twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാൻഡിങ് ലെഗ്ഗിലേക്കു കാൽ കൊരുത്തു, ഫൈറ്റ് തുടങ്ങി,ജയന്റെ അവസാന നിമിഷം ഇങ്ങനെ...

    |

    മലയാള സിനിമ ലോകവും പ്രേക്ഷകരും ഏറെ വേദനയോടെ ഓർക്കുന്ന വേർപാടാണ് നടൻ ജയന്റേത്. ഇന്നും താരത്തെ കുറിച്ച് വേദനയോടെയാണ് പ്രേക്ഷകർ ഓർക്കുന്നത്. ഇപ്പോഴിത ജയന്റെ വിയോഗത്തെ കുറിച്ച് പ്രൊഡകഷന് എക്സിക്യൂട്ടീവ് കല്ലിയൂർ ശശി. മനോരമ ഓൺലൈനിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
    ഇന്നും മനസ്സിലെ മരവിപ്പു മാറിയിട്ടില്ല. എങ്ങനെ മറക്കും? മലയാള സിനിമയുടെ സ്പന്ദനമായിരുന്ന മനുഷ്യന്റെ ഹൃദയസ്പന്ദനം നിലയ്ക്കുന്നതിനു സാക്ഷിയായുണ്ടായിരുന്നതു ഞാൻ മാത്രമാണ്. കോടിക്കണക്കിന് ആരാധകരുടെ രോമാഞ്ചമായിരുന്ന നടൻ മദിരാശി ജനറൽ ആശുപത്രിയിലെ ന്യൂറോ സർജറി വാർഡിൽ ഏകനായി, മരണത്തിനൊപ്പം പോയി. ജീവിതത്തോളം നാടകീയമായ ഒരു തിരക്കഥയുമില്ലെന്നു തിരിച്ചറിഞ്ഞത് അന്നാണ്.

    ഉച്ചയ്ക്കു 12 മണിയോടെയാണു ചിത്രീകരണം തുടങ്ങിയത്. ആകാശം തെളിഞ്ഞ് ഇളം ചൂടുള്ള വെയിൽ പരന്നുതുടങ്ങി. റൺവേയിലെ സംഘട്ടനരംഗങ്ങളും ഹെലികോപ്റ്ററിനകത്തു ചില രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞു. ഹെലികോപ്റ്ററിൽ രക്ഷപ്പെടാനൊരുങ്ങുന്ന ബാലൻ കെ.നായരുമായി, കോപ്റ്ററിൽ തൂങ്ങിനിന്നു ജയൻ ഫൈറ്റ് ചെയ്യുന്ന രംഗമാണ് ഇനിയെടുക്കാനുള്ളത്. സുകുമാരൻ ഓടിക്കുന്ന ബൈക്കിന്റെ പിന്നിൽനിന്നു ജയൻ ഹെലികോപ്റ്ററിന്റെ ലാൻഡിങ് ലെഗ്ഗിലേക്കു പിടിച്ചു കയറണം. മൂന്നുതവണ രംഗം ചിത്രീകരിച്ചു.
    സമയം 2.20 ആയി. പകർത്തിയ രംഗങ്ങളിൽ ഛായാഗ്രാഹകൻ കൂടിയായ സംവിധായകൻ പി.എൻ.സുന്ദരത്തിനു പൂർണതൃപ്തി. ഉച്ചഭക്ഷണത്തിനായി ബ്രേക്ക് പറഞ്ഞു. ഹെലികോപ്റ്ററിൽ നിന്നിറങ്ങി ജയൻ അടുത്തെത്തി. മുഖത്തു തൃപ്തിയില്ല. ശരിയായില്ലെന്നും ഒരിക്കൽകൂടി എടുക്കാമെന്നും പറഞ്ഞു. തന്റെ മനസ്സിലുള്ളതു കിട്ടിയെന്നും ഇനി വേണ്ടെന്നും സംവിധായകൻ ആവർത്തിച്ചിട്ടും ജയൻ വഴങ്ങിയില്ല. നിർബന്ധത്തിനു വഴങ്ങി സംവിധായകൻ റീടേക്ക് പറഞ്ഞു.

      ഹെലികോപ്റ്റർ അപകടത്തിന് കാരണം

    ഹെലികോപ്റ്റർ പറത്തി പരിചയമുള്ളയാളാണ് പൈലറ്റ് സമ്പത്ത്. രംഗം ചിത്രീകരിക്കുന്നതിനു മുൻപേ അദ്ദേഹം സുരക്ഷാനിർദേശങ്ങൾ നൽകിയിരുന്നു. ‘ലാൻഡിങ് ലെഗ്ഗിൽ തൂങ്ങിയ ഉടൻ മറ്റ് അഭ്യാസങ്ങൾ കാണിക്കരുത്. മുകളിലേക്കു പറത്തി ബാലൻസ് ചെയ്ത ശേഷം 15 അടി ഉയരത്തിൽ 10 മിനിറ്റ് നേരം ഹെലികോപ്റ്റർ അനങ്ങാതെ നിർത്തിത്തരും. ആ സമയത്തു ഫൈറ്റ് നടത്താം'. ബാലൻ കെ.നായർക്കുമുണ്ടായിരുന്നു നിർദേശം - ‘ഫൈറ്റിനായി നിർത്തിത്തരുന്ന സമയംവരെ സീറ്റ് ബെൽറ്റ് അഴിക്കരുത്'. ഹെലികോപ്റ്ററിൽ തൂങ്ങിയതിനു പിന്നാലെ ജയൻ ലാൻഡിങ് ലെഗ്ഗിലേക്കു കാൽ കൊരുത്തു. ഫൈറ്റ് തുടങ്ങി. ബാലൻ കെ.നായരും സീറ്റ് ബെൽറ്റ് അഴിച്ചു. പെരുമഴയുടെ വരവറിയിച്ച് ആകാശമിരുണ്ടു. പെട്ടെന്നതു സംഭവിച്ചു. ചിറകറ്റ പക്ഷിയെപ്പോലെ ഹെലികോപ്റ്റർ താഴേക്ക്. ഹെലികോപ്റ്ററിനെ അപകടത്തിൽപെടുത്തുന്ന രീതിയിലുള്ള കാറ്റൊന്നുമില്ല. ഭാരം ഒരു ഭാഗത്തേക്കു കേന്ദ്രീകരിച്ചതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതാകണം.

    ജയൻ താഴെ വീണു

    ജയനോട് പിടിവിട്ടു ചാടാൻ പലരും വിളിച്ചുപറയുന്നു. ഹെലികോപ്റ്ററിന്റെ ഘോരശബ്ദത്തിൽ എല്ലാം അലിഞ്ഞു ചേർന്നു. താഴേക്കു പതിച്ച ഹെലികോപ്റ്ററിന്റെ ലാൻഡിങ് ലെഗ്ഗിൽ കോർത്ത ജയന്റെ കാലുകളാണു തറയിലിടിച്ചത്. അതിന്റെ ആഘാതത്തിൽ പിടിവിട്ടപ്പോൾ തലയുടെ പിൻഭാഗവും ശക്തിയായി തറയിലിടിച്ചു. ബാലൻ കെ.നാ യരും പൈലറ്റും തെറിച്ചുവീണു.ബഹളം, പരിഭ്രാന്തി. എന്റെ കണ്ണിലുണ്ടായിരുന്നത് ജയൻ മാത്രം. ഓടിയെത്തി അദ്ദേഹത്തിന്റെ തല മടിയിലേക്കുവച്ചു. പൈപ്പ് തുറന്നിട്ടാലെന്ന പോലെ ചോര വാർന്നൊഴുകുന്നു. അബോധാവസ്ഥയിൽ ഞരക്കവും മൂളലും. ക്യാമറ അസിസ്റ്റന്റ് രംഗനാഥൻ ഓടിവന്നു. കുറച്ചകലെ നിൽക്കുകയായിരുന്ന ജയന്റെ ഡ്രൈവർ കാറുമായെത്തി. ജയനെ താങ്ങിയെടുത്തു പിൻസീറ്റിൽ കിടത്തി. അപ്പോഴും ബാലൻ കെ.നായരും പൈലറ്റും അവിടെ കിടക്കുന്നുണ്ടായിരുന്നു. സങ്കടങ്ങളുടെ അണക്കെട്ടു തുറന്നതുപോലെ പെരുമഴ തുടങ്ങി.

    ആശുപത്രിയിലേയ്ക്ക്

    ഷോളവാരം എയർ സ്ട്രിപ്പിന്റെ പുറത്ത് ചെറിയൊരു ക്ലിനിക്കുണ്ട്. കാർ നിർത്തി ഡോക്ടറെ വിളിച്ചു. കണ്ടയുടൻ അദ്ദേഹം പറഞ്ഞു-‘ഉടൻ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്കു പോകൂ. നേരെ പോയാൽ അവിടെയെത്താം'. അടുത്തുള്ള വിജയ ഹോസ്പിറ്റലിൽ പോകാതെ എന്തുകൊണ്ടു രാജീവ് ഗാന്ധി ആശുപത്രിയിൽ പോയെന്നു പിന്നീട് പലരും ചോദിച്ചു കേട്ടിട്ടുണ്ട്. സമീപത്തെ ആശുപത്രികളെക്കുറിച്ച് അറിയില്ലായിരുന്നു. ഇന്നത്തേതു പോലെ വിളിച്ചു ചോദിക്കാൻ മൊബൈൽ ഫോണില്ലല്ലോ. ക്ലിനിക്കിലെ ഡോക്ടറുടെ ഉപദേശമനുസരിച്ചു വാഹനം നേരെ വിട്ടു. രംഗനാഥനും കൂടെയുണ്ട്. റോഡിലെ വെള്ളക്കെട്ട് യാത്ര ദുഷ്കരമാക്കി. വെള്ളക്കെട്ടുകൾ പിന്നിട്ട്, ഒരു മണിക്കൂറിലധികം കഴിഞ്ഞ് നാലു മണിയോടെ ജനറൽ ആശുപത്രിയിലെത്തി. ജയനെ സ്ട്രെച്ചറിൽ കിടത്തി. കാൽമുട്ടിൽനിന്നു ചോരയൊഴുകി പാന്റ്സ് ഒട്ടിപ്പിടിച്ചിട്ടുണ്ട്. ഞാൻ തന്നെ കത്രികയെടുത്തു പാന്റ്സ് നീക്കി. ഞെട്ടിപ്പോയി. രണ്ടു മുട്ടിലും ആഴത്തിലുള്ള മുറിവ്.

     ദുഃഖകരമായ വാർത്ത

    ന്യൂറോ സർജനായ മലയാളി ഡോ. നരേന്ദ്രനാണു പരിശോധിക്കേണ്ടത്. നഴ്സുമാർ അദ്ദേഹത്തെ വിളിച്ചു. സർജറി വാർഡിലേക്കു മാറ്റാൻ പറഞ്ഞു. ഡോക്ടർ ഉടനെത്തി. രംഗനാഥൻ അപകടസ്ഥലത്തേക്കു മടങ്ങി. സകല ദൈവങ്ങളെയും വിളിച്ച് സർജറി വാർഡിനു പുറത്ത് ഞാനും ഡ്രൈവറും മാത്രം. 10 മിനിറ്റ് കഴിഞ്ഞപ്പോൾ അകത്തേക്കു വിളിപ്പിച്ച് ഡോക്ടർ പറഞ്ഞു.‘രക്ഷയില്ല, തലച്ചോറ് ചിതറിത്തെറിച്ചിരിക്കുന്നു'.സ്ഥലകാല ബോധം നഷ്ടപ്പെട്ട അവസ്ഥയിലായി ഞാൻ. ആദ്യം മനസ്സിൽ തെളിഞ്ഞത്, എവിഎം സ്റ്റുഡിയോ തിയറ്ററിലെ നമ്പർ. ജനറൽ ആശുപത്രിയിലെ ഫോൺ ബൂത്തിൽനിന്ന്, മലയാള സിനിമ ഇതുവരെ കേട്ടതിൽ വച്ചേറ്റവും ദുഃഖകരമായ വാർത്ത വിളിച്ചു പറഞ്ഞു. പലരും ആശുപത്രിയിലെത്തി. അഞ്ചരയോടെ ഓപ്പറേഷൻ തിയറ്ററിൽനിന്നു ജയനെ ന്യൂറോ സർജറി വാർഡിലേക്കു മാറ്റി. ജയൻ ശ്വസിക്കുന്നതായി സമീപത്തെ ഉപകരണങ്ങളുടെ ചലനത്തിൽനിന്ന് അറിയാം. അതു നേർത്തുവന്നു... 6.35നു പൂർണമായി നിലച്ചു.

    പെർഫെക്ട് ബോഡി

    രാത്രിയോടെ മോർച്ചറിയിലേക്കു മാറ്റി. ബെഞ്ചിലും തറയിലുമായി മുപ്പതോളം മൃതദേഹങ്ങളുണ്ട്. ബെഞ്ചില്ലാത്തതിനാൽ തറയിൽ കിടത്താൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. എന്റെ വാശിക്കു വഴങ്ങി ഒടുവിൽ ബെഞ്ചിൽ തന്നെ ഇടംകിട്ടി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പുറത്തുവന്ന് സുഹൃത്തുക്കളിലൊരാളോടു പറഞ്ഞു: ‘പെർഫെക്ട് ബോഡി. കത്തിവയ്ക്കാൻ മനസ്സു വന്നില്ല'. ആ ഓർമകൾക്കു കത്തിവയ്ക്കാൻ മലയാളിക്കുമാകില്ല...

    Read more about: jayan cinema malayalm
    English summary
    Kolilakkam Movie production Executive kalliyoor Sasi Shared Jayan Memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X