»   » എന്തിനാണിങ്ങനെ കബാലി എന്ന് പറഞ്ഞ് അലറുന്നത്, ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്നതിനപ്പുറം എന്താണതില്‍?

എന്തിനാണിങ്ങനെ കബാലി എന്ന് പറഞ്ഞ് അലറുന്നത്, ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്നതിനപ്പുറം എന്താണതില്‍?

Written By:
Subscribe to Filmibeat Malayalam

അശ്വിനി ഗോവിന്ദ്

ജേര്‍ണലിസ്റ്റ്
കബാലിയ്ക്ക് കട്ട വെയിറ്റിങ് സ്റ്റാറ്റസ് ഇട്ട്, വെല്‍ക്കം സോങ് തയ്യാറാക്കി കാത്തിരിയ്ക്കുന്ന കേരള ജനതയോട് ഒരു ചോദ്യം, മലയാളത്തില്‍ ഒരു വര്‍ഷം എത്ര കലാമൂല്യമുള്ള ചിത്രമിറങ്ങുന്നുണ്ട് എന്നും, അതിലെത്രയെണ്ണം വെറും അവാര്‍ഡ് പടങ്ങളെന്ന് പറഞ്ഞ് തള്ളപ്പെടുന്നുണ്ട് എന്നും നിങ്ങള്‍ക്കറിയാമോ?. നിങ്ങളുടെ ഒരു സൂപ്പര്‍ സ്റ്റാറിനോ, സിനിമയ്‌ക്കോ അന്യനാട്ടില്‍ ഇതുപോലൊരു സ്വീകരണം ലഭിച്ചതായി നിങ്ങള്‍ക്കറിയാമോ?

19/07/2016
ബാംഗ്ലൂര്‍

എത്രയും പ്രിയപ്പെട്ട രജനികാന്ത് ആരാധകര്‍ക്ക്,

എല്ലാവരും കബാലി റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലായിരിക്കും അല്ലേ. വലിയ ഫ്ലക്സ് ബോര്‍ഡുകളെല്ലാം അടിച്ചു എന്നും അതിലൊഴിക്കാനുള്ള പാല് സംഭരിച്ചു എന്നും, തോരണങ്ങളും പടക്കങ്ങളുമൊക്കെയായി ആരാധകരെ വിളിച്ചുകൂട്ടി എന്നും വിശ്വസിയ്ക്കുന്നു. എല്ലാ മുന്നൊരുക്കങ്ങളും കഴിഞ്ഞോ എന്നന്വേഷിക്കാനല്ല ഈ എഴുത്ത്. എന്റെ ചില സംശയങ്ങള്‍ക്ക് ഉത്തരം അറിയാനാണ്.

റിലീസിന് മുമ്പേ രജനികാന്തിന്റെ കബാലി നേടിയത് ഞെട്ടിക്കുന്ന തുക!! ബാഹുബലിയെ കടത്തിവെട്ടും

ജൂലൈ 22 ന് ലോകമെമ്പാടും കബാലി എന്ന രജനികാന്ത് ചിത്രം റിലീസ് ചെയ്യുമല്ലോ. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് മിനിട്ടുകള്‍ കൊണ്ടാണ് കാലിയായത് എന്ന് കേട്ടു. 110 കോടി രൂപയ്ക്ക് നിര്‍മിച്ച ചിത്രം റിലീസിന് മുമ്പേ തന്നെ നിര്‍മാതാവ് കലൈപുലി താണുവിന് നേടിക്കൊടുത്തത് 225 കോടി രൂപയാണത്രെ. എട്ടരക്കോടി രൂപയ്ക്ക് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സ്വന്തമാക്കി.

 kabali

എവിടെ നോക്കിയാലും കോടികളുടെ കണക്കുകള്‍. ഒരു ബ്രഹ്മാണ്ഡ ചിത്രത്തെ വരവേല്‍ക്കുന്ന ആഘോഷമാണ് സോഷ്യല്‍ മീഡിയയിലും ആരാധകരായ നിങ്ങളിലും കാണുന്നത്. എന്തിനാണ് ആളുകള്‍ ഇത്രയേറെ ആവേശം കൊള്ളുന്നത് എന്ന് മനസ്സിലാവുന്നില്ല. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും രജനികാന്തിന്റെ ലുക്കും എല്ലാം മരണമാസായിരുന്നു. അതിനപ്പുറം എന്താണ്??

വാണിജ്യ സിനിമകള്‍ക്ക് നല്‍കുന്ന വരവേല്‍പ് എന്നതിനപ്പുറം ഇതലൊന്നും ഒന്നും കാണാനില്ല. ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്നതിനപ്പുറം എന്താണ് റിലീസിന് മുമ്പേ ഇത്രമാത്രം കൊട്ടിഘോഷിക്കാന്‍ കബാലിയില്‍ ഉള്ളത്. രജനികാന്തിന്റെ പഴയ സ്റ്റൈലും, നരച്ച താടിയും മുടിയുമുള്ള ലുക്കും ഫാന്‍സുകാരെ തൃപ്തിപ്പെടുത്തുന്ന ഡയലോഗുകളുമാണോ...? ഇതാണോ ഒരു നല്ല സിനിമയുടെ മാനദണ്ഡം?

കഥയാണ്, കലാമൂല്യമുള്ള സിനിമയാണ് എന്നൊക്കെയാണ് പറയാന്‍ വരുന്നത് എങ്കില്‍, അങ്ങനെ ഒരു കാര്യം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയില്ലല്ലോ. സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് അത് പറയുന്നത് എങ്കില്‍ സമ്മതിക്കാം. അല്ല സംവിധായകന്റെ കഴിവാണ് എന്ന് പറയുന്നുവെങ്കില്‍, ഏറെ കുറേ ശരിയായിരിക്കാം. ആട്ടക്കത്തി, മദ്രാസ് എന്നീ രണ്ട് ചിത്രങ്ങളിലൂടെ തന്നെ തന്റെ മികവ് തെളിയിച്ച സംവിധായകനാണ് പ രഞ്ജിത്ത്. പക്ഷെ അപ്പോഴും നിങ്ങള്‍ പറയുന്നത് സ്റ്റൈല്‍ മന്നന്റെ ചിത്രം എന്നാണല്ലോ. സിനിമ സംവിധായകന്റെ കൂടെ കലയാണെന്ന് തിരിച്ചറിയൂ...

kabali

അല്ല, അതിനും മാത്രം എന്താണ് രജനികാന്ത് ചിത്രത്തിലുള്ളത്? ആരാധകരെ ആവേശം കൊള്ളിയ്ക്കുന്ന തന്റേതായ ചില സ്‌റ്റൈലുകള്‍ എന്നും രജനികാന്ത് ചിത്രങ്ങളിലുണ്ട്. പക്ഷെ സമീപകാലത്ത് ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു. ഏറെ പ്രതീക്ഷയോടെ വന്ന ലിങ്ക എന്ന ചിത്രം 54 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ഭാഷ, മുത്തു, അണ്ണാമലൈ, ദളപതി, തുടങ്ങിയ മികച്ച ചിത്രങ്ങളിലൊക്കെ അഭിനയിച്ച മികച്ച അഭിനേതാവാണ് രജനികാന്ത് എന്ന സത്യം മറച്ചുവയ്ക്കുകയല്ല.

ഇനി, കബാലിയ്ക്ക് കട്ട വെയിറ്റിങ് സ്റ്റാറ്റസ് ഇട്ട്, വെല്‍ക്കം സോങ് തയ്യാറാക്കി കാത്തിരിയ്ക്കുന്ന കേരള ജനതയോട് ഒരു ചോദ്യം, മലയാളത്തില്‍ ഒരു വര്‍ഷം എത്ര കലാമൂല്യമുള്ള ചിത്രമിറങ്ങുന്നുണ്ട് എന്നും, അതിലെത്രയെണ്ണം വെറും അവാര്‍ഡ് പടങ്ങളെന്ന് പറഞ്ഞ് തള്ളപ്പെടുന്നുണ്ട് എന്നും നിങ്ങള്‍ക്കറിയാമോ. നിങ്ങളുടെ ഒരു സൂപ്പര്‍ സ്റ്റാറിനോ, സിനിമയ്‌ക്കോ അന്യനാട്ടില്‍ ഇതുപോലൊരു സ്വീകരണം ലഭിച്ചതായി നിങ്ങള്‍ക്കറിയാമോ. പ്രേമം തമിഴ്‌നാട്ടില്‍ 250 ദിവസം ഓടി എന്നാണ് പറയാന്‍ വരുന്നതെങ്കില്‍, ചിത്രം റിലീസായി മികച്ചതാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷമാണ് തമിഴ്‌നാട്ടുകാര്‍ ഏറ്റെടുത്തത്.

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സ്‌റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ വെല്‍കം സോങ് വൈറലാകുന്നു

വാണിജ്യ ലക്ഷ്യത്തോടെ മാത്രം പുറത്തിറങ്ങുന്ന അന്യഭാഷ ചിത്രങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിന്റെയും സ്വീകരണത്തിന്റെയും ഒരംശം മലയാളത്തിലെ ഒഴിവുദിവസത്തെ കളിക്കും, ഐനും, ഒറ്റാലിനുമൊക്കെ നല്‍കിയിരുന്നെങ്കില്‍... നിങ്ങള്‍ നോക്കുന്നത് ചിത്രത്തിനൊപ്പം കേള്‍ക്കുന്ന കോടികളുടെ കണക്കുകള്‍ മാത്രമാണോ. ചിത്രം ഒരു പരാജയമാണെങ്കില്‍ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) ആ നഷ്ടം ആരുടെ കണക്കില്‍ എഴുതിച്ചേര്‍ക്കും?

kabali

നല്ല സിനിമകളെ പ്രമോട്ട് ചെയ്യേണ്ട എന്നോ, ഭാഷയുടെ അടിസ്ഥാനത്തില്‍ സിനിമകളെ വേര്‍തിരിച്ച് കാണണമെന്നോ പറയുന്നില്ല. എന്ത് തന്നെയായാലും റിലീസിന് ശേഷം തീരുമാനിക്കുക. കുറഞ്ഞ പക്ഷം റിലീസ് വരെ കാത്തിരിയ്ക്കുക. റിലീസിന് മുമ്പേ കോടികള്‍ വാരിയെറിഞ്ഞുള്ള ഈ ആര്‍പ്പുവിളിയില്‍ എന്താണ് അര്‍ത്ഥം. ലിങ്കയ്ക്ക് സംഭവിച്ച നഷ്ടം കബാലിയ്ക്ക് സംഭവിക്കാതിരിക്കട്ടെ. രജനിയുടെ വീടിന് മുമ്പില്‍ സമരക്കാര്‍ ഇല്ലാതിരിക്കട്ടെ...

എന്തായാലും ഇത്രയൊക്കെ ആയില്ലേ... ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കട്ടെ. പടുകൂറ്റന്‍ ഫ്ലക്‌സിന് മുകളില്‍ കയറി പാലഭിഷേകം നടത്തുമ്പോള്‍ കാല്‍ വഴുതി താഴെ വീഴാതെ സൂക്ഷിക്കണം. ക്ഷീര കര്‍ഷകര്‍ കണ്ണീര്‍ സമരമുറയുമായി വന്നെങ്കില്‍ അവരോട് ഇന്നൊരു ദിവസത്തെ കാര്യമല്ലേ എന്ന് പറഞ്ഞേക്കൂ... പടക്കം പൊട്ടിക്കുമ്പോള്‍ കുട്ടികളെ ചുറ്റിലും നിന്ന് മാറ്റി നിര്‍ത്തണം... കത്ത് ചുരുക്കുന്നു

എന്ന് ഒരു രജനികാന്ത് ആരാധിക
ഒപ്പ്

English summary
Why this Kolaveri for Kabali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam