twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യര്‍ക്കും കൃഷ്ണയ്ക്കുമൊപ്പം അഭിനയിച്ചു! ദയ പ്രിയപ്പെട്ട ചിത്രമാവാന്‍ കാരണങ്ങളേറെ

    |

    ദയയെന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള തുറന്നെഴുത്തുമായെത്തിയിരിക്കുകയാണ് ജമേഷ് കോട്ടക്കല്‍. കഴിഞ്ഞയാഴ്ചയായിരുന്നു ആദ്യഭാഗം പുറത്തുവന്നത്. ഇപ്പോഴിതാ അടുത്ത ഭാഗവുമായെത്തിയിരിക്കുകയാണ് അദ്ദേഹം. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം

    ദയ' സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ പോസ്റ്റിൽ ഇട്ടിരുന്നതിന്റെ ബാക്കി. ആദ്യഭാ​ഗം ഒന്നാമത്തെ കമന്റിൽ ലിങ്ക് ആയി പേസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പുലർച്ചെയാണ് 'ദയ'യുടെ ക്രൂവിനൊപ്പം രാജസ്ഥാനിലെ ജോധ്പൂരിൽ ട്രെയിനിറങ്ങുന്നത്. ​ജോധ്പൂരിൽ നിന്ന് ജയ്സാൽമീറിലേക്ക് ഏകദേശം ഒരു പകൽമുഴുവനെടുക്കുന്ന റോഡ് യാത്രയുണ്ടെന്ന് അറി‌ഞ്ഞിരുന്നു. റെയിൽവേസ്റ്റേഷന്റെ പുറത്ത് നിർത്തിയിട്ടുള്ള ചിത്രപ്പണികൾ ചെയ്തിട്ടുള്ള കളർഫുൾ രാജസ്ഥാനി ബസിലേക്കാണ് സിനിമാ ടീം നടക്കുന്നത്. ഞാൻ ഓടിപ്പോയി മുന്നിൽതന്നെ സീറ്റുപിടിച്ചു.

    ബസ് ​ഗ്രാമപ്രദേശങ്ങളിലേക്ക് പുകതുപ്പി വലിഞ്ഞുമൂളി പോകുകയാണ്. കുറച്ചുദൂരം പോയിക്കഴിഞ്ഞിട്ടാണ് ഇത് ഷുട്ടിം​ഗ് ക്രൂവിന് മാത്രമായുളള ബസ്സല്ല മറിച്ച് ജയ്സാൽമീറിലേക്കുള്ള സാധാരണ ലൈൻ ബസാണെന്ന കാര്യം ഞാൻ മനസ്സിലാക്കുന്നത്. എല്ലാ സ്റ്റോപ്പുകളിൽനിന്നും കൂടും കുടുക്കയും കുട്ടികളുമായി ​ഗ്രമീണർ ബസിലേക്ക് ഇടിച്ചുകയറിക്കൊണ്ടിരുന്നു.

    പലവർണങ്ങളുള്ള തലപ്പാവും സ്ത്രീകളുടെ നിറപ്പകിട്ടാർന്ന വേഷങ്ങളും. ആദ്യമൊക്കെ കാണാൻ നല്ല രസമായിരുന്നെങ്കിലും ബസിനുള്ളിൽ ഇനി ഒരിഞ്ച് സ്ഥലമില്ല എന്ന അവസ്ഥയെത്തിയപ്പോൾ ഞാൻ പരിഭ്രാന്തനായി. സീറ്റിന്റെ സൈിഡിൽ നിലത്തുവെച്ചിരുന്ന എന്ററെ ബാ​ഗുകൾക്കുമുകളിലൊക്കെ ഭാൺ‍‍‍ഡക്കെട്ടുകളും കുട്ടകളും വന്ന് നിറഞ്ഞുകഴിഞ്ഞു. ക്യാമറ കൈയിലുണ്ടെങ്കിലും പല വിലപിടിപ്പുള്ള അനുബന്ധ സാധനങ്ങൾ വസ്ത്രങ്ങൾക്കൊപ്പം താഴെയുള്ള ബാ​ഗുകളിലാണ്. ക്രൂവിനുള്ള സ്പെഷ്യൽ ബസാണെന്ന് തെറ്റിദ്ധരിച്ചതിനാൽ അല്പം അലക്ഷ്യമായാണ് ഞാൻ സാധനങ്ങൾ ബസിനുള്ളിൽ വെച്ചിരുന്നത്.

    ലൊക്കേഷനിലേക്കുള്ള  യാത്ര

    ലൊക്കേഷനിലേക്കുള്ള യാത്ര

    ഇനി ആരെയും കയറ്റുന്നുണ്ടാവില്ല എന്ന് ഞാൻ മനസ്സിൽ സമാധാനിക്കുമ്പോഴേക്കും അടുത്ത വളവിൽ ബസ് നിർത്തി അവിടെ വെറുതെയിരിക്കുന്ന ആളുകളെവരെ വിളിച്ചുകയറ്റി ബസ് ജീവനക്കാർ എന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. എന്തായാലും ജയ്സാൽമീറിലെത്തി ബാ​ഗ് പരിക്കില്ലാതെ കൈയിൽകിട്ടിയപ്പോൾ യാത്രയുടെ തളർച്ചയും പരിഭ്രാന്ത്രിയും വിട്ടുപോയി. ജയ്സാൽമീർ! ചിത്രങ്ങളിൽ കണ്ടതിനേക്കാൾ സുന്ദരമായ ഇടം. താമസിയാതെ റൂമിലെത്തി കുളിച്ചു ഭക്ഷണം കഴിച്ച് വിശ്രമിച്ചു. ഉറങ്ങുന്നതിനുമുമ്പ് എന്റെ സിനിമാ ജീവിതം നാളെ ആരംഭിക്കുകയാണല്ലോ എന്നോർത്ത് പുളകംകൊണ്ട് ഉറക്കം അല്പം നീട്ടിക്കൊണ്ടുപോകാനും മറന്നില്ല!

    ആശങ്കയോടെ

    ആശങ്കയോടെ

    പിറ്റേ ദിവസം രാവിലെതന്നെ ലൊക്കെേഷനിലെത്തിയപ്പോഴാണ് ആ സത്യം മനസ്സിലായത് . സിനിമയുടെ സ്റ്റിൽ ചെയ്യാൻ വേറൊരു നല്ല ഫോട്ടോ​ഗ്രാഫറുണ്ട്. രാജേഷ്. കണ്ടിന്യൂറ്റിവേണ്ടിയുള്ള സീൻ ബൈ സീൻ പടങ്ങൾ രാജേഷിന്റെ ചുമതലയാണ്. അപ്പോ മാതൃഭൂമിക്ക് വേണ്ടി സ്പെെഷ്യൽ ചിത്രങ്ങളെടുക്കാൻ മാത്രമാണ് എന്നെ എം ടി സാർ അയച്ചിരിക്കുന്നത്. കൊള്ളാം. എനിക്ക് സ്വയം അഭിമാനവും അഹങ്കാരവും തോന്നി. നേരെ സംവിധായകൻ വേണുസാറിനെ പോയി കണ്ടു. പല ലൊക്കേഷനുകളിലും ഒരു ഫോട്ടോ​ഗ്രഫർ എന്ന് രീതിയിൽ കണ്ട് പരിചയമുണ്ട് വേണുസാറിന്. എന്നാലും സംവിധായകൻ എന്ന നിലയ്ക്ക് നടനാവാൻ വന്ന തുടക്കക്കാരനനോട് എന്താകും നിലപാട് എന്നറിയാത്തതിനാൽ ഞാൻ ആശങ്കയോടെ വേണുസാറിന് മുന്നിൽ‌‍ നിന്നു.

    കൃഷ്ണയുടെ വരവ്

    കൃഷ്ണയുടെ വരവ്

    ജമേഷ് ഉളള സീനൊക്കെ ഇപ്പോഴൊന്നും ആയിട്ടില്ല. അതുവരെ ഇഷ്ടമുള്ള ഫോട്ടോകളൊക്കെ എടുത്ത് കൂടെ നിന്നോളൂ എന്ന് പറഞ്ഞ് വേണുസാർ അദ്ദേഹത്തിന്റെ തിരക്കുകളിലേക്ക് പോയി. അങ്ങെനെ ഷൂട്ടിം​ഗ് തുടങ്ങി. നായിക മഞ്ജുവാര്യർ വന്നു. നായകൻ മൻസൂറായി അഭിനയിക്കുന്ന കൃഷ്ണ എത്തി. താമസിയാതെ ഒരു അറബിക്കഥയുടെ മായിക ലോകം സ്വപ്നത്തിലെന്ന പോലെ എന്റെ മുന്നിൽ പൊട്ടിവിടർന്നു. വേണുസാറിന്റെ ചിത്രീകരണരീതികളും മറ്റും നിരീക്ഷിച്ചും ക്യാമറയുടെ ലൈറ്റിംങ്ങിൽ ചില പരീക്ഷണങ്ങൾ നടത്തിയും ഞാൻ സെറ്റിൽ കറങ്ങി നടന്നു.

    എംടി വാസുദേവന്‍ നായര്‍ സെറ്റില്‍

    എംടി വാസുദേവന്‍ നായര്‍ സെറ്റില്‍

    താമസിയാതെ എം ടി സാർ സെറ്റിലെത്തി. എന്റെ സന്തോഷം ഇരട്ടിച്ചു. ഞാൻ ഓടിപ്പോയി മുന്നിൽ നിന്നു. ഒന്നുരണ്ടു വാചകങ്ങളിൽ അദ്ദേഹം എന്റെ വിശേഷങ്ങൾ ചോദിച്ചു. നല്ല ചിത്രങ്ങൾ വേണമെന്ന് ഓർമ്മിപ്പിച്ചു. ക്രൂവിൽ എല്ലാവർക്കും നല്ല പ്രഷർ ഉണ്ട്. എനിക്ക് മാത്രം പ്രത്യേകിച്ച് സമയക്രമമനുസരിച്ചുള്ള പണിയൊന്നുമില്ല. സർവ സ്വതന്ത്രൻ. ഡിജിറ്റൽ ക്യാമറവരും മുമ്പുള്ള കാലമായതിനാൽ ഫിലിം റോളിനും ഡെവലപ്മെന്റിനും പണച്ചിലവുണ്ട്. വലിച്ചുവാരി പടമെടുക്കാൻ പറ്റില്ല! അതായിരുന്നു ആകെയുള്ള വിഷമം. എന്നാലും ഷൂട്ടിം​ഗിനിടയിൽ ലൊക്കേഷനിൽ നിന്ന് നടന്നുപോകാൻ പറ്റുന്ന ദൂരമത്രയുംപോയി അവിടെയുള്ള കോട്ട കൊത്തളങ്ങളും കമാനങ്ങളും വെളിച്ചം ചിതറിവീഴുന്ന വരാന്തകളും ഞാൻ സെല്കടീവായി പകർത്തിക്കൊണ്ടിരുന്നു.

    മഞ്ജു വാര്യരുടെ ഫോട്ടോ

    മഞ്ജു വാര്യരുടെ ഫോട്ടോ

    അത്തരത്തിൽ നോക്കി വെച്ച കൊത്തുപണികളുള്ള ഒരു ജാലകം എനിക്ക് വളരെ ഇഷ്ടമായി. അടുത്ത ദിവസം തന്നെ മഞ്ജുവിനെ ഒരു പാട്ടുസീനിനിടയിൽ നിന്ന് ഞാൻ വിളിച്ചുകൊണ്ടുപോയി അവിടെ നിർത്തി ചിത്രങ്ങളെടുത്തു. പച്ചനിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് മഞ്ജുവാര്യർ വാതായനത്തിലൂടെ പുറത്തേക്ക് നോക്കുന്ന ആ ചിത്രം താമസിയാതെ ചിത്രഭൂമിയുടെ കവർചിത്രമായി മാറി. കല്ലുകൾ അടുക്കുവെച്ച് നിർമ്മിച്ച ഒരു കോട്ടവാതിലിനുള്ളിലേക്ക് കുട്ടികൾ ഓടിക്കയറുന്നത് ഇത്തരമൊരു കാൽനടയാത്രയിലാണ് ഞാൻ കണ്ടത്. ക്യാമറ സെറ്റ് ചെയ്തപ്പോഴേക്കുേം അവസാനത്തെ ആൾ വാതിലിടുത്തേക്ക് പാഞ്ഞെത്തിക്കഴിഞ്ഞിരുന്നു. ഞാൻ ധൃതിയിൽ ഫ്രെയിം ഫിക്സ് ചെ്യ്ത് ക്ലിക്ക് ചെയ്തു. ഡവലപ് ചെയ്തുവന്നപ്പോൾ കൃത്യം നടുവിൽ പയ്യനുണ്ട്. ആ ചിത്രം പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിൻെ മുഖചിത്രമായി വന്നു.

    ലാലിന്‍റെ അഭിനയം

    ലാലിന്‍റെ അഭിനയം

    പടമെടുപ്പും സെറ്റിലെ ​ഭക്ഷണവും സൗഹൃദങ്ങളുമൊക്കെയായി മുന്നോട്ട് പോകുമ്പോഴാണ് സഹസംവിധായകൻ വാൾട്ടർ ജോസ് സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ച ഒരു സം​ഗതി എന്നെ ഏൽപ്പിക്കുന്നത്. ഞാൻ സന്തോഷപൂർവ്വം അത് ഏറ്റെടുക്കയും ചെയ്തു. അങ്ങനെ സിനിമയിലെ ക്യാമറാമാൻ സണ്ണി ജോസഫ് ചേട്ടന്റെ പിറകിൽ നിൽക്കുന്ന മറ്റൊരു ക്യാമറാമാനായി ജീവിതത്തിലാദ്യമായി ഞാൻ അവരോധിക്കപ്പെട്ടു. ഇതിനൊക്കെ കാരണമായത് സംവിധായകനും നടനുമായ ലാൽ ആയിരുന്നു. സിദ്ധിഖ് ലാൽ എന്ന സംവിധാന ജോടിയിൽ നിന്ന് ഒരു നടനെന്ന ​ഗംഭീരമായ വേഷപ്പകർച്ച ജയരാജ് സാറിന്റെ 'കളിയാട്ട'ത്തിലൂടെ അദ്ദേഹം നടത്തിയിട്ട് അധികകാലമായിട്ടില്ല.
    അഭിയനത്തോടുള്ള ഡെഡിക്കേഷൻ കാരണം താൻ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും പെർഫക്ട് ആകണം എന്നൊരു താല്പര്യം ലാ‍ൽസാറിനുണ്ടായിരുന്നു.

    സന്തോഷത്തോടെ

    സന്തോഷത്തോടെ

    ഇന്നത്തെപ്പോലെ അഭിനയിച്ച സീനുകൾ ഡിജിറ്റൽ സ്രക്രീനിൽ പരിശോധിക്കാനുള്ള സംവിധാനം അക്കാലത്ത് ഇല്ല. അപ്പോൾ അദ്ദേഹം കണ്ടെത്തിയ മാർ​ഗമാണ് ഒരു ചെറിയ വീഡിയോ ക്യാമറയിൽ താൻ അഭിനയിക്കുന്ന ഭാ​ഗങ്ങൾ പകർത്തി ഓരോ സീനിനുശേഷവും അത് പരിശോധിച്ച് വേണ്ട തയ്യാറെടുപ്പുകൾ നടത്തുക എന്നത്.
    ആ വീഡിയോ ക്യാമറ കൈകാര്യം ചെയ്യേണ്ട ജോലിയാണ് ഭാ​ഗ്യവശാൽ വാൾട്ടർ എന്നെ ഏൽപ്പിച്ചത്. ‍‌ എനിക്ക് സ്വർ​ഗം കിട്ടിയ സന്തോഷം.

    അനുഭൂതി

    അനുഭൂതി

    റിഹേഴ്സലിനുശേഷമുള്ള ഫൈനൽ ഷോട്ടുകളാകുമ്പോൾ ഞാൻ സ്റ്റിൽ ക്യാമറ മാറ്റിവെച്ച് സണ്ണിച്ചേട്ടൻ പിറകിൽ വിഡിയോ ക്യാമറയുമായി സ്ഥലം പിടിക്കും. ഏകദേശം അദ്ദേഹം മനസ്സിൽ കാണുന്ന ഫ്രെയിം സങ്കൽപ്പിച്ച് കണക്കാക്കി ഞാൻ ലാൽസാറിന്റെ സീനുകൾ സണ്ണിച്ചേട്ടന്റെ സിനിമാറ്റിക് ആം​ഗിളിൽ തന്നെ പകർത്താൻ ശ്രമം നടത്തിക്കൊണ്ടിരുന്നു. കൈയിലുള്ളത് തീരെച്ചെറിയ ഒരു ബേസിക് വീഡിയോ ക്യാമറയാണെങ്കിലും ഒരു സിനിമാ​ട്ടോ​ഗ്രാഫർക്കുകിട്ടുന്ന സന്തോഷം അന്നെനിക്ക് ആ പ്രവർത്തിയിൽ നിന്ന് കിട്ടി. കുട്ടിക്കാലത്ത് ടോയ് കാറോടിച്ച് കളിച്ചിരുന്നപ്പോൾ കിട്ടിയിരുന്ന സന്തോഷം പോലെ വലുതും യാഥാർത്ഥ്യത്തെ വെല്ലുന്നതുമായ ആ അനുഭൂതിയായിരുന്നു അത്.

    കണ്ണുകളില്‍ വായിച്ചെടുക്കാം

    കണ്ണുകളില്‍ വായിച്ചെടുക്കാം

    ഓരോ ഷോട്ടും കഴിയുമ്പോൾ ഞാൻ സീൻ റീവൈൻഡ് ചെയ്ത് പ്ലേ ചെയ്യാൻ പാകത്തിൽ കറക്ടാക്കി ലാൽസാറിന് കാണിക്കും. സീൻ നന്നായാൽ അത് അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം. അദ്ദേഹത്തിനും ഈ പരിപാടി ഇഷ്ടമായി എന്നെനിക്ക് മനസ്സിലായി. ഞാൻ സ്വയം കൃതാർത്ഥനായി
    സിനിമയെ യഥാർത്ഥ ക്യാമറയ്ക്ക് തൊട്ടുപിറകിൽ നിന്ന് ചലിക്കുന്ന രൂപത്തിൽ പകർത്തിത്തുടങ്ങിയപ്പോഴാണ് സംവിധായകന്റെ വില ശരിക്കും മനസ്സിലായത്. കടലാസിൽ എഴുതിയത് ക്യാമറയിൽ പതിയുമ്പോൾ വരുന്ന മാറ്റം കണ്ട് എന്നിലെ പൊടിമീശക്കാരൻ അത്ഭുതപ്പെട്ടു. സിനിമാ സംവിധായകനെന്നാൽ കൈയിൽ മാജിക് വടിയുള്ള ഒരു മാന്ത്രികനെന്ന് ഞാൻ തിരിച്ചറിഞ്ഞു.

     ധൈര്യമായി മാറി

    ധൈര്യമായി മാറി

    പിൽക്കാലത്ത് പരസ്യചിത്രങ്ങൾ സംവിധാനം ചെയ്യാനുള്ള കരാറുകൾ ഏറ്റെടുക്കാൻ എനിക്ക് ധൈര്യം നല്കിയത് ആ കുഞ്ഞുക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെ നോക്കിക്കണ്ട ഒരു വലിയസിനിമയുടെ ഭ്രമിപ്പിക്കുന്ന ഭം​ഗിയായിരുന്നു എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഈ പരിപാടി കുറേ ദിവസം തുടർന്നുപോയി. എനിക്ക് ചെറുതായി ഒരു ടെൻഷൻ. അഭിനയിക്കാനുള്ള ദിവസങ്ങൾ അടുത്തുവരുന്നു. ഈ ക്യാമറ ആരെ ഏൽപ്പിക്കും? ലാൽസാർ തന്നെയാണ് പരിഹാരമുണ്ടാക്കിയത്. അദ്ദേഹം സെറ്റിലെത്തിയപ്പോൾ കൂടെ ഒരു ചെറുപ്പക്കാരൻ. "ഇത് ആൽബി". ലാൽസാർ പരിചയപ്പെടുത്തി. ആൽബി ലാൽസാറിന്റെ ബന്ധുവാണ്. ഞാൻ ക്യാമറ ഉപചാരപൂർവ്വം ആൽബിയ്ക്ക് കൈമാറി, അതുവരെ പഠിച്ച കാര്യങ്ങളും ചെയ്തിരുന്ന രീതികളും പറഞ്ഞുകൊടുത്തു. (അൽബി പിന്നീട് അറിയപ്പെടുന്ന സിനിമാട്ടോ​ഗ്രഫറായി വളർന്നു. ഞാൻ സംവിധാനം ചെയ്ത ഒരു പരസ്യചിത്രത്തിന് ക്യാമറ ചലിപ്പിക്കാനും ആൽബി സമയം കണ്ടത്തി)

    അഭിനയിക്കാന്‍

    അഭിനയിക്കാന്‍

    അങ്ങനെ ലാൽസാറിന്റെ അഭിനയം നന്നാക്കേണ്ടതിന്റെ എല്ലാ ഉത്തരവാദിത്വവും ആൽബിയെ എൽപ്പിച്ച് ഞാൻ സന്തോഷപൂർവ്വം അഭിനയത്തിന്റെ കൊട്ടാരത്തിലേക്ക് കാലെടുത്തുവെച്ചു. മെയ്ക്കപ്പ്മാൻ പി എൻ മണിച്ചേട്ടനാണ് എന്റെ മുഖത്ത് ആദ്യമായി ചായമിട്ടത്. വേഷമിട്ടതോടെ ഒരു നടനെന്ന നിലയിൽ എന്റെ ഉത്തരവാദിത്വം ഇരട്ടിപ്പിച്ചതായി എനിക്ക് തോന്നി. വേണുസാർ പുതുമുഖമായ കൃഷ്ണയെ ​ഗ്രൂം ചെയ്യുന്നത് ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഞാൻ കണ്ടുമനസ്സിലാക്കിയിരുന്നു. അതിനാൽ ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ ഞാൻ കാരണം ഒരൊറ്റ റീ ടെയ്ക്കും വന്നില്ല. ഭാ​ഗ്യം!

    മടിയായിരുന്നു

    മടിയായിരുന്നു

    ഓരോ ദിവസത്തെയും സീനുകൾ കഴിഞ്ഞ് വസ്ത്രങ്ങൾ അഴിച്ചുകൊടുക്കുന്ന ചടങ്ങായിരുന്നു ഏറ്റവും പ്രയാസം. എനിക്ക് എം ടി സാർ തന്ന വേഷം എന്ന ബോധം മനസ്സിലുള്ളിതിനാൽ കോസ്റ്റ്യൂമിൽ നിന്ന് പുറത്തിറങ്ങാൻ വലിയ മടി. വേറൊരു ആളായി ഒരു മായിക ലോകത്ത് പാറി നടക്കുന്ന ഫീൽ. സെറ്റിൽ അറബിവേഷം ഏറ്റവും അവസാനം അഴിച്ചുവെക്കുന്ന ആളായി ഞാൻ മാറി. എല്ലാദിവസവും രാവിലെതന്നെ ലൊക്കേഷനിലെത്തി. മണിച്ചേട്ടൻ മുഖത്ത് മേക്കപ്പിടുമ്പോൾ കരിക്കിലെ ബം​ഗാളി ബാബുവിനെപ്പോലെ എം ടി സാർ! ക്യാരക്ടർ! എന്നിങ്ങനെ മനസ്സിൽ പറഞ്ഞ് ഞാൻ ആവേശഭരിതനായി. ടെയ്ക്കിനിടയിൽ ​ ഡയലോ​ഗുകളൊക്കെ തെറ്റിക്കാതെ പറഞ്ഞ് വേണുസാറിന്റെ ചീത്തവിളിയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുകൊണ്ടിരുന്നു.

    നന്നായിട്ടുണ്ടെടാ

    നന്നായിട്ടുണ്ടെടാ

    അങ്ങനെ അവസാനം രാജസ്ഥാനിലെ ഷൂട്ടിം​​ഗ് കഴിഞ്ഞു. നീ നന്നായിട്ടുണ്ടെടാ എന്ന് വേണുസാർ പറഞ്ഞു. ഹാവൂ. സമാധാനമായി. നാട്ടിലെത്തിയാൽ നീ ലോഹിയെ കാണണം. പുതിയ പടത്തിന്റെ വർക്ക് തുടങ്ങുന്നുണ്ട്. പുതുമുഖങ്ങളുണ്ട്. ഞാൻ ലോഹിയോട് പറയാം എന്നുകൂടി വേണുസാർ അന്ന് പറഞ്ഞത് അഭിനയത്തിന് എനിക്ക് കിട്ടിയ ഫുൾ മാർക്കായി ഞാൻ കണക്കാക്കി. സീനുകളൊന്നും കുളമാക്കാതെ രക്ഷിച്ചതിനുളള നന്ദിയാകാം അദ്ദേഹം പ്രകടിപ്പിച്ചതെന്ന് മനസ്സിലാക്കാനുള്ള പ്രായം അന്നെനിക്കുണ്ടായിരുന്നില്ലല്ലോ! എന്തായാലും വലിയ കുറേ വലിയ മനുഷ്യരുടെ ദയയിൽ ജീവിതം മാറ്റിമറിച്ച കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റിയ രണ്ടു മാസം.
    'ദയ' എന്ന സിനിമ എന്റെ ജീവിതയാത്രയിലെ പ്രിയപ്പെട്ട ഏടുകളിൽ ഒന്നാകുന്നത് അതിനാലാണ്.

    English summary
    Jamesh Kottakkal reveals about Daya Shooting experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X