For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല! മലയാളത്തിലും ഉണ്ട് നല്ല അടിപൊളി ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍

  |
  മലയാളത്തെ ഞെട്ടിച്ച 7 ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍

  സ്ഥിരം കണ്ട് പരിചയിച്ച ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമായി ഈ മേഖലയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്താന്‍ മലയാള സിനിമാ ലോകം ധൈര്യം കാട്ടിയിട്ടുണ്ട്, കാട്ടുകയും ചെയ്യുന്നു. ശക്തമായ കഥയാണ് എങ്കില്‍ പ്രേക്ഷകരും അത് ഇരുകെെയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും. മലയാള സിനിമയിലെ മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍ ഏതൊക്കെ എന്ന് നോക്കാം.

  അന്വേഷണാത്മക സിനിമകളെ പരിചയപ്പെടുത്തുമ്പോള്‍ പറഞ്ഞ് തുടങ്ങേണ്ടത് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ യവനികയില്‍ നിന്നുമാണ്. സബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ് ഈരാളിയായി മമ്മൂക്കയും തബലിസ്റ്റ് അയ്യപ്പനായി ഭരത് ഗോപിയും തകര്‍ത്ത് അഭിനയിച്ച സിനിമ പ്രേക്ഷകരും ഏറ്റെടുത്തു. മമ്മൂക്കയുടെ ആദ്യ കാല സിനിമകളില്‍ ഒന്നാണ് യവനിക. കെ.ജി.ജോര്‍ജ്ജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് എസ്.എല്‍ പുരം സദാനന്ദന്‍ ആണ്.

  ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് യവനികയിലെ കഥ വികസിക്കുന്നത്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം ആണ് കേന്ദ്ര ബിന്ദു. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങള്‍ കടന്നു വരുന്നുമുണ്ട്

  ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍ എന്ന് പറയുമ്പോള്‍ മമ്മൂക്കയുടെ തന്നെ സി.ബി.ഐ സീരീസ് എങ്ങനെ മാറ്റി നിര്‍ത്താന്‍ സാധിക്കും. സേതുരാമയ്യരായി പുറകില്‍ കയ്യും കെട്ടി, കേട്ട് തഴമ്പിച്ച ആ പഴയ ബാക്ക്ഗ്രൗണ്ട് സ്‌കോറില്‍ നടന്ന് വരുന്ന മമ്മൂക്കയെ പ്രേക്ഷകര്‍ ഇരുകെെയ്യും നീട്ടി സ്വീകരിച്ചു. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് 1988-ല്‍ ആണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇറങ്ങിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

  സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്. പിന്നീട് 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐ. 2005ല്‍ നേരറിയാന്‍ സി.ബി.ഐ എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങള്‍. എല്ലാം നല്ല രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു

  മലയാള സിനിമയെ പറ്റി പറയുമ്പോള്‍ ഒഴിച്ചു നിര്‍ത്താനാവാത്ത സംവിധായകന്‍ ആണ് പി. പത്മരാജന്‍. അദ്ദേഹത്തിന്റെ 1986 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കരിയിലക്കാറ്റ് പോലെ. ശിശിരത്തില്‍ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കിയാണ് ഈ സിനിമയുടെ കഥ തയ്യാറാക്കിയിരിക്കുന്നത്.

  ഒരു ചലച്ചിത്രകാരന്റെ നിഗൂഢമായ മരണത്തെ കുറിച്ച് ബുദ്ധിമാനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. മലയാളത്തില്‍ ഇന്നേവരെ ഇറങ്ങിയ ക്ലാസിക് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഇതെന്ന് നിസംശയം പറയും. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും അഭിനയ മികവും ഈ സിനിമയിലൂടെ നമ്മള്‍ കണ്ടു.

  അഡ്വക്കേറ്റ് ലാല്‍കൃഷ്ണ വിരാടിയറായി സുരേഷ് ഗോപി തകര്‍ത്ത് അഭിനയിച്ച ചിന്താമണി കൊലക്കേസും മികച്ച് ഇന്‍വസ്റ്റീഗേറ്റീവ് ത്രില്ലറുകളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, ഭാവന, തിലകന്‍, സായി കുമാര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2006-ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാള ചലച്ചിത്രമാണിത്. ദ വെറ്ററന്‍ എന്ന ഇംഗ്ലീഷ് ചെറുകഥയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

  കുറ്റവാളികള്‍ക്കുവേണ്ടി കോടതിയില്‍ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനുശേഷം മരണശിക്ഷ നല്‍കുകയും ചെയ്യുന്ന ലാല്‍ കൃഷ്ണ വിരാടിയാര്‍ എന്ന അഭിഭാഷകന്റെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്തമാര്‍ന്ന പ്രമേയം കൊണ്ടും നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലം കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ശ്രദ്ധേയമായ ചിത്രം മികച്ച പ്രദര്‍ശനവിജയം നേടിയിരുന്നു.

  2007 ഫെബ്രുവരി 16നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ഡിറ്റക്ടീവ്' എന്ന സിനിമ റിലീസാകുന്നത്. വലിയ ഹിറ്റൊന്നും ആയില്ലെങ്കിലും ആ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രമാണ്. സുരേഷ്‌ഗോപിയുടെ വ്യത്യസ്തമായ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരുന്നു ആ സിനിമ. പില്‍ക്കാലത്ത് ദൃശ്യം പോലെ ഒരു വമ്പന്‍ ത്രില്ലര്‍ ഒരുക്കിയ ജീത്തു ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് ഡിറ്റക്ടീവ് പരീക്ഷിച്ചതെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ബോധ്യമാകും.

  ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ മരണം അന്വേഷിച്ച് അയാളുടെ അര്‍ദ്ധസഹോദരനായ ഡിറ്റക്ടീവ് രംഗത്തുവരികയും സത്യം കണ്ടെത്തുകയും ചെയ്യുന്നതായിരുന്നു ചിത്രത്തിന്റെ കഥാതന്തു. ഇരട്ടവേഷങ്ങളില്‍ സുരേഷ്‌ഗോപി തിളങ്ങി. കൊലപാതകം നടത്തിയ രീതിയിലെ പ്രത്യേകതയായിരുന്നു ഡിറ്റക്ടീവിന്റെ ക്ലൈമാക്‌സ് പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ പ്രധാന കാരണം.

  ജീത്തു ജോസഫിന്റെ ദൃശ്യം മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഫാമിലി ത്രില്ലറുകളില്‍ ഒന്നാണ്. 2013 ഡിസംബര്‍ 19നായിരുന്നു ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സസ്പെന്‍സ് നിറഞ്ഞ് നില്‍ക്കുന്ന ക്ലൈമാക്സുകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ ചിത്രം ബോക്സ് ഓഫീസില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സസ്‌പെന്‍സ് നിറഞ്ഞ് നില്‍ക്കുന്ന ക്ലൈമാക്‌സുകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

  ഇടുക്കിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. മോഹന്‍ലാലിനും മീനക്കും പുറമെ, അന്‍സിബ ഹസന്‍, ആശ ശരത്ത്, അനീഷ് ജി മേനോന്‍, ഷാജോണ്‍, നീരജ് മാധവ്, റോഷന്‍ ബഷീര്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിരയായിരുന്നു ഈ ചിത്രത്തില്‍ അണിനിരന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്.

  ബോബി-സഞ്ജയ് ടീം തിരക്കഥ എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2013 മെയ് 3ന് പ്രദര്‍ശനത്തിന് എത്തിയ മലയാള ചലച്ചിത്രമാണ് മുംബെെ പൊലീസ്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍, അപര്‍ണ നായര്‍, ഹിമ ഡേവിസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെടുന്ന ആന്റണി മോസസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ഈ അന്വേഷണാത്മക ത്രില്ലര്‍ ചിത്രീകരിച്ചത്. തന്റെ സീനിയര്‍ ഓഫീസര്‍ ഫര്‍ഹാന്റെ സഹായത്തോടെ, ആന്റണി മോസസ് അപകടത്തിന് മുമ്പ് അന്വേഷിച്ച ഒരു കേസ് അന്വേഷിക്കാന്‍ തുടങ്ങുന്നു.

  ഓര്‍മ്മ പ്രശ്നങ്ങളുമായി വളരെയധികം കഷ്ടപ്പെട്ടിട്ടും ആന്റണി മോസസ് ഒരു അപ്രതീക്ഷിത കുറ്റവാളിയെ കണ്ടെത്തുന്നു. ഇതാണ് കഥ. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സൂപ്പര്‍താരം മുഖ്യധാരാസിനിമയില്‍ സ്വവര്‍ഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്.2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമാണ് മുംബൈ പോലീസ്.

  ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. മലയാള സിനിമയില്‍ ഇനിയും ഉണ്ട് നല്ല എണ്ണം പറഞ്ഞ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലേഴ്സ്. മലയാളത്തിന്റെ അന്വേഷണ സിനിമകള്‍ ക്ലീഷേ ആണെന്ന് ഒക്കെ പറഞ്ഞ് തള്ളിക്കളഞ്ഞ ഒരു കാലത്ത് നിന്നാണ് പൂര്‍വ്വാധികം ശക്തിയോടെ മലയാള സിനിമ കുതിക്കുന്നത്.

  English summary
  best investigative thriller movies in malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X