ജൂഡ് ആന്റണിയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു! ബോട്ടില്‍ നിന്നും ചാടുമ്പോഴായിരുന്നു അപകടം
നടനും സംവിധായകനുമായ ജൂഡ് ആന്റണിയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വരയന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു പരിക്കേറ്റത്. ബോട്ടില്‍ നിന്നും ചാടുമ്പോഴായിരുന്നു അപകടം. ശേഷം പരിക്കേറ്റ കാലുമായി ഷൂട്ടിങ് തുടരുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.
സിജു വിത്സണ്‍, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് വരയന്‍. ആലപ്പുഴയില്‍ നിന്നുമായിരുന്നു ഷൂട്ടിങ്. അപകടത്തെ കുറിച്ച് മനോരമ ന്യൂസ് ഡോട്ട് കോമിനോട് താരം മനസ് തുറന്നു. 'ബോട്ടില്‍ നിന്നും ചാടുമ്പോഴായിരുന്നു പരിക്കേറ്റത്. കാലിന് ചെറിയ പൊട്ടലുണ്ട്. ഒരാഴ്ച വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.

പക്ഷെ ഇപ്പോള്‍ ഞാന്‍ ഷൂട്ടിങിന് എത്തിയില്ലെങ്കില്‍ സിനിമ വൈകും. ആലപ്പുഴയിലെ ഒരു പള്ളിയില്‍ വെച്ചാണ് ഷൂട്ടിങ്ങ്. മറ്റ് ആര്‍ട്ടിസ്റ്റുകളുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളുണ്ട്. പള്ളിയില്‍ ചിത്രീകരിക്കാനുള്ള അനുവാദം 12-ാം തീയതി വരെ മാത്രമാണ്. ഞാന്‍ വരാതിരുന്നാല്‍ മറ്റുള്ള ആര്‍ട്ടിസ്റ്റുകളുടെ ഡേയ്റ്റും പ്രശ്‌നമാകും.
ഒരു സിനിമ എടുക്കാനുള്ള പ്രയാസം എനിക്കും അറിയാവുന്നതല്ലേ. ഒരു സംവിധായകന്റെ പ്രയാസം നന്നായി മനസിലാകും. അത് കൊണ്ടാണ് പരിക്കേറ്റിട്ടും ഷൂട്ടിങ്ങിന് എത്തിയത്. നടക്കാന്‍ വാക്കര്‍ വേണം, കാലില്‍ ബാന്‍ഡേജുണ്ട്. എന്നാലും സാരമില്ല ഞാന്‍ കാരണം സിനിമ മുടങ്ങാന്‍ പാടില്ല എന്നും ജൂഡ് പറയുന്നു.


Click it and Unblock the Notifications











