twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    24 മണിക്കൂറിന്റെ കഥ പറയുന്ന ചിത്രങ്ങള്‍

    By Lakshmi
    |

    കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ മലയാളസിനിമയില്‍ പരീക്ഷണങ്ങളുടെ കാലമാണ്. സിനിമയിലെ പുത്തന്‍ പരീക്ഷണങ്ങളെ പലതിനെയും ന്യൂജനറേഷന്‍ എന്ന് ടാഗ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതിര്‍ന്ന സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും വരെ ശൈലി മാറ്റി ന്യൂജനറേഷന്‍ ആകേണ്ടിവന്നു. വിഷയത്തിലും രൂപഭാവങ്ങളിലും എല്ലാം സിനിമയില്‍ അടിമുടി മാറ്റംവന്നുകൊണ്ടിരിക്കുകയാണ്.

    മുമ്പ് സിനിമയെന്നത് കുടുംങ്ങളിലെ സ്‌നേഹത്തിന്റെയോ ശത്രുതയുടേയോ അല്ലെങ്കില്‍ അധോലോകനായകന്മാരുടെ പകയുടെയോ ഒക്കെ കഥയായിരുന്നു. കാലാകാലങ്ങളില്‍ സംഭവിയ്ക്കുന്ന കഥകളായിരുന്നു രണ്ടും മൂന്നും മണിക്കൂറിലേയ്ക്ക് ചുരുക്കി ഒരുക്കിയിരുന്നത്. എന്നാല്‍ ഇന്ന് കഥമാറി, കഥയുടെ കാലവും മാറി. മണിക്കൂറുകളുടെ കഥയാണ് ഇന്നത്തെ സിനിമ. 24 മണിക്കൂറില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളുമായി ഏറെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ചിലതാവട്ടെ ഇരുപത്തിനാലില്‍ നിന്നും കുറഞ്ഞ് രണ്ടോ മൂന്നോ മണിക്കൂറിന്റെ കഥപറയുന്ന ചിത്രങ്ങളാണ്.


    എന്തായാലും ഇത്തരം ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. മാത്രമല്ല പുതുനിരസംവിധായകരില്‍ പലര്‍ക്കും ഇത്തരം വിഷയങ്ങള്‍ എടുത്ത് വിജയിപ്പിക്കാനും കഴിഞ്ഞിരിക്കുന്നു. അടുത്തകാലത്ത് ഇറങ്ങിയ 24 മണിക്കൂറിന്റെ കഥ പറഞ്ഞ ചില ചിത്രങ്ങള്‍ ഇതാ

    തിര

    24 മണിക്കൂറിന്റെ കഥ പറയുന്ന ചിത്രങ്ങള്‍

    വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തിരയെന്ന ത്രില്ലര്‍ 2013ല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ്. ധ്യാന്‍ ശ്രീനിവാസന്റെ അരങ്ങേറ്റചിത്രംകൂടിയായ തിര ഒറ്റ ദിനത്തില്‍ സംഭവിക്കുന്നകാര്യങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ വിഷയം. നവീന്‍ എന്ന യുവാവ് സഹോദരിയെ കാണാനായി കര്‍ണാടകത്തില്‍ എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. നവീനിന്റെ കണ്‍മുന്നില്‍ വച്ച് സഹോദരി കിഡ്‌നാപ്പ് ചെയ്യപ്പെടുകയാണ്. ഇങ്ങനെ കിഡ്‌നാപ്പ് ചെയ്യപ്പെട്ടവരെ രക്ഷിയ്ക്കാനായി നവീനും എന്‍ജിഒ നടത്തിപ്പുകാരിയും കാര്‍ഡിയോളജിസ്റ്റുമായ രോഹിണി പ്രണബും നത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥ.

    നേരം

    24 മണിക്കൂറിന്റെ കഥ പറയുന്ന ചിത്രങ്ങള്‍

    വന്‍വിജയം നേടിയൊരു കൊച്ചു ചിത്രമായിരുന്നു നേരം. തൊഴിലില്ലാത്ത ഒരു യുവാവിന്റെയും അയാളുടെ കാമുകിയുടെയും ജീവിതത്തില്‍ ഒറ്റദിനത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളാണ് നേരത്തില്‍ ചിത്രീകരിച്ചത്. പുതുതാരനിരയിലെ ശ്രദ്ധേയനായ നിവിന്‍ പോളിയ്ക്കും നസ്രിയ നസീമിനും വലിയ ബ്രേക്ക് നല്‍കിയ ചിത്രമാണിത്. ഉദ്വേഗഭരിതമായ സീനുകളിലൂടെ മുന്നേറുന്നചിത്രം ശുഭമായി അവസാനിയ്ക്കുകയാണ്.

    നോര്‍ത്ത് 24 കാതം

    24 മണിക്കൂറിന്റെ കഥ പറയുന്ന ചിത്രങ്ങള്‍

    ഫഹദ് ഫാസില്‍, സ്വാതി റെഡ്ഡി, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രവും ഏറെ പ്രശംസകള്‍ നേടിയചിത്രമാണ്. ഒരു ഹര്‍ത്താല്‍ ദിനത്തില്‍ സംഭവിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ഹര്‍ത്താല്‍ ദിനത്തില്‍ മൂന്ന് പേര്‍ തെക്കന്‍ കേരളത്തില്‍ നിന്നും വടക്കന്‍ കേരളത്തിലേയ്ക്ക് യാത്രചെയ്യുകയാണ്. റോഡ് മൂവിയെന്നുകൂടി വിശേഷിപ്പിക്കാവുന്ന ചിത്രം അപരിചിതരായ മൂന്നുപേര്‍ക്ക് ഒരേലക്ഷ്യമുണ്ടാകുന്ന വ്യത്യസ്തമായ കഥയാണ് പറയുന്നത്.

    വെടിവഴിപാട്

    24 മണിക്കൂറിന്റെ കഥ പറയുന്ന ചിത്രങ്ങള്‍

    പേരുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം പിന്നീട് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം നിഷേധിച്ചതിന്റെ പേരിലും വാര്‍ത്തകളിലിടം നേടി. ഒടുവില്‍ എ സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം പൊങ്കാല ദിവസം തിരുവനന്തുപുരത്തെ മൂന്ന് കുടുംബങ്ങളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുരളി ഗോപി ഒരു പ്രധാന വേഷം ചെയ്തു. മൂന്ന് പുരുഷന്മാരിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഭാര്യമാര്‍ പൊങ്കാലയിടാന്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് ഒരു ലൈംഗികത്തൊഴിലാളിയുമായി ഒത്തുചേരുകയാണ് മൂന്നുപേരും. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

    ഷട്ടര്‍

    24 മണിക്കൂറിന്റെ കഥ പറയുന്ന ചിത്രങ്ങള്‍

    അടുത്തകാലത്ത് പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നവയില്‍ ഒന്നാണ് ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്ന ചിത്രം. പുരസ്‌കാരങ്ങള്‍ ഏറെ നേടിയിട്ടുള്ള ചിത്രം കുറച്ചു മണിക്കൂറുകളില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളാണ് പറയുന്നത്. ഒരു രാത്രിയില്‍ നടക്കുന്നകാര്യങ്ങളാണ് ചിത്രത്തിന്റെ അടിസ്ഥാനം. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കുന്ന പല സന്ദര്‍ഭങ്ങളുമുണ്ട് ചിത്രത്തില്‍. ലാല്‍, വിനയ് ഫോര്‍ട്, ശ്രീനിവാസന്‍, സജിത മഠത്തില്‍ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിലൂടെ ഏറെക്കാലത്തിന്‌ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തിയ ജോയ് മാത്യു അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്നുണ്ട്.

    അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്

    24 മണിക്കൂറിന്റെ കഥ പറയുന്ന ചിത്രങ്ങള്‍


    ഇന്ദ്രജിത്ത്, മേഘ്‌ന രാജ്, പ്രതാപ് പോത്തന്‍, ഗണേഷ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് എന്ന ചിത്രവും ഇത്തരത്തില്‍ കുറച്ച് മണിക്കൂറുകളുടെ കഥ പറഞ്ഞ ചിത്രമാണ്. ഒരു ഫഌറ്റിലെ ലിഫ്റ്റില്‍ ജീവിത്തിന്റെ പലതുറയില്‍ നിന്നുള്ളവരും ലിഫ്റ്റ് ഓപ്പറേറ്ററും പെട്ടുപോവുകയും ഇതിനുള്ളില്‍ വച്ചുതന്നെ അവിടെ നടന്ന ഒരു കൊലക്കേസിന് തുമ്പുണ്ടാവുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രദര്‍ശനവിജയം നേടിയില്ലെങ്കിലും ടികെ രാജീവ് കുമാര്‍ ഒരുക്കിയ ചിത്രം തീര്‍ത്തും വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിയ്ക്കുന്നുണ്ട്.


    English summary
    Malayalam film industry since then has witnessed several other films set within a specific time frame. Here is a look at some of the recent movies that unfold on a single day.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X