twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മറാത്തി സിനിമയില്‍ വീണ്ടും വസന്തം! കച്ചാ ലിമ്പു റിവ്യൂ..!

    |

    സതീഷ് പി ബാബു

    സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

    ഇന്ത്യന്‍ സിനിമയില്‍ കാതലായൊരു മാറ്റം നടക്കുന്ന പ്രാദേശിക മേഖലയാണ് മറാത്തി സിനിമാരംഗം. വിഷയ സ്വീകരണത്തിലും അവതരണത്തിലുമൊക്കെ പലപ്പോഴും അത് കാഴ്ചയുടെ പതിവ് ശീലങ്ങള്‍ക്ക് ഒരു വിയോജന കുറിപ്പെഴുതുന്നുണ്ട്. അതാകട്ടെ സാഹിത്യ ശാഖയുമായുള്ള ചേര്‍ന്നു നില്‍പ്പില്‍ സംഭവിക്കുന്ന ഒന്നാണെന്ന് വിലയിരുത്തപ്പെടുന്നു. എന്ത് തന്നെയായാലും 'സിനിമാറ്റിക്' എന്ന ഇന്‍വേര്‍ട്ടഡ് കോമകള്‍ക്കുള്ളില്‍ എളുപ്പത്തില്‍ കടന്നു വരാന്‍ സാദ്ധ്യതയില്ലാത്ത 'അസുഖ'കരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മറാത്തിസിനിമയിലെ നവനിരക്കാര്‍ തയ്യാറാകുന്നു എന്നതാണ് പരിഗണിക്കേണ്ട വിഷയം.

    കച്ചാ ലിംബു

    കച്ചാ ലിംബു

    ഈയിടെ കണ്ട ''കച്ചാ ലിംബു' എന്ന മറാത്തി ചിത്രവും ആ വാദത്തെ സാധൂകരിക്കുന്ന ഒന്നാണ്. അഭിനേതാവ് എന്ന നിലയില്‍ മറാത്താ സീരിയല്‍ സിനിമാ നാടകപ്രേമികള്‍ക്ക് സുപരിചിതനായ പ്രസാദ് ഓക് സംവിധായകന്റെ കുപ്പായമണിയുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. മറാത്തി എഴുത്തുകാരനായ ജയ്വന്ത് ദാല്‍വി യുടെ 'രണനുബന്ധ' എന്ന നോവലാണ് പ്രസാദ് തന്റെ ആദ്യ ഉദ്യമത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ഗാമികള്‍ സാഹിത്യത്തെ ഉപജീവിച്ച് വാര്‍ത്തെടുത്ത ശുദ്ധമായ; എന്നാല്‍ തന്റേടമുള്ള സിനിമകളെ തന്നെ യുവതലമുറയും മാറോടണക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ നോവലിന്റെ സിനിമാ രൂപാന്തരം.

    രതിജന്യ ചിത്രങ്ങള്‍

    മോഹന്‍ ഷൈല ദമ്പതികളുടേയും അവര്‍ക്ക് ജനിച്ച ബച്ചു എന്ന മാനസിക വളര്‍ച്ചയില്ലാത്ത കൗമാരക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. കണ്ടുവരുന്ന അംഗപരിമിതരില്‍ നിന്ന് വ്യത്യസ്തമായ് ബച്ചു പലപ്പോഴും അതിവൈകാരികത പ്രകടിപ്പിക്കുന്ന ഒരാളാണ്. അതോടൊപ്പം തന്നെ അവനില്‍ കൗമാരത്തിന്റേതായ ലൈംഗിക താത്പര്യങ്ങള്‍ കൂടി അങ്കുരിക്കുന്നിടത്താണ് സിനിമ ഉപരിപ്ലവ ഭാവപ്രകടനങ്ങള്‍ക്കപ്പുറം ഒരു ചിന്താലോകത്തേക്ക് തന്നെ വാതില്‍ തുറന്ന് വെക്കുന്നത്. രതിജന്യ ചിത്രങ്ങള്‍ കാണുമ്പോഴും സാരിക്കും ബ്ലൗസിനുമിടയില്‍ അമ്മയുടെ നഗ്‌നവയര്‍ കാണുമ്പോഴുമൊക്കെ അങ്ങനെയൊരു വികാരത്തളിച്ചയിലേക്ക് ബച്ചു നീങ്ങുന്നത് ആ ദമ്പതികളുടെ സ്വകാര്യതയെ കൂടി അപഹരിക്കുന്നുണ്ട്. മകന്റെ കാര്യത്തില്‍ പ്രതിലോമകരമായ ചില തീരുമാനങ്ങളെടുക്കാന്‍ വരെ ഒരു ഘട്ടത്തില്‍ പിതാവ് തയ്യാറാകുന്നുമുണ്ട്. പിന്നീട് ബച്ചുവിന്റെ ലൈംഗിക വികാരങ്ങളെ താത്ക്കാലികമായെങ്കിലും കെട്ടഴിച്ചുവിടാന്‍ അയാള്‍ സ്വയം സന്നദ്ധനാവുകയാണ്.

    ബ്ലാക്ക് ആന്റ് വൈറ്റിലും

    സിനിമ പൊതുവേ അഭിസംബോധന ചെയ്യാന്‍ മടിക്കുന്ന അംഗ പരിമിതരുടെ ലൈംഗികതൃഷ്ണയെ ഇങ്ങനെ തുറന്ന് കാണിക്കാനുള്ള ശ്രമമാണ് പ്രസാദ് 'കച്ചാ ലിംബു' വിലൂടെ നടത്തുന്നത്. വാണിജ്യമൂല്യ ചിത്രങ്ങള്‍ പിന്തുടര്‍ന്നു വന്ന അതേ പരമ്പരാഗത ശൈലിയുടെ ആനുകൂല്യത്തിലാണ് പക്ഷേ പ്രസാദ് കഥ പറയുന്നത് എന്നു മാത്രം. മോഹന്റെയും ശൈലയുടേയും വിവാഹപൂര്‍വ്വ ദിനങ്ങള്‍ കളറിലും ബച്ചുവിന്റെ ജനനാന്തരമുള്ള ഭാഗങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റിലും ചിത്രീകരിച്ചു കൊണ്ട് ആ ദമ്പതികളുടെ മാനസിക ഘടനയെ പ്രതീകാത്മകമായ് അവതരിപ്പിക്കുയാണ് സംവിധായകന്‍.

    വേറിട്ടൊരു സിനിമ

    മൂലകഥയുടെ ഗതിവിഗതികളില്‍ നിന്നകന്ന് വേറിട്ടൊരു സിനിമക്ക് സംവിധായകന്‍ ശ്രമിച്ചില്ല എന്ന അപാകതയുമുണ്ട്. ശോക പശ്ചാത്തലമുള്ള കഥാപാത്രങ്ങള്‍, പരമ്പരാഗത കുടുംബ മൂല്യങ്ങളുടെ അടിവര തുടങ്ങിയവ ഉദാഹരണങ്ങള്‍. അതിന് പുറമേ ബച്ചുവിന്റെ ലൈംഗിക തൃഷ്ണയെ മികച്ച രീതിയില്‍ അഭിസംബോധന ചെയ്യവേ തന്നെ ആ ദമ്പതിമാരുടെ ലൈംഗിക ദാരിദ്ര്യത്തെ ന്യൂനീകരിക്കുകയും ഒരു വേളയില്‍ അതില്‍ നിന്ന് പുറത്ത് കടക്കാനുള്ള ശൈലയുടെ ആഗ്രഹത്തെ ഭാര്യാ ഭര്‍തൃബന്ധത്തിന്റെ പവിത്രതതയില്‍ ചേര്‍ത്തു കെട്ടിയിടുന്നതും നമുക്ക് കാണാം. തന്റെ മേലുദ്യോഗസ്ഥനുമായുള്ള ഒരു സംഭാഷണവേളയില്‍ രണ്ടാമത്ത കുഞ്ഞിനായ് എന്തേ ശ്രമിച്ചില്ല എന്ന ചോദ്യത്തിനുത്തരമായ് ശൈല പറയുന്നത് തങ്ങളുടെ ജിവിതം ചന്ദ്രനും സൂര്യനും പോലെയാണെന്നാണ്. അതായത് ഒരാള്‍ ജോലിക്ക് പോകുമ്പോഴാണ് മറ്റേയാള്‍ വീട്ടിലെത്തുന്നത്. തിരിച്ചും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് അവരുടേത് മാത്രമായ ഒരിടം, സമയം ഇതൊന്നും ലഭിക്കുന്നുമില്ല. ആ തുറന്ന് പറച്ചിലുകള്‍ക്കിടയില്‍ മേലുദ്യോഗസ്ഥനുമായ് ശൈലക്കൊരു അടുപ്പം ദൂപാന്തരപ്പെടുന്നുമുണ്ട്. എന്നാല്‍ അവരുടെ സംയോഗം അവരുടെ തന്നെ പരസ്പരമുള്ള പതീ പത്‌നി ബന്ധത്തിന്റെ ബിംബവത്ക്കരണത്തില്‍ അലിയിച്ചു കളയുകയും ചെയ്യുന്നു സംവിധായകന്‍.

    കല്‍കി കൊച്ച്‌ലിന്‍

    ഇതൊക്കെയാണെങ്കിലും 2014ല്‍ കല്‍കി കൊച്ച്‌ലിന്‍ നായികയായ് അഭിനയിച്ച, സൊനാലി ബോസിന്റെ 'മാര്‍ഗരീത്ത വിത്ത് എ സ്‌ട്രോ' പോലുള്ള അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമേ അംഗ പരിമിതരുടെ ലൈംഗിക ചോദനകളെ അവലംബിച്ച് പുറത്തിറങ്ങിയിട്ടുള്ളു എന്ന കാര്യം ഓര്‍ക്കുമ്പോള്‍ പ്രസാദ് ഓകിന്റേത് നല്ലൊരു ശ്രമമാണെന്ന് പറയേണ്ടി വരും. മോഹനായ് രവി യാദവും ശൈലയായ് സോനാലി കുല്‍ക്കര്‍ണിയും ബച്ചുവായ് മന്‍മീതുമാണ് അഭിനയിച്ചിരിക്കുന്നത്. തിരക്കഥ ചിന്‍മയ് മണ്ഡ്‌ലേക്കറും ഛായാഗ്രഹണം അമലേന്ദു ചൗധരിയും എഡിറ്റിംഗ് ജയന്ത് ജതാറും നിര്‍വ്വഹിക്കുന്നു. നിര്‍മ്മാണം മന്ദാര്‍ ദേവസ്ഥലി. മികച്ച നടനും സഹനടനുമുള്ള അവാര്‍ഡുകളോടൊപ്പം, ഐഎഫ്എഫ്‌കെ യടക്കമുള്ള നിരവധി ദേശീയ അന്തര്‍ദേശീയ ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

    കുഞ്ഞിക്ക ഇനി മുതല്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍! മലയാളത്തിന് കനത്ത തിരിച്ചടിയുമായി ബോളിവുഡ് സിനിമകള്‍!കുഞ്ഞിക്ക ഇനി മുതല്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍! മലയാളത്തിന് കനത്ത തിരിച്ചടിയുമായി ബോളിവുഡ് സിനിമകള്‍!

    വാപ്പച്ചിയ്‌ക്കൊപ്പം മത്സരിക്കാന്‍ ദുല്‍ഖറില്ല, ജെമിനി ഗണേശനും സാവിത്രിയും വരാന്‍ ഇനിയും വൈകും..വാപ്പച്ചിയ്‌ക്കൊപ്പം മത്സരിക്കാന്‍ ദുല്‍ഖറില്ല, ജെമിനി ഗണേശനും സാവിത്രിയും വരാന്‍ ഇനിയും വൈകും..

    English summary
    Marathi film Kachcha limbu review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X