For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചലച്ചിത്രഗാനങ്ങള്‍ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്

By Ravi Nath
|

Music
ഒരു കാലത്ത്‌ മലയാളിയുടെ ഉള്ളവും വീട്ടകങ്ങളും ഏറ്റവും ത്രസിപ്പിച്ചിരുന്നത്‌ മലയാളം, ഹിന്ദി ചലച്ചിത്രഗാനങ്ങളായിരുന്നു. റേഡിയോയിലൂടെ ഒഴുകിയെത്തുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന കേള്‍വിക്കൂട്ടത്തെ എവിടേയും കാണാമായിരുന്നു. ടെലിവിഷന്‍ വന്നതോടെ കാഴ്‌ചയും കേള്‍വിയുമായി ഗാനങ്ങളെ കൊണ്ടുനടക്കാന്‍ തുടങ്ങി.

ആല്‍ബങ്ങളും ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും പുതിയ ഗാനവിപ്ലവത്തിനു വീര്യം പകര്‍ന്നുകൊണ്ട്‌ പ്രേക്ഷക ലക്ഷങ്ങളെ കയ്യിലെടുത്തു. അപ്പോഴും ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ ഇടനാഴിയില്‍ തന്നെ അലഞ്ഞു നടന്നു നല്ലൊരു ഗാനം കേള്‍ക്കാന്‍ ആബാലവൃദ്ധം മലയാളിയും.

വയലാര്‍, പി ഭാസ്‌ക്കരന്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി, മങ്കൊമ്പ്‌ ഗോപാലകൃഷ്‌ണന്‍, ഭരണിക്കാവ്‌ ശിവകുമാര്‍, എംഎസ്‌ ബാബുരാജ്‌, രാഘവന്‍മാസ്‌റര്‍, ദേവരാജന്‍, എംകെ അര്‍ജ്ജുനന്‍, എംഎസ്‌.വിശ്വനാഥന്‍, ദക്ഷിണാമൂര്‍ത്തി, സലീല്‍ ചൗധരി, എടി ഉമ്മര്‍, കോഴിക്കോട്‌ അബ്ദുല്‍ഖാദര്‍, എഎം രാജ, യേശുദാസ്‌, കമുകറ, ഉദയഭാനു, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, ജാനകി, സുശീല, വാണി ജയറാം, പി ലീല, മാധുരി...

ഓര്‍മ്മകള്‍ക്ക്‌ ഒരിക്കലും വിട്ടുപിരിയാനാവാത്ത സുഗന്ധം തീര്‍ക്കുന്ന ഇവരുടെ പാട്ടുകള്‍ ഇന്നും നമുക്ക്‌ പ്രിയപ്പെട്ടതാകുന്നു. സിനിമയുടെ കാഴ്‌ച, പരിചരണ രീതി, നടന വൈഭവം, ഭാവുകത്വം എല്ലാം മാറി മറഞ്ഞ്‌ പുതിയ തലമുറയുടെ കാഴ്‌ച പുറങ്ങളില്‍ വ്യാപരിക്കുന്ന സിനിമയില്‍ ഇന്ന്‌ ചലച്ചിത്ര ഗാനങ്ങളുടെ സമ്പന്നത നഷ്ടമായിരിക്കുന്നു.

ഇടക്കാലത്ത്‌ ചലച്ചിത്ര ഗാന ശാഖയില്‍ പുത്തന്‍ വേലിയേറ്റം സൃഷ്ടിച്ച ചുനക്കര, ബിച്ചു തിരുമല, രമേശന്‍ നായര്‍, എഴാച്ചേരി, ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം, രവീന്ദ്രന്‍ മാസ്റ്റര്‍, ബോംബെ രവി, ജോണ്‍സണ്‍, ജെറി അമല്‍ദേവ്‌, ഔസേപ്പച്ചന്‍, എംജി ശ്രീകുമാര്‍, ഉണ്ണിമേനോന്‍, ചിത്ര, സുജാത തുടങ്ങിയവരുടെ സുവര്‍ണ്ണ കാലഘട്ടങ്ങള്‍ പിന്നിടുമ്പോഴും മലയാളിയെ ദുഃഖിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും കൂട്ടായി കൂടെ നില്‌ക്കുകയും ചെയ്‌തവരില്‍ നല്ല പങ്കും അറുപതുകള്‍ തുറന്നു വെച്ച ഗാനമാപിനികള്‍ തന്നെയായിരുന്നു.

ഒട്ടനവധി സംഗീത സംവിധായകരും കവിത്വ ഗുണമുള്ള രചയിതാക്കളും ആലാപകരും സാങ്കേതിക മികവും ഇന്ന്‌ പാട്ടിന്‌ അകമ്പടിയാവുമ്പോഴും പുതിയ സിനിമാ പാട്ടുകള്‍ മൂളി നടക്കുന്നവര്‍ അത്യപൂര്‍വ്വമായി കൊണ്ടിരിക്കുന്നു. നല്ലതൊക്കെയും പണ്ടുള്ളതായിരുന്നു എന്ന ശൈലീപ്രയോഗം മാത്രമാണോ പുതിയ ഗാനങ്ങളെ ഉള്‍ക്കൊള്ളാനാവാത്തത്‌?

ആയിരം വട്ടം കേട്ടാലും മടുക്കാത്ത ബാബുരാജ്‌ സംഗീതത്തെ പുതിയ തലമുറയിലെ പതിനഞ്ചുകാരനും തന്റെ ഏറ്റവും ഇഷ്ടപ്പെട്ടതായി തിരഞ്ഞെടുക്കുമ്പോള്‍ ആറുവട്ടം കേട്ടാല്‍ ചെടിച്ചു പോകുന്ന പുതിയ ശീലങ്ങള്‍ക്ക്‌ എന്തോ പ്രശ്‌നമുണ്ടെന്ന്‌ പരക്കെ അടക്കം പറയുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കാനാവുമോ? കാഴ്‌ചയുടെ ഭ്രമകല്‌പനകള്‍ക്ക്‌ ആക്കം പകരാന്‍ പാകത്തില്‍ സാങ്കേതിക തികവോടെ ചടുല വേഗത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന പുതിയ ചലച്ചിത്ര ഗാനങ്ങള്‍ ചിലപ്പോഴൊക്കെ മെലഡികള്‍ പോലും അല്‌പായുസ്സായി തീരുന്നു.

ഇളയരാജ, വിദ്യാസഗര്‍, എം ജയചന്ദ്രന്‍, ദീപക്‌ ദേവ്‌ ,മോഹന്‍ സിതാര, ബിജിപാല്‍, ശരത്‌ ചന്ദ്രവര്‍മ്മ, സച്ചിദാനന്ദന്‍ പുഴങ്കര, സന്തോഷ്‌ വര്‍മ്മ, റഫീഖ്‌ അഹമ്മദ്‌, രാജീവ്‌ ആലുങ്കല്‍, വിജയ്‌ യേശുദാസ്‌, വിധു പ്രതാപ്‌, മധു ബാലകൃഷ്‌ണന്‍, ശ്രീകുമാര്‍, മഞ്‌ജരി, ഗായത്രി, ജ്യോത്സന, റിമി ടോമി, ഇവര്‍ക്കൊപ്പം, യേശുദാസ്‌, ജയചന്ദ്രന്‍, ചിത്ര, സുജാത എന്നിവര്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

ഇതൊക്കെയുണ്ടാവുമ്പോഴും നമ്മെ നിരന്തരം കൂടെ നിര്‍ത്തുന്ന പാട്ടുകള്‍ മാത്രം പൊങ്ങിവന്ന്‌ നിലനില്‍ക്കുന്നില്ല. പുതിയ സിനിമകളില്‍ പാട്ടുകളുടെ എണ്ണവും ഗുണവും കുറയുന്നത്‌ ചലച്ചിത്രഗാനസാധ്യതകളെ തന്നെ പില്‍ക്കാലത്ത്‌ ഇല്ലാതാക്കുമോ എന്നും സംശയിക്കേണ്ടുന്നതാണ്‌.

മാറിയ കാലത്തിന്റെ വേഗതയോട്‌ പൊരുത്തപ്പെടാത്തവരുടെ മാത്രം അഭിപ്രായമല്ല പുതിയ ഗാനങ്ങളുടെ ആരോഗ്യകരമായ നിലനില്‍പിനെ ചോദ്യം ചെയ്യുന്നത്‌. അപൂര്‍വ്വമായി നല്ല ഗാനങ്ങള്‍ ഉണ്ടാകുന്നില്ലായെന്നും ഇതിനര്‍ത്ഥമില്ല. ഗാനങ്ങളുടെ നീക്കിയിരുപ്പില്‍ ഇടം പിടിക്കാന്‍ ഇവയ്‌ക്കാകുന്നില്ല.

ഇപ്പോഴും നാഴിയുരിപാലും... അവിടുന്നെന്‍ ഗാനം കേള്‍ക്കാനും.., ചന്ദ്രകളഭവുമൊക്കെയാണ്‌ ആളുകള്‍ ഇഷ്ടഗാനമായി നെഞ്ചേറ്റുന്നത്‌. പുതിയ നല്ല സിനിമകള്‍ നല്ല പാട്ടുകള്‍ക്ക്‌ ജന്മം നല്‍കാത്തത്‌ എന്ത്‌? ഇതൊരു കുഴപ്പം പിടിച്ച ചോദ്യമായി തന്നെ അവശേഷിക്കുന്നു.

English summary
Though many new movies are coming out every year, the film song we do enjoy are the old one.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more