»   » മലയാളി ഇല്ലാത്തതു കൊണ്ടാണോ 10 പുരസ്‌കാരം കിട്ടിയത്? പുരസ്‌കാര വിശേഷങ്ങളുമായി എംസി രാജനാരായണന്‍

മലയാളി ഇല്ലാത്തതു കൊണ്ടാണോ 10 പുരസ്‌കാരം കിട്ടിയത്? പുരസ്‌കാര വിശേഷങ്ങളുമായി എംസി രാജനാരായണന്‍

Written By: Desk
Subscribe to Filmibeat Malayalam

എംസി രാജനാരായണന്‍

ചലച്ചിത്രജാലം
ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

പത്ത് അവാര്‍ഡുകളുമായി ഇത്തവണ മലയാള സിനിമ ദേശീയ പുരസ്‌കാരത്തില്‍ മുന്നിലെത്തിയത് ശുഭോദര്‍ക്കം തന്നെ. യേശുദാസും (ഗായകന്‍), ജയരാജും (സംവിധായകന്‍) ഒഴികെ മറ്റു പ്രധാന അവാര്‍ഡുകളെല്ലാം യുവ തലമുറയ്ക്കാണ് ലഭിച്ചിരിക്കുന്നത്. യേശുദാസിന് എട്ടാം തവണയും ജയരാജിന് മികച്ച സംവിധായകനായി രണ്ടാം തവണയുമാണ് പുരസ്‌കാര ലബ്ധി. ഇതിനു മുന്‍പ് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡടക്കം (2 തവണ) പലപ്രാവശ്യം ദേശീയ പുരസ്‌കാരങ്ങള്‍ ജയരാജിനെ തേടിയെത്തിയിട്ടുണ്ട്.

എന്തിലും ഏതിലും വിവാദം പരതുന്ന ചിലര്‍ സോഷ്യല്‍ മീഡിയയില്‍ മലയാളിയെ അടിക്കുവാനുള്ള വടിയായി ദേശീയ പുരസ്‌കാര നിര്‍ണ്ണയത്തെ കണ്ടത് ഖേദകരമാണ്- അത് നിരര്‍ത്ഥമായ പ്രവര്‍ത്തിയാണെങ്കിലും. ശേഖര്‍ കപൂര്‍ ജൂറി ചെയര്‍മാനായതു കൊണ്ടോ ജൂറിയില്‍ മലയാളി ഇല്ലാത്തതു കൊണ്ടോ ആണ് 10 അവാര്‍ഡുകള്‍ മലയാള സിനിമയ്ക്ക് കിട്ടിയതെന്നാണ് ചിലരുടെ സോഷ്യല്‍ മീഡിയയിലുള്ള അഭിപ്രായ പ്രകടനം. ഇത് അപക്വവും അബദ്ധജടിലവുമാണ്.

രാജേഷ് ടച്ച് റിവര്‍ (തൊടുപുഴ) എന്ന ശുദ്ധമലയാളി പ്രധാന ജൂറി അംഗമായിരുന്നതു കൂടാതെ വിനോദ് മങ്കര പ്രാദേശിക ജൂറിയിലുമുണ്ടായിരുന്ന വിവരം അറിഞ്ഞപ്പോഴെങ്കിലും വിവാദ വ്യവസായികള്‍ പോസ്റ്റ് പിന്‍വലിക്കേണ്ടതായിരുന്നു. അവാര്‍ഡിനെ ചാരി മലയാളിയെ തല്ലാന്‍ എന്തൊരു തിരക്കായിരുന്നു. ഇതിനു മുന്‍പും മലയാള സിനിമ പത്തും അതിലധികവും അവാര്‍ഡുകള്‍ വാരികൂട്ടിയപ്പോള്‍ ജൂറിയില്‍ മലയാളി സാന്നിധ്യമുണ്ടായിരുന്നു ഏന്ന് ചരിത്രാവബോധമുള്ളവര്‍ക്കറിയാം. അല്ലെങ്കില്‍ പഴയ റെക്കോര്‍ഡുകള്‍ പരിശോധിച്ചാലും കണ്ടെത്താനാകും.

അടൂര്‍ ഗോപാലകൃഷ്ണനും ജി അരവിന്ദനും മറ്റും പലതവണ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം ജൂറിയില്‍ മലയാളി സാന്നിധ്യമുണ്ടായിരുന്നു. ജി അരവിന്ദന് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ചിദംബരത്തിലൂടെ ഒരേയൊരു തവണ ലഭിച്ചപ്പോള്‍ ജൂറി ചെയര്‍മാനായിരുന്നത് സാക്ഷാല്‍ പ്രേംനസീര്‍ ആയിരുന്നു. അങ്ങിനെ നിരവധി ഉദാഹരണങ്ങള്‍ പറയാനാകും. അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന മട്ടില്‍ പോസ്റ്റിടുന്നവര്‍ കുറെ കൂടി ജാഗരൂഗരാകുന്നത് അവര്‍ക്കും എല്ലാ മലയാളികള്‍ക്കും നല്ലതാണ്. വെറുതെയുള്ള പഴിചാരലെങ്കിലും ഒഴിവായിക്കിട്ടുമല്ലോ. നന്നേ ചെറുപ്പത്തില്‍ മോനിഷയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ (നഖക്ഷതങ്ങള്‍) ജൂറി അംഗമായിരുന്നത് സൂര്യകൃഷ്ണമൂര്‍ത്തിയായിരുന്നു. പലതവണ സംസ്ഥാന, ദേശീയ, രാജ്യാന്തര ജൂറിയില്‍ അംഗമായ ഒരു വ്യക്തിയെന്ന നിലയ്ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന ഒരു കാര്യം ജൂറി അംഗങ്ങള്‍ക്കിടയിലോ പുരസ്‌കാര നിര്‍ണ്ണയത്തിലോ പ്രാദേശിക, ദേശീയ വികാരങ്ങള്‍ വെളിപ്പെടാറില്ല. 2014 ലെ ഇന്ത്യന്‍ പനോരമ ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ജൂറിയില്‍ ഞാന്‍ മാത്രം അംഗമയാരുന്നിട്ടും ഏഴ് മലയാള പടങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൊത്തം 21 ചിത്രങ്ങളില്‍ മൂന്നിലൊന്ന് മലയാള ചിത്രങ്ങളും തൊട്ടടുത്ത് അഞ്ച് ചിത്രങ്ങളുമായി ബംഗാളി സിനിമയുമാണുണ്ടായിരുന്നത്.

ഇത്തവണ ദേശീയ പുരസ്‌കാരങ്ങള്‍ വലിയ വിവാദങ്ങള്‍ക്കൊന്നും വഴി തുറന്നില്ലായെന്നത് നിര്‍ണ്ണയത്തിലെ നിക്ഷ്പഷതയും മികവും പ്രകടമാക്കുന്നു. (പടങ്ങളുടെ നിലവാരത്തിലുപരി ജൂറിയുടെ നിലവാരമാണ് അവാര്‍ഡുകളില്‍ പ്രതിഫലിക്കുക എന്ന അടൂരിന്റെ അഭിപ്രായം ഏറെ പ്രസക്തമാണ്).ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ വില്ലേജ് റോക്സ്റ്റാര്‍ എന്ന ആസാമീസ് പടത്തെക്കുറിച്ചും എവിടെയും എതിരഭിപ്രായം ഉയര്‍ന്നില്ല. അതുപോലെതന്നെയാണ് മറ്റ് അവാര്‍ഡുകളും സിനിമാലോകം സ്വീകരിച്ചത്. ഇത്തവണ രണ്ട് മികച്ച അവാര്‍ഡുകള്‍ മരണനാന്തര ബഹുമതിയായി നല്‍കപ്പെട്ടവയാണ്. വിനോദ് ഖന്നയ്ക്ക് ലഭിച്ച ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും മികച്ച അഭിനയത്രിയായി ശ്രീദേവി തിരഞ്ഞെടുക്കപ്പെട്ടതും. ഹിന്ദി സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്ന ശ്രീദേവിക്ക് സിനിമ ചരിത്രത്തില്‍ വലിയൊരധ്യായം സ്വന്തം (മിസ്റ്റര്‍ ഇന്ത്യ, സദ്മ, ഹിമത്ത് വാല.....) വിനോദ് ഖന്നയാകട്ടെ ഭഗവാന്‍ രജനീഷില്‍ ആകൃഷ്ടനായി, ഭക്തനായി സിനിമാ രംഗം ഉപേക്ഷിച്ചിട്ടില്ലായിരുന്നുവെങ്കില്‍ അമിതാബ് ബച്ചനൊപ്പം സൂപ്പര്‍ സ്റ്റാറായി വിരാജിക്കുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിനോദ് ഖന്ന തിരിച്ചെത്തിയപ്പോഴും വലിയ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഒരു കാലത്ത് മള്‍ട്ടി സ്റ്റാററുകളുടെ ജീവനാഡിയായിരുന്നു വിനോദ് ഖന്ന (അമര്‍ അക്ബര്‍ ആന്റണി).

ഇടക്കാലത്ത് മറാത്തി സിനിമയ്ക്ക് ദേശീയതലത്തില്‍ കൈവന്ന പ്രാമുഖ്യം മലയാള സിനിമ വീണ്ടും തിരിച്ചെടുത്തിരിക്കുകയാണ് പത്ത് ദേശീയപുരസ്‌ക്കാര നേട്ടത്തിലൂടെ. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡ് ജയരാജിന് ലഭിച്ച മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം തന്നെ. ഒറ്റാലിന് രണ്ട് വര്‍ഷം മുന്‍പ് കപ്പിനും ചുണ്ടിനുമിടയില്‍വെച്ച് ജയരാജിന് മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നഷ്ടപ്പെട്ടതിന്റെ പിന്നാമ്പുറ കഥകള്‍ പിന്നീട് പുറത്തുവന്നിരുന്നു. അത് മലയാളി സാന്നിധ്യം കൊണ്ടായിരുന്നില്ല. (അന്നത്തെ ജൂറി ചെയര്‍മാന്‍ ഭാരതി രാജയായിരുന്നു). കാവ്യ നീതിയെന്നപോലെ ഒറ്റാല്‍ പിന്നീട് ഐ.എഫ്.എഫ്.കെയിലെ പ്രധാന അവാര്‍ഡുകളെല്ലാം വാരികൂട്ടുകയും ചെയ്തു. അങ്ങിനെ ചരിത്രത്തിലാദ്യമായി ഒരു മലയാള സിനിമ ജയരാജിന്റെ ഒറ്റാലിലൂടെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം കരസ്ഥമാക്കി. ഇത്തവണത്തെ ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ മലയാള സിനിമയെ വാനോളം പുകഴ്ത്തി. ഹിന്ദി സിനിമയ്ക്ക് മലയാള സിനിമയുമായി താരതമ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ തന്നെ ഇന്ദ്രന്‍സും ഫഹദ് ഫാസിലുമടക്കമുള്ളവരുടെ പ്രകടത്തെക്കുറിച്ച് ''ബ്രില്ല്യന്റ്'' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്......

ലാലേട്ടാ നിങ്ങളിതെന്ത് കിടുവാണ്,ഇത്തിക്കര പക്കിയെ കൊണ്ട് പൊറുതിമുട്ടി കൊച്ചുണ്ണി!എങ്ങും ട്രോള്‍ മഴ

English summary
MC Rajanarayanan about 2018 National Awards

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X