»   » ഓര്‍മയുണ്ടോ സിഐ ശരവണനെ??? കട്ടലോക്കല്‍!!! ചെമ്പന്റെ ആദ്യ കഥാപാത്രം!!!

ഓര്‍മയുണ്ടോ സിഐ ശരവണനെ??? കട്ടലോക്കല്‍!!! ചെമ്പന്റെ ആദ്യ കഥാപാത്രം!!!

Posted By:
Subscribe to Filmibeat Malayalam

മികച്ച പ്രേക്ഷക അഭിപ്രായം നേടി തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്. ചിത്രത്തിലൂടെ മലയാളത്തിന് ഒട്ടേറെ പുതുമുഖ താരങ്ങളെ ലഭിച്ചു. അതിനെല്ലാം ഉപരിയായി മലയാളത്തിന് പുതിയൊരു തിരക്കഥാകൃത്തിനെ ലഭിച്ചു. സിനിമ നേടുന്ന പ്രേക്ഷകാഭിപ്രായത്തിലും വിജയത്തിലും ആ തിരക്കഥയ്ക്ക് അത്രമേല്‍ പ്രാധാന്യമുണ്ട്. പഴുതുകളില്ലാത്ത ശക്തമായ തിരക്കഥ തന്നെയാണ് ആ സിനിമയുടെ കാതല്‍.

നടനില്‍ നിന്നും തിരക്കഥാകൃത്തിലേക്ക് വളര്‍ന്ന ചെമ്പന്‍ വിനോദി ജോസ് എന്ന അങ്കമാലിക്കാരന്റെ സിനിമാക്കാലം അത്ര സുഖകരമായിരുന്നില്ല. വളര്‍ച്ച് ഘട്ടം ഘട്ടമായിട്ടായിരുന്നു. നായകനിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ചെമ്പന്‍ വിനോദിന് പിന്നെ ഒരു കൊല്ലം കഴിഞ്ഞ് അതേ സംവിധായകന്റെ രണ്ടാമത്തെ ചിത്രത്തിലാണ് രണ്ടാമത്തെ വേഷം കിട്ടുന്നത്. പതിയെ പതിയ വളര്‍ന്ന പ്രേക്ഷകര്‍ക്കിടയില്‍ ചെമ്പന്‍ വിനോദ് എന്ന പേരിനെ ഉറപ്പിക്കാന്‍ അദ്ദേഹത്തിനായി. തിരക്കഥാകൃത്ത് എന്ന പുതിയ മേല്‍വിലാസത്തിലും അദ്ദേഹം സുരക്ഷിതനാണ്. പ്രേക്ഷകര്‍ അദ്ദേഹത്തെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു.

മലയാളികള്‍ക്ക് പ്രിയപ്പെട്ട വില്ലനായും സഹതാരമായും നിരവധി ചിത്രങ്ങളില്‍ ചെമ്പന്‍ വിനോദ് എത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തേക്കുറിച്ച് പ്രേക്ഷകര്‍ക്ക് അത്ര പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിയുടെ ആദ്യ ചിത്രമായ നായകനാണ് ഈ അങ്കമാലിക്കാരന്റെ ആദ്യ ചിത്രം.

ഇന്ദ്രജിത്തിനെ നായകനാക്കി ലിജോ ജോസ് പല്ലിശേരി ഒരുക്കിയ നായകനിലെ ശരവണന്‍ എന്ന കഥാപാത്രമായാണ് ചെമ്പന്‍ വിനോദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നെഗറ്റീവ് ടച്ചുള്ള കട്ട ലോക്കല്‍ സിഐ. സിനിമ പ്രതീക്ഷിച്ച വിജയമായില്ല. അതുകൊണ്ടുതന്നെ ചെമ്പന്റെ ശരവണനും അത്രമേല്‍ ശ്രദ്ധിക്കപ്പെട്ടില്ല. അടുത്ത ചിത്രവും ലിജോ ജോസിന്റേത് തന്നെയായിരുന്നു. സിറ്റി ഓഫ് ഗോഡ്.

ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന് പേരുണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ടുള്ള ചിത്രങ്ങളില്‍ പേരോ എന്തിന് കാര്യമായ സംഭാഷണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. ലിജോയുടെ രണ്ടാമത്തെ ചിത്രമായ സിറ്റി ഓഫ് ഗോഡ്, ബോംബെ മാര്‍ച്ച് 13, കളക്ടര്‍ എന്നീ ചിത്രങ്ങളിലാണ് തുടര്‍ന്ന് അഭിനയിച്ചത്. കളക്ടറില്‍ ബോംബ് സ്‌ക്വാഡിലെ അംഗമായാണ് അഭിനയിച്ചത്.

ഫ്രൈഡേ ഫിലിംസിലെ സാന്ദ്രാ തോമസ് ആദ്യമായി നിര്‍മിച്ച ഫ്രൈഡേ എന്ന ചിത്രത്തിലെ ബോട്ട് ഡ്രൈവറായ ദേവസി എന്ന കഥാപാത്രമാണ് ചെമ്പന്റെ കരിയറില്‍ ബ്രേക്കായത്. ചിത്രത്തിലെ കഥാപാത്രവും ചെമ്പന്‍ വിനോദിന്റെ സംഭാഷണ ശൈലിയും ശ്രദ്ധിക്കപ്പെട്ടു. ലിജിന്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍.

ലിജോ ജോസ് പല്ലിശേരിയുടെ ആമേനാണ് പ്രേക്ഷകര്‍ക്കിടയില്‍ ഒരു നല്ല സ്ഥാനം ചെമ്പന് നല്‍കിയത്. ഷാപ്പ് നടത്തിപ്പുകാരിയുടെ മകനായ പൈലാക്കുട്ടി. പള്ളി ബാന്റ് ടീമിലെ അംഗമായ പൈലാക്കുട്ടി കള്ള് അടിച്ച് പൂസായി ഇരിക്കുമ്പോള്‍, 'ഞാനിപ്പോ വല്യ ആളായില്ലെ അമ്മച്ചീ... അമ്മച്ചീനെ ഞാനിനിയെന്താ വിളിക്കുക...' എന്ന ചോദ്യവും അമ്മച്ചിയുടെ മറുപടിയും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കും. അവിടെ നിന്നങ്ങോട്ട് ചെമ്പന്‍ മലയാള സിനിമയില്‍ ഒരിടം കണ്ടെത്തുകയായിരുന്നു.

സ്വഭാവ നടനില്‍ നിന്നും മികച്ച വില്ലനിലേക്കുള്ള ഒരു മാറ്റമായിരുന്നു ചെമ്പനില്‍. ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയിലും ചാര്‍ളിയിലും മികച്ച സഹനടനുള്ള വനിത ഫിലിം അവാര്‍ഡ് നേടിയ ചെമ്പന്‍ വിനോദ്. 2016ല്‍ സ്വന്തമാക്കിയത് മികച്ച വില്ലനുള്ള വനിത ഫിലിം അവാര്‍ഡായിരുന്നു. ഡാര്‍വിന്റെ പരിണാമത്തിലെ ഡാര്‍വിനും കലിയിലെ ചക്കരയും, പ്രേക്ഷകര്‍ കണ്ട മറ്റൊരു ചെമ്പനായിരുന്നു.

നടനില്‍ നിന്നും തിരക്കഥാകൃത്തിലേക്കുള്ള വളര്‍ച്ചായിരുന്നു ചെമ്പന്റേത്. സ്വന്തം നാടിന്റെ കഥ റിയലിറ്റിക്കായി പറഞ്ഞ ചിത്രം സംവിധാനം ചെയ്തതാകട്ടെ തനിക്ക് സിനിമയിലേക്ക് വാതില്‍ തുറന്ന് തന്ന സുഹൃത്ത് ലിജോ ജോസ് പല്ലിശേരിയും. ഒപ്പം സ്വന്തം അനിയന്‍ ഉല്ലാസിനും സിനിമയിലേക്കുള്ള വഴിയായി ചിത്രം. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ സിനിമയിലെ ആദ്യ കാലവും ഇതുപോലെ ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തിലായിരുന്നില്ല, ചെറിയ വേഷങ്ങളിലൂടെയും സഹനടനായുമൊക്കെയാണ് മമ്മുട്ടി സിനിമയില്‍ വളര്‍ന്ന് വന്നത്. മുകേഷ് നായകനായ ചിത്രത്തില്‍ സഹനടനായും ആദ്യ കാലത്ത് മമ്മുട്ടി അഭിനയിച്ചിരുന്നു. ഇന്ന് മലയാളത്തില്‍ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ താരം മലയാളത്തിലെ മെഗാസ്റ്ററുമായി.

English summary
Ankamali Diaries script writer Chemban Vinod Jose's First movie character wasn't well noticed. His growth as an actor was a gradual one.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam