»   » ബ്ലെസിയുടെ കളിമണ്ണ്‌ പൊന്നാപുരംകോട്ട-2 അല്ലല്ലോ!

ബ്ലെസിയുടെ കളിമണ്ണ്‌ പൊന്നാപുരംകോട്ട-2 അല്ലല്ലോ!

Posted By: വിവേക്‌ കെആര്‍
Subscribe to Filmibeat Malayalam

ബ്ലെസ്സിയുടെ കളിമണ്ണ്‌ നിങ്ങളാരെങ്കിലും കണ്ടോ? എന്ററിവില്‍ ചിത്രം പുറത്തിറങ്ങിയിട്ടില്ല. പോട്ടെ ചിത്രത്തിന്റെ തിരക്കഥ വായിച്ചു നോക്കാനായി ബ്ലെസ്സി നിങ്ങളെ ആരെയെങ്കിലും ഏല്‍പിച്ചിരുന്നോ? അല്ലെങ്കില്‍ ശ്വേതയുടെ പ്രസവം ചിത്രീകരിച്ചിരിയ്‌ക്കുന്നത്‌ എങ്ങനെയാണെന്ന്‌ നിങ്ങള്‍ കണ്ടോ ? ഇത്രയൊക്കെ ചോദിയ്‌ക്കാന്‍ കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു സിനിമയുടെ പേരില്‍ നാട്ടിലെങ്ങും നിറയുന്ന വിവാദങ്ങളും, വാര്‍ത്തകളും കണ്ട്‌ സഹികെട്ടിട്ടാണ്‌. അല്ല ബ്ലെസ്സിയുടെ സിനിമയുടെ പേര്‌ കളിമണ്ണ്‌ എന്നു തന്നെയല്ലേ. അല്ലാതെ പൊന്നാപുരംകോട്ട സെക്കന്റ്‌ എന്നൊന്നുമല്ലല്ലോ.. അല്ല ഓരോരുത്തര്‍ സംവിധായകനേയും നടിയേയുമൊക്കെ വിമര്‍ശിയ്‌ക്കുന്നത്‌ കേട്ടാല്‍ ബ്ലെസ്സിയെങ്ങാണ്ട്‌ കുളിക്കടവില്‍ ഒളിച്ചിരുന്ന്‌ സിനിമ പിടിച്ചെന്ന്‌ തോന്നും.

Kallimannu-controversy

അല്ല ഈ പറയുന്ന ആളുകള്‍ ആരൊക്കെയാണെന്ന്‌ നോക്കണം. കുറേ തലമൂത്ത രാഷ്ട്രീയപ്പൊട്ടന്മാര്‍ ആദ്യം വന്നു. കളക്ഷനുവേണ്ടി ഏത്‌ ഭാഷയിലെയും,ഏത്‌ തരംതാണ പടവും എത്ര കാലം വേണമെങ്കിലും ഇട്ടോടിയ്‌ക്കാന്‍ ഒരുളുപ്പുമില്ലാത്ത കുറേ തിയേറ്ററുടമപ്പുണ്യാളന്മാര്‍ പിന്നാലെ. ഭാരതീയസംസക്കാര സദാചാരം വാരിത്തേച്ചായിരുന്നു ഇവര്‍ ഈ ഇനിയും പിറക്കാത്ത ചിത്രത്തിനെതിരേ വാളെടുത്തത്‌. പിന്നെ മലയാളസിനിമയുടെ ഏറ്റവും വലിയ ശാപമായ ചില ഞാഞ്ഞൂള്‍ സംഘടനകള്‍ വന്നു. ഇവനൊക്കെ സിനിമ എന്താണെന്നറിയാമോ ? ചാരായം വാറ്റുന്നതുപോലെ സിനിമയെ വ്യഭിചരിച്ച ഇവന്മാര്‍ക്കൊക്കെ ഏതൊരിന്ത്യന്‍ പൗരന്റെയും അവകാശങ്ങളുള്ള ബോധമുള്ള ഒരു സംവിധായകനെ വിമര്‍ശിയ്‌ക്കാന്‍ എന്ത്‌ യോഗ്യത? അത്‌ മാത്രമോ ഭാരത/കേരള സ്‌ത്രീകളുടെ ഭാവശുദ്ധി ഇപ്പം ബ്ലെസ്സി ഒഴുക്കിക്കളയുമെന്നും പറഞ്ഞു നടക്കുന്ന ഇവന്മാര്‍ പങ്കുവഹിച്ച എത്ര ചിത്രങ്ങളേക്കുറിച്ച്‌ ഒരു പൊതുവേദിയില്‍ അഭിമാനത്തോടെ പറയാനാകും.

പത്മരാജനേപ്പോലുള്ള യഥാര്‍ത്ഥ സിനിമാക്കാര്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത്‌ സിനിമ അറിഞ്ഞ ഒരു സംവിധായകനാണ്‌ ബ്ലെസ്സി. അദ്ദേഹത്തിന്റെ പ്രതിഭ മുന്‍കാല ചിത്രങ്ങളിലൂടെ പലകുറി തെളിയിക്കപ്പെട്ടതുമാണ്‌. അങ്ങനെയുള്ള ഒരു സംവിധായകന്‍ ചെയ്യുന്ന ഒരു ചിത്രത്തിന്റെ കഥാഗതിയ്‌ക്ക്‌ അനിവാര്യമായ ഒരു രംഗം അഭിനേത്രിയുടെ പരിപൂര്‍ണ സമ്മതത്തോടെ ചിത്രീകരിച്ചു. ആ രംഗം എങ്ങനെ സിനിമയില്‍ ചേര്‍ക്കപ്പെടും എന്നതിനേക്കുറിച്ച്‌ യാതൊരുവിധ അറിവും ഇല്ലാത്ത ഒരുകൂട്ടം മൂരാച്ചികള്‍ വെറുതേ കാറുകയാണ്‌. ദേ ഇപ്പോള്‍ മഹിളാ മോര്‍ച്ചയുടെ വകയായി ശ്വേതയ്‌ക്ക്‌ പെണ്‍പക്ഷത്തിന്റെ തുപ്പലും കിട്ടി. മാതൃത്വത്തെ അപമാനിച്ചു പോലും. അങ്ങനെയെങ്കില്‍ ഇനി ഒരു പെണ്ണും പുരുഷ ഡോക്ടര്‍മാര്‍ക്ക്‌ മുമ്പില്‍ പ്രസവിയ്‌ക്കാന്‍ തയ്യാറാകരുത്‌. മാതൃത്വം അപമാനിയ്‌ക്കപ്പെട്ടാലോ.കേവലം പ്രസവിയ്‌ക്കുന്ന പ്രക്രിയ അല്ല മാതൃത്വം എന്നാണ്‌ എന്റെ വിശ്വാസം..

ഇത്‌ ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ച്‌ കേരളീയര്‍ക്ക്‌ വളരെയധികമുള്ള ഒരു സൂക്കേടാണ്‌. ആര്‍ഷഭാരത സംസ്‌ക്കാരത്തിന്‌ കോട്ടം തട്ടാതെ നോക്കാന്‍ എല്ലാവരും വാളും പിടിച്ചങ്ങനെ നില്‍പാണ്‌. എന്നാല്‍ ശരീരമുറയ്‌ക്കാത്ത പിഞ്ചു കുഞ്ഞുങ്ങളെ പോലും പ്രാപിയ്‌ക്കാന്‍ മടിയ്‌ക്കാത്ത ഒരു കൂട്ടം കാമക്കിളവന്മാരോട്‌ പ്രതികരിയ്‌ക്കാന്‍ എന്തേ ഒരു മോര്‍ച്ചയ്‌ക്കും മൂര്‍ച്ചിയില്ലാത്തത്‌? കൂട്ടുകാരിയുടെ നഗ്‌നത വില്‍ക്കുന്ന ഒരുകൂട്ടം സദാചാരിണികളോട്‌ പ്രതികരിയ്‌ക്കാന്‍ എന്തേ നിങ്ങളുടെ മൈക്ക്‌ വാ പൊളിയ്‌ക്കാത്തത്‌? പെണ്ണിനെ പൊളിച്ചു വില്‍ക്കുന്ന സിനിമകള്‍ ഇവര്‍ കുടുംബ സമേതം പോയി ആസ്വദിയ്‌ക്കും എന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം.

ഏതായാലും ഒരു വിഭാഗം സിനിമാക്കാരും, ബോധമുള്ള ഒരു തലമുറയും ബ്ലെസ്സിക്കൊപ്പമുണ്ടെന്നത്‌ ആശ്വാസം. തിയേറ്ററുകള്‍ കിട്ടിയില്ലെങ്കില്‍ കാഴ്‌ചയിലെ പോലെ മൈതാനങ്ങളില്‍ പ്രദര്‍ശിപ്പിയ്‌ക്കേണ്ടി വന്നാലും, നല്ലതെങ്കില്‍ ഈ നാട്ടിലെ നല്ല ഒരു വിഭാഗം പ്രേക്ഷകര്‍ ഈ ചിത്രത്തിനൊപ്പമുണ്ടാകും എന്നത്‌ തീര്‍ച്ച.

English summary
Kalimannu is an upcoming Malayalam movie by Blessy. Even before the completion of the movie it became a cotnroversial subject. Atcress Swetha Menon's delivery scene in the movie is the core of attack.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam