For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായ ഭാര്യയെ കൂട്ടാന്‍ താരപുത്രന്‍ യാത്ര ചെയ്തത് 4000 കിലോമീറ്റര്‍! അനുഭവങ്ങളുമായി ജുബില്‍

  |

  കൊവിഡ് കാലം എല്ലാവരെയും പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയില്‍ നിന്നും അതിജീവനത്തിലുള്ള പുതിയ മാര്‍ഗം കണ്ടെത്തുകയാണ് ഓരോരുത്തരും. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ജുബില്‍ രാജന്‍ പി ദേവിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തയാണ് തരംഗമാവുന്നത്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജുബില്‍ ശ്രദ്ധേയനായ നടന്മാരില്‍ ഒരാളാണ്.

  ലോക്ഡൗണില്‍ അഹമ്മാദബാദില്‍ കുടുങ്ങിയ ഭാര്യയെ നാട്ടിലെത്തിച്ചാണ് താരുപുത്രന്‍ ശ്രദ്ധേയനാവുന്നത്. നാലായിരം കിലോമീറ്ററോളം കാരവന്‍ ഓടിച്ചാണ് ഭാര്യ റിയയുടെ വീട്ടിലെത്തുന്നത്. അവിടെ നിന്നും ഭാര്യയെ കൂട്ടി തിരികെ നാട്ടിലെത്തിയ കഥയാണ് മലയാള മനോരമയുടെ യാത്ര എന്ന പംക്തിയില്‍ താരം പറഞ്ഞിരിക്കുന്നത്.

  ലോക്ഡൗണ്‍ കാലമാണെങ്കിലും 4000 കിലോമീറ്റര്‍ എന്ന് കേട്ട് എനിക്ക് ഭയപ്പെട്ട് മാറി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ ജീവന്റെ നല്ലപാതിക്ക്് വേണ്ടി ഒന്നുമാലോചിക്കാതെ ഞാനിറങ്ങി. അതെത്ര ദൂരമാണെങ്കിലും പോകാതിരിക്കാനാകില്ലല്ലോ. എന്റെ ഡാഡിച്ചന്‍ ചെയ്ത 'മാമല മാമച്ചന്റെ' സ്‌റ്റൈലില്‍ പറഞ്ഞാല്‍ ഒന്നൊന്നര പോക്കങ്ങ് പോയി. അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഭാര്യ റിയയും കുടുംബവും അഹമ്മദാബാദില്‍ അവളുടെ വീട്ടിലാണ്. പ്രസവം അവിടെ ഏതെങ്കിലും ആശുപത്രിയിലാക്കാനായിരുന്നു പദ്ധതി. എന്നാല്‍ കാര്യങ്ങള്‍ വളരെ പെട്ടെന്നാണ് മാറി മറിഞ്ഞത്.

  അവിടെ കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടി വരുന്ന അവസ്ഥ. പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്നെ ഭയപ്പെടുത്തി. റിയ വല്ലാതെ പേടിക്കുന്നുണ്ടെന്ന് മനസിലായി. എങ്ങനെ വിളിച്ച് കൊണ്ട് വരാനാണ്? ട്രെയിന്‍ ഇല്ല. ഇനി ഞാന്‍ എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ തിരികെ എങ്ങനെ വരും? അവള്‍ക്ക് ഏഴാം മാസമാണ്. കാറിലുള്ള യാത്രകള്‍ തീര സുരക്ഷിതവുമല്ല. എവിടെയെങ്കിലും തങ്ങേണ്ടി വന്നാല്‍ അതിനും വഴിയില്ല.

  ആലോചിച്ചപ്പോള്‍ ഒറ്റ വഴി മാത്രമാണ് മുന്നില്‍ തെളിഞ്ഞത്. ഒരു കാരവന്‍ കണ്ടെത്തുക. അതിലാകുമ്പോള്‍ മുറിയും ശുചിമുറിയും ഉണ്ടാകും. പല കാരവനുകള്‍ക്കും സംസ്ഥാനം കടക്കാനുള്ള പ്രശ്‌നങ്ങള്‍ തടസ്സമായി. എല്ലായിടത്ത് നിന്നും ഒരേ പ്രതികരണം. ഇതിനിടയില്‍ ഒരു മറുപടി കിട്ടി. ഒരു പ്രശ്‌നവുമില്ല. 'നീ ധൈര്യമായി വണ്ടി കൊണ്ട് പോകൂ'. അത് ജയറാമേട്ടന്‍ ആയിരുന്നു. ഒരു സഹോദരന്റെ കരുതല്‍ ആ വാക്കുകളില്‍ ഞാനറിഞ്ഞു. അടുത്ത ചങ്ങാതി റോയ് ആന്റണിയെയും കൂട്ടിയായിരുന്നു യാത്ര. നിശബ്ദമായ വഴികള്‍. പോകുന്ന വാഹനങ്ങളൊക്കെയും അതിശയത്തോടെ നോക്കുന്ന ആളുകള്‍.

  മിക്കയിടങ്ങളിലും പരിശോധനയുമായി പൊലീസുകാര്‍. വാളയാര്‍ കടന്ന് ബെംഗ്ലൂരുവിലെത്തി. റിയയുടെ സഹോദരി റീനുവും ഭര്‍ത്താവ് ബിനോയിയും ഭക്ഷണവുമായി ഞങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. നേരില്‍ കണ്ടിട്ട് ഒരു ഷേക്ക് ഹാന്‍ഡ് പോലും കൊടുക്കാന്‍ കഴിയാതെ ഞങ്ങള്‍ക്ക് പിരിയേണ്ടി വന്നത് ആദ്യമായിട്ടാണ്. കൊറോണ നമ്മള്‍ ഉദ്ദേശിച്ച ആളല്ല എന്ന് പറഞ്ഞ് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.

  ശരിക്കും ആദ്യത്തെ പണി കിട്ടുന്നത് പുനെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ആയിരുന്നു. വണ്ടിക്ക് എന്തോ പന്തിക്കേട് തോന്നി നോക്കുമ്പോള്‍ റേഡിയേറ്റര്‍ പൊട്ടി വെള്ളം ചോരുന്നു. വാകാട് എന്ന സ്ഥലത്തെത്തി വാര്‍ക്‌ഷോപ് കണ്ടെത്തി. അവിടെ കൊവിഡ് പ്രതിസന്ധി രൂക്ഷം. മൂന്ന് മണി വരെയെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളു. 'ചേട്ടന്‍ വണ്ടി ഇവിടെ ഇട്. നാളെ നോക്കാം'. മെക്കാനിക്കായ ചെറുപ്പക്കാരന്‍ തീര്‍ത്ത് പറഞ്ഞു. എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസിലായതോടെ വണ്ടി ഒതുക്കിയിടാനായി പിന്നിലേക്ക് എടുത്തപ്പോള്‍. അതാ അടുത്ത പണി. പുറകിലിരുന്ന ഒരു സ്‌കൂട്ടറില്‍ വണ്ടി തട്ടി. ഇറങ്ങി നോക്കിയപ്പോള്‍ സ്‌കൂ്ടറിന് കാര്യമായി ഒന്നും പറ്റിയിട്ടില്ല.

  പക്ഷേ അപ്പോഴെക്കും എവിടെ നിന്നോ കുറേ ചെറുപ്പക്കാര്‍ ചാടി വീണു. ഇപ്പോള്‍ തല്ല് വീഴുമെന്ന അവസ്ഥ. ചോദിക്കുന്നതാകട്ടെ വന്‍ തുക നഷ്ടപരിഹാരവും. അഭിനയിക്കുക അല്ലാതെ വഴി ഇല്ലെന്ന് കണ്ടതോടെ ഞങ്ങള്‍ മികച്ച നടന്മാരായി. രണ്ട് പാവം ഡ്രൈവര്‍മാരാണെന്നും മുതലാളിയെ കൂട്ടികൊണ്ട് വരാന്‍ പോവുകയാണെന്നും പറഞ്ഞ് ഞങ്ങള്‍ കരഞ്ഞു. ഭക്ഷണത്തിന് പോലും കാശില്ല ചേട്ടാ എന്ന് കൂടി പറഞ്ഞതോടെ തല്ലാന്‍ വന്നവരുടെ മനസലിഞ്ഞു. രൂക്ഷമായി നോക്കി അവര്‍ അവിടെ നിന്ന് പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അതാ വീണ്ടും അവര്‍.

  വിശന്നിരിക്കണ്ടാ എന്ന് പറഞ്ഞ് കൊണ്ട് ഭക്ഷണപൊതി നീട്ടിയപ്പോള്‍ അഭിനയം മറന്ന് കണ്ണ് നിറഞ്ഞു. വണ്ടിയുടെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കി തന്നു. ടാങ്കിലേക്ക് ആവശ്യമായ വെള്ളവും അവിടെ നിന്ന് തന്നെ ശേഖരിച്ചു. ആ സ്‌നേഹവും കരുതലും പിന്നീടങ്ങോട്ടുള്ള യാത്രയുടെ ഊര്‍ജ്ജമായി. നാലാമത്തെ ദിവസം അഹമ്മദാബാദിലെത്തി. തിരക്കൊഴിഞ്ഞ ആ നഗരം വലിയ അത്ഭുതമായി. റിയയും അവളുടെ മാതാപിതാക്കളുമൊത്തായിരുന്നു മടക്കയാത്ര. വഴിയില്‍ നിര്‍ത്തി ഭക്ഷണം പാചകം ചെയ്തും രാത്രി കാലങ്ങളില്‍ വണ്ടി വഴിയരികില്‍ നിര്‍ത്തിയിട്ടുമൊക്കെയായിരുന്നു മടക്കം.

  ഗര്‍ഭിണിയായ റിയയെ കാണുമ്പോല്‍ കാരവനില്‍ വൈദ്യൂതി ചാര്‍ജ് ചെയ്യാനൊക്കെ എല്ലാവരും സൗകര്യം ഒരുക്കി തരും. ലോക്ഡൗണില്‍ എല്ലാറ്റിനും താഴു വീണപ്പോള്‍ മനസുകള്‍ കൂടുതല്‍ വിശാലമായി തുറന്നതായി തോന്നി. എല്ലാ നന്മയും വറ്റി പോയി എന്ന് ഇനി പരിവേദനം പറയാന്‍ എനിക്കാവില്ല. റിയ ഇപ്പോള്‍ സുഖമായിരിക്കുന്നു. കുഞ്ഞ് വലുതാകുമ്പോള്‍ പറയണം രാജ്യമൊട്ടാകെ ഒരുപാട് പേരുടെ നന്മ കൊണ്ടാണ് നീ നീയായിരിക്കുന്നതെന്ന്. ജനിക്കും മുന്‍പേ നാടിനപ്പുറമുള്ള നന്മകള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ ഭാവിയില്‍ അഭിമാനിക്കട്ടെ.

  (ചിത്രങ്ങൾ: ഫേസ്ബുക്ക്)

  English summary
  Late actor Rajan P Dev's Son Jubil P Dev About Adventurous Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X