»   » മമ്മൂട്ടിയുടെ ജയില്‍ ചിത്രങ്ങളെല്ലാം പൊളിയാണ്, ഏതൊക്കെയാണെന്നറിയുമോ ആ സിനിമകള്‍, കാണാം!

മമ്മൂട്ടിയുടെ ജയില്‍ ചിത്രങ്ങളെല്ലാം പൊളിയാണ്, ഏതൊക്കെയാണെന്നറിയുമോ ആ സിനിമകള്‍, കാണാം!

Written By:
Subscribe to Filmibeat Malayalam

കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി തുടക്കം കുറിച്ചത്. എംടി വാസുദേവന്‍ നായരുടെ ദേവലോകത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി നായകനായെത്തിയത്. എന്നാല്‍ ആ സിനിമ ഇടയ്ക്ക് വെച്ച് മുടങ്ങുകയായിരുന്നു.എംടിയുടെ തന്നെ ചിത്രമായ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജി ജോര്‍ജിന്റെ മേളത്തിലൂടെയാണ് അദ്ദേഹം നായകനെന്ന നിലയില്‍ ശ്രദ്ധ നേടിയത്. അവിടുന്നിങ്ങോട്ട് എത്രയെത്ര കഥാപാത്രങ്ങളെയാണ് താരം അവിസ്മരണീയമാക്കിയത്.

വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മമ്മൂട്ടി, ഇനി മെഗാസ്റ്റാറിന്‍രെ പ്രതികാരം, കാണൂ!

മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. ഏത് തരം കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി അദ്ദേഹം ഇന്നും ജൈത്രയാത്ര തുടരുകയാണ്. ഈയ്യിടെ തിയേറ്ററുകളിലേക്കെത്തിയ ചിത്രമായ പരോളില്‍ മമ്മൂട്ടി ജയില്‍പുള്ളിയായും എത്തുന്നത്. സഖാവ് അലക്‌സ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മികച്ച പ്രതികരണം നേടി സിനിമ മുന്നേറുകയാണ്. ചിത്രം വിജയകരമായി മുന്നേറുന്ന അവസരത്തില്‍ മുന്‍പ് മമ്മൂട്ടി ജയില്‍പുള്ളിയായും ജയില്‍ പശ്ചാത്തലത്തിലും അഭിനയിച്ച ചിത്രങ്ങളെക്കുറിച്ച് പരിശോധിച്ചാലോ?

Mammootty: മമ്മൂട്ടി പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും പാഷനും അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍!

ബാലു മഹേന്ദ്രയോടൊപ്പമെത്തിയ യാത്ര

മമ്മൂട്ടിയും ശോഭനയും ഒരുമിച്ചെത്തിയ ചിത്രമാണ് യാത്ര. തെലുഹ്ക് ചിത്രമായ നിരീക്ഷണയുടെ മലയാല പതിപ്പായിരുന്നു ഇത്. ബാലുമഹേന്ദ്രയായിരുന്നു രണ്ട് സിനിമകളും ഒരുക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍പുള്ളികള്‍ അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങളെക്കുറിച്ച് നേരിയ സൂചന നല്‍കാന്‍ സംവിധായകന്‍ ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. ബസ്സിലെ യാത്രക്കാര്‍ക്കൊപ്പമാണ് ഈ സിനിമ സഞ്ചരിക്കുന്നത്. ഉണ്ണിക്കൃഷ്ണനായി മമ്മൂട്ടിയും തുളസിയായും ശോഭനയും വേഷമിട്ട സിനിമ 1985 ലാണ് പുറത്തിറങ്ങിയത്.

കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ നിറക്കൂട്ട്

പൂമാനമേ എന്ന പാട്ട് ഇന്നും ആരാധകരുടെ കാതില്‍ മുഴങ്ങാറില്ലേ? ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത നിറക്കൂട്ടിലെ ഗാനമാണിത്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് കൂടിയാണിത്. ലിസി ഉര്‍വശി, സുമലത തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ജയിലില്‍ കഴിയേണ്ടി വരുന്ന രവി വര്‍മ്മ എന്ന കഥാപാത്രത്തെ മെഗാസ്റ്റാര്‍ ഗംഭീരമായാണ് അവതരിപ്പിച്ചത്. രവി വര്‍മ്മയെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്ന ശശികലയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

അഭിനയ ജീവിതത്തിലെ നാഴികക്കല്ലായ ന്യൂ ഡല്‍ഹി

മെഗാസ്റ്റാറിന്‍രെ സിനിമാജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് ന്യൂഡല്‍ഹി. ഡെന്നീസ് ജോസഫ് മമ്മൂട്ടി ജോഷി കൂട്ടുകെട്ട് തന്നെയാണ് ഈ ചിത്രത്തിലും ആവര്‍ത്തിച്ചത്. ഉര്‍വശി, സുരേഷ് ഗോപി, സുമലത, സിദ്ദിഖ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രമൊരുക്കിയിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്. ജി കൃഷ്ണമൂര്‍ത്തി എന്ന പത്രപ്രവര്‍ത്തകന്റെ വേഷത്തിലെത്തിയ മമ്മൂട്ടി ജയില്‍പുള്ളിയാവുന്നതും ശത്രുക്കളോട് പകരം തീര്‍ക്കുന്നതുമൊക്കെയാണ് ചിത്രത്തിന്‍രെ പ്രമേയം.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ മതിലുകള്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മതിലുകള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയത്. ഒരൊറ്റ സ്ത്രീ കഥാപാത്രവുമില്ലാത്ത ചിത്രമെന്ന റെക്കോര്‍ഡും ഈ സിനിമയ്ക്ക് സ്വന്തമാണ്. നാരായണി എന്ന ശബ്ദമായി മാത്രമാണ് ഈ സിനിമയില്‍ സ്ത്രീ സാന്നിധ്യമുള്ളത്. കെപിഎസി ലളിതയാണ് നാരായണിക്ക് ശബ്ദം നല്‍കിയത്. വൈക്കം മുഹമ്മദ് ബഷീറായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിട്ടത്. മതിലിനപ്പുറത്തുള്ള നാരായണി എന്ന തടവുകാരിയോട് തോന്നുന്ന പ്രണയത്തിലൂടെയാണ് സിനിമ മുന്നേറുന്നത്.

ജോഷി-ലോഹിതദാസ് കൂട്ടുകെട്ടിലെ കൗരവര്‍

ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കൗരവര്‍. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുമായാണ് ഈ ചിത്രമെത്തിയത്. വിഷ്ണുവര്‍ധന്‍, തിലകന്‍, മുരളി, അഞ്ജു, ബാബു ആന്റണി തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ആന്‍രണി എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. അവിസ്മരണീയമായ പ്രകടനമായിരുന്നു മെഗാസ്റ്റാര്‍ കാഴ്ച വെച്ചത്.

ലോഹിതദാസിനെ സംവിധായകനാക്കിയ ഭൂതക്കണ്ണാടി

ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധായകനായി തുടക്കം കുറിച്ചത്. വിദ്യാധരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന വിദ്യാധരന്‍ ജയിലിലെത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് സിനിമ മുന്നേറുന്നത്. ശ്രീലക്ഷ്മി, റിസബാവ, കലാഭവന്‍ മണി, കാവ്യ മാധവന്‍, എംആര്‍ ഗോപകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

വേണുവിന്റെ മുന്നറിയിപ്പ്

ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത ചിത്രമാണ് മുന്നറിയിപ്പ്. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സികെ രാഘവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. പരോളിന്‍രെ ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നപ്പോള്‍ സികെ രാഘവനെ ഓര്‍മ്മിപ്പിക്കുന്നുവെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.

ശരത്ത് സന്ദിത്തിനൊപ്പം പരോളിലും

പേര് സൂചിപ്പിക്കുന്ന പോലെ സഖാവ് അലക്‌സിന്റെ പരോളാണ് പരോളില്‍ കാണുന്നത്. നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 6നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഇനിയ, മിയ, സിദ്ദിഖ്, ലാലു അലകസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്.

English summary
Mammootty's popular films related with central jail

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X