഇതാണ് സുര

Posted By: Karthi
Subscribe to Filmibeat Malayalam

സുരാജ് വെഞ്ഞാറമ്മൂട് എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ മലയാളികള്‍ക്ക് ഒരു ഹാസ്യതാരം മാത്രമായിരുന്നു. എന്നാല്‍ സുരാജ് എന്ന നടനെ വെളിപ്പെടുത്തിയ എണ്ണം പറഞ്ഞ ചില കഥാപാത്രങ്ങളെ മലയാളത്തിന് നല്‍കാനും സുരാജിന് സാധിച്ചു. സലിം കുമാറിന് പിന്നാലെ മലയാളത്തിലേക്ക് മറ്റൊരു ദേശീയ പുരസ്‌കാരം കൂടെ എത്തിക്കാന്‍ സുരാജിനായി.

ഫഹദ് ഫാസിലിനൊപ്പം സുരാജും പ്രധാന കഥാപാത്രമായി എത്തുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ അഭിനയ പ്രധാന്യമുള്ള മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തില്‍ സുരാജിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരാജ് മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത്.

പേരറിയാത്തവര്‍

സലിം കുമാറിന് പിന്നാലെ മലയാളത്തിലേക്ക് ദേശീയ പുരസ്‌കാരം സുരാജ് എത്തിച്ചത് ഡോ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂടിലെ യഥാര്‍ത്ഥ നടനെ തുറന്ന കാട്ടിയ ചിത്രമായിരുന്നു പേരറിയാത്തവര്‍. പേരില്ലാത്തൊരു കഥാപാത്രമായി സുരാജ് എത്തിയ ചിത്രം ഏതൊരു അഭിനേതാവിനേയും പ്രലോഭിപ്പിക്കുന്ന ഒന്നായിരുന്നു. അര്‍ഹതപ്പെട്ട ദേശീയ പുരസ്‌കാരവും ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു.

ആക്ഷന്‍ ഹീറോ ബിജു

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്ടേ രണ്ട് രംഗങ്ങളില്‍ മാത്രം വന്ന പോകുന്ന കഥാപാത്രമായിരുന്നു സുരാജിന്റെ പവിത്രന്‍. സിനിമ അവസനിച്ചാലും മനസില്‍ നിന്ന് വിട്ട് പോകാത്ത ഒരു കഥാപാത്രമായിരുന്നു പവിത്രന്‍. അത്രമേല്‍ ആ കഥാപാത്രം പ്രേക്ഷകരെ സ്പര്‍ശിച്ചെങ്കില്‍ അത് സുരാജ് എന്ന നടന്റെ മികവുറ്റ പ്രകടനം കൊണ്ട് മാത്രമായിരുന്നു. ദേശീയ പുരസ്‌കാരത്തിന് ശേഷം അഭിനയിച്ച ശ്രദ്ധേയ കഥാപാത്രമായിരുന്നു പവിത്രന്‍.

ഗോഡ് ഫോര്‍ സെയില്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഗോഡ് ഫോര്‍ സെയില്‍. ചിത്രത്തിലെ കമലഹാസനന്‍ എന്ന കഥാപാത്രത്തെ സുരാജ് അവിസ്മരണീയമാക്കി. സുരാജ് എന്നാല്‍ ഒരു ഹാസ്യ നടന്‍ മാത്രമല്ലെന്ന് ആദ്യമായി പ്രേക്ഷകരോട് വിളിച്ച് പറഞ്ഞ ചിത്രമായിരുന്നു ഗോഡ് ഫോര്‍ സെയില്‍. മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുള്ള കഥാപാത്രത്തെ മികവുറ്റതാക്കാന്‍ സുരാജിന് സാധിക്കുകയും ചെയ്തു.

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ചിത്രത്തില്‍ സുരാജ് അവതരിപ്പിച്ച കഥാപാത്രം വെറുമൊരു ഹാസ്യ കഥാപാത്രമായിരുന്നില്ല. റിയലിസ്റ്റിക് കോമഡിക്ക് പ്രാധാന്യം നല്‍കുന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കാന്‍ സുരാജിന് സാധിച്ചു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നും സുരാജിന്റെ പ്രകടനമായിരുന്നു.

ഒരു മുത്തശ്ശി ഗദ

രാജിനി ചാണ്ടി എന്ന പുതുമുഖത്തെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം മുത്തശ്ശിയുടെ കഥയായിരുന്നു. അതില്‍ രാജിനി അവതരിച്ച കഥാപാത്രത്തിന്റെ മകനായി എത്തിയത് സുരാജ് വെഞ്ഞാറമ്മൂട് ആയിരുന്നു. സിബി എന്ന സുരാജിന്റെ കഥപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചു. അമ്മയുടെ പിടിവാശികളില്‍ നട്ടം തിരിയുന്ന കുടുംബത്തെ സ്‌നേഹിക്കുന്ന സിബിയെ സുരാജ് അവിസ്മരണീയമാക്കി.

പിറന്നാള്‍ ദിനത്തിലെ തൊണ്ടിമുതല്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും വെള്ളിയാഴ്ച തിയറ്ററില്‍ എത്തിയപ്പോള്‍ അതിനൊരു പ്രത്യേകതയുണ്ട്. സുരാജ് പിറന്നാള്‍ ദിവസത്തിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് ഫഹദ് ആണെങ്കിലും അത്രത്തോളം പ്രാധാന്യമുള്ള വേഷത്തിലാണ് സുരാജ് എത്തുന്നത്. ചിത്രത്തില്‍ നായികയ്‌ക്കൊപ്പമുള്ള സുരാജിന്റെ പ്രണയ ഗാനം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

ഫഹദിന്റെ വേഷം സുരാജിന്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് ഫഹദിനേയും സൗബിനേയുമായിരുന്നു. ഇപ്പോള്‍ സുരാജ് അവതരിപ്പിക്കുന്ന വേഷമായിരുന്നു ഫഹദിന്. എന്നാല്‍ സ്വന്തം സിനിമയുടെ ചിത്രീകരണ തിരക്കുകളിലായതിനാല്‍ സൗബിന്‍ പിന്മാറി. പിന്നീടായിരുന്നു സുരാജ് ചിത്രത്തിലേക്ക് എത്തിയത്. എന്നാല്‍ സുരാജ് എത്തിയപ്പോള്‍ ഫഹദിന് നല്‍കാനിരുന്ന കഥാപാത്രം സുരാജിന് നല്‍കുകയായിരുന്നു. സൗബിന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്.

English summary
The audiences are definitely awaiting a magical performance from Suraj Venjaramoodu in Thondimuthalum Driksakshiyum, the same way they are expecting from Fahadh Faasil. On this note, we take you through some of the memorable performances of Suraj Venjaramoodu, which proves that he is a real good actor to reckon with.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam