»   » പതിനഞ്ച് വര്‍ഷം, പതിനഞ്ച് ചിത്രങ്ങള്‍! പൃഥ്വിരാജിന്റെ കരിയറില്‍ വഴിത്തിരിവായ ആ ചിത്രങ്ങള്‍ ഇതാ...

പതിനഞ്ച് വര്‍ഷം, പതിനഞ്ച് ചിത്രങ്ങള്‍! പൃഥ്വിരാജിന്റെ കരിയറില്‍ വഴിത്തിരിവായ ആ ചിത്രങ്ങള്‍ ഇതാ...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യംഗ് സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. രഞ്ജിത് ചിത്രം നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയം തുടങ്ങിയതെങ്കിലും തിയറ്ററിലെത്തിയ ആദ്യ ചിത്രം രാജസേനന്‍ സംവിധാനം ചെയ്ത 'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രമായിരുന്നു. 2002 സെപ്തംബര്‍ 13നായിരുന്നു ചിത്രം റിലീസ് ചെയ്തത്. 

'അഹങ്കാരി' എന്നാ പേര്... എങ്കിലും ഇങ്ങനെ ചെയ്യാന്‍ മമ്മൂട്ടിക്കേ സാധിക്കു... മമ്മൂട്ടിക്ക് മാത്രം???

പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ?

സിനിമയില്‍ പൃഥ്വിരാജ് പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പൃഥ്വിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ പതിനഞ്ച് ചിത്രങ്ങളുണ്ട്. പ്രേക്ഷകരിലേക്കും നിരൂപകരിലേക്കും പൃഥ്വിരാജിനെ ചേര്‍ത്ത് നിര്‍ത്തിയ സിനിമകള്‍. 15 വര്‍ഷം കൊണ്ട് മലയാളം, തമിഴ്, ഹിന്ദി, ഭാഷകളിലായി 96 പൃഥ്വിരാജ് ചിത്രങ്ങളാണ് ഇതുവരെ തിയറ്ററിലെത്തിയത്.

ക്ലാസ്‌മേറ്റ്‌സ്

പൃഥ്വിരാജ് ചിത്രങ്ങളില്‍ പ്രഥമ സ്ഥാനം ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സിന് തന്നെ. കുടുംബ പ്രേക്ഷകര്‍ക്കൊപ്പം ക്യാമ്പസും പൃഥ്വിരാജിനെ ഏറ്റെടുത്ത ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥ എഴുതിയ ചിത്രം 2006 ഓഗസ്റ്റ് 25നാണ് തിയറ്ററിലെത്തിയത്.

നന്ദനം

ഒരു നടനായി പൃഥ്വിരാജിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ സിനിമയാണ് നന്ദനം. രഞ്ജിത് സംവിധാനം ചെയ്ത 2002 സെപ്തംബര്‍ ആറിനാണ് തിയറ്ററിലെത്തിയത്. ആദ്യം അഭിനയിച്ച ചിത്രമായിരുന്നെങ്കിലും തിയറ്ററിലെത്തിയ മൂന്നാമത്തെ പൃഥ്വിരാജ് ചിത്രമായിരുന്നു നന്ദനം.

അനന്തഭദ്രം

സന്തോഷ് ശിവന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രമാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരന്റെ മാന്ത്രിക നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ്. 2005 നവംബര്‍ നാലിനാണ് ചിത്രം തിയറ്ററിലെത്തിയത്.

വാസ്തവം

പൃഥ്വിരാജിന് കരിയറില്‍ ആദ്യം സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു വാസ്തവം. ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ എം പത്മകുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 2006 നവംബര്‍ പത്തിനായിരുന്നു ചിത്രം തിയറ്ററിലെത്തിയത്.

തലപ്പാവ്

നടനും എഴുത്തുകാരനുമായ മധുപാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിഞ്ഞ ചിത്രം നെക്‌സല്‍ വര്‍ഗീസിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. നെക്‌സല്‍ വര്‍ഗീസിന് സമാനമായ നക്‌സല്‍ ജോസഫ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിച്ചത്. 2008 സെപ്തംബര്‍ 16നാണ് ചിത്രം തിയറ്ററിലെത്തിയത്.

പുതിയ മുഖം

പൃഥ്വിരാജിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് പുതിയ മുഖം. ദീപന്‍ സംവിധാനം ചെയ്ത പുതിയ മുഖം പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ മുഴുനീള ആക്ഷന്‍ ചിത്രവുമായിരുന്നു. പൃഥ്വിരാജ് ആദ്യമായി പിന്നിണി ഗായകനായതും 2009 ജൂലൈ 24ന് തിയറ്ററിലെത്തിയ ഈ ചിത്രത്തിലൂടെയായിരുന്നു.

ഉറുമി

നടനില്‍ നിന്നും നിര്‍മാതാവിലേക്കുള്ള ആദ്യ വളര്‍ച്ച അടയാളപ്പെടുത്തിയ ചിത്രമാണ് ഉറുമി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജിനും നിര്‍മാണ പങ്കാളിത്തമുള്ള ആഗസ്റ്റ് സിനിമയുടെ ആദ്യ ചിത്രമായിരുന്നു. 2011 മാര്‍ച്ച് 31ന് തിയറ്ററിലെത്തിയ ചിത്രം അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരുന്നു.

വീട്ടിലേക്കുള്ള വഴി

പൃഥ്വിരാജിന്റെ കരിയറില്‍ ആദ്യമായി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ സാന്നിദ്ധ്യം അറിയിച്ച ചിത്രമായിരുന്നു കെ ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി. മാസ് ചിത്രങ്ങളില്‍ മാത്രമല്ല ക്ലാസ് ചിത്രങ്ങളിലും പൃഥ്വിരാജ് സാന്നിദ്ധ്യം അറിയിക്കുകയായിരുന്നു.

ഇന്ത്യന്‍ റുപ്പി

പൃഥ്വിരാജിനെ ആദ്യമായി മലയാളത്തിലേക്ക് എത്തിച്ച രഞ്ജിത്തിനൊപ്പം പൃഥ്വിരാജ് വീണ്ടും എത്തിയ ചിത്രമായിരുന്നു ഇന്ത്യന്‍ റുപ്പി. വ്യത്യസ്തമായ പ്രമേയവും അവതരണവും പൃഥ്വിരാജിന് കുടുംബ പ്രേക്ഷകരില്‍ വലിയ സ്ഥാനം നല്‍കി. 2011 ഒക്ടോബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്.

മഞ്ചാടിക്കുരു

മുഖ്യധാര ചിത്രത്തില്‍ മാത്രമല്ല സമാന്തര ചിത്രത്തിലും പങ്കാളിയായി നല്ല സിനിമകളുടെ ഭാഗമായി നില്‍ക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ച ചിത്രമായിരുന്നു മഞ്ചാടിക്കുരു. ഒരു പൃഥ്വിരാജ് ചിത്രമെന്ന ലേബല്‍ ഇല്ലാത്ത ചിത്രത്തിലും പൃഥ്വി സാന്നിദ്ധ്യമായി. 2012 മെയ് 18നാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്.

അയാളും ഞാനും തമ്മില്‍

പൃഥ്വിരാജിലെ നടനെ അടയാളപ്പെടുത്തിയ ഒരു റൊമാന്‍സ് ത്രില്ലര്‍ ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. ബോബി സഞ്ജയ് തിരക്കഥ എഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് പ്രേക്ഷകാംഗീകാരം മാത്രമല്ല നിരൂപക പ്രശംസയും ലഭിച്ചു. 2012 ഒക്ടോബര്‍ 19നാണ് ചിത്രം തിയറ്ററിലെത്തിയത്.

സെല്ലുലോയ്ഡ്

പൃഥ്വിരാജിന്റെ കരിയറിലെ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തിയ ചിത്രമായിരുന്നു കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്. മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയേലിന്റെ ജീവിതം പ്രമേയമാക്കി കമല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ജീവിച്ചിരുന്ന വ്യക്തിയായി പൃഥ്വി വേഷമിട്ട ആദ്യ ചിത്രം കൂടെയായിരുന്നു സെല്ലുലോയ്ഡ്.

മുംബൈ പോലീസ്

നിരവധി പോലീസ് കഥാപാത്രങ്ങളെ പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മുംബൈ പോലീസിലെ ആന്റണി മോസസ്. പൃഥ്വിരാജിലെ നടനെ ഒരിക്കല്‍ കൂടെ അടയാളപ്പെടുത്തിയ ചിത്രം ബോബി സഞ്ജയ് തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്തത്.

മെമ്മറീസ്

ജീത്തു ജോസഫ് ചിത്രത്തില്‍ ആദ്യമായി പൃഥ്വിരാജ് വേഷമിടുകയായിരുന്നു മെമ്മറീസിലൂടെ. മുഴുക്കുടിയനായ പോലീസ് ഓഫീസറുടെ വേഷത്തില്‍ പൃഥ്വിരാഡ് നിറഞ്ഞാടി. തന്നിലെ പക്വത വന്ന നടനെ പ്രക്ഷകര്‍ക്ക് പൃഥ്വിരാജ് കാണിച്ച് കൊടുത്ത ചിത്രമായിരുന്നു ഇത്. 2013 ഓഗസ്റ്റ് ഒന്‍പതിനാണ് ചിത്രം തിയറ്ററിലെത്തിയത്.

എന്ന് നിന്റെ മൊയ്തീന്‍

ജീവിച്ചിരുന്ന കഥാപാത്രമായി പൃഥ്വിരാജ് രണ്ടാമതും വെള്ളിത്തിരയില്‍ എത്തിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയം പറഞ്ഞ ഈ ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രമായി മാറി. നവാഗതനായ ആര്‍എസ് വിമല്‍ ഒരുക്കിയ ചിത്രം 2015 സെപ്തംബര്‍ 19നാണ് തിയറ്ററിലെത്തിയത്.

English summary
Best Fifteen movie of Prithviraj's 15 years career. The list starts from Nandanam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam