twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രെയിന്‍ മൂവീസ് വിഭാഗത്തിലെ ഹിന്ദി സിനിമാ ക്ലാസിക്കാണ് '27 ഡൗണ്‍'സിനിമയെ കുറിച്ച് എംസി രാജനാരായണന്‍

    By Desk
    |

    എംസി രാജനാരായണന്‍

    ചലച്ചിത്രജാലം
    ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

    റോഡ് മൂവീസ് എന്ന പോലെ ട്രെയിന്‍ മൂവീസ് എന്ന വിഭാഗത്തിലെ ഹിന്ദി സിനിമാ ക്ലാസിക്കാണ് അവതാര്‍ കൃഷ്ണ കൗള്‍ സംവിധാനം ചെയ്ത '27 ഡൗണ്‍'. ബോളിവുഡിന്റെ അനുകരണമായ ബേണിംങ്ങ് ട്രെയിന്‍ ഹിന്ദി സിനിമയിലെ ഒരു ബിഗ് ബജറ്റ് പടമായിരുന്നെങ്കിലും അതിന്റെ വിദേശ സിനിമാ കടപ്പാട് സ്പഷ്ടമാണ്. ഹിന്ദിയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഷോലെയിലെ ട്രെയിന്‍ കേന്ദ്രീകരിച്ചുള്ള ആക്ഷന്‍ സീനുകള്‍ ശ്രദ്ധേയം തന്നെ. 27 ഡൗണ്‍ എന്ന പടത്തിന്റെ പേരു തന്നെ ട്രെയിനിന്റേതാണ്. പ്രധാന കഥാപാത്രംതന്നെ ഒരു ടി.ടി.ഇ യും. ട്രെയിനിന് ഇത്രയും പ്രാധാന്യം ലഭിക്കുന്ന മറ്റൊരു ഹിന്ദി ചിത്രം ഇല്ലെന്നുപറയാം. ചിത്രം മുഴുവന്‍ ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും ക്വാര്‍ട്ടേസുകളുമാണ് - കാരണം 27 ഡൗണ്‍ പറയുന്നത് ഒരു റെയില്‍വേകാരന്റെ കഥയാണല്ലോ.

    എം.കെ. റെയ്‌ന

    27 ഡൗണിലെ നായകന്‍ എം.കെ. റെയ്‌നയെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയത് ഗതകാലസ്മരണകള്‍ ഉണരുവാന്‍ പര്യാപ്തമായി. തൃശ്ശൂര്‍ രാജ്യാന്തര നാടകമേളയില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു എം.കെ. റെയ്‌ന. ഡെല്‍ഹി നാളുകളെകുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം അത് ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുക്കുകയുംചെയ്തു. സാഹിത്യ അക്കാദമി, തൃവേണി കലാസംഗം, മണ്ഡി ഹൗസ്, മാക്‌സ്മുള്ളര്‍ ഭവന്‍, തുടങ്ങിയ സ്ഥലങ്ങലില്‍ വെച്ച് എം.കെ. റെയ്‌നയെ പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ സിനിമാസാഹിത്യ സംബന്ധിയായ സെമിനാറുകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരിരുന്നു. 27 ഡൗണ്‍ കണ്ടതിന്‌ശേഷമാണ് നാടകനടനും സംവിധായകനുമായ എം.കെ. റെയ്‌നയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത്.

     റെയ്‌ന

    വര്‍ഷങ്ങള്‍ക്ക് ശേഷം തൃശ്ശൂരില്‍ വെച്ച് വീണ്ടും കണ്ടുമിട്ടിയതിന്റെ സന്തോഷം റെയ്‌ന പങ്കുവെച്ചു. ''ട്രൂലി ദി ഈസ് എ കള്‍ച്ചറല്‍ കാപിറ്റല്‍''. തൃശ്ശൂരും കേരളവും റെയ്‌നയ്ക്ക് നന്നേ ബോധിച്ച ഇടങ്ങളാണ്. ''27 ഡൗണ്‍ ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു''. ''ദോസ് വേര്‍ ദ ഡെയ്‌സ് ഓഫ് ഡ്രാമ, ആക്ടിങ്ങ് & ആക്ടിവിസം''. സാംസ്‌കാരികമായി സജീവമായിരുന്ന ഡെല്‍ഹി ഇന്നില്ലെന്ന് റെയ്‌ന പറഞ്ഞു. അദ്ദേഹം നാടകരംഗത്ത് ഇപ്പോഴും കഴിയുന്ന രീതിയില്‍ സജീവമായി നില്‍ക്കുവാന്‍ യത്‌നിക്കുന്നു. 27 ഡൗണിലെ പ്രധാന കഥാപാത്രമായ ടി.ടി.ഇയെ എം.കെ. റെയ്‌ന അതി മനോഹരമായും ശക്തമായും അവതരിപ്പിച്ചത് യഥാതഥമായ രീതിയില്‍ തന്നെ. നായികയായി രാഖി ഗുല്‍സാര്‍ - ഹിന്ദി സിനിമയിലെ പരിചയസമ്പന്നയായ നടിയും. എന്നിട്ടും റെയ്‌ന തന്നെയാണ് സ്‌കോര്‍ ചെയ്തത്. അതിനദ്ദേഹം നാടകരംഗത്തെ അനുഭവത്തോടായിരിക്കണം കടപ്പെട്ടിരുന്നത്.

     27 ഡൗണിലെ നായകന്‍

    ലൈവ് സ്റ്റേജില്‍ പയറ്റിതെളിഞ്ഞ ഒരു നടന് ക്യാമറയ്ക്ക് മുമ്പില്‍ പെര്‍ഫോം ചെയ്യുന്നത് അത്ര ശ്രമകരമല്ലെന്ന് തെളിയിച്ച എത്രയോ നടന്മാര്‍ നമ്മുക്കുണ്ട്. അവരില്‍ നമ്മുടെ തിലകനും മുരളിയും രാജന്‍ പി ദേവും ഉള്‍പ്പെടുന്നു. അഭിനയിച്ച് പ്രതിഫലിപ്പിക്കുവാന്‍ എളുപ്പമുള്ള കഥാപാത്രമല്ലാതിരുന്നിട്ടും 27 ഡൗണിലെ നായകനെ എം.കെ. റെയ്‌ന അനശ്വരമാക്കി. കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ പോലും സൂക്ഷ്മമായി പകര്‍ത്തികൊണ്ടുള്ള ഭാവാഭിനയം കിടയറ്റതായി മാറുകയും ചെയ്തു. അന്ന് കറുത്ത താടിയും മുടിയുമുണ്ടായിരുന്ന റെയ്‌ന ഇപ്പോള്‍ വെളുത്ത താടിമുടിക്കാരനാണ്. അദ്ദേഹം പറഞ്ഞു. ''കാലംമാറ്റിയ ലെഔട്ട്''. ''അതെ, കാലം ഒരു വലിയ മെയ്ക്കപ്പ്മാന്‍തന്നെ''. 27 ഡൗണ്‍ കലാപരമായി നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടുവെങ്കിലും റെയ്‌ന സിനിമാ രംഗത്ത് ഉറച്ചു നിന്നില്ല. ഏതാനും പടങ്ങള്‍ ചെയ്തതില്‍ ന്യൂഡെല്‍ഹി ടൈംസ് വേറിട്ടുനില്‍ക്കുന്നു.

    അവതാര്‍ കൗള്‍

    27 ഡൗണിന്റെ സംവിധായകന്‍ അവതാര്‍ കൃഷ്ണ കൗളിന്റേത് ഒരു ദാരുണ മരണമായിരുന്നു. ആദ്യ ചിത്രമായ 27 ഡൗണിലൂടെ വലിയ പ്രതീക്ഷനല്‍കിയ അദ്ദേഹം പുരസ്‌കാര ലബ്ധിക്ക് ഏതാനും മണിക്കുറുകള്‍ക്കുമുന്‍പേയാണ് മുംബൈയില്‍വെച്ച് മുങ്ങിമരിച്ചത്. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്‌കാരം 27 ഡൗണിനെ തേടിയെത്തിയെങ്കിലും അതറിയാന്‍ കാത്തുനില്‍ക്കാതെ സംവിധായകന്‍ അവതാര്‍ കൗള്‍ അന്ത്യയാത്രയായിരുന്നു. ആവര്‍ഷത്തെ ദേശീയ പുരസ്‌ക്കാരത്തിന് കണ്ണീരിന്റെ നനവുണ്ടായിരുന്നു. നല്ല സിനിമയില്‍ വിശ്വസിച്ച് അതിനായി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് ആദ്യ സിനിമയിലൂടെ പ്രതിഭ തെളിയിച്ച അവതാര്‍ കൃഷ്ണ കൗള്‍ കലാരംഗത്തോടും ലോകത്തോടും വിടപറഞ്ഞത് അവിശ്വസനീയമായ രീതിയിലാണ്. ഹിന്ദിയിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെതന്നെ എക്കാലത്തെയും മികച്ച രചനകളിലൊന്നാണ് 27 ഡൗണ്‍. ട്രെയിന്‍ കഥാപാത്രത്തിന്റെ പ്രാധാന്യം നേടുന്ന ലോക സിനിമയിലെതന്നെ ശ്രദ്ധേയമായ രചനകളിലൊന്നാണിതെന്ന് നിസ്സംശയം പറയാം. ഇന്ത്യയിലെയും ലോകത്തെയും ചലച്ചിത്രമേളകളില്‍ ഇന്നും 27 ഡൗണ്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതും പ്രശംസ നേടുന്നതും അതുകൊണ്ടുതന്നെയാണ്.

    English summary
    MC Rajanarayanan about 27 down movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X