twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെള്ള സാരിയും പാട്ടും പുകയും കോമ്പല്ലും മറന്നേക്കു!!! യക്ഷി സങ്കല്‍പങ്ങള്‍ പൊളിച്ചടുക്കി എസ്ര!!!

    മലയാള സിനിമയിലെ പരമ്പരാഗത യക്ഷി സങ്കല്‍പങ്ങള്‍ പൊളിച്ചടുക്കിയിരിക്കുകയാണ് പൃഥ്വിരാജ് നായകനാകുന്ന എസ്ര. ഹോളിവുഡ് ഹൊറര്‍ ചിത്രത്തിന്റെ ശൈലി സ്വീകരിക്കുകയായിരുന്നു എസ്ര.

    By Jince K Benny
    |

    മലയാള സിനിമയില്‍ കാലങ്ങളായി തുടരുന്ന യക്ഷി സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതുകയാണ്. മലയാളത്തില്‍ ആദ്യമായി യക്ഷി എത്തുന്ന ഭാര്‍ഗവീ നിലയത്തിലൂടെയായിരുന്നു. അന്ന് വൈക്കം മുഹമ്മദ് ബഷീര്‍-എ വിന്‍സെന്റ് കൂട്ടുകെട്ടില്‍ വിരിഞ്ഞ അതേ യക്ഷി സങ്കല്‍പ്പത്തെ തന്നെയാണ് പിന്നീട് ഇങ്ങോട്ട് മലയാള സിനിമ പകര്‍ത്തി വച്ചത്. അതില്‍ നിന്നും അണുവിട മാറാന്‍ ആരും തയാറായില്ല. പുകയും പാട്ടും വെള്ള സാരിയും ഉടുത്ത് വെള്ളിയാഴ്ചകളില്‍ അര്‍ദ്ധരാത്രിയില്‍ എത്തുന്ന ആ സങ്കല്‍പത്തെ തിരുത്താനും ആരും മുതിര്‍ന്നില്ല.

    സാങ്കേതിക വിദ്യ വളരെയധികം വളര്‍ന്ന ഇക്കാലത്ത് പഴയകാലം യക്ഷി സങ്കല്‍പങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ കാര്യമായ സ്വാധിനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വിദേശ ഹൊറര്‍ ചിത്രങ്ങള്‍ എത്തി തുടങ്ങിയതോടെ പ്രേക്ഷകരുടെ മനസിലെ യക്ഷി സങ്കല്‍പങ്ങള്‍ മാറി. എന്നിട്ടും മലയാളത്തില്‍ ഇറങ്ങുന്ന സിനിമകള്‍ക്ക് മാറ്റമുണ്ടായില്ല. പുതിയ തരത്തിലുള്ള ഹൊറര്‍ ആളുകള്‍ എത്തരത്തില്‍ ഉള്‍ക്കൊള്ളും എന്ന ആശങ്കയായിരുന്നു അതിന് കാരണം. ആ ആശങ്കയെ പൊളിച്ചടുക്കിയിരിക്കുകയാണ് പൃഥ്വിരാജ് നായകനായി ഇറങ്ങിയ എസ്ര.

    തകര്‍ന്നടിഞ്ഞ യക്ഷി ചിത്രങ്ങള്‍

    1964ല്‍ പുറത്തിറങ്ങിയ ആദ്യ യക്ഷി ചിത്രമായ ഭാര്‍ഗവീ നിലയം മുതല്‍ അടുത്തിടെ പുറത്തിറങ്ങിയ 65ഓളം യക്ഷി ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ശരാശരി വര്‍ഷത്തില്‍ ഒരു യക്ഷി സിനിമ വീതം പുറത്തിറങ്ങിയിട്ടുണ്ട്. സങ്കല്‍പ്പത്തിലെ ആവര്‍ത്തനം മാത്രമല്ല പ്രമേയത്തിലെ ആവര്‍ത്തനവും പല സിനിമകളേയും പരാജയമാക്കി. 90കള്‍ക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങളില്‍ എണ്ണം പറഞ്ഞ ചിത്രങ്ങള്‍ മാത്രമേ പ്രദര്‍ശന വിജയങ്ങള്‍ നേടിയിട്ടുള്ളു. സൂപ്പര്‍ സ്റ്റാറുകള്‍ നായകരായി ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിയാനായിരുന്നു പല സിനിമകളുടേയും വിധി.

    നീലവെളിച്ചം

    വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയില്‍ നിന്നാണ് മലയാളത്തിലെ ആദ്യ പ്രേതചിത്രത്തിന്റെ പിറവി. മലയാളത്തിലെ ആദ്യമായി വെളുത്ത സാരി ഉടുത്ത ദൃംഷ്ടകള്‍ നീട്ടി വളര്‍ത്തിയ യക്ഷി എന്ന സങ്കല്‍പം പിറവി കൊള്ളുന്നത് അവിടെയായിരുന്നു. സാങ്കേതിക വിദ്യ ഒട്ടും വളര്‍ച്ച പ്രാപിക്കാത്ത അക്കാലത്ത് ഭാര്‍ഗവീ നിലയം ഒരു അതിശയമായിരുന്നു. അതുകൊണ്ടും ദശാബ്ദങ്ങള്‍ക്കിപ്പുറവും ആ ചിത്രം മലയാള പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്നു.

    സേതുമാധവന്റെ യക്ഷി

    ആദ്യ യക്ഷി ചിത്രത്തിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് 1968ലാണ് മലയാളത്തിലെ രണ്ടാമത്തെ ഹൊറര്‍ ചിത്രം എത്തിയത്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. കെഎസ് സേതുമാധവനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പിന്നീടിങ്ങോട്ട് ചിത്രങ്ങള്‍ക്കിടയില്‍ അകലമുണ്ടായിരുന്നു.

    വെള്ള സാരിയുടുത്ത ലിസ

    1978ല്‍ ഇറങ്ങയി ലിസ പ്രേക്ഷക പ്രീതി നേടിയ യക്ഷി ചിത്രമായിരുന്നു. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രേംനസീര്‍, ജയന്‍, എംജി സോമന്‍, വിധുബാല തുടങ്ങി വന്‍ താര നിര തന്നെ അണി നിരന്നു. മലയാളത്തിലെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടുന്ന ചിത്രമാണ് ലിസ.

    രണ്ടാം ഭാഗങ്ങള്‍

    ഹൊറര്‍ ചിത്രങ്ങള്‍ വരിവരിയായി മലയാളത്തില്‍ ഇറങ്ങിയെങ്കിലും വിജയം നേടിയ ചിത്രങ്ങള്‍ വളരെ കുറവായിരുന്നു. ഇതോടെ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗവും ഇറങ്ങി. ആദ്യമായി ഒരു ചിത്രത്തിന് രണ്ടാം ബാഗമിറങ്ങിയത് ലിസയ്ക്കായിരുന്നു. വീണ്ടും ലിസ എന്ന പേരില്‍ 1987ലായിരുന്നു ചിത്രം ഇറങ്ങിയത്. ബേബി തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍ ആദ്യ ചിത്രത്തിന്റെ തരംഗം നിലനിര്‍ത്താന്‍ വീണ്ടും ലിസയ്ക്കായില്ല. ഭാര്‍ഗവീ നിലയത്തിന്റെ രണ്ടാം ഭാഗമായി ഈ ഭാര്‍ഗവീ നിലയം എന്ന പേരില്‍ 2002ല്‍ സിനിമ ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു.

    പഴയ വീഞ്ഞും പഴയ കുപ്പിയും

    പ്രമേയത്തിലേയും അവതരണത്തിലേയും ആവര്‍ത്തനങ്ങള്‍ തന്നെയാണ് ഹൊറര്‍ സിനിമകളോടുള്ള പ്രേക്ഷക താല്‍പര്യം കുറച്ചത്. ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്ന നായികയും അവര്‍ യക്ഷിയായി വന്ന് പ്രതികാരം ചെയ്യുന്നതുമാണ് എല്ലാ ചിത്രങ്ങളുടേയും പൊതുവായ പ്രമേയം. എല്ലാ ചിത്രങ്ങളും പ്രേതത്തിന് ഒരേ വസ്ത്രങ്ങളുമായിരിന്നു. പാട്ടും പാടി ശക്തമായ കാറ്റിന്റേയും മൂടല്‍ മഞ്ഞിന്റേയും പശ്ചാത്തലത്തില്‍ എത്തുന്ന പ്രേത സങ്കല്‍പം ആവര്‍ത്തിക്കപ്പെട്ടു.

    വിനയന്റെ ആകാശഗംഗ

    ആത്യന്തീകമായി മാറ്റങ്ങളൊന്നും ഇല്ലാത്ത പ്രമേയവും കഥാ പശ്ചാത്തലവും ആയിരുന്നെങ്കിലും ആകാശഗംഗ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു. ദിവ്യാ ഉണ്ണിയും മുകേഷും മയൂരിയുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയത്. നിലവിലെ പ്രേത സങ്കല്‍പങ്ങളുടെ ആവര്‍ത്തനം ആയിരുന്നിട്ടും ചിത്രം ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്തു. അവതണത്തില്‍ പുതുമ കൊണ്ടുവരാന്‍ വിനയന് സാധിച്ചു എന്നതായിരുന്നു കാരണം. 1999ലായിരുന്നു ചിത്രം പുറത്തിറങ്ങയിത്.

    ഹൊറര്‍ ട്രെന്‍ഡ്

    ആകാശഗംഗയുടെ വിജയം മലയാളത്തിലേക്ക് ഒരു ഹൊറര്‍ ട്രെന്‍ഡ് കൊണ്ടുവന്നു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ പുറത്തിറങ്ങിയത് 13 ഹൊറര്‍ ചിത്രങ്ങളായിരുന്നു. സിംഹഭാഗവും പരാജയപ്പെട്ടു. ഇതില്‍ സൂപ്പര്‍ താര ചിത്രങ്ങളും ഉണ്ടായിരുന്നു. പകല്‍പ്പൂരം, വെള്ളി നക്ഷത്രം, അനന്തഭദ്രം എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഇവയില്‍ ഭേദപ്പെട്ട വിജയം നേടിയത്. ഇവ പതിവ് ചിത്രങ്ങളുടെ ആവര്‍ത്തനത്തില്‍ നിന്ന് അല്പം വഴിമാറി നിന്നു. ഭയത്തിനൊപ്പം ചിരിക്കും പ്രാധാന്യം നല്‍കിയെന്നതായിരുന്നു പകല്‍പ്പൂരത്തേയും വെള്ളി നക്ഷത്രത്തേയും വ്യത്യസ്തമാക്കിയത്. പ്രേതം എന്നതിനപ്പുറം മന്ത്ര തന്ത്രങ്ങള്‍ക്കാണ് അനന്തഭദ്രം പ്രാധാന്യം നല്‍കിയത്.

    സങ്കല്‍പങ്ങള്‍ പൊളിച്ചടുക്കിയ എസ്ര

    പതിവ് ഹൊറര്‍ സങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യസ്തമായി എത്തിയ ഹൊറര്‍ സിനിമയായിരുന്നു പ്രഥ്വിരാജ് നായകനായ എസ്ര. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ പരമാവധി പ്രയോജനപ്പെടുത്തിയ സിനിമ. കേരളത്തില്‍ പോലും തിയറ്റര്‍ വിജയം നേടുന്ന പാശ്ചാത്യ ഹൊറര്‍ സിനിമകളുടെ ശൈലിയെ പിന്തുടരാന്‍ ശ്രമിച്ചിട്ടുണ്ട് എസ്ര. പതിവ് യക്ഷി സങ്കല്‍പം പാടെ മാറ്റി മറിച്ച എസ്ര വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററില്‍ വിജയം നേടിയ ഹൊറര്‍ ചിത്രമായി.

    പൃഥ്വിക്ക് നൂറില്‍ നൂറ്

    പൃഥ്വിരാജ് നായകനായി എത്തിയ മൂന്ന് ഹൊറര്‍ ചിത്രങ്ങളും തിയറ്റര്‍ വിജയം നേടി. വെള്ളി നക്ഷത്രവും അനന്തഭദ്രവും എസ്രയും പൃഥ്വിക്ക് വേറിട്ട പരീക്ഷണങ്ങളായിരുന്നു. മറ്റ് സൂപ്പര്‍ താരങ്ങള്‍ക്കൊന്നും അടുത്ത കാലത്തിറങ്ങിയ തങ്ങളുടെ ഹൊറര്‍ സിനിമകള്‍ വിജയിപ്പിക്കാനായില്ല. എന്നാല്‍ ജയറാം ചിത്രമായ ആടുപുലിയാട്ടം ഇതിന് അപവാദമായി.

    എസ്ര പുതിയ പ്രചോദനം

    തിയറ്ററില്‍ മികച്ച വിജയം നേടിയ എസ്ര പുതിയ ഹൊറര്‍ ചിത്രങ്ങള്‍ ഇറങ്ങുന്നതിന് പ്രചോദനമാകുമെന്നാണ് കരുതുന്നത്. പൊതുവെ വിജയ ചിത്രങ്ങളുടെ ട്രെന്‍ഡ് പിന്തുടര്‍ന്ന് ചിത്രങ്ങള്‍ ഇറങ്ങുന്നത് മലയാളത്തിലെ പതിവ് കാഴ്ചയാണ്. എസ്രയുടെ പാത പിന്തുടര്‍ന്ന ഇനിയുംന ചിത്രങ്ങള്‍ ഇറങ്ങിയാലും അതിശയിക്കേണ്ട. എന്നാല്‍ ഇവയില്‍ ഏതൊക്കെ ചിത്രങ്ങള്‍ക്ക് എസ്രയുടെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് കാര്യം.

    English summary
    Prithviraj lead Ezra break all the conventional concepts of Malayalam horror movie. Its make a new trend. Ezra follows the horror pattern of Hollywood.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X