For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാം ഓര്‍മ്മയുണ്ട്‌, സംസാരിക്കില്ലെന്നേയുള്ളൂ; പപ്പ തിരിച്ചു വരും: ജഗതിയുടെ മകന്‍ പറയുന്നു

  |

  സിനിമയാണ് പപ്പയുടെ ജീവശ്വാസം, സിനിമ തന്നെ അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുമെന്ന് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ് കുമാര്‍. ഇന്‍സ്‌പെക്ടര്‍ വിക്രമില്ലാതെ സിബിഐ പൂര്‍ണമാകില്ല എന്ന അണിയറപ്രവര്‍ത്തകരുടെ തീരുമാനമാണ് വാഹനാപകടത്തെത്തുടര്‍ന്ന് പത്തുവര്‍ഷമായി വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്ന അഭിനയപ്രതിഭയെ തിരികെ ക്യാമറയ്ക്ക് മുന്നില്‍ എത്തിച്ചത്. മലയാളികളുടെ പ്രിയതാരത്തെ ഓജസും തേജസുമുള്ള പഴയ അമ്പിളിച്ചേട്ടനാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പത്തുവര്‍ഷമായി നടത്തുന്ന അശ്രാന്ത പരിശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടത്.

  സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രതീക്ഷിച്ചതിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു വിക്രമിന്റെ പ്രകടനം എന്ന് മകന്‍ രാജ് കുമാര്‍ പറയുന്നു. ഏറെ ആരാധിക്കുന്ന പ്രഗത്ഭ വ്യക്തികളോടും സ്വന്തം അച്ഛനോടുമൊപ്പം ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാജ് കുമാര്‍. അച്ഛന്റെ പുതിയ സിനിമാവിശേഷങ്ങള്‍ പങ്കുവെച്ച് മകന്‍ രാജ് കുമാര്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

  പപ്പ സിനിമയിലേക്ക് തിരിച്ചുവന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം തരുന്ന കാര്യമാണ് കാരണം ഞാന്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയായി എന്നാണ് എനിക്ക് തോന്നുന്നത്. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചതിനു ശേഷം ജീവച്ഛവമായി ഇരുന്ന അദ്ദേഹം തിരിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും വരണേ എന്നായിരുന്നു അദ്ദേഹത്തെ സ്‌നേഹിച്ച പ്രേക്ഷകരുടെ പ്രാര്‍ഥന. അത്തരത്തില്‍ ആഗ്രഹം അറിയിച്ച് വീട്ടിലെത്തുന്നവര്‍ നിരവധിയാണ്.

  പപ്പയെ തിരികെ സിനിമാലോകത്തേക്ക് കൊണ്ടുവരണം എന്നൊരു ലക്ഷ്യവുമായാണ് ജഗതിശ്രീകുമാര്‍ എന്റര്‍ടെയ്ന്റ്‌മെന്റ് എന്ന നിര്‍മാണക്കമ്പനി തുടങ്ങിയത്. രണ്ടു പരസ്യ ചിത്രങ്ങളും സംഗീത ആല്‍ബങ്ങളും ചെയ്തു. ആ പരസ്യ ചിത്രങ്ങളിലൂടെ അദ്ദേഹത്തെ തിരികെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിലൂടെ അദ്ദേഹത്തെ വെള്ളിത്തിരയിലും എത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്കിപ്പോള്‍ ചാരിതാര്‍ഥ്യമുണ്ട്. സിനിമയിലേക്ക് തിരികെ വരാന്‍ കഴിയും എന്ന ആത്മവിശ്വാസം മനസ്സില്‍ ഊട്ടിഉറപ്പിക്കുകയാണ് പപ്പയ്ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ചികിത്സ എന്ന് ഡോക്ടര്‍മാരും പറഞ്ഞിരുന്നു.

  എന്റെ നിര്‍മാണക്കമ്പനിയിലെ പരസ്യങ്ങളിലൂടെ ഞാന്‍ പപ്പയെ തിരികെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് എസ്.എന്‍. സ്വാമി സാര്‍ വിളിച്ചിട്ട് സിബിഐ ഫൈവിനെക്കുറിച്ച് പറയുന്നത്. ഞാന്‍ പറഞ്ഞു അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അനുസരിച്ചുള്ള കഥാപാത്രമാണെങ്കില്‍ നമുക്ക് ഉറപ്പായും ചെയ്യാം.

  സിബിഐ പുതിയ പതിപ്പിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിക്രം ഇല്ലെങ്കില്‍ സിനിമ അപൂര്‍ണമായിരിക്കും എന്നാണു സ്വാമി സാര്‍ പറഞ്ഞത്. അതുകൊണ്ടു പപ്പയ്ക്ക് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ കഥാപാത്രത്തെ സൃഷ്ടിച്ച് അവര്‍ വീണ്ടും വരികയായിരുന്നു. ഞങ്ങള്‍ ലൊക്കേഷനില്‍ ചെന്നപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. പപ്പ സ്‌നേഹിക്കുന്ന സിനിമാലോകം അദ്ദേഹത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.

  പപ്പയുടെ മനസ്സ് നിറഞ്ഞിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. കാരണം അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും സിനിമയാണ്. 'ഇങ്ങനെ ചെയ്താല്‍ മതി ചേട്ടാ' എന്നൊക്കെ പറഞ്ഞാണ് മധുസാര്‍ പപ്പയെ അഭിനയിപ്പിച്ചത്. പക്ഷേ എല്ലാവരെയും അമ്പരപ്പിക്കുന്ന രീതിയില്‍ അദ്ദേഹം അഭിനയിച്ചു.

  വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹം ഇരിക്കുന്നത് കണ്ടപ്പോള്‍ എന്റെ കണ്ണും മനസ്സും നിറഞ്ഞു. ഞാനും അമ്മയും സഹോദരിയും മറ്റുള്ള പ്രിയപ്പെട്ടവരും പത്തുവര്‍ഷമായി കാത്തിരിക്കുന്ന മുഹൂര്‍ത്തമായിരുന്നു അത്. പപ്പ കൂടുതല്‍ ഓജസോടെ തിരിച്ചുവരും എന്ന് ഇനിയെനിക്ക് ഉറപ്പാണ്. കാരണം കലയെ ജീവനായി കാണുന്ന അദ്ദേഹത്തിന് ശരിക്കും ജീവന്‍ തിരിച്ചുകിട്ടിയിരിക്കുകയാണ്.

  പണ്ടുമുതല്‍ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്. പഠനമാണ് പ്രധാനം എന്നുപറഞ്ഞു പപ്പ എന്നെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. പപ്പ സിബിഐ ഫൈവില്‍ അഭിനയിക്കണം എന്ന ആവശ്യവുമായി സ്വാമി സാര്‍ എത്തിയപ്പോള്‍ എന്നിലെ സിനിമാ മോഹം ഉണര്‍ന്നു. ഈ സിനിമയില്‍ ഒരു ചെറിയ വേഷം എനിക്കും തരുമോ എന്ന് ഞാന്‍ സ്വാമി സാറിനോട് ചോദിച്ചു. ഉറപ്പായും തരാം എന്ന് അദ്ദേഹം പറഞ്ഞു. സെറ്റിലെത്തുന്നതുവരെ എന്താണ് എനിക്കുകിട്ടാന്‍ പോകുന്ന വേഷം എന്ന് അറിയില്ലായിരുന്നു. അവിടെ എത്തിയപ്പോഴാണ് വിക്രമിന്റെ മകന്റെ വേഷമാണ് എനിക്ക് എന്ന് മനസിലായത്.

  പപ്പയോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമാണ്. ഒപ്പം എസ്.എന്‍. സ്വാമി സാര്‍, മധു സാര്‍, മമ്മൂക്ക അങ്ങനെയുള്ള പ്രഗത്ഭവ്യക്തികളോടൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. വിക്രമിന്റെ മകന്‍ ആണ് എന്റെ കഥാപാത്രം. കഥാപാത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാന്‍ കഴിയില്ല.

  സിനിമ കണ്ടവര്‍ നല്ല അഭിപ്രായമാണ് എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങളില്‍ നായകനും സംവിധായകനും എഴുത്തുകാരനും മറ്റു താരങ്ങളും മാറാതെ നില്‍ക്കുന്നത് ലോകത്ത് തന്നെ ഈ ഒരു സിനിമയില്‍ മാത്രമാണെന്ന് തോന്നുന്നു. മമ്മൂക്ക, എന്റെ പപ്പ മറ്റുതാരങ്ങള്‍ ഒക്കെ മേക്കപ്പ് ഇട്ടുവന്നപ്പോള്‍ ആദ്യസിനിമയില്‍ കണ്ടതുപോലെ തന്നെ തോന്നി ആര്‍ക്കും ഒരു വ്യത്യാസവും ഇല്ല. മമ്മൂക്ക സേതുരാമയ്യര്‍ ആയി വന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ആയി തന്നെ തോന്നി.

  എസ്.എന്‍. സ്വാമി സാര്‍ സിബിഐയെപ്പറ്റി എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പപ്പയോട് ഇതിനെപ്പറ്റി ചോദിച്ചു. പപ്പ തന്നെയാണ് സിനിമ ചെയ്യാം എന്ന് പറഞ്ഞത്. ഇതിനു മുന്‍പ് ചില പ്രോജക്ടുകള്‍ വന്നിരുന്നു അപ്പോള്‍ വേണ്ട വേണ്ട എന്നാണു അദ്ദേഹം പറഞ്ഞത്. കാലക്രമേണ സിനിമയിലേക്ക് വരണം എന്നൊരു ആഗ്രഹം അദ്ദേഹത്തിന് വന്നു.

  വീട്ടില്‍ അദ്ദേഹത്തെ കാണാനെത്തുന്ന സിനിമാ പ്രവര്‍ത്തകരും സുഹൃത്തുക്കളും പ്രേക്ഷകരും തിരികെ വരണം എന്നുള്ള ആഗ്രഹം അദ്ദേഹത്തില്‍ ഊട്ടിഉറപ്പിച്ചുകൊണ്ടിരുന്നു. ഒരു ചാനല്‍ നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പപ്പയുമായി ദുബായില്‍ പോയിരുന്നു. അന്ന് സ്‌റ്റേജിലെത്തിയ പപ്പയെ ജനലക്ഷങ്ങള്‍ ആരവത്തോടെയാണ് സ്വീകരിച്ചത്.

  അവരുടെ സ്‌നേഹവും ആദരവും ആവേശവും കണ്ടപ്പോള്‍ പപ്പയുടെ മനസ്സിലും തിരിച്ചു വരണം എന്നൊരു ആഗ്രഹം ഉദിച്ചിരിക്കും. ആ ആഗ്രഹമായിരിക്കും അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നത്. അദ്ദേഹത്തിന്റെ ആ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാന്‍ വേണ്ടിയാണു ഞാന്‍ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി പരസ്യചിത്രത്തിലേക്ക് കൊണ്ടുവന്നത്. സിബിഐയുടെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യാം എന്നാണു പറഞ്ഞത്. സംസാരിക്കാന്‍ കഴിയില്ലെങ്കിലും നന്നായി ആശയവിനിമയം നടത്താന്‍ കഴിയും. സംവിധായകനും മറ്റുള്ളവരും പ്രതീക്ഷിച്ചതിലും കവിഞ്ഞ അഭിനയം പപ്പ അവിടെ കാഴ്ചവച്ചു.

  സിനിമ കണ്ടിട്ട് പപ്പയുടെയും കുറെ സുഹൃത്തുക്കളും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരുമായ ഒരുപാടുപേര്‍ വിളിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അമ്പിളിച്ചേട്ടനെ വീണ്ടും സ്‌ക്രീനില്‍ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞു എന്നാണ് അവരൊക്കെ പറഞ്ഞത്. പപ്പയുടെ സീന്‍ വരുമ്പോള്‍ തിയറ്ററില്‍ നിറഞ്ഞ കയ്യടിയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

  Recommended Video

  സേതുരാമായ്യർക്കൊപ്പം വിക്രം ആയി ജഗതി കൂടെ ചാക്കോയും

  സിബിഐ അഞ്ചാം ഭാഗം ഞാനും പപ്പയും കണ്ടില്ല. എന്റെ പപ്പയെ തിയറ്ററില്‍ കൊണ്ടുപോയി സിബിഐ കാണിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. ഇപ്പോള്‍ നല്ല തിരക്കുള്ള സമയം ആണല്ലോ അതുകൊണ്ടാണ് പപ്പയെയും കൊണ്ട് തിയറ്ററില്‍ പോകാത്തത്. തിരുവനന്തപുരത്തെ ചില തിയറ്ററുകാര്‍ സ്‌പെഷല്‍ ഷോ അറേഞ്ച് ചെയ്യാം എന്നുപറഞ്ഞു വിളിക്കുന്നുണ്ട്. പപ്പയുടെ കഥാപാത്രത്തെ എല്ലാവരും ഏറ്റെടുത്തു എന്നാണു എനിക്ക് കിട്ടിയ റിവ്യൂ.

  അപകടത്തിന് ശേഷം പപ്പ പിന്നെ ഒരിക്കലും തിയറ്ററില്‍ പോയി സിനിമ കണ്ടിട്ടില്ല. സിബിഐ റിലീസ് ചെയ്തു എന്ന് ഞാന്‍ പപ്പയോടു പറഞ്ഞു. അദ്ദേഹം തലയാട്ടി കേട്ട് സന്തോഷം പ്രകടിപ്പിച്ചു. കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഏറെ തിരക്കുള്ള താരമായതിനാല്‍ പപ്പയോടൊപ്പം തിയറ്ററില്‍ പോയി സിനിമ കാണല്‍ കുറവായിരുന്നു. കിലുക്കം, യോദ്ധ ഒക്കെ പപ്പ ഞങ്ങളെക്കൊണ്ടുപോയി കാണിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് അദ്ദേഹത്തെ തിയറ്ററില്‍ കൊണ്ടുപോയി സിബിഐ കാണിക്കണം. അത് അദ്ദേഹത്തിന് കൂടുതല്‍ ആത്മവിശ്വാസം കൊടുക്കും എന്നാണ് എന്റെ പ്രതീക്ഷ.

  Read more about: jagathy sreekumar cbi 5
  English summary
  Jagathy Sreekumar son Rajkumar opens up about his father's re entry to Malayalam cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X