»   » കഥയല്ല, വാസ്തവം: എസ്രയുടെ ഈ റിവ്യൂ അവസാനം വരെ വായിച്ചാല്‍ നിങ്ങള്‍ പേടിച്ച് തരിച്ചുപോകും!

കഥയല്ല, വാസ്തവം: എസ്രയുടെ ഈ റിവ്യൂ അവസാനം വരെ വായിച്ചാല്‍ നിങ്ങള്‍ പേടിച്ച് തരിച്ചുപോകും!

Posted By: Kishor
Subscribe to Filmibeat Malayalam

അതിഭയങ്കര ഹൈപ്പുമായി ഇറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് എസ്ര. എസ്ര കണ്ടിട്ട് പേടിച്ചെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. എസ്രയുടെ ക്ലൈമാക്‌സ് ലീക്കാക്കിയവര്‍ക്കെതിരെ പൃഥ്വിരാജ് തന്നെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു.

Read Also: മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെ.. കഷണ്ടിയുണ്ട് പക്ഷേ വിഗ് വെച്ചൊപ്പിക്കുന്ന 17 മലയാളം സൂപ്പര്‍ താരങ്ങള്‍!!

എന്നിട്ടും പല റിവ്യൂസും എസ്രയുടെ അവസാനം വരെ കഥ പറഞ്ഞു. ഇപ്പോഴും പറയുന്നുണ്ട് ചിലര്‍. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു എസ്ര അനുഭവം കോട്ടയത്തെ ജോര്‍ജ് ഈപ്പന്‍ എന്നയാളുടെ പേരില്‍ വാട്‌സ് ആപ്പില്‍ കറങ്ങുന്നുണ്ട്. ഒന്ന് വായിച്ചുനോക്കൂ, തീര്‍ച്ചയായും ഞെട്ടിപ്പോകും.

തുടക്കം ഇങ്ങനെ

എസ്ര ഇറങ്ങിയിട്ട് രണ്ടാഴ്ചയായല്ലോ തിരക്കൊഴിഞ്ഞ് കാണുമല്ലോ. എന്ന് കരുതിയാണ് റിസര്‍വ്വ് ചെയ്യാതെ തീയേറ്ററിലെത്തിയത്. ചെന്നപ്പോള്‍ പ്രതീക്ഷ തെറ്റി, കുഞ്ഞു കുട്ടി പരാധീനങ്ങളെ എടുത്തു പെറുക്കി മുതു പാതിരാക്ക് സകലരും പേടിച്ചു വിറയ്ക്കാന്‍ എത്തിയിട്ടുണ്ട്. ഷോ തുടങ്ങാറായി. ബാല്‍ക്കണി ഫുള്‍. ബോര്‍ഡും വെച്ചു. എന്താ ചെയ്കാ, എന്നാലോചിച്ചു വണ്ടിയുടെ കീയും കറക്കി നില്‍ക്കുമ്പോള്‍ ഏതാണ്ട് അറുപത് കഴിഞ്ഞ ഒരാള്‍ അടുത്തു വന്ന്, ടിക്കറ്റ് കിട്ടിയില്ലേ എന്നൊരു ചോദ്യം. ഇല്ല, ചേട്ടാ ഇനിയിപ്പം തിരികെ പോകുന്നതാ നല്ലത് എന്ന് തോന്നുന്നു.

ഒരു ടിക്കറ്റ് മതിയോ?

അങ്ങിനെ ആണേല്‍ എന്റെ കൈയ്യിലുണ്ട് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് അദ്ദേഹം ടിക്കറ്റെടുത്തു. ഷഷ്ടി പൂര്‍ത്തി കഴിഞ്ഞു നില്‍ക്കുന്ന ടിയാന്‍ ബ്ലാക്കാണോ എന്നൊരു ശങ്ക കടന്നു പോയ മാത്രയില്‍ തന്നെ, ചിരിച്ചു കൊണ്ട് മറുപടി വന്നു. ബ്ലാക്കല്ല. ഒരാള്‍ക്ക് വരാന്‍ പറ്റിയില്ല. അങ്ങിനെ ബാക്കി വന്നതാ. ടിക്കറ്റിന്റെ പണം നല്‍കാനായി
പേഴ്‌സ് തിരഞ്ഞങ്കിലും ചില്ലറ കിട്ടിയില്ല. അഞ്ഞൂറു രൂപ നീട്ടിയപ്പോള്‍. അയ്യോ, എന്റെ കൈയ്യിലും ചെയ്ഞ്ചില്ല, സാരമില്ല വെച്ചോ നമ്മള്‍ ആര്‍ക്കെങ്കിലുമൊക്കെ അല്‍പം കടക്കാരനായിരിക്കണം എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് തീയറ്ററിനുള്ളിലേക്ക് നടന്നു.

എസ്ര തുടങ്ങി, ഇതിന് ശേഷം

എസ്ര തുടങ്ങി, പേടിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. പേടി തുടങ്ങിയവര്‍ പുറകില്‍ നിന്ന് വളിപ്പുകള്‍ പറഞ്ഞു കൊണ്ടിരുന്നു. എന്റടുത്തിരുന്ന ടിക്കറ്റ് തന്ന ചേട്ടന്‍ കൈകള്‍ തിരുമ്മുന്നതും കുനിഞ്ഞിരിക്കുന്നതും കണ്ടു. എനിക്ക് പഴുത്ത അടക്കയുടേതു പോലുള്ള മണവും, സിനിമയില്‍ നിന്നുള്ളതാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത,തീവണ്ടി കടന്നു പോകുന്നതു പോലുള്ള ശബ്ദവും അനുഭവപ്പെട്ടു. ഇടവേളയായി, ചായ കുടിക്കാന്‍ പുറത്തിറങ്ങിയെങ്കിലും ആ ചേട്ടന്‍ വന്നില്ല. ചില്ലറ മാറി കിട്ടി. തിരികെ അകത്തു കയറി കുശലം പറഞ്ഞ് ടിക്കറ്റിന്റെ പണം കൊടുക്കാനാഞ്ഞപ്പോഴേക്കും അയാള്‍ ഒരു നിമിഷം എന്നു പറഞ്ഞ് പുറത്തേക്കിറങ്ങി പോയി.

സിനിമ തീര്‍ന്നതിന് ശേഷം ബാക്കി

സിനിമ കഴിഞ്ഞു. ഞാന്‍ തിരക്ക് കൂടും മുന്‍പെ ബൈക്ക് എടുക്കാനായി നീങ്ങി. വണ്ടിയുമെടുത്ത് തീയറ്ററിനു പുറത്തിറങ്ങിയപ്പോള്‍ ആ ചേട്ടന്‍ റോഡരികില്‍ നില്‍ക്കുന്നു. ഞാന്‍ ചോദിച്ചു, എങ്ങിനാ പോകുന്നെ? ഓട്ടോ, കാത്തു നില്‍ക്കുവാ. നിങ്ങള്‍ എത് വഴിയാ? ഞാന്‍ നാഗമ്പടം വഴി എം സി റോഡ് നേരെ. എന്നാ വിട്ടോ, എനിക്ക് നാഗമ്പടത്ത് നിന്ന് ഇടത് തിരിഞ്ഞാ പോകണ്ടെ. അല്ല, ഈ സമയത്ത് ഓട്ടോ കിട്ടാന്‍ ബുദ്ധിമുട്ടാ ഞാന്‍ വിടാം.

ടിക്കറ്റ് മേടിച്ചത് ബാദ്ധ്യതയായല്ലേ

അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചു. എന്നിട്ട് വണ്ടിയില്‍ കയറി. വീണ്ടും ഒരു പഴുത്ത അടക്കയുടെ മണം. ഞാന്‍ വണ്ടി ഓടിച്ചു കൊണ്ടു ചോദിച്ചു. എങ്ങിനെ ഉണ്ടായിരുന്നു എസ്ര. ഭയം ശൂന്യമായിരിക്കണം. തണുത്തു മരവിച്ച പോലെ വേണം. ഭയപ്പെടുത്താന്‍. പ്രേതങ്ങള്‍ ഒച്ചവെക്കാറില്ല. മണമായും, കാറ്റായുമാണ് അതിന്റെ സാന്നിധ്യം, അറിയുവോ തനിക്ക്.

ഒരു തരിപ്പ് അനുഭവപ്പെട്ടു

എനിക്ക് സിനിമ കണ്ടപ്പോഴില്ലാത്ത ഒരു തരിപ്പ് അനുഭവപ്പെട്ടു. തിരിയാനുള്ള വളവിനടുത്ത് എത്തിയപ്പോള്‍ കടത്തിണ്ണയില്‍ 3 കാക്കകള്‍. രാത്രി 12 ന് കാക്കകളോ, എന്നു മനസ്സിലോര്‍ക്കുകയും... അവര്‍ പുലര്‍ച്ചെ രണ്ട് മണി വരെ അവിടെ കാണുമെന്ന് ഒരു മറുപടി ചെവിയുടെ തൊട്ടു പിറകില്‍ ഒരു മര്‍മ്മരം പോലെ കേട്ടു. ഇരച്ചു കയറിയ ഒരു തരിപ്പ് മൂലം ശബ്ദിക്കാന്‍ തോന്നിയില്ല അവസാനിക്കാത്ത എന്തോ പോലെ സമയം നിന്നു.

പഴുത്ത അടക്കയുടെ മണം വീണ്ടും

ഇരുട്ട് വിരിച്ചിട്ട റോഡില്‍ വളഞ്ഞു പുളഞ്ഞു വെളിച്ചം ഓടിക്കൊണ്ടിരുന്നു. ബൈക്കിന്റെ ശബ്ദം പോലും എനിക്ക് കേള്‍ക്കാനാവുന്നില്ല. പഴുത്ത അടക്കയുടെ മണം ഉള്ളില്‍ കയറി ശ്വാസം മുട്ടും പോലെ. ഹാവു റെയില്‍വെ ഗേറ്റ് എത്താറായി ഇയാള്‍ ഇവിടെ, ഇറങ്ങും എന്നാ പറഞ്ഞത്. റെയില്‍ ക്രോസ് കഴിഞ്ഞ് വണ്ടി നിര്‍ത്താം
ഇല്ലേല്‍ ഗെയിറ്റ് അടച്ചാല്‍ പിന്നെ പണിയാകും. ആലോച്ചിച്ച് തീര്‍ന്നതും ബാര്‍ കുറുകെ വീണു.

ഞാന്‍ വണ്ടി നിര്‍ത്തി

ഓഫായ പോലെ നിന്ന എനിക്ക് അയാളുടെ മുഖത്ത് നോക്കാന്‍ ധൈര്യം കിട്ടുന്നില്ല. കൈയില്‍, ഒരു പിടുത്തം ഐസ് കട്ട കൊണ്ട് വെച്ച പോലെ. റോഡില്‍ വെളിച്ചം ഉണ്ട്. പക്ഷെ എന്റെ കണ്ണില്‍ ഇരുട്ട് കയറി. എന്തൊരു സിനിമയാടോ, ഇങ്ങനയാണോ പ്രേതങ്ങള്, അമിതാഭിനയം ആത്മാക്കള്‍ക്ക് അറിയില്ലടോ, അവരുടെ ലോകത്ത് തണുപ്പും ശൂന്യതയുമേയുള്ളൂ. ഇലയനക്കം പോലും അസഹ്യമായൊരു ലോകം.

ഈ റെയില്‍വെ ട്രാക്കില്‍

തനിക്കറിയണോ, ഇവിടെ വെച്ചായിരുന്നു അത് ഈ റെയില്‍വെ ട്രാക്കില്‍, 35 വര്‍ഷം മുന്‍പ്. ഞാനും അവളും കൂടി ഒന്നിച്ച് ജീവിക്കാന്‍ പറ്റാത്തതു കാരണം മരിക്കാന്‍ ഇറങ്ങിയതാ. മരണത്തിന്റെ ഹുങ്കാര ശബ്ദം മുഴക്കി തീവണ്ടി അടുത്ത് എത്തിയപ്പോള്‍ ഞാന്‍ അവളുടെ കൈയ്യും പിടിച്ച് എടുത്ത് ചാടി. ആ പാവം പേടിച്ചു പോയി. ഈ ബഹളം അടുത്ത് എത്തിയപ്പോള്‍. അവള്‍ എന്നെ തള്ളി മാറ്റി പിന്നാക്കം മറിഞ്ഞു.

മരിച്ചതാടോ ഞാനിവിടെ

ഇന്നവള്‍ കൊച്ചുമക്കളുമായി എസ്ര കാണാന്‍ നമ്മുടെ പുറകില്‍ ഇരിപ്പുണ്ടായിരുന്നു. ആ വളിപ്പു കമന്റുകള്‍ പറഞ്ഞില്ലേ, അതവളുടെ മരുമോന്‍ ചെക്കനാ. മരിച്ചതാടോ ഞാനിവിടെ മരണം വല്ലാത്ത ശുന്യതയാടോ ആത്മാക്കള്‍ ഇക്കണ്ട പോലൊന്നും ബഹളം ഉണ്ടാക്കില്ലടോ. എന്റെ നാക്ക് താഴ്ന്ന് പോയിരുന്നു. ആരോ അകത്തേക്ക് വലിച്ചിറക്കിയ പോലെ. ദൂരെ നിന്ന് ഒരു ചൂളം വിളി. പാളമിടിക്കുന്ന ശബ്ദം. അയാളുടെ മരണത്തിന്റെ താളം ആര്‍ത്തലച്ചു കടന്നു വരികയാണ്. ഒരു കൊടുങ്കാറ്റു പോലെ അത് കടന്നു പോയി, ഒപ്പം അയാളും.

വീട്ടിലെത്തിയ ശേഷം

വീട്ടിലെ ഗേറ്റ് അടച്ച് ബെല്‍ ഞെക്കി പിടിച്ചു ഞാന്‍ നിന്നു. നീരസത്തോടെ വാതില്‍ തുറന്ന ഭാര്യ ചോദിച്ചു. എങ്ങിനെ ഉണ്ടാരുന്നു പടം. ഞാന്‍ ഒന്നും പറയാതെ അകത്തേക്ക് കയറി. അവള്‍ ചോദിച്ചു. ഇവിടെന്താ ഒരു പഴുത്തടയ്ക്കയുടെ മണം.

English summary
Horror experience after watching Ezra movie goes viral in Whats App.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam