Don't Miss!
- Technology
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- Automobiles
സ്കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം
- News
സ്വർണം ഇപ്പോള്‍ വിറ്റാല്‍ വന്‍ ലാഭം; പക്ഷെ കാണിക്കുന്നത് വന്‍ മണ്ടത്തരവും, എന്തുകൊണ്ട്
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Finance
2023-24 ൽ ജിഡിപി വളർച്ച കുറയും; 6- 6.8 ശതമാനമാകുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
- Sports
സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്നെസുണ്ടോ? ബാറ്റിങ് സ്റ്റൈലിനെ കുറിച്ച് എല്ലാമറിയാം
'ഏത് ആൾക്കൂട്ടത്തിലും അദ്ദേഹം തിരയുന്നത് നിമ്മിയെയാണ്, അന്ന് പൊട്ടികരഞ്ഞു'; രജനിയുടെ കാമുകിയെ കുറിച്ച് ദേവൻ!
വില്ലൻ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസിൽ വിസ്മയം തീർത്ത നടനാണ് ദേവൻ. നിരവധി തമിഴ് സിനിമകളുടേയും ഭാഗമായിട്ടുള്ള ദേവൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ നഷ്ടപ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
സൂപ്പർസ്റ്റാർ ആകും മുമ്പ് തന്നെ രജനികാന്തിന് സിനിമയിലേക്കുള്ള വഴിവെട്ടി കൊടുത്തത് അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്നു. പിന്നീട് പക്ഷെ അദ്ദേഹത്തിന് തന്റെ പ്രണയിനിയെ നഷ്ടപ്പെട്ടു. അതിൽ ഇന്നും വളരെ അധികം വേദന രജനികാന്ത് അനുഭവിക്കുന്നുണ്ടെന്ന് പറയുകയാണ് ദേവൻ.
സക്സസും മനസമാധാനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അന്ന് രജനികാന്തിനെ കണ്ടപ്പോൾ മനസിലായിയെന്നും ദേവൻ പറഞ്ഞു. 'ഭാഷയുടെ ഷൂട്ടിന് വേണ്ടി ഞാൻ പത്ത് ദിവസം ബോംബെയിൽ പോയിരുന്നു. അവിടെയായിരുന്നു അതിന്റെ ഷൂട്ട് നടന്നത്. ആ സമയത്ത് ഹോളിഡെ ഇന്നിലാണ് ഞങ്ങൾ താമസിച്ചത്.'
'എന്റേയും രജനി സാറിന്റേയും റൂം അടുത്തടുത്തായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നെ ഭക്ഷണം ഒരുമിച്ച് കഴിക്കാനായി റൂമിലേക്ക് ക്ഷണിച്ചു. ഞാൻ അന്ന് അത് അത്ര കാര്യമാക്കി എടുത്തില്ല. കാരണം എല്ലാ സൂപ്പർസ്റ്റാറുകളും ഒരു ഫോർമാലിറ്റിക്ക് വേണ്ടി നമ്മളെ റൂമിലേക്ക് ഭക്ഷണം കഴിക്കാൻ വിളിക്കും.'

'സീരിയസായി പറയുന്നതായിരിക്കില്ല. രജനി സാറും അത്തരത്തിൽ ചുമ്മ പറഞ്ഞതായിരിക്കുമെന്ന് കരുതി ഞാൻ അത് വിട്ടു. വിജയ് കുമാർ എന്ന നടനും എനിക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ പുറത്തൊക്കെ കറങ്ങി ഷോപ്പിങ് കഴിഞ്ഞ് പത്ത് മണിയോടെ തിരികെ ഹോട്ടലിലെത്തി.'
'റൂം താക്കോൽ തരുന്നതിനൊപ്പം ഒരു കെട്ട് മെസേജും റിസപ്ഷനിൽ നിന്നും തന്നു. അതിൽ നിറയെ രജനി സാർ വിളിച്ച് ഞാൻ തിരികെ വന്നോയെന്ന് തിരക്കിയതായിരുന്നു. ഓരോ പതിനഞ്ച് മിനിട്ട് ഇടവെട്ട് അദ്ദേഹം വിളിച്ചിരുന്നു. മെസേജ് കണ്ടതും വിജയ് കുമാർ എന്നോട് വേഗം രജനികാന്തിന്റെ റൂമിലേക്ക് പറഞ്ഞുവിട്ടു.'

'ഞാൻ അവിടെ ചെന്നപ്പോൾ ഡ്രിങ്ക്സും സ്നാക്സുമെല്ലാം ഒരുക്കി വെച്ച് അദ്ദേഹം എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എട്ടര മുതൽ അദ്ദേഹം എനിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ എനിക്ക് വിഷമമായി. ഞാൻ സോറി പറഞ്ഞപ്പോൾ അദ്ദേഹം അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ച് അകത്ത് ഇരുത്തി.'
'വിജയ് കുമാറും ഉണ്ടെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തേയും ഫോണിൽ വിളിച്ച് റൂമിലേക്ക് ക്ഷണിച്ചു. അങ്ങനെ ഞങ്ങളെല്ലാവരും ഒരുമിച്ച് ഇരുന്ന് ഒരുപാട് കാര്യങ്ങൾ സംസാരിച്ച് കൊണ്ടിരുന്നു. അതിനിടയിൽ പ്രേമം എന്ന വിഷയത്തിലേക്ക് സംസാരമെത്തി.'

'അപ്പോൾ രജനി സാർ എന്നോട് ചോദിച്ചു ദേവന് ഫസ്റ്റ് ലവ് ഉണ്ടായിരുന്നുവോയെന്ന് ഞാൻ അതിന്റെ കഥ അദ്ദേഹത്തിന് പറഞ്ഞ് കൊടുത്തു. അതൊരു വിപ്ലവ പ്രണയമായിരുന്നു. ഞാൻ കഥ പറഞ്ഞതും അദ്ദേഹത്തിന്റെ കണ്ണൊക്കെ നിറഞ്ഞു.'
'പിന്നെ ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലത്തുണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ച് വിശദീകരിച്ചു. നിർമ്മല എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്.'
'നിമ്മി എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. ബസിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ആ കുട്ടി എംബിബിഎസ് വിദ്യാർഥിനിയായിരുന്നു.'

'ഒരിക്കൽ രജനി സാറിന്റെ നാടകം കണ്ടിട്ട് അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാൻ അവസരം ഒരുക്കി കൊടുത്തതും ആ പെൺകുട്ടിയായിരുന്നു. അതും അദ്ദേഹം ആവശ്യപ്പെടാതെ തന്നെ. അങ്ങനെ അവിടെ പോയി ചേർന്ന ശേഷം ഒരു ദിവസം നിർമലയെ കാണാൻ രജനി സാർ ബാഗ്ലൂരിൽ വന്നു.'
'എന്നാൽ നിർമ്മലയെ കണ്ടെത്താൻ കഴിഞ്ഞില്ല. അവർ സ്ഥലം വിറ്റ് പോയിയെന്നാണ് അറിഞ്ഞത്. പിന്നീട് ഇന്നുവരെ അദ്ദേഹത്തിന് നിർമലയെ കാണാൻ സാധിച്ചിട്ടില്ല. അത് അദ്ദേഹത്തിൽ വലിയ വിഷമമുണ്ടാക്കി. നിർമലയെ കുറിച്ച് പറഞ്ഞ് അവസാനിപ്പിച്ചതും അദ്ദേഹം പൊട്ടി കരയുകയായിരുന്നു.'

'ഇന്നും താൻ എവിടെ പോയാലും ഏത് ആൾക്കൂട്ടത്തിലും തിരയുന്നത് നിർമലയയെ ആണെന്നും രജനി സാർ എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ പറഞ്ഞു ഒരിക്കൽ സാറിന് നിർമലയെ കണ്ടുമുട്ടാൻ സാധിക്കുമെന്ന്. ആ വാക്കുകൾ എന്നിൽ നിന്നും കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ പ്രത്യാശ വന്നു.'
'എന്റെ കൈ ഒക്കെ പിടിച്ച് സന്തോഷത്തോടെ സംസാരിച്ചു. നിമ്മി ഒന്നുകിൽ ജീവിച്ചിരുപ്പില്ല... അല്ലെങ്കിൽ അവളൊരു വലിയ മനസിന് ഉടമയാണ്.'
'അതുകൊണ്ടാണ് എന്റെ പോസ്റ്ററുകളും വളർച്ചയും അവൾ എവിടെയോ ഇരുന്ന് എനിക്ക് മുമ്പിൽ വരാതെ ആസ്വദിക്കുന്നത് എന്നാണ് നിമ്മിയെ കുറിച്ച് പറഞ്ഞ് അവസാനിപ്പിക്കവെ രജനി സാർ പറഞ്ഞത്' ദേവൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.