twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശബ്ദം നല്‍കുന്നവരേയും അംഗീകരിക്കണം

    By Ravi Nath
    |

    Dubbing
    ഒരു വ്യക്തിയുടെ ബാഹ്യപ്രകൃതവും സ്വഭാവവിശേഷങ്ങളുമായി ഇണങ്ങുന്ന വിധമാവും അയാളുടെ ശബ്ദവും പ്രയോഗരീതികളും പെരുമാറ്റങ്ങളും. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇവയില്‍ ചിലത് എടുത്തുമാറ്റി അവതരിപ്പിക്കുന്ന രീതി ഒരു താരത്തിന്റെ കഥാപാത്ര പൂര്‍ണ്ണതയ്ക്ക് ചിലപ്പോഴൊക്കെ അനിവാര്യമായിരിക്കും. അതുകൊണ്ടുതന്നെയാവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ അണിയറയില്‍ സജീവമായതും.

    അന്യഭാഷയില്‍ നിന്നും മലയാളത്തില്‍ അല്ലെങ്കില്‍ മറ്റു ഭാഷാസിനിമകളില്‍ അഭിനയിക്കാനെത്തുന്നവര്‍ക്ക് ഭാഷ ശരിയായി വഴങ്ങാറില്ല, ഇവിടെ മറ്റൊരു ശബ്ദം കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് അനിവാര്യമാണ്. ചുണ്ടനക്കത്തിന്റെ കൃത്യമായ സിങ്കിംഗ് പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ നഷ്ടമാവാറുണ്ടെങ്കിലും പ്രേക്ഷകര്‍ അതൊന്നും നല്ലൊരു സീനില്‍ കാര്യമാക്കാറില്ല. എന്നാല്‍ സിനിമയ്ക്ക് ശീലമായി പോയ ചില ധാരണകളുണ്ട്. സുന്ദരമായ രൂപം സുന്ദരമായ ശബ്ദം.

    രൂപത്തെ തമിഴ് സിനിമ ഏറെ കുറെ (പുരുഷതാരം) പൊളിച്ചടുക്കിയെങ്കിലും മലയാളത്തില്‍ സൗന്ദര്യമാണ് പ്രധാന ഘടകം. ഏതു പെണ്‍കുട്ടിയും വശ്യമായ കിളിമൊഴി മധുരം പ്രധാനം ചെയ്യണമെന്നുള്ള സിനിമാ ശാഠ്യം മാറ്റാന്‍ സമയമായിരിക്കുന്നു. ഒരു പരിധിവരെ ഇതിന് മുന്‍കൈയ്യെടുക്കേണ്ടത് അഭിനേത്രികള്‍ തന്നെയാണ്. അഭിനയത്തിന്റെ പൂര്‍ണ്ണതയില്‍ നല്ലൊരു പങ്ക് ശബ്ദത്തിനുകൂടി അവകാശപ്പെട്ടതാണ്.

    വിലകൊടുത്ത് വാങ്ങുന്ന കൃത്രിമശബ്ദം സന്നിവേശിപ്പിച്ച് ഭാവപ്രകടനം പൂര്‍ത്തിയാക്കുന്ന അഭിനേത്രി നല്ല നടിക്കുള്ള സ്‌റേറ്റ്, നാഷനല്‍ അംഗീകാരങ്ങള്‍ കൈപ്പറ്റുമ്പോള്‍ ശബ്ദം നല്‍കി തന്നെ മികവുറ്റതാക്കാന്‍ സഹായിച്ച ഡബ്ബിംഗ് താരത്തോട് ഒരു നന്ദി പറയാന്‍പോലും തയ്യാറാവില്ലെന്ന് മാത്രമല്ല ആ ശബ്ദം തന്റേതു തന്നെ എന്ന നാട്യത്തില്‍ അഭിരമിക്കുകയും ചെയ്യുന്നു.

    ശബ്ദമില്ലാത്ത നായികമാര്‍ പെരുകികൊണ്ടിരിക്കുമ്പോള്‍ ശബ്ദം മാത്രമുള്ള നായികമാര്‍ അധികം മുഖ്യധാരയിലെത്തുന്നില്ല. അതിനുകാരണം അവഗണനകളുടെ കഥ തന്നെയാണ് നിലവിലുള്ളവര്‍ക്ക് പറയാനുള്ളത് എന്നതാണ്. ഡബ്ബിങ്് ആര്‍ട്ടിസ്റ്റുകളുടെ പേരുപോലും ടൈറ്റില്‍സില്‍ കാണിക്കാന്‍ തുടങ്ങിയിട്ട് കുറഞ്ഞ കാലമേ ആയിട്ടുള്ളു.

    ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ ഇന്നും അവരെ അംഗീകരിക്കുന്നവര്‍ വളരെ കുറവാണ്. അവാര്‍ഡ് ജൂറിയും ചിലപ്പോഴൊക്കെ ഡബ്ബിങ് അവാര്‍ഡിന്റെ കാര്യം മനഃപൂര്‍വ്വം വിട്ടുകളയും. ഓരോ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനും കടന്നു വന്ന വഴിയില്‍ അനുഭവിച്ച നിരവധി അപമാനങ്ങള്‍ നിരത്താനുണ്ടാവും. മലയാളത്തിലെ സീനിയറായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ആനന്ദവല്ലിയെ ഇനിയും വേണ്ടരീതിയില്‍ അംഗീകരിക്കാന്‍ മലയാള സിനിമ തുനിഞ്ഞിട്ടില്ല.

    നടിയുടെ വികാരവായ്പും പ്രകടനങ്ങളും കണ്ട് ഉള്ളം വിങ്ങുന്ന, ആശ്ചര്യപ്പെടുന്ന പ്രേക്ഷകരില്‍ എത്രപേര്‍ക്കറിയാം ആനന്ദവല്ലിയെ പോലുള്ളവരുടെ വലിയ സംഭാവനയാണ് നായികാതാരത്തിനോടുള്ള ആരാധന വര്‍ദ്ധിപ്പിക്കുന്നതെന്ന്. മലയാളത്തിലെ മുന്‍നിരനായികമാരെല്ലാം തന്നെ ശബ്ദം കടം കൊള്ളുന്നവരാണ്. തങ്ങള്‍ തിളങ്ങി നില്‍ക്കുന്നതിന് സാഹചര്യമൊരുക്കുന്ന ശബ്ദതാരത്തിന് മികച്ച പരിഗണന കൊടുക്കാന്‍ നായികമാരെങ്കിലും തയ്യാറാവണം.

    മലയാളസിനിമയും അഭിനേതാക്കളുടെ ശബ്ദം പരമാവധി പ്രയോജനപ്പെടുത്താനും അതിലൂടെ അവരുടെ കുറവും മികവും പ്രകടമാക്കാനുള്ള അവസരവും നല്കണം. ഡബ്ബിങ് കലാകാരന്‍മാര്‍ക്ക് അവസരം കുറയുമെന്ന ശങ്കവേണ്ട, ശബ്ദം നല്ല നായികമാര്‍ക്കുപോലും ഡബ്ബിങ് കണ്‍സോള്‍ ഒരു പരീക്ഷണശാലയാണ്.കഴിവിന്റെ അംഗീകാരത്തിനെങ്കിലും ശബ്ദവും അഭിനയവും ഒറിജിനലാവണം (ഒരാളുടേതാകണം)എന്ന ഭേദഗതി അത്യാവശ്യമാണ്.

    English summary
    They vocally shadow the characters on screen, render emotions to the dialogues that the actors deliver, be it melancholic or cheerful. But the irony is that they are neither in the limelight nor do people recognise their face like that of the stars.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X