»   » എല്ലാവരും ഹിറ്റിന്റെ പുറകെ പോകുമ്പോള്‍ ഒരാള്‍ മാത്രം നല്ല സിനിമ തേടുന്നു, അത് ഫഹദിന്റെ പരാജയമല്ല!!

എല്ലാവരും ഹിറ്റിന്റെ പുറകെ പോകുമ്പോള്‍ ഒരാള്‍ മാത്രം നല്ല സിനിമ തേടുന്നു, അത് ഫഹദിന്റെ പരാജയമല്ല!!

Posted By:
Subscribe to Filmibeat Malayalam

അശ്വിനി ഗോവിന്ദ്

ജേര്‍ണലിസ്റ്റ്
പലരും പലപ്പോഴും ചോദിക്കുന്നത് കേട്ടിട്ടുണ്ട്, ഇത്രയേറെ പരാജയങ്ങള്‍ നേടിയിട്ടും എന്തുകൊണ്ട് ഫഹദൊരു സേഫ് സൂണ്‍ നോക്കുന്നില്ല എന്ന്. എന്താണ് ഹേ ഈ സേഫ് സൂണ്‍? വലിയൊരു സാമ്പത്തിക നേട്ടം കൊയ്യുന്ന ഒരു മാസ് ചിത്രത്തില്‍ അഭിനയിച്ചാല്‍ ഫഹദ് ഫാസില്‍ സേഫാകുമോ?

'മികച്ച' സിനിമ എന്ന വാക്കിന്റെ നിര്‍വചനം മാറിയിരിക്കുന്നു. സാമ്പത്തികമായി, ബോക്‌സോഫീസില്‍ എത്ര നേടി എന്ന നിലയിലാണ് ഇപ്പോള്‍ നല്ല ചിത്രങ്ങളെ പലരും നിര്‍വചിച്ചു വച്ചിരിയ്ക്കുന്നത്. കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ക്ക് വേണ്ട മസാലകളെല്ലാം ഉണ്ടെങ്കില്‍ കാണികള്‍ കൂടും, അത് സിനിമയുടെ വിജയമായി പറയപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ്, ഏതാണ് 'മികച്ചത്' എന്ന് ഒന്ന് ആഴത്തില്‍ നോക്കിയാല്‍ ആ ഹിറ്റ് പട്ടികയില്‍ നിന്ന് പല സിനിമകളും വെട്ടപ്പെടും.

സാമ്പത്തികമായി വിജയം നേടാത്ത സിനിമകള്‍ ഇവിടെ പരാജയമാണ്. അതെത്ര കലാമൂല്യമുള്ളതാണെങ്കിലും. പണ്ടൊക്കെ സിനിമ എന്ന് പറയുമ്പോള്‍ ഒരു നായകന്‍, ഒരു നായിക, ഒരു വില്ലന്‍ കുറച്ച് കോമഡിയും ഫൈറ്റുമുണ്ടെങ്കില്‍ സിനിമ പൂര്‍ണതയിലെത്തി. എന്നാല്‍ അത്തരം കാഴ്ചപ്പാടുകളില്‍ നിന്നൊക്കെ സിനിമ ഒരുപാട് മുന്നോട്ട് സഞ്ചരിച്ചിരിയ്ക്കുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട 'എന്നെന്നും കണ്ണേട്ടന്റെ' എന്ന തന്റെ ചിത്രം പരാജയപ്പെട്ടത് വില്ലന്മാര്‍ ഇല്ലാത്തതുകൊണ്ടായിരുന്നു എന്ന് മുമ്പൊരു അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞിരുന്നു. എന്നാലിന്ന് വില്ലന്മാരില്ലാത്ത സിനിമയും വിജയിക്കും. സാഹചര്യങ്ങളാണ് പലപ്പോഴും കഥയിലെ വില്ലന്മാരായി മാറുന്നത്. മലയാള സിനിമ കൂടുതല്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തു എന്നാണ് ഇത്തരം മാറിയ കാഴ്ചപ്പാടുകള്‍ സൂചിപ്പിയ്ക്കുന്നത്.

fahad-fazil-is-not-fail

എന്നാലും മാറാത്തതായി ചിലത് ഇപ്പോഴുമുണ്ട് മലയാള സിനിമയില്‍. 'കൊമേര്‍ഷ്യല്‍ ചേര്‍വുകള്‍' മറ്റൊരു തരത്തില്‍ പ്രേക്ഷകരെ വല്ലാതെ സ്വാധിനിച്ചിട്ടുണ്ട്. ഹിറ്റുകള്‍ ഉണ്ടാക്കുക എന്നാല്‍ മികച്ച ചിത്രങ്ങള്‍ നല്‍കുക എന്നതല്ല, മറിച്ച് ഒന്നിന് പിറകെ ഒന്നായി സാമ്പത്തിക വിജയം നേടുന്ന സിനിമകള്‍ ചെയ്യുക എന്നതായി മാറിയിരിക്കുന്നു. 

അതൊക്കെ പോട്ടെ, ഇപ്പോള്‍ കേരളത്തിലെ താരപ്രഭ എങ്ങനെയാണ്. തുടര്‍ച്ചയായി ഹിറ്റുകള്‍ നേടുന്ന യുവ നടന്മാര്‍ പുതിയ മമ്മൂട്ടിയും മോഹന്‍ലാലും ആകുന്നു. അല്ലെങ്കില്‍ അവര്‍ക്ക് പകരക്കാരായി നാളെ മലയാള സിനിമയില്‍ ഉണ്ടാവും എന്ന് പ്രവചിയ്ക്കുന്നു. ഒരു മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ പിന്തുടര്‍ച്ചക്കാരും മാത്രം മതിയോ മലയാള സിനിമയ്ക്ക്. അവരില്‍ നിന്ന് വേറിട്ട് സഞ്ചരിക്കേണ്ടേ. എന്തുകൊണ്ട് ഒരു നടനെ, അയാളുടെ വേറിട്ട സഞ്ചാരത്തെ നോക്കി അടയാളപ്പെടുത്തുന്നില്ല. അങ്ങനെ അല്ലാത്ത നടന്‍ പരാജയമാണോ?

fahad-fazil-is-not-fail

ആ അര്‍ത്ഥത്തില്‍ ഫഹദ് ഫാസില്‍ എന്ന നടന്‍ കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി പരാജയമാണ്. പലരും പലപ്പോഴും ചോദിക്കുന്നത് കേട്ടിട്ടുണ്ട്, ഇത്രയേറെ പരാജയങ്ങള്‍ നേടിയിട്ടും എന്തുകൊണ്ട് ഫഹദൊരു സേഫ് സൂണ്‍ നോക്കുന്നില്ല എന്ന്. എന്താണ് ഹേ ഈ സേഫ് സൂണ്‍? വലിയൊരു സാമ്പത്തിക നേട്ടം കൊയ്യുന്ന ഒരു മാസ് ചിത്രത്തില്‍ അഭിനയിച്ചാല്‍ ഫഹദ് ഫാസില്‍ സേഫാകുമോ? തുടര്‍ച്ചയായി പരാജയ ചിത്രങ്ങള്‍ ഏറ്റുവാങ്ങുന്ന നടനാണ് ഫഹദ് എന്ന് പറയുന്നവരോട് ഒരു ചോദ്യം ചോദിച്ചോട്ടെ, ഫഹദ് ചെയ്തതുപോലെ മികച്ച എത്ര വേഷങ്ങള്‍ എണ്ണാനുണ്ട് ഇന്ന് നിങ്ങള്‍ പൊക്കിപിടിച്ചിരിയ്ക്കുന്ന യുവനടന്മാര്‍ക്ക്?

fahad-fazil-is-not-fail

ആദ്യ ചിത്രത്തിന് കൈയ്യെത്താത്ത ദൂരത്തായിരുന്നു വിജയം. എന്നാല്‍ ചാപ്പാകുരിശിലെ അല്പമൊരു നെഗറ്റീവ് എനര്‍ജിയുള്ള കഥാപാത്രത്തെ സ്വീകരിക്കാന്‍ ഏത് യുവ നടന്‍ തയ്യാറാകുമായിരുന്നു. 22 ഫീമെയില്‍ കോട്ടയത്തിലെ സിറില്‍ സി മാത്യുവിനെ അവതരിപ്പിയ്ക്കാന്‍ എത്ര യുവ നടന്മാര്‍ ധൈര്യം കാണിക്കും. ഇതൊരു വെല്ലുവിളിയോ അവകാശവാദമോ ആയി തോന്നുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ എടുത്തോളൂ. ഡോ അരുണ്‍ കുമാറിനെയും റസൂലിനെയും സോളമനെയും ശ്രീനിയെയും മിഷേലിനെയും ഹരികൃഷ്ണനെയും അലോഷിയെയുമൊക്കെ ഫഹദിന് മാത്രം കഴിയുന്ന കഥാപാത്രങ്ങളാണ്.

ഹോ മറന്നു, നിങ്ങള്‍ പറയുന്നത് ഫഹദിന്റെ പരാജയങ്ങളെ കുറിച്ചാണല്ലോ...? വണ്‍ ബൈ ടു, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, മണിരത്‌നം എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഫഹദിന്റെ കരിയറില്‍ ഏറ്റവും മോശമെന്ന് വിശേഷിപ്പിക്കപ്പെട്ട മൂന്ന് ചിത്രങ്ങള്‍. ഓവറോള്‍ നോക്കുകയാണെങ്കില്‍ സിനിമ പരാജയമായിരുന്നു, എന്നാല്‍ അതിലെ (മണിരത്‌നം ഒഴികെ) നന്മ കണ്ടെത്താന്‍ എത്ര പേര്‍ ശ്രമിച്ചു. 

fahad-fazil-is-not-fail

ദൈവത്തിന്റെ സ്വന്തം നാടെന്നു പറയപ്പെടുന്ന കേരളം അങ്ങിനെയല്ലാതെയാവുന്നെങ്കില്‍, അതിനു ചില സാമൂഹിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഗോഡ്‌സ് ഓണ്‍ കണ്ട്രി കഥ പറഞ്ഞു പോകുന്നത്. വേറിട്ട ഒരു സിനിമാറ്റിക് അനുഭവമായിരുന്നു വണ്‍ ബൈ ടു. ഫോര്‍മുലകളുടെ, സിനിമാചിട്ടവട്ടങ്ങളുടെ ചട്ടക്കൂടില്‍ നില്‍ക്കാത്ത, റിയലിസത്തിന്റേയും ഫാന്റസിയുടേയും മധ്യേ സഞ്ചരിക്കുന്ന വണ്‍ ബൈ ടൂ ശക്തമായ, വേറിട്ട പരീക്ഷണമാണ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍. കാഴ്ചക്കാരന്റെ ശക്തമായ ഇന്‍വോള്‍വ്‌മെന്റ് ആവശ്യപ്പെടുന്നുണ്ട് ഒരു സങ്കീര്‍ണമായ ഒരു പദപ്രശ്‌നം പോലെയുള്ള കഥയും കഥാസന്ദര്‍ഭങ്ങളും.

ഹരത്തിലെ ബാലകൃഷ്ണന്‍ ജീവിതത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നു. അയാള്‍ ഞാനല്ല എന്ന ചിത്രത്തിലെ പ്രകാശനിലും നമുക്ക് നമ്മളിലൊരാളെ കണ്ടെത്താന്‍ കഴിയുന്നുണ്ട്. ഒടുവില്‍ റിലീസ് ചെയ്ത മണ്‍സൂണ്‍ മാംഗോസിനെ 'പാവാട' കൊണ്ട് മൂടി മറയ്ക്കുകയായിരുന്നു ചിലര്‍.

fahad-fazil-is-not-fail

പിന്നെ എന്തുകൊണ്ട് ഫഹദ് പരാജയപ്പെടുന്നു? 22 ഫീമെയില്‍ കോട്ടയവും, ആര്‍ട്ടിസ്റ്റും, അന്നയും റസൂലുമൊക്കെ കണ്ടവരാരും പറയില്ല ഫഹദിന് അഭിനയിക്കാന്‍ അറിയില്ല എന്ന്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെയാണ് നിങ്ങള്‍ കുറ്റം പറയുന്നത് എങ്കില്‍ ഫഹദ് ഫാസില്‍ എന്ന നടന്‍ ഒരിക്കലും തേടിപ്പോകുന്നത് 'ഹിറ്റ്' ചിത്രങ്ങളെ അല്ല എന്ന് അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് പറയുന്നു. നന്മയുള്ള, സാമൂഹത്തോട് പ്രതിബന്ധതയുള്ള, സാധാരണക്കാരന് ബന്ധിപ്പിയ്ക്കാന്‍ കഴിയുന്ന കഥാപാത്രങ്ങളാണ്. ഒരു സിനിമയും പരാജയപ്പെടണമെന്ന് കരുതി ഒരു അഭിനേതാവും, അണിയറപ്രവര്‍ത്തകരും സമീപിയ്ക്കുന്നില്ല. മറ്റൊരു ചാപ്പാ കുരിശ് സംഭവിച്ചാല്‍ നിങ്ങള്‍ വീണ്ടും വരും പൃഥ്വിരാജിന് പുനര്‍ജന്മം കൊടുത്തതുപോലെ, എല്ലാ ക്രഡിറ്റും നിങ്ങളുടേതാക്കാന്‍. അപ്പോഴും ഫഹദിന് മാറ്റമുണ്ടാവും എന്ന് വിശ്വസിയ്ക്കുന്നില്ല.

ഇവിടെ അളക്കുന്നത് സിനിമയുടെ മേന്മ മാത്രമല്ല, നടന്റെ മുന്‍ ചിത്രങ്ങളും ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ കൂട്ടിക്കുഴച്ചാണ്. ശരിയാണ് പണം മുടക്കി സിനിമ കാണുന്ന നിങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. പക്ഷെ പ്രോത്സാഹിപ്പിയ്ക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍, നിങ്ങള്‍ കണ്ട സിനിമകളില്‍ എത്രത്തോളം നല്ലതുണ്ട് എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയണം. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ക്ക് കാഴ്ചക്കാരില്ലാത്ത കാര്യവും, തിയേറ്ററുകള്‍ കിട്ടാത്ത കാര്യവും ഇതിനോടൊപ്പം കൂട്ടി വായിക്കണം. തമിഴ് മസാല പടങ്ങള്‍ക്ക് പാലഭിഷേകം നടത്താന്‍ പോകുന്ന മലയാളി പ്രേക്ഷകര്‍ ഇവിടെ ഇറങ്ങുന്ന നല്ല ചിത്രങ്ങളോട് മുഖം തിരിച്ചുവയ്ക്കുന്നത് ശരിയാണോ?

English summary
It's not fail of Fahad Fazil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam