twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അങ്കക്കലിയില്‍ ചന്തു വെട്ടിവീഴ്ത്തിയത് വാഴതൈകള്‍'! ഓര്‍മ്മ പങ്കുവെച്ച് സംവിധായകന്‍ പ്രജേഷ് സെന്‍

    By Prashant V R
    |

    മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മറ്റൊരു ജന്മദിനം കൂടി വന്നെത്തുകയാണ്. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂക്ക തന്റെ 69ാം പിറന്നാള്‍ ആഘോഷിക്കുന്നത്. മമ്മൂക്കയുടെ ജന്മദിനം ആഘോഷമാക്കാനുളള ഒരുക്കങ്ങളിലാണ് ആരാധകര്‍. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരുമെല്ലാം ഇപ്പോഴേ എത്തിതുടങ്ങുന്നുണ്ട്. അതേസമയം മമ്മൂക്കയെ കുറിച്ച് സംവിധായകന്‍ പ്രജേഷ് സെനിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

    മെഗാസ്റ്റാറിന്റെ വടക്കന്‍ വീരഗാഥ കണ്ട് അതിലെ ചന്തുവിനോട് തോന്നിയ ആരാധന തനിക്ക് തല്ലുവാങ്ങിതന്ന കഥയാണ് പ്രജേഷ് സെന്‍ പറയുന്നത്. സംവിധായകന്റെ വാക്കുകളിലേക്ക്‌: മമ്മൂക്കയും ഞാനും തമ്മില്‍ അഥവാ ചന്തു ചതിച്ച കഥ; മറ്റേതൊരു മലയാളിയെയും പോലെ മമ്മുക്കയുടെ ഏറ്റവും ഇഷ്ടമുള്ള പടം ഏതെന്ന് ചോദിച്ചാല്‍ എന്റെ ആദ്യത്തെ മറുപടി ഒരു വടക്കന്‍ വീരഗാഥ തന്നെയായിരിക്കും.

    ഞാന്‍ അഞ്ചാം ക്ലാസില്‍

    ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമ റിലീസാവുന്നത്. നാട്ടിലെ എസ്.എന്‍ തീയറ്ററില്‍ വരുന്നതാവട്ടെ കുറച്ച് ആഴ്ചകള്‍ കഴിഞ്ഞും. അന്ന് ശനിയാഴ്ച സെക്കന്റ് ഷോക്കാണ് പോവുക. ഞായറാഴ്ച സ്‌കൂളില്ലല്ലോ. തീയറ്ററില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററേ വീട്ടിലേക്കുള്ളൂ. സിനിമ കണ്ടിട്ട് നടന്നാണ് പോവുന്നത്. അന്നും അങ്ങനെ നടക്കുകയാണ്.

    പക്ഷേ എന്തോ

    പക്ഷേ എന്തോ ഒരു കുഴപ്പം. എന്റെ കാലിന്റെ ഉപ്പൂറ്റി നിലത്തുറക്കുന്നില്ല. നിഴലില്‍ വ്യക്തമായി കാണാം. ഞാന്‍ നടക്കുകയല്ല. കുതിരപ്പുറത്താണ്. കൂടെ '' ചന്ദനലേപ സുഗന്ധം ' പാട്ടും. ശ്ശോ ഇനി ചന്തു ദേഹത്തെങ്ങാനും കൂടിയോ. മറ്റാരും ശ്രദ്ധിച്ചില്ലെങ്കിലും എന്റെ നിഴല്‍ ചന്തുവിനെ നോക്കി ഞാന്‍ നടന്നു. വീട്ടിലെത്തി എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങി. ചന്തുവിനെ ഒരു പോള കണ്ണടക്കാനായില്ല.

    കുതിരപ്പുറത്ത്

    കുതിരപ്പുറത്ത് നദിക്കരയിലൂടെ പോകുന്ന ചന്തു. അങ്കം വെട്ടുന്ന ചന്തു, ആ സൈ്വര്യക്കേടില്‍ നേരം പുലര്‍ന്നു. എന്റെ ദേഹം മുഴുവന്‍ ചന്തുവാണ്. പിന്നെ ഒന്നും ആലോചിച്ചില്ല. അപ്പൂപ്പന്റെ അലക്കിവെച്ച വെള്ളമുണ്ടുടെടുത്ത് ചന്തുവിനെപ്പോലെ തറ്റുടുത്തു. സിന്ദൂരം എണ്ണയില്‍ കലക്കി നെറ്റിയില്‍ വലിയൊരു കുറിയിട്ടു. കണ്‍മഷി കൊണ്ട് അസ്സലൊരു കൊമ്പന്‍ മീശയും വരച്ചു. ചന്തു റെഡി.

    പക്ഷേ കണ്ണാടിയില്‍

    പക്ഷേ കണ്ണാടിയില്‍ നോക്കിയപ്പോ ഒരു ലുക്കില്ല. എന്തോ ഒരു കുറവ്. അരയില്‍ കെട്ടാന്‍ ചുവന്ന കളരിക്കച്ചയില്ല. എന്തു ചെയ്യും? ഒന്നും ആലോചിച്ചില്ല. അലമാര തുറന്നു. അമ്മയുടെ ചുവന്ന പട്ടുസാരി എന്നെ നോക്കി ചിരിച്ചു. അത് രണ്ടായി മുറിച്ചു. ഒരു കഷ്ണം ഞാനെടുത്തു. ബാക്കി ഭദ്രമായി അവിടെ തന്നെ വച്ചു. എന്ത് ചെയ്യാന്‍ അന്നേ ഭയങ്കര കരുതലാണ്. ആവശ്യത്തിനുള്ളതേ എടുക്കൂ. അങ്ങനെ അരയില്‍ ചുവന്ന പട്ടൊക്കെ ചുറ്റി ചന്ദനലേപ സുഗന്ധവും പാടി ചന്തു ഉലാത്തുകയാണ്.

    അപ്പോഴും എന്തോ

    അപ്പോഴും എന്തോ ഒരു കുറവ്. കടുത്ത മിസ്സിങ്ങ്. അതെ എവിടെ ചന്തുവിന്റെ ഉടവാള്‍? അതിനെ വിടെ പോവും? വീണ്ടും ഐഡിയ. അപ്പൂപ്പന്‍ തലയിണക്കിടയില്‍ സൂക്ഷിക്കുന്ന ഒരു കത്തിയുണ്ട്. പണ്ട് പട്ടാളത്തിലായിരുന്നപ്പോള്‍ കൊണ്ടു വന്നതാണ്. മതി അതു മതി നൈസായിട്ട് പൊക്കി. ഉടവാള്‍ ചുഴറ്റി ചന്തു പുറത്തേക്കിറങ്ങി. നടന്ന് വീടിന്റെ പിന്നാമ്പുറത്തെത്തി.

    പക്ഷേ കാലുകള്‍ നിലത്തുറക്കുന്നില്ല

    പക്ഷേ കാലുകള്‍ നിലത്തുറക്കുന്നില്ല. എങ്കിലും മുമ്പില്‍ കണ്ട ശത്രുക്കളെ വെട്ടി വീഴ്ത്തി നിഷ്‌കരുണം. അര മണിക്കൂര്‍ നീണ്ട ഘോര യുദ്ധം. എന്നിട്ടും അങ്കക്കലി തീരണില്ല. അപ്പോഴതാ മുന്നിലൊരാള്‍. ഉണ്ണിയാര്‍ച്ചയാണോ. എന്റെ ആര്‍ച്ചയാണോ? കയ്യില്‍ ഉറുമിയാണോ? അല്ല അമ്മയാണ് കയ്യില്‍ വടി പോലെ എന്തോ? അത്രയേ ഓര്‍മ്മയുള്ളു. ചന്തു കുതിരപ്പുറത്ത് നിന്നിറങ്ങി. ചുറ്റും നോക്കി. അങ്കക്കലിയില്‍ വെട്ടി വീഴ്ത്തീയത് വാഴത്തൈകളാണ്.

    കുലച്ചതു മുണ്ടല്ലോ

    കുലച്ചതു മുണ്ടല്ലോ. കളരി പരമ്പര ദൈവങ്ങളേ കാത്തോണേ. അപ്പൂപ്പന്റെ മുണ്ട്, കത്തി അമ്മയുടെ സാരി കുലച്ചതടക്കം അകാല ചരമമടഞ്ഞ വാഴകള്‍, എല്ലാത്തിനും ഉത്തരം പറയേണ്ടി വന്നു. ആര്‍ച്ചയുടെ അങ്കക്കലിയും സഹിക്കേണ്ടി വന്നു. എല്ലാം ചന്തു കാരണം. നേരിട്ട് കാണുമ്പോള്‍ ചോദിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം. തീരുമാനമെടുത്തു. നേരില്‍ കാണാന്‍ വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു.

    ദൂരെ മാറി ആള്‍ക്കൂട്ടത്തിനിടയില്‍

    ദൂരെ മാറി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു നോക്ക് കണ്ടു. മനസ്സില്‍ ചന്ദനലേപ സുഗന്ധം അലയടിച്ചു. പിന്നെ കണ്ടത് മാധ്യമ പ്രവര്‍ത്തകനായിട്ട്. ആദ്യമായി ഞാന്‍ അഭിമുഖമെടുത്ത ഏറ്റവും വലിയ സിനിമാ താരം മമ്മുക്കയാണ്. ആദ്യം സഹസംവിധായകനായ ഭാസ്‌കര്‍ ദ റാസ്‌ക്കലിലെ നായകനും മമ്മുക്ക. വളരെ അടുത്ത്. കയ്യെത്തും ദൂരത്ത് കണ്ടു. മിണ്ടി.( മനസ്സില്‍ ചന്ദനലേപ സുഗന്ധം) സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോള്‍ ക്യാപ്റ്റനില്‍ മമ്മുക്കയായി തന്നെ എത്തി.

    മിണ്ടി

    ആ മുഖത്ത് കാമറവെച്ചു ആക്ഷനും കട്ടും പറഞ്ഞു. ജീവിതത്തിലെ വലിയ ഭാഗ്യങ്ങള്‍. നെഞ്ചില്‍ എക്കാലവും വീരനായി നില്‍ക്കുന്ന പ്രിയപ്പെട്ട ചന്തുവിനെ മമ്മുക്കയെ ഇനിയും കാണണം. പറയാനെത്ര കഥകള്‍ കാണാനെത്ര വേഷപ്പകര്‍ച്ചകള്‍. നിറഞ്ഞ സ്‌നേഹം. ആദരവ്. September 7. പിറന്നാള്‍ ആശംസകള്‍. പ്രിയപ്പെട്ട മമ്മൂക്കക്ക് ചിത്രങ്ങള്‍ മമ്മൂക്കയൊപ്പമുള്ള നല്ല നിമിഷങ്ങള്‍ ഒപ്പം ചന്തുവിന്റെ ആ പഴയ ഉടവാള്‍.

    Read more about: mammootty prajesh sen
    English summary
    mammootty birthday: director prajesh sen shares a childhood memmory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X