»   » സിനിമ ആരെയാണ്‌ ചീത്തയാക്കുന്നത്‌?

സിനിമ ആരെയാണ്‌ ചീത്തയാക്കുന്നത്‌?

Posted By:
Subscribe to Filmibeat Malayalam
Cinema
ജനപ്രിയ കലാരൂപമായ സിനിമ സമൂഹത്തെ ചീത്തയാക്കുന്നു എന്ന ദുഷ്‌പേര്‌ കേള്‍ക്കാന്‍ തുടങ്ങിയതിന്‌ സിനിമയോളം തന്നെ പഴക്കമുണ്ട്‌. സന്ദേശസിനിമകളും നന്മ വിളംബരം ചെയ്യുന്ന സിനിമകളും ആരേയും നന്നാക്കിയതായി കേട്ടിട്ടുമില്ല. ഇതൊരു വിരോധാഭാസം തന്നെയല്ലേ?

ചീത്തകള്‍ കണ്ടുപഠിക്കാനുള്ള പ്രവണതയാവും മുന്നിട്ട്‌ നില്‍ക്കുക എന്നത്‌ അംഗീകരിക്കുമ്പോഴും സിനിമകളാണോ യഥാര്‍ത്ഥ വില്ലന്‍ അതോ സിനിമയെ വെല്ലുന്ന സമൂഹത്തിന്റെ ദുഷ്‌ചെയ്‌തികളുടെ ഉറവിടങ്ങളാണോ യഥാര്‍ത്ഥവില്ലന്‍ എന്ന്‌ അന്വേഷിക്കേണ്ടതുണ്ട്‌.

കെപിഎസി സണ്ണി എന്ന പഴയ വില്ലന്‍ തന്റെ ആദ്യ ചിത്രത്തില്‍ ജയഭാരതിയെ ബലാല്‍സംഗം ചെയ്‌തുകൊണ്ടാണ്‌ രംഗപ്രവേശം ചെയ്യുന്നത്‌. അന്ന്‌ പ്രശസ്‌തയായി നില്‌ക്കുന്ന ജയഭാരതി എന്ന നടിയുടെ ദേഹത്ത്‌ തൊടാന്‍ വിറച്ചുനിന്ന സണ്ണിയ്‌ക്ക്‌ ജയഭാരതി തന്നയാണ്‌ ധൈര്യം കൊടുക്കുന്നത്‌.

അന്ന്‌ സിനിമയില്‍ സ്‌ത്രീയുടെ നേര്‍ക്കുള്ള ശാരീരിക ബലാല്‍ക്കാരങ്ങള്‍ ഒരു പ്രധാനഘടകമാണ്‌. ജോസ്‌പ്രകാശ,്‌ സണ്ണി, കെപി ഉമ്മര്‍, ഗോവിന്ദന്‍കുട്ടി, ബാലന്‍ കെ നായര്‍ തുടങ്ങിയവരൊക്കെ ബലാല്‍ക്കാര സീനുകളില്‍ അഭിനയിച്ച്‌ തഴക്കവും പഴക്കവും വന്നവരാണ്‌.

നായകന്‍ മധുവിന്‌ പോലും അഭിനയിക്കേണ്ടിവന്നിട്ടുണ്ട്‌. ശുഭ, ശ്രീലത, പ്രമീള, നന്ദിതബോസ്‌, നായികമാരായിരുന്ന ശാരദ, ഷീല, ജയഭാരതി, ശ്രീവിദ്യ, സീമ ഇവരൊക്കെ കീഴ്‌പ്പെട്ടു അഭിനയിക്കേണ്ടിവന്നവരും. വിദ്യഭ്യാസം കൊണ്ടും സാമ്പത്തിക സാഹചര്യം കൊണ്ടും സമൂഹം പിന്നോക്കം നിന്ന ആ കാലത്ത്‌ കുടുംബങ്ങള്‍ തിയറ്ററുകളിലും ടാക്കീസുകളിലും പോയി സിനിമകണ്ടിരുന്നു.

എന്നിട്ടും സമൂഹത്തില്‍ ബലാല്‍സംഗങ്ങളോ, സംഘട്ടനങ്ങളോ പീഡനങ്ങളോ ഇന്നത്തേതിന്റെ നൂറിലൊന്ന്‌ അരങ്ങേറിയിരുന്നില്ല. പില്‍ക്കാലത്ത്‌ നായകന്‍മാരുടേയും നായികമാരുടേയും ഇമേജുകള്‍ക്ക്‌ മുന്‍തൂക്കം വരികയും സിനിമ പോളിഷ്‌ ചെയ്‌ത്‌ ടിന്‍ ഉത്‌പന്നമായ്‌ വരികയും ചെയ്യാന്‍തുടങ്ങി.

സര്‍വ്വഗുണസമ്പന്നനായ നായകന്‍, സമ്പൂര്‍ണ്ണ തെമ്മാടിയായ വില്ലന്‍, വില്ലനെ കൊല്ലുകയോ നീതി പീഠത്തിനു കൈമാറുകയോ ചെയ്‌തുകൊണ്ട്‌ എല്ലാം ഭംഗിയാക്കുന്ന നായകന്‍ നായികയെ ചേര്‍ത്തുപിടിക്കുന്നതോടെ എല്ലാം ശുഭം. ഇങ്ങനെ പൊങ്ങച്ചംകൊണ്ട്‌ പൊലിപ്പിച്ചെടുക്കുന്ന മുഖ്യധാരാ സിനിമയെ താരരാജാക്കന്‍മാര്‍ വിഴുങ്ങിയതോടെ ജനം തിയറ്ററുകളിലേക്ക്‌ വരാതായി.

തിയറ്ററുകള്‍ ഷോപ്പിംഗ്‌ മാളുകളും റിയാലിറ്റി ഷോ വേദികളും പള്ളികളും വരെയായി മാറി. ഇന്ന്‌ തിരിഞ്ഞു തിരിഞ്ഞു സിനിമ സ്വാഭാവിക പ്രക്രിയ വീണ്ടെടുത്തുകൊണ്ട്‌ പുതിയ ഭാവുകത്വം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. നല്ല സിനിമകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം സിനിമയില്‍ നിന്ന്‌ അകന്നുപോയ പുതിയ തലമുറ പ്രതീക്ഷകളോടെ ന്യൂജനറേഷന്‍ സിനിമയിലേക്ക്‌ തിരിച്ചുവന്നുകഴിഞ്ഞു.

തിയറ്ററുകള്‍ ജനനിബിഡമായി പരീക്ഷണങ്ങള്‍ക്കും പുതുമകള്‍ക്കും ഇനി അവസരങ്ങള്‍ ഉണ്ടാവും, ഉണ്ടാവണം. എല്ലാ പ്രശ്‌നങ്ങളുടേയും ഹേതു സിനിമായാണെന്ന പിന്തിരിപ്പന്‍ വാദം അബദ്ധ ധാരണ മാത്രമാണ്‌. ഇല്ലാത്ത തിരക്കുകളില്‍ അഭിരമിച്ചു ജീവിച്ചു പോയ സമൂഹം ബന്ധങ്ങളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും സ്‌നേഹവിശ്വാസങ്ങളില്‍ നിന്നും അകന്നുപോയി.

അത്‌ തിരിച്ചറിഞ്ഞ്‌ തിരിച്ചുപിടിക്കാന്‍ നമ്മുടെ പഴകി ദ്രവിച്ച വിദ്യഭ്യാസ സമ്പ്രദായങ്ങള്‍ക്കോ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്കോ സാധിച്ചില്ല. സത്യം ഇതൊക്കെയാണെന്നിരിക്കെ സിനിമയും ഈ വഴി തിരഞ്ഞെടുത്താല്‍ അതിനെ കുറ്റം പറയാനുമാവില്ല. വൈകൃതങ്ങളുടെ വലിയ തെരുവാണ്‌ ഇന്ന്‌ സമൂഹം. സത്യസന്ധമായി സിനിമ പറഞ്ഞാല്‍ ഇനിയും അത്രയ്‌ക്ക്‌ അധഃപതിക്കുകയോ വളരുകയോ ചെയ്‌തിട്ടില്ല.

English summary
Everyone blames cinema sayimg it influnces society negatively

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam