For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാ ഭാഷയില്‍ എംടി യെ ഹീറോ എന്ന് വിളിക്കാം; സാഹിത്യത്തില്‍ താത്പര്യമുള്ളവരുടെ ഹീറോയാണെന്ന് സത്യൻ അന്തിക്കാട്

  |

  നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നിങ്ങനെ എംടി വാസുദേവന്‍ നായരുടെ പേരിനൊപ്പം നിരവധി ലേബലുകളുണ്ട്. നല്ല എഴുത്തുകാരന്‍ എന്നതിലൂടെ കേരളത്തിലെ ഒരു വിഭാഗം ആളുകളുടെ ഇഷ്ടം നേടിയെടുക്കാനും എംടിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ റിപ്പോര്‍ട്ടിലൂടെ എംടിയെ കുറിച്ച് പറയുകയാണ് സത്യന്‍ അന്തിക്കാട്.

  വളരെ ചെറിയ പ്രായത്തില്‍ എംടിയുടെ കത്ത് തന്റെ കൈയില്‍ വന്നതിനെ കുറിച്ചും പിന്നീടത് സൂക്ഷിച്ച് വച്ച കഥയുമെല്ലാം സംവിധായകന്‍ സ്ത്യന്‍ അന്തിക്കാട് പറുന്നു. ഒപ്പം എംടി ഒരു ഹീറോ ആണെന്നാണ് സംവിധായകന്റെ അഭിപ്രായം. വിശദമായി വായിക്കാം...

  എം. ടി. എന്ന 'ഹീറോ'. പത്തൊന്‍പതാം വയസില്‍ സംവിധാനം പഠിക്കാന്‍ മദ്രാസിലേക്ക് വണ്ടി കയറുമ്പോള്‍ രേഖാ സിനി ആര്‍ട്‌സിന്റെ വിലാസവും വിവരങ്ങളുമെഴുതിയ ഡോ. ബാലകൃഷ്ണന്റെ കത്തിനോടൊപ്പം മറ്റൊരു കത്തും ഞാന്‍ കൈയില്‍ കരുതിയിരുന്നു. അത് 'മാതൃഭൂമി'യുടെ ലെറ്റര്‍പാഡില്‍ എം.ടി. വാസുദേവന്‍ നായര്‍ സ്വന്തം കൈപ്പടയിലെഴുതിയ കത്താണ്. അതെന്റെ കൈയിലിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു മൂന്നു കൊല്ലമായി. പലതവണ നിവര്‍ത്തി വായിച്ചും വീണ്ടും മടക്കിവെച്ചും പഴകിപ്പോയ ആ കത്ത് എപ്പോള്‍ വേണമെങ്കിലും കീറിപ്പോകാവുന്ന അവസ്ഥയിലെത്തിയിരുന്നു. എന്നിട്ടും അതൊരു നിധിപോലെ ഞാന്‍ സൂക്ഷിച്ചു. കാരണം, അതിലെ അക്ഷരങ്ങള്‍ എഴുതിയ കൈ കൊണ്ടാണ് 'കാല'വും 'മഞ്ഞും' 'നാലുകെട്ടു'മൊക്കെ എഴുതപ്പെട്ടത്.

  വാസ്തവത്തില്‍ അത് എനിക്കുള്ള കത്തായിരുന്നില്ല. ഞാനന്ന് അന്തിക്കാട് മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ സെക്രട്ടറിയാണ്. വായിക്കാനും എഴുതാനുമൊക്കെ താത്പര്യമുള്ള കുട്ടിക്കൂട്ടായ്മയിലെ ഒരംഗം. സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഒരു ചില്‍ഡ്രന്‍സ് ലൈബ്രറി തുടങ്ങിയാലോ എന്നൊരാലോചന വന്നു. പണച്ചെലവുള്ള കാര്യമാണ്. വായനശാലയാക്കാന്‍ പറ്റിയ മുറി വേണം, പുസ്തകങ്ങള്‍ വേണം, ഫര്‍ണിച്ചര്‍ വേണം. പതിനാറും പതിനേഴും വയസ്സുള്ള, പാവപ്പെട്ട കുട്ടികള്‍ക്ക് താങ്ങാവുന്ന കാര്യമല്ല. പക്ഷേ, ഒരു സ്വപ്നമുണ്ടായിപ്പോയി. അത് യാഥാര്‍ഥ്യമാക്കിയേ പറ്റൂ.

  അന്നൊക്കെ സാമൂഹിക രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പണം സ്വരൂപിക്കുന്നതിനായി 'ബെനിഫിറ്റ് ഷോ' നടത്തുന്ന ഏര്‍പ്പാടുണ്ടായിരുന്നു. നാട്ടുകാരോട് വെറുതെ സംഭാവന ചോദിക്കുന്നതിനു പകരം ഏതെങ്കിലുമൊരു സിനിമ ഒരുദിവസത്തേക്ക് പ്രദര്‍ശിപ്പിക്കാനായി കൊണ്ടു വരും. രാവിലെ മുതല്‍ നാലോ അഞ്ചോ പ്രദര്‍ശനങ്ങള്‍. ടിക്കറ്റിന് വില കൂട്ടിയിടും. വീടുകള്‍തോറും നടന്ന് ടിക്കറ്റ് വില്‍ക്കും. തിയേറ്ററിന്റെ വാടകയും സിനിമയുടെ പ്രതിഫലവും മറ്റു ചെലവുകളും കഴിച്ച് ബാക്കിയുള്ള തുക ലാഭം. പലര്‍ക്കും നഷ്ടം വന്ന ചരിത്രവുമുണ്ട്. എങ്കിലും ഞങ്ങളതൊന്ന് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.

  നല്ല സിനിമയാണെങ്കിലേ ടിക്കറ്റ് വിറ്റുപോകൂ. ടി.വി.യും ഇന്റര്‍നെറ്റുമൊന്നുമില്ലാത്ത കാലമാണ്. റേഡിയോപോലും അപൂര്‍വം. എപ്പോള്‍ കളിച്ചാലും ആളു കാണുന്ന സിനിമ അന്ന് 'ചെമ്മീന്‍' മാത്രമാണ്. അതാണെങ്കില്‍ 'ബെനിഫിറ്റ് ഷോ'യ്ക്ക് കൊടുക്കാറുമില്ല. എങ്കിലും ഒരു ശ്രമം നടത്തിനോക്കി. കുഞ്ഞുണ്ണിമാഷാണ് അന്ന് 'മാതൃഭൂമി'യിലെ കുട്ടേട്ടന്‍. എം.ടി. ആഴ്ചപ്പതിപ്പിന്റെ പത്രാധിപരും. കുഞ്ഞുണ്ണിമാഷോട് കാര്യം പറഞ്ഞു. 'സിനിമാക്കാരുമായൊന്നും എനിക്ക് വലിയ ബന്ധമില്ല. എം.ടി.യോട് പറഞ്ഞു നോക്കാം. വൈകാതെ തന്നെ എം.ടി.യുടെ ഒരു ശുപാര്‍ശക്കത്ത് കുഞ്ഞുണ്ണിമാഷ് അയച്ചുതന്നു. 'ചെമ്മീന്‍' നിര്‍മിച്ച കണ്‍മണി ബാബുവിന്റെ മാനേജര്‍ക്കുള്ളതാണ് കത്ത്.

  'പ്രിയപ്പെട്ട ഹാരിസ്, അന്തിക്കാട്ടെ കുട്ടികള്‍ക്ക് ഒരുദിവസത്തെ ബെനിഫിറ്റ് ഷോയ്ക്ക് 'ചെമ്മീനി'ന്റെ ഒരു പ്രിന്റ് വേണമെന്ന് പറയുന്നു. കഴിയുമെങ്കില്‍ ഫ്രീയായിട്ട് കൊടുത്താല്‍ നന്ന്. -സ്വന്തം എം.ടി.' കത്ത് ഹാരിസിനെ കാണിച്ചതേയുള്ളൂ, ഒരു പൈസ പോലും പ്രതിഫലം നല്‍കാതെ 'ചെമ്മീന്‍' ഞങ്ങള്‍ക്കു കിട്ടി. അതിമനോഹരമായ 'കുട്ടികളുടെ വായനശാല' അന്തിക്കാട്ട് ആരംഭിക്കുകയും ചെയ്തു. ആ കത്താണ് എന്റെ കൈയിലുണ്ടായിരുന്നത്. ഹാരിസ് അന്നത് വാങ്ങി വെക്കാതിരുന്നത് എന്റെ ഭാഗ്യം. ആ കൈയക്ഷരങ്ങളില്‍ നോക്കി എത്രയോ ദിവസം നിര്‍വൃതിയോടെ ഞാനിരുന്നിട്ടുണ്ട്! എന്നും മനസ്സിലെ ഗുരുനാഥനാണ് എം.ടി. സിനിമാ ഭാഷയില്‍ 'ഹീറോ' എന്നും പറയാം. അത് എന്റെ മാത്രമല്ല, സാഹിത്യത്തില്‍ താത്പര്യമുള്ള എല്ലാവരുടെയും ഹീറോ.

  കെടാവിളക്കാണിത്, മമ്മൂക്കയെ ചേര്‍ത്തു പിടിച്ച് എംടി പറഞ്ഞത്

  കുറേ നാളുകള്‍ക്കു മുന്‍പ് പദ്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍ എഴുതിയ ഒരു ലേഖനം വായിച്ചിരുന്നു. ചെറുപ്പം മുതലേ എം.ടി.യുടെ കടുത്ത ആരാധകനായിരുന്നു പപ്പന്‍. അന്ന് പത്താം ക്ലാസിലോ മറ്റോ പഠിക്കുന്ന കാലമാണ്. ഒരുദിവസം പദ്മരാജന്‍ രാവിലേ തന്നെ കുളിച്ചൊരുങ്ങി പുറപ്പെടുന്നു. പരീക്ഷക്കാലമാണ്. പഠിച്ചുകൊണ്ടിരുന്ന മകന്റെ അടുത്തുവന്ന് പദ്മരാജന്‍ പറഞ്ഞു: 'നിന്റെ ഹീറോ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്, എം.ടി. വാസുദേവന്‍നായര്‍. എന്നെ വിളിച്ചിരുന്നു. ഞാനദ്ദേഹത്തെ കാണാന്‍ പോവുകയാണ്.' നേരിട്ടൊന്നു കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നെങ്കിലും പപ്പന്‍ അച്ഛന്റെ കൂടെ പോയില്ല. ഏതോ തിരക്കഥയെ പറ്റി ചര്‍ച്ചചെയ്യാനാണ്. കുട്ടികള്‍ക്കവിടെ കാര്യമില്ലല്ലോ.

  ഹോട്ടലില്‍വെച്ച് കണ്ട് സംസാരിച്ച് തിരിച്ചു പോരുന്നതിനു മുന്‍പ് പദ്മരാജന്‍ എം.ടി.യോടു പറഞ്ഞു: 'എന്റെ മകന്‍ സാറിന്റെ വലിയ ഫാനാണ്. എഴുതുന്നതെന്തും അവന്‍ തേടി പിടിച്ച് വായിക്കും. എങ്കില്‍ എന്റെ സമ്മാനമായി ഇത് മകന് കൊടുക്കൂ എന്നുപറഞ്ഞ് പേരെഴുതി ഒപ്പിട്ട് തന്റെ ഒരു പുസ്തകം എം.ടി. പദ്മരാജനെ ഏല്‍പ്പിച്ചു. പുസ്തകം കിട്ടിയ അനന്തപദ്മനാഭന്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. എന്നിട്ട് പദ്മരാജനോട് ഒരു കുസൃതിച്ചോദ്യം ചോദിച്ചു: എന്റെ പ്രായത്തില്‍ ഇതുപോലൊരു സമ്മാനം അന്നത്തെ ഏത് സാഹിത്യകാരനില്‍നിന്നു കിട്ടാനാണ് അച്ഛന്‍ ആഗ്രഹിക്കുക? തകഴിയടക്കമുള്ള മഹാസാഹിത്യകാരന്മാരില്‍ ആരുടെയെങ്കിലും പേരുപറയുമെന്ന് പ്രതീക്ഷിച്ച മകനോട് ഒരു നീണ്ട ആലോചനയ്ക്കുശേഷം പദ്മരാജന്‍ പറഞ്ഞുവത്രെ: നിന്റെ പ്രായത്തില്‍ ഞാനും എം.ടി.യില്‍ നിന്ന് കിട്ടാന്‍ തന്നെയാകും ആഗ്രഹിക്കുക. ആരാധന തലമുറകളിലൂടെ കടന്നു പോകുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണിത്.

  English summary
  Director Sathyan Anthikad Opens Up About MT Vasudevan Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X