twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാം, ജയസൂര്യയ്ക്കും ക്യാപ്റ്റനും ആശംസകളുമായി പ്രമുഖ സംവിധായകര്‍!

    By Ambili
    |

    ലക്ഷണമൊത്ത ഒരു ബയോപിക്ക് എന്നതിനുപരി മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍സ് ഡ്രാമ സിനിമയായിരുന്നു ക്യാപ്റ്റന്‍. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 16 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. സിനിമ കണ്ട ആരും ഇതുവരെ ഒരു മോശം അഭിപ്രായം പറഞ്ഞിട്ടില്ലെന്നുള്ളതാണ് സിനിമയുടെ വിജയം.

    ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിച്ച് കേരളത്തിന്റെ അഭിമാനമായി മാറിയ വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു സിനിമ നിര്‍മ്മിച്ചത്. സിനിമയിലെ ജയസൂര്യയുടെയും നടി അനു സിത്താരയുടെയും അഭിനയവും കിടിലനായിരുന്നു. സിനിമയെ കുറിച്ച് ആരാധകര്‍ മികച്ച പ്രതികരണം നടത്തിയെങ്കിലും മലയാള സിനിമയിലെ പല സംവിധായകന്മാരും രംഗത്തെത്തിയിരിക്കുകയാണ്.

    ക്യാപ്റ്റന്റെ വിജയം

    ക്യാപ്റ്റന്റെ വിജയം

    പ്രജേഷ് സെന്‍ എന്ന നവാഗത സംവിധായകന്‍ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റാക്കിയിരിക്കുകയാണ്. ആട് 2 വിന് പിന്നാലെ എത്തിയ സിനിമ ഹിറ്റായതോടെ ജയസൂര്യയും തകര്‍ത്തിരിക്കുകയാണ്. സിനിമയെ കുറിച്ച് ഇതുവരെ വന്നതെല്ലാം പോസീറ്റിവ് റിവ്യൂസ് ആയിരുന്നു. ഇപ്പോള്‍ പ്രമുഖ സംവിധായകന്മാരും സിനിമയ്ക്ക് സപ്പോര്‍ട്ടുമായി എത്തിയിരിക്കുകയാണ്.

    സിദ്ധിഖ്

    എന്റെ ശിഷ്യരില്‍ ഒരാളായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ കണ്ടു, ഒരുപാട് ഇഷ്ടമായി. ആദ്യ സംരംഭം തന്നെ അര്‍ത്ഥവത്താക്കിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇതിന്റെ മുന്നണിയില്‍ നിന്ന ജയസൂര്യയ്ക്കും അനു സിത്താരക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നതിനോടൊപ്പം ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നൂ. എന്നുമാണ് സിദ്ധിഖ് പറയുന്നത്.

    സത്യന്‍ അന്തിക്കാട്

    സത്യന്‍ അന്തിക്കാട്

    അറിവുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കഥകള്‍ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന്. അത് കാണാനുള്ള കണ്ണുണ്ടായാല്‍ മാത്രം മതി. 'ക്യാപ്റ്റനി'ലൂടെ പ്രജീഷ് സെന്‍ അത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ പുതിയ സംവിധായകര്‍ പലര്‍ക്കുമുള്ള മനോഹരമായ കയ്യടക്കത്തോടെ. വി.പി.സത്യന്‍ മലയാളിക്ക് അപരിചിതനല്ല. പക്ഷേ 'ക്യാപ്റ്റന്‍' എന്ന സിനിമ കാണുമ്പോഴാണ് സത്യന്‍ ആരായിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. ആ ജീവിതത്തിന് നമ്മുടെ മനസ്സിനകത്തേക്ക് പന്ത് തൊടുക്കാന്‍ ശക്തിയുണ്ടായിരുന്നുവെന്ന് അറിയുന്നതും.

    മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍

    ജയസൂര്യ എന്ന നടന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. സിനിമയിലുടെ നീളം ജയസൂര്യയെയല്ല, വി.പി.സത്യന്‍ എന്ന കളിക്കാരനെയേ നമ്മള്‍ കാണുന്നുള്ളൂ. ചലനങ്ങളും നിശ്ശബ്ദമായ നോട്ടങ്ങളും കൊണ്ട് താന്‍ മികച്ച നടന്മാരുടെ നിരയില്‍ തന്നെയെന്ന് ജയസൂര്യ തെളിയിക്കുന്നു. അനു സിതാരയുടെ ഒതുക്കമുള്ള അഭിനയവും എടുത്ത് പറയേണ്ടതാണ്. ക്യാപ്റ്റന്റെ ശില്പികള്‍ക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍!

    അരുണ്‍ ഗോപി

    രാമലീല എന്ന ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റ് സിനിമ സമ്മാനിച്ച സംവിധായകനാണ് അരുണ്‍ ഗോപി. അരുണും ക്യാപ്റ്റന് ആശംസയുമായി എത്തിയിരുന്നു. ക്യാപ്റ്റന്‍ കണ്ടു മനസ്സ് നിറഞ്ഞു ഇടയ്‌ക്കെപ്പോഴൊക്കെയോ കണ്ണും... ജയസൂര്യ എന്ന നടന്‍ ഒരല്‍പം പോലും അഭിനയിച്ചിട്ടില്ല ഈ സിനിമയില്‍!!! ജീവിക്കുകയായിരുന്നു...!! ഒരാളുടെ ജീവിതം കണ്മുന്നിലൂടെ കടന്നു പോയി, അതിലൂടെ സഞ്ചരിച്ചു മടങ്ങി വന്ന പോലെ തോന്നി സിനിമ കണ്ടു ഇറങ്ങിയപ്പോള്‍...! അനു സിതാരയില്‍ അനിത സത്യന്‍ ഭദ്രമായി. വന്നു, നിന്ന് പോയ ഓരോരുത്തരും ഗംഭീരമാക്കി... ജയേട്ടാ നിങ്ങളിലെ നടന്റെ സാധ്യതകള്‍ നിങ്ങള്‍ക്കറിയില്ല കാരണം നിങ്ങള്‍ ജീവിച്ചു കാണിക്കുകയാണ്... പ്രജേഷ് നിങ്ങള്‍ക്കു എന്റെ മനം നിറഞ്ഞ കൈയടി. ജയസൂര്യ വിപി സത്യനായിട്ടല്ല വിപി സത്യന്‍ ജയസൂര്യയിലൂടെ ഒന്നുകൂടി ജീവിക്കുകയായിരുന്നു. നമ്മുക്ക് നല്ല ചരിത്രം നല്‍കാന്‍ ജീവിതം മാറ്റിവെച്ച നമ്മളറിയാതെ പോകുന്ന ഓരോരുത്തര്‍ക്കും എന്റെ പ്രണാമം. എന്നുമാണ് അരുണ്‍ പറയുന്നത്.

    മിഥുന്‍ മാനുവല്‍ തോമസ്

    മിഥുന്‍ മാനുവല്‍ തോമസ്

    ക്യാപ്റ്റന്‍ കണ്ടു.. (വിസ്മയയിലെ പ്രിവ്യു ഷോ).. കുട്ടിക്കാലത്തു ഒരിക്കല്‍ സ്‌കൂള്‍ അവധി കിട്ടിയത് കേരളം സന്തോഷ് ട്രോഫി നേടിയതിന്റെ പിറ്റേന്നായിരുന്നു. അന്ന് റേഡിയോ കമ്മന്ററിയില്‍ കേരളാ ക്യാപ്റ്റന്‍ വിപി സത്യന്റെ പേര് കമന്റേറ്റര്‍ തൊണ്ട പൊട്ടുമാറു അലറി വിളിച്ചത് ഇന്നലെയെന്നത് പോലെ ഓര്‍ക്കുന്നു. അന്ന് മനസ്സില്‍ പതിഞ്ഞ പേരാണ് സത്യന്‍. നായകന്‍ സത്യന്‍.. ക്യാപ്റ്റന്‍ സത്യന്‍.. അയാളുടെ നമ്മളറിയാത്ത ജീവിതം ആണ് ഈ സിനിമ.. തിരസ്‌ക്കാരങ്ങളുടെ, അവഗണനകളുടെ നൊമ്പരങ്ങളുടെ കണ്ണീര്‍പ്പാടങ്ങളില്‍ പുഞ്ചിരി വിരിയിക്കാന്‍ പടപൊരുതിയ ഒരു വീരനായകന്റെ കഥ, ഒരു അച്ഛന്റെ കഥ, ഒരു ഭര്‍ത്താവിന്റെ കഥ..

    ജയയസൂര്യ വിസ്മയിപ്പിച്ചു

    തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ സത്യന്‍ നമ്മുടെ മനസ്സിലെ തീരാത്ത വിങ്ങലായി മാറും, തീര്‍ച്ച. ജയസൂര്യ എന്ന നടന്‍ വീണ്ടും വിസ്മയിപ്പിക്കുന്നു. ഇത് പോലെ അതിരുകളില്ലാത്ത അഭിനയ സാധ്യതകള്‍ ഉള്ള കഥാപാത്രങ്ങള്‍ ഇനിയും നിങ്ങളെ തേടി വരും.. ഉറപ്പു.. :) :) സത്യന്റെ അനിതയായി അനു സിത്താരയും നമ്മുടെ മനസ്സിലേയ്ക്ക് നടന്നു കയറുന്നു. പ്രജേഷ് സെന്‍ നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട് തുടക്കക്കാരാ, നല്ലൊരു സിനിമ അണിയിച്ചു ഒരുക്കിയതില്‍...:) Goodwill entertainments നിങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. സത്യനെ വീണ്ടും ഓര്‍ക്കാന്‍ ചുക്കാന്‍ പിടിച്ചതിന്..) പിന്നെ, ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരു ഫുട്‌ബോള്‍ പ്രേമിയുടെ, ഒരു സത്യന്‍ ആരാധകന്റെ സ്‌നേഹം, ഇഷ്ടം.

     ജിബു ജേക്കബ്

    ജിബു ജേക്കബ്

    ചരിത്രപുരുഷന്മാരുടെ മാനറിസങ്ങള്‍ നമുക്കറിയില്ല അതുകൊണ്ട് അത്തരം കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ അവതരിപ്പിക്കുമ്പോള്‍ സംവിധായകനായാലും നടനായാലും അവരവരുടെ ഭാവനക്കൊത്ത് അവതരിപ്പിക്കാനാകും എന്നാല്‍ നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന ജീവിച്ചിരുന്ന പ്രശസ്തരെ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്കൊപ്പം നടന്നവര്‍ക്കിടയിലേക്കാണ് നമ്മുടെ സൃഷ്ടി അല്ലെങ്കില്‍ കഥാപാത്രം എത്തുന്നത് എന്നതൊരു വെല്ലുവിളിയാണ്. ആ വെല്ലുവിളി സമര്‍ത്ഥമായി നേരിട്ട് വിജയിച്ച ക്യാപ്റ്റന്മാരാണ് പ്രജേഷ് സെന്നും ജയസൂര്യയും.ഏറെയൊന്നും മസാലകള്‍ ചേര്‍ക്കാന്‍ സാധിക്കാത്ത കഥ ജയവും പരാജയവും ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുഭവിച്ചറിഞ്ഞ സത്യസന്ധനായ വി.പി സത്യന്‍ എന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്റെ ജീവിതം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും വിധം എങ്ങനെ അവതരിപ്പിക്കാമെന്ന് പ്രജേഷ് സെന്‍ കാണിച്ചു തന്നു. അഭിനന്ദനങ്ങള്‍ സുഹൃത്തെ...

    ക്യാപ്റ്റനൊപ്പമുണ്ട്..

    കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന രീതിയും അതിനോടുള്ള സത്യസന്ധമായ സമീപനവും ജയസൂര്യയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു, മദ്രാസ് ജീവിത കാലഘട്ടത്തില്‍ സത്യന്‍ നേരിടേണ്ടി വന്ന വിഷാദവും വേദനയും പ്രേക്ഷകരിലേക്ക് കൃത്യമായി സംവദിപ്പിക്കാന്‍ ജയസൂര്യക്ക് സാധിച്ചു. ഒരു ഫുട്‌ബോളര്‍ക്ക് വേണ്ട ശരീരഘടന, ഭാവാഭിനയത്തില്‍ പുലര്‍ത്തിയ മിതത്വം ജയസൂര്യക്ക് അഭിമാനിക്കാനൊരു മികച്ച കഥാപാത്രം ഒപ്പം പുരസ്‌കാര നേട്ടങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. നായകന്റെ നിഴലായി നില്‍ക്കാത്ത സ്ത്രീ കഥാപാത്രം അനിത സത്യന്റെ സഹധര്‍മ്മിണിയുടെ വേഷം അനു സിത്താരയും ഗംഭീരമാക്കി, റോബി വര്‍ഗ്ഗീസ് രാജിന്റെ ഫോട്ടോഗ്രാഫിക്ക് എന്റെ ഫുള്‍ മാര്‍ക്ക്. ഇടക്കൊക്കെ ഒന്ന് അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഗോപീ സുന്ദറിന്റെ സംഗീതം, സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാനാകാത്ത വിധം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ഒരു കണക്കെടുപ്പ് നടത്തുമ്പോള്‍ നിരൂപകശ്രദ്ധ നേടിയ ചിത്രമായി മാത്രം ഒതുങ്ങേണ്ടതല്ല നമ്മുടെ ഈ ക്യാപ്റ്റന്‍, പ്രേക്ഷക പ്രീതി നേടിയ ചിത്രം കൂടിയാകണം, അതുകൊണ്ട് എല്ലാവരും ചിത്രം തീയേറ്ററില്‍ പോയി കാണണം, നല്ല ചിത്രങ്ങളെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന മലയാളികള്‍ ഈ ക്യാപ്റ്റനൊപ്പം ഉണ്ടാകും എന്നതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്

    രഞ്ജിത് ശങ്കര്‍

    ജയസൂര്യയുടെ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ സംവിധായകനായ രഞ്ജിത് ശങ്കറും സിനിമയ്ക്ക് ആശങ്ക അറിയിച്ചിരുന്നു. ക്യാപ്റ്റന്‍ മലയാലത്തില്‍ നിര്‍മ്മിച്ച തികഞ്ഞൊരു സ്‌പോര്‍സ് ബയോപിക്കാണെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

    ഉള്ളുനിറയ്ക്കുന്നു ക്യാപ്റ്റൻ.. നെഞ്ചുപൊള്ളിക്കുന്നു.. (ബയോപിക്ക് ഇങ്ങനെയും എടുക്കാം) ശൈലന്റെ റിവ്യൂഉള്ളുനിറയ്ക്കുന്നു ക്യാപ്റ്റൻ.. നെഞ്ചുപൊള്ളിക്കുന്നു.. (ബയോപിക്ക് ഇങ്ങനെയും എടുക്കാം) ശൈലന്റെ റിവ്യൂ

    ഫ്ളെക്‌സ് ഉപയോഗിച്ച് സീരിയല്‍ ഷൂട്ട് ചെയ്യുന്നത് എന്തൊരു കഷ്ടമാണ്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!ഫ്ളെക്‌സ് ഉപയോഗിച്ച് സീരിയല്‍ ഷൂട്ട് ചെയ്യുന്നത് എന്തൊരു കഷ്ടമാണ്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!

    നുണക്കുഴി കവിളുള്ള സുന്ദരി, പ്രീതി സിന്റയ്‌ക്കെതിരെ കാമുകന്റെ പീഡനം! ഒടുവില്‍ നീതി തേടിഎത്തുമോ?നുണക്കുഴി കവിളുള്ള സുന്ദരി, പ്രീതി സിന്റയ്‌ക്കെതിരെ കാമുകന്റെ പീഡനം! ഒടുവില്‍ നീതി തേടിഎത്തുമോ?

    English summary
    Film-makers heap praises on Jayasurya starrer Captain!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X