For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാന്‍സറിന് മുന്നില്‍ തളരാത്ത താരങ്ങള്‍

  By Lakshmi
  |

  കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ച നായകനും നായികയുമുള്ള ചിത്രങ്ങള്‍ പലതും പലഭാഷകളിലും ഇറങ്ങാറുണ്ട്. സിനിമയാണ് കാണുന്നതെന്ന് പൂര്‍ണബോധ്യമുള്ളപ്പോഴും രോഗംബാധിച്ച് കഷ്ടതയനുഭവിക്കുന്ന നായകന്റെയും നായികയുടെയുമെല്ലാം അവസ്ഥ പ്രേക്ഷകരെ കണ്ണീരണിയിക്കാറുണ്ട്. ഒടുക്കം എല്ലാ സിനിമയിലല്ലേയെന്ന് സമാധാനിച്ച് പ്രേക്ഷകര്‍ തിയേറ്ററുകള്‍ വിടുകയുംചെയ്യും.

  ഇത്തരം അവസ്ഥകള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ ആരും തളര്‍ന്നുപോകും. അതിന് താരമെന്നോ സമ്പന്നനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല. അടുത്തിടെ ചലച്ചിത്രലോകത്തുനിന്നും തുടര്‍ച്ചയായി രോഗവാര്‍ത്തകള്‍ വരുകയാണ്. ചിലതാരങ്ങള്‍ കാന്‍സര്‍ ചികിത്സയിലാണെന്ന വാര്‍ത്തവന്നപ്പോള്‍ സത്യമാണോ മിഥ്യയാണോയെന്നറിയാതെ വലഞ്ഞുപോയിട്ടുണ്ട് ആരാധകര്‍.

  സിനിമകളില്‍ രോഗബാധിതരായ കഥാപാത്രങ്ങളായി അഭിനയിച്ച ചിലരുടെയെല്ലാം ജീവിതത്തില്‍ അറംപറ്റുംപോലെയാണ് അതേപോലുള്ള രോഗങ്ങള്‍ സങ്കടം വിതറിയത്.

  എന്നാല്‍ കാന്‍സര്‍ ബാധിച്ച താരങ്ങളില്‍ പലരും ലോകത്തിന് മൊത്തം മാതൃകയാകുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. രോഗവിവരം വെളിപ്പെടുത്തുകയും തങ്ങള്‍ അതിനെ എങ്ങിനെ പൊരുതിജയിച്ചുവെന്ന് വ്യക്തമാക്കുകയും ചെയ്യുന്നത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ് കാര്യമാണ്. മലയാളത്തിലും തമിഴിലും ബോളിവുഡിലുമുണ്ട് ക്യാന്‍സറിനോട് പൊരുതി ജയിച്ച ഏറെ താരങ്ങള്‍ അവരില്‍ ചിലരിതാ.

  മംമ്ത മോഹന്‍ദാസ്

  കാന്‍സറിന് മുന്നില്‍ തളരാത്ത താരങ്ങള്‍

  മികച്ച അഭിനയശേഷിയും പാടാനുള്ള കഴിവുംകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് മംമ്ത മോഹന്‍ദാസ്. മയൂഖമെന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ ഇഷ്ടതാരമായി മാറിയ മംമ്തയ്ക്ക് കാന്‍സര്‍രോഗമുണ്ടായിരുന്നുവെന്ന വിവരം ഞെട്ടലോടെയായിരുന്നു മലയാളികള്‍ കേട്ടത്. എന്നാല്‍ കാന്‍സറിന് മുന്നില്‍ വളരെ ബോള്‍ഡ് ആയിട്ടായിരുന്നു മംമ്ത നിന്നത്.

  ആക്രമണം രണ്ടുവട്ടം

  കാന്‍സറിന് മുന്നില്‍ തളരാത്ത താരങ്ങള്‍

  ആദ്യഘട്ടം ചികിത്സകള്‍ കഴിഞ്ഞ് രോഗമുക്തി നേടി സിനിമയിലേയ്ക്ക് തിരിച്ചെത്തിയ മംമ്തയെ വീണ്ടും രോഗം ആക്രമിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടാംഘട്ട ചികിത്സയും പൂര്‍ത്തിയാക്കുയാണ് മംമത്. തനിയ്ക്ക് കാന്‍സര്‍ വന്നുവെന്നതും ചികിത്സിച്ച് മാറ്റിയെന്നതുമെല്ലാം മറച്ചുവെയ്ക്കാന്‍ മംമ്ത തയ്യാറായിരുന്നില്ല.

  ജിഷ്ണു രാഘവന്‍

  കാന്‍സറിന് മുന്നില്‍ തളരാത്ത താരങ്ങള്‍

  മുന്‍കാല നടന്‍ രാഘവന്റെ മകന്‍ ജിഷ്ണു കാന്‍സര്‍ രോഗചികിത്സയിലായിരുന്നുവെന്നകാര്യം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് പുറംലോകമറിഞ്ഞത്. ശസ്ത്രക്രിയകഴിഞ്ഞെത്തിയ ജിഷ്ണു തന്നെയാണ് ഫേസ്ബുക്കിലൂടെ താന്‍ ക്യാന്‍സര്‍ ചികിത്സയിലാണെന്നകാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ജിഷ്ണു റേഡിയേഷന്‍ ചികിത്സയിലാണ്. ആറുമാസത്തിനകം താന്‍ ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് ജിഷ്ണു പറയുന്നത്.

  ഇന്നസെന്റ്

  കാന്‍സറിന് മുന്നില്‍ തളരാത്ത താരങ്ങള്‍

  ഇന്നസെന്റിന് കാന്‍സര്‍ ബാധിച്ചുവെന്ന വാര്‍ത്തയും മലയാളികള്‍ വല്ലാത്ത ഞെട്ടലോടെയാണ് കേട്ടത്. ചികിത്സയ്ക്കായി കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന ഇന്നസെന്റ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. തൊണ്ടയിലായിരുന്നു ഇന്നസെന്റിന് കാന്‍സര്‍ ബാധിച്ചത്. കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞപ്പോള്‍ താന്‍ കടന്നുപോയ ഘട്ടങ്ങളെക്കുറിച്ച് പലചടങ്ങുകളിലും ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. കാന്‍സറിനോട് പൊരുതുന്ന ആര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണ് ഇന്നസെന്റിന്റെ വാക്കുകള്‍.

  കൊല്ലം തുളസി

  കാന്‍സറിന് മുന്നില്‍ തളരാത്ത താരങ്ങള്‍

  മലയാളത്തിലെ പല ചിത്രങ്ങളിലും വില്ലത്തരങ്ങളുമായി എത്താറുള്ള താരമാണ് കൊല്ലം തുളസി. 2012ലായിരുന്നു തുളസിയെ കാന്‍സര്‍ പിടികൂടിയത്. ചെവിയുടെഭാഗത്തായിട്ടായിരുന്നു ട്യൂമര്‍ പ്രത്യക്ഷപ്പെട്ടത്. നല്ല മനസ്സാന്നിധ്യത്തോടെ രോഗത്തെ നേരിട്ട തുളസിയും പൂര്‍ണആരോഗ്യത്തോടെയാണ് ചികിത്സകഴിഞ്ഞ് തിരിച്ചെത്തിയത്. ഇപ്പോള്‍ കാന്‍സര്‍ രോഗികളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളിലെ സജീവപങ്കാളിയാണ് തുളസി.

  ഗൗതമി

  കാന്‍സറിന് മുന്നില്‍ തളരാത്ത താരങ്ങള്‍

  തെന്നിന്ത്യയില്‍ ഒരുകാലത്ത് മുന്‍നിരനായികയായിരുന്ന ഗൗതമി മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ്. ഗൗതമി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ളയും വിദ്യാരംഭവുമൊന്നും മലയാളിപ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. മുപ്പത്തിയഞ്ചാമത്തെ വയസിലായിരുന്നു ഗൗതമിയ്ക്ക് സ്തനാര്‍ബുദം വന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയോടെ മനക്കരുത്തോടെതന്നെയാണ് ഗൗതമി രോഗത്തെ നേരിട്ടത്. മുടിപൂര്‍ണായും വെട്ടിയും മറ്റും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ ഗൗതമി മടികാണിച്ചിരുന്നില്ല. ഉലകനായകന്‍ കമല്‍ ഹസ്സന്‍ എല്ലാത്തിനും ധൈര്യം നല്‍കിക്കൊണ്ട് ഗൗതമിയ്‌ക്കൊപ്പമുണ്ടായിരുന്നു.

   മനീഷ കൊയ്രാള

  കാന്‍സറിന് മുന്നില്‍ തളരാത്ത താരങ്ങള്‍

  ബോളിവുഡ് താരമാണെന്നാണ് അറിയപ്പെടുന്നതെങ്കിലും മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയാണ് മനീഷ. 2012ലായിരുന്നു മനീഷ കൊയ്രാളയും കാന്‍സര്‍ ആക്രമണത്തിന് ഇരയായത്. രോഗം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ അമേരിക്കയില്‍ വിദഗ്ധ ചികിത്സ തേടിയ മനീഷ ആശുപത്രിക്കിടക്കയില്‍ വച്ച് തന്റെ വേദനകളും ചിന്തകളും പ്രതീക്ഷകളുമെല്ലാം സോഷ്യല്‍നെറ്റ് വര്‍ക്കിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ രോഗചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ മനീഷ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്.


  English summary
  Film industry can boast of its valiant tribe of cancer survivors, who came back with a bang!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X