For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിലകന്‍ മരിച്ചിട്ട് ഏഴ് വര്‍ഷം! മലയാള സിനിമയുടെ പെരുന്തച്ചനായിരുന്നു, ഓര്‍മ്മ പുതുക്കി ഫെഫ്ക

|
അറിയണം തിലകന്‍ എന്ന അതുല്യ പ്രതിഭയെ | FilmiBeat Malayalam

മലയാള സിനിമയുടെ പെരുന്തച്ചനായി അറിയപ്പെടുന്ന തിലകന്‍ മരിച്ചിട്ട് ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് 2012 സെപ്റ്റംബര്‍ 24 നായിരുന്നു തിലകന്‍ മരിക്കുന്നത്. ദേശീയ പുരസ്‌കാരം, രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരവും തിലകന് ലഭിച്ചിട്ടുണ്ട്. അനശ്വര നടന്റെ ഓര്‍മ്മ ദിനത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. ഫേസ്ബുക്കിലൂടെ സംഘടന പുറത്ത് വിട്ട കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

തിലകനില്ലാതെ മലയാള സിനിമ ഏഴു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. അവസാന നിമിഷം വരെ അഭിനയത്തിനും സിനിമയ്ക്കുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു തിലകനെന്ന സുരേന്ദ്രനാഥ തിലകന്‍. തിലകന്‍ ഇല്ലാതെ മലയാള സിനിമ സുഗമമായി മുന്നോട്ടു പോയെങ്കിലും അദ്ദേഹത്തിലൂടെ ജനിക്കുമായിരുന്ന നിരവധി കഥാപാത്രങ്ങള്‍ ഉണ്ടാകാതെ പോയി എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. തിലകന്‍ വെള്ളിത്തിരയിലും സ്റ്റേജിലും അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നുണ്ട്. അഭിനയത്തിന്റെ പെരുന്തച്ചന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ പ്രണാമം.

മലയാള സിനിമയുടെ അല്ല, ഇന്ത്യന്‍ സിനിമയുടെ പെരുന്തച്ചനായിരുന്നു തിലകന്‍. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും അദ്ദേഹം ആരാധകരുടെ മനസില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചു. നായകന്മാരെ മാത്രം മികച്ച നടന്മാരായി എണ്ണപ്പെടുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് ചിലര്‍ പറയാതെ പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട അഭിനയ സപര്യക്കിടയില്‍ എപ്പോഴും തിലകന്‍ നമ്മെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. എന്താ അഭിനയം എന്ന് കണ്ണുമിഴിച്ച് പറഞ്ഞു, തിലകനില്ലായിരുന്നെങ്കില്‍ വേറെയാരും ഈ കഥാപാത്രം ചെയ്യണ്ട നാം ഉറപ്പിച്ചു. അതായിരുന്നു തിലകന്‍ വിശേഷണങ്ങള്‍ക്കപ്പുറം പകരം വയ്ക്കാനാവാത്ത അഭിനയ പ്രതിഭ. 2012 സെപ്തംബര്‍ 24നായിരുന്നു തിലകന്‍ ഈ ലോകത്ത് നിന്നും മാഞ്ഞുപോയത്. ആ വിയോഗം എപ്പോഴും മലയാള സിനിമയെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു... തിലകന്‍ ഉണ്ടായിരുന്നുവെങ്കിലെന്ന്...

അക്കാലത്തെ മിക്ക നടന്മാരെയും പോലെ തിലകന്‍ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956ല്‍ പഠനം ഉപേക്ഷിച്ച് പൂര്‍ണ്ണസമയ നാടകനടനായി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്‍ ഒരു നാടകസമിതി നടത്തിയിരുന്നു. മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകന്‍ നാടക സംവിധാനത്തിലേക്ക് കടക്കുന്നത്.

1966 വരെ കെപിഎസിയിലും തുടര്‍ന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ.ആന്റണിയുടെ സമിതിയിലും പ്രവര്‍ത്തിച്ചു. 18 ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു തിലകന്‍. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു.

1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ സിനിമാ രംഗത്തേക്ക് ചുവടു മാറ്റുന്നത്. 1981 ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, രണ്ടാം ഭാവം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. കാട്ടുകുതിര എന്ന ചിത്രത്തിലെ വേഷം തിലകന്റെ അസാധാരണ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.

അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ വേറെയുണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ സിനിമകളില്‍ മാറിമാറി വന്നു. മോഹന്‍ലാല്‍-തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്ര ഹൃദയസ്പര്‍ശിയായ ചിത്രങ്ങളായിരുന്നു അവ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട തിലകന്‍ കഥാപാത്രങ്ങളാണ്.

നെഗറ്റീവ് വേഷങ്ങളിലും കോമഡി റോളുകളിലും തിലകന്റെ അഭിനയ മികവ് പ്രകടമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കഥാപാത്രവുമെവല്ലാം ചിരിയലകള്‍ സൃഷ്ടിച്ചു. മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനായിട്ടാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ പോള്‍ പൗലോക്കാരനെ കണക്കാക്കുന്നത്. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്പടനായ നടേശന്‍ മുതലാളിയും പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ചു. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം 'സീന്‍ ഒന്ന് നമ്മുടെ വീട്'. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എവിടെയും തലകുനിക്കാത്ത പോരാളിയായിരുന്നു തിലകന്‍. പലരും അദ്ദേഹത്തെ ധിക്കാരിയിയി മുദ്രകുത്തിയതും ഈ സ്വഭാവ വിശേഷം കൊണ്ടായിരുന്നു. ഒരു മികച്ച നടനുമാത്രം കഴിയാവുന്നവിധം അദ്ദേഹം തന്റെ ഓരോ കഥാപാത്രത്തെയും തന്മയത്തത്തോടെ അവതരിപ്പിക്കുകയും പ്രേക്ഷകരുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്തു. പൊതുസമൂഹത്തിന് തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നടനെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ കുറിച്ചുണ്ടായിരുന്നത്. കാരണം തിലകന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഓരോന്നും സാധാരണ ജനങ്ങളുടെ ജീവിതത്തിനൊപ്പം നില്‍ക്കുന്നവയായിരുന്നു.

സിനിമയില്‍ സജീവമായിരുന്നപ്പോഴും നാടകം തിലകന് എന്നും ആവേശമായിരുന്നു. സിനിമാ തിരക്കുകള്‍ക്കിടയില്‍ പിന്നീട് പഴയതുപോലെ നാടക രംഗത്ത് സജീവമാകാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ആ രംഗത്ത് നിന്നു നേടിയ അനുഭവങ്ങളും പ്രശസ്തിയും എന്നും അദ്ദേഹത്തിനു പിന്‍ബലമായുണ്ടായിരുന്നു. നാടക രംഗത്തു നിന്ന് സിനിമയിലെത്തിയ ധാരാളം പേരുണ്ട്. അവര്‍ താരമായിട്ടില്ല. പക്ഷെ അവഗണിയ്ക്കാനാകാത്ത നടന്മാരായി മലയാള സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

തിലകന്‍ തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തിലേയ്ക്കും തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് ചെയ്തത്. ഒരേ സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെ കൂടുതലായി അവതരിപ്പിക്കേണ്ടി വരിക എന്നത് കച്ചവട സിനിമകളുടെ പൊതുവായ ഒരു സവിശേഷതയാണ്. അത് തിലകനും ചെയ്യേണ്ടി വന്നിട്ടുണ്ട്. എങ്കിലും വൈവിദ്ധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ തിലകന് ലഭിച്ചിട്ടുണ്ട്. അവ ഓരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതെല്ലാം എക്കാലത്തും ഓര്‍ക്കത്തക്ക തരത്തില്‍ അടയാളപ്പെടുത്താന്‍ തിലകന് കഴിഞ്ഞു. ആ അടയാളപ്പെടുത്തലുകള്‍ മതി തിലകന്‍ എന്നും മലയാളിയുടെ ഓര്‍മ്മപ്പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കാന്‍.

രണ്ട് വട്ടം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം, മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം, ദേശീയ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം, 2012ല്‍ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം, ആറ് തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം, കൂടാതെ മറ്റ് പുരസ്‌കാരങ്ങള്‍ തിലകന് ലഭിച്ചു. 2009ല്‍ പത്മശ്രീ നല്കി രാഷ്ട്രം ഈ അതുല്യ കലാകാരനെ ആദരിച്ചു. എങ്കിലും വലിയ പുരസ്‌കാരങ്ങള്‍ തിലകനു ലഭിച്ചില്ല എന്നത് സത്യം തന്നെയാണ് എന്നാല്‍ പുരസ്‌കാരങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവുന്നതിലും ഉയരെയായിരുന്നു ആ നടനവൈഭവം.

പുരസ്‌കാരം നിഷേധിച്ചവരേ ചെറുതായുള്ളൂ. കിരീടത്തിലെയും പെരുന്തച്ചനിലെയും ഇരകളിലെയും അഭിനയം ലോകനിലവാരത്തിലുള്ളതായിരുന്നു.

തിലകനു നടനെന്ന നിലയില്‍ മരണമേയില്ല. ആ മനുഷ്യന്‍ എന്നും വിവാദങ്ങളുടെ കളിക്കൂട്ടുകാരനായിരുന്നു. തിലകനെന്ന വ്യക്തിയെയല്ല, ആ പേരില്‍ അറിയപ്പെട്ട നടനെയാണ് കലാകേരളം വാരിപ്പുണര്‍ന്നത്. ആ പ്രതിഭയ്ക്കു മുന്നില്‍ കൂപ്പുകൈ. ആ ഓര്‍മയ്ക്കുമുന്നില്‍ ശിരോവന്ദനം.

Read more about: thilakan തിലകന്‍
English summary
FEFKA Directors' Union Talks About Thilakan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more