For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്റെ ആത്മാവിന്റെ അവശേഷിച്ച ആഗ്രഹമാണ്, ഒരിക്കല്‍ ഞാന്‍ ഈ ഗാനം ഞാന്‍ പാടുമെന്ന് ജി വേണുഗോപാല്‍

  |

  ജോണ്‍സന്‍ മാഷ് എന്ന പേര് മലയാളികള്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹത്തെ പോലെ തന്നെ ജോണ്‍സന്‍ ഒരുക്കിയ പാട്ടുകളും ഇന്നും എന്നും ഏറെ പ്രശംസ സ്വന്തമാക്കിയവയാണ്. ജോണ്‍സന്‍ മാഷിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകള്‍ ഷാന്‍ ജോണ്‍സനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടൊരു ഗായികയായിരുന്നു.

  ജി വേണുഗോപാലിനോട് പാട്ട് റെക്കോര്‍ഡിന് വരാമെന്ന് ഏറ്റ് പോയ ഷാനിന്റെ വരവ് കാത്തിരുന്ന അദ്ദേഹത്തെ തേടി എത്തിയത് മരണ വാര്‍ത്തയായിരുന്നു. 2016 ല്‍ അപ്രത്യക്ഷിതമായിട്ടാണ് ഷാനിന്റെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ഹാര്‍ട്ട് അറ്റാക്കിലൂടെയായിരുന്നു ഷാന്‍ അന്തരിക്കുന്നത്. അന്ന് ഷാനിനെ കുറിച്ചെഴുതിയ കുറിപ്പ് വീണ്ടുമൊരു ഫെബ്രുവരി അഞ്ച് വന്നപ്പോള്‍ ഓര്‍ത്തെടുത്തിരിക്കുകയാണ് ജി വേണു ഗോപാല്‍.

  നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാന്‍ ജോണ്‍സണിന്റെ വിയോഗ വേളയില്‍ എഴുതിയ കുറിപ്പ്. 'ഒന്നും എഴുതാന്‍ തോന്നുന്നില്ല, കൈകള്‍ വഴങ്ങുന്നുമില്ല... ഒരു നിസ്സംഗതയാണ് മനസ്സിലാകെ. ഷാന്‍ ഇനി ഒരിക്കലും എന്റടുത്തേക്ക് അങ്കിള്‍ എന്നു വിളിച്ചു കൊണ്ട് വരില്ല എന്നോര്‍ക്കുമ്പോഴുള്ള ഒരുതരം വേദനിപ്പിക്കുന്ന ശൂന്യത. ഒരാഴ്ച മുന്‍പാണ് ഷാന്‍ എന്നെ വിളിക്കുന്നത്. 'അങ്കിള്‍ എന്റെ ഒരു പാട്ട് പാടണം, എത്രയാ റേറ്റെന്ന് പറയുമോ..' എന്ന് ചോദിച്ചപ്പോള്‍ 'ജോണ്‍സേട്ടന്റെ മോളോട് ഞാന്‍ റേറ്റ് പറയാനോ, ഒന്നും തന്നില്ലെങ്കിലും ഞാന്‍ സഹിച്ചു..' എന്ന് സ്‌നേഹപൂര്‍വ്വം ശകാരിക്കുകയും ചെയ്തു. പറഞ്ഞുറപ്പിച്ച പോലെ നാളത്തേക്ക് സ്റ്റുഡിയോ ബുക്ക് ചെയ്ത് ഷാനിനെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍.

  ദാസേട്ടന്‍ കഴിഞ്ഞാല്‍ ജോണ്‍സേട്ടന്റെ അനേകം മനോഹര ഗാനങ്ങള്‍ പാടാന്‍ ഭാഗ്യം ലഭിച്ച ഒരാളെന്ന നിലയില്‍, ജോണ്‍സേട്ടന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ മകളുടെ സംഗീത സംവിധാനത്തില്‍ ആദ്യമായി പാടാന്‍ പോകുന്നതിന്റെ ഒരു ത്രില്‍ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. അസുഖ ബാധിതയാണെങ്കിലും മകള്‍ സംഗീതം നല്‍കി ഞാന്‍ പാടുന്ന ആദ്യ ഗാനത്തിന്റെ റെക്കോഡിങ്ങ് കേള്‍ക്കാന്‍ അമ്മയായ റാണിച്ചേച്ചിയും ഷാനിന്റെ പ്രതിശ്രുത വരനും കൂടെ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു ഭാര്യയുടേയും, മകന്റെ നിര്‍ജ്ജീവ ശരീരം കാണേണ്ടി വന്ന ഒരമ്മയുടേയും തളര്‍ന്ന മനസ്സില്‍ മകളുടെ ഈ പുതിയ സംരംഭം ഉണര്‍വ്വുണ്ടാക്കുമെന്നോര്‍ത്ത് ഞാനും സന്തോഷിച്ചു.

  നാളത്തേക്ക് ഇവര്‍ക്കായി ഭക്ഷണമൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോയി വന്ന രശ്മിയോട്, 'ഇനി ഇതാര്‍ക്കൊരുക്കാനാണ്, അവള്‍ പോയി' എന്ന് പറയാനേ എനിക്കു കഴിഞ്ഞുള്ളൂ. ഷാനിന്റെ സംഗീതത്തിന് പ്രതിഭാധനനായ അച്ഛന്റെ നൈസര്‍ഗ്ഗികമായ തനതു ഭാവവും, ശൈലിയും മനോഹാരിതയുമുണ്ടായിരുന്നു.. വളരെ ബോള്‍ഡ് ആയ, തന്റെ ലക്ഷ്യത്തെക്കുറിച്ച് ഉറച്ച ബോധമുള്ള തനതായ വ്യക്തിത്വമുള്ളവള്‍. ഇന്ന് ഷാന്‍ നമ്മെ വിട്ടു പിരിഞ്ഞതോടെ ജോണ്‍സണ്‍ എന്ന മഹാനായ സംഗീത സംവിധായകന്റെ കുടുംബത്തിലെ അവസാന കണ്ണിയും ഇല്ലാതായി. അതോര്‍ക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍ക്കു മുന്‍പില്‍ എല്ലാം അവ്യക്തമാകുന്നു.

  എനിക്കു പാടുവാന്‍ ഷാന്‍ സംഗീതം നല്‍കി വെച്ച 'ഇളവെയില്‍ കൊണ്ടു നാം നടന്ന നാളുകള്‍. ഇടവഴിയില്‍ ഹൃദയങ്ങള്‍ തുറന്ന വേളകള്‍' എന്ന ഗാനം അപൂര്‍ണ്ണമായി അവസാനിക്കുന്നു. ഇനിയൊരിക്കലും ഒച്ചയിടറാതെ എനിക്കതു പാടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. റാണിച്ചേച്ചിയുടെ അവസ്ഥയോര്‍ക്കുമ്പോള്‍ ഉള്ളില്‍ നിന്നും വാക്കുകളും വരുന്നില്ല. പ്രകൃതിയുടെ വികൃതികള്‍ ചിലപ്പോള്‍ അങ്ങനെയാണ്. ചിലരൊട് ക്രൂരത മാത്രമേ കാണിക്കൂ. ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത ക്രൂരത. ഷാന്‍. നിന്റെ ആത്മാവിന്റെ അവശേഷിച്ച ആഗ്രഹമെന്ന നിലയ്ക്ക് ഈ ഗാനം ഞാന്‍ പാടും. എന്നെങ്കിലുമൊരിക്കല്‍. നിനക്കു വേണ്ടി എനിക്കതു പാടണം.

  English summary
  G Venugopal's Post About Shan Johnson
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X