ദർശനുമായി വിവാഹേതര ബന്ധം; വിലക്കി കന്നഡ സിനിമാ ലോകം; നികിതയുടെ ഇന്നത്തെ ജീവിതം
കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നടൻ ദർശൻ നടത്തിയ കൊലപാതകവും അറസ്റ്റും. രേണുകസ്വാമി എന്നയാളെയാണ് ദർശനും സംഘവും കൊലപ്പെടുത്തിയത്. നടി പവിത്ര ഗൗഡയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം. ദർശനുമായി വിവാഹേതര ബന്ധം പുലർത്തുന്ന പവിത്രയ്ക്ക് നേരെ രേണുകസ്വാമി തുടരെ മോശം കമന്റുകളിട്ടിരുന്നു. ദർശനും കൂട്ടാളികളും ക്രൂരമായി മർദ്ദിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. മൃതദേഹം റോഡിൽ ഉപേക്ഷിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദർശനും സംഘവും അറസ്റ്റിലാവുന്നത്. പവിത്രയും ദർശനയും തമ്മിലുള്ള വിവാഹേതര ബന്ധം വർഷങ്ങളായി സിനിമാ ലോകത്ത് ചർച്ചയാകുന്നതാണ്. ദർശന്റെ ഭാര്യ വിജയലക്ഷ്മി പവിത്രയ്ക്കെതിരെ നേരത്തെ രംഗത്ത് വന്നിട്ടുണ്ട്. പവിത്രയ്ക്കെതിരെ കടുത്ത വിമർശനങ്ങളും ഇതിന്റെ പേരിൽ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ബന്ധം ഉപേക്ഷിക്കാൻ പവിത്ര തയ്യാറായില്ല.

പവിത്രയ്ക്ക് മുമ്പും ദർശന്റെ പേര് മറ്റ് നടിമാർക്കൊപ്പം ചേർത്ത് വന്നിട്ടുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് നടി നികിത താക്കൂർ. കൈയെത്തും ദൂരത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നികിത. ഒരുമിച്ച് അഭിനയിക്കവെ നികിതയും ദർശനും അടുത്തെന്നാണ് അന്ന് പുറത്ത് വന്ന വാർത്തകൾ.
ദർശന്റെ ഭാര്യ വിജയലക്ഷ്മി ഈ വിഷയത്തിൽ പരാതി നൽകുകയും ചെയ്തു. ദർശനും നികികയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് വിജയലക്ഷ്മി ആരോപിച്ചു. ഇതോടെ കർണാടക പ്രൊഡ്യൂസേർസ് അസോസിയേഷൻ നികിതയ്ക്ക് നേരെ മൂന്ന് വർഷത്തെ വിലക്ക് ഏർപ്പെടുത്തി.

നടപടി തന്നെ ഞെട്ടിച്ചെന്നാണ് അന്ന് നികിത പ്രതികരിച്ചത്. ഈ ഇൻഡസ്ട്രിയിൽ ഒരു പേരുണ്ടാക്കാനാണ് ഞാൻ ശ്രമിച്ചത്. ദർശനും വിജയലക്ഷ്മിയും സന്തുഷ്ടരായ ദമ്പതികളാണ്. ഒന്നും അവർക്കിടയിൽ വരില്ല. കഴിഞ്ഞ 9 വർഷമായി സാൻഡൽവുഡ് എന്റെ വീട് പോലെയായിരുന്നെന്നും നികിത അന്ന് പറഞ്ഞു. കന്നഡ സിനിമാ ലോകത്തിന്റെ മോശം വശവും അന്ന് ചർച്ചയായി.
ഞാനും ദർശനും സുഹൃത്തുക്കളായിരുന്നു. അവിഹിത ബന്ധമുണ്ടായിരുന്നില്ല. വിജയലക്ഷ്മിക്കും മുഴുവൻ സിനിമാ മേഖലയ്ക്കും അതറിയാം. എന്നിട്ടും എന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചു. നടിയാകുമ്പോൾ സഹതാരങ്ങളുമായി സൗഹൃദമുണ്ടാവും. എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും അന്ന് നികിത പറഞ്ഞു.
വിവാഹേതര ബന്ധത്തിന്റെ പേരിലാണെങ്കിൽ ദർശനെയും വിലക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യം വന്നു. ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതിയുണ്ടായിട്ട് പോലും ദർശനെ അന്ന് വിലക്കിയില്ല. ഇന്ന് സിനിമാ ലോകത്തിനപ്പുറം രാജ്യമൊട്ടുക്കും കൊലപാതക കേസ് ചർച്ചയായി.
അതിനാൽ തന്നെ പെട്ടെന്ന് ഇതിൽ നിന്നും ഊരിപ്പോവുക ദർശനോ പവിത്ര ഗൗഡയ്ക്കോ എളുപ്പമല്ല. സിനിമാ ലോകത്ത് നിന്നും മാറി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ് നികിത താക്കൂർ ഇന്ന്. മുംബൈയിലെ ബിസിനസുകാരനായ ഗഗൻദീപ് സിംഗാണ് നികിതയുടെ ഭർത്താവ്. ഒരു മകളുമുണ്ട്.


Click it and Unblock the Notifications











