For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പ്രേം നസീറിനെ നിത്യ ഹരിത നായകനെന്ന് വിളിച്ചത് ചുമ്മാതല്ല! ഓര്‍മ്മ പുതുക്കി എംസി രാജനാരായണന്‍

  By Desk
  |

  എംസി രാജനാരായണന്‍

  ചലച്ചിത്രജാലം
  ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

  ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാസില്‍ പുതിയ പടത്തിന്റെ ചിത്രീകരണത്തിനായി പ്രേം നസീര്‍ എത്തിയിട്ടുട്ടുണ്ടെന്നറിഞ്ഞാണ് ഞങ്ങള്‍ അവിടേക്ക് ചെല്ലുന്നത്. അവിടത്തെ ബംഗ്ലാവില്‍ സാധാരണ ഫിലിം ഷൂട്ട് നടക്കുന്ന ഇടങ്ങളിലെ തിരക്കൊന്നുമില്ല. ഏതാനും സാങ്കേതിക വിദഗ്ദര്‍ ഉപകരണങ്ങളുമായി അവിടവിടെ നില്‍ക്കുന്നുണ്ട്. പ്രേം നസീറിന്റെ കാര്യം ചോദിച്ചപ്പോള്‍ അകത്തെ മുറിയിലുണ്ടെന്ന് പറഞ്ഞത് ഒരു തമിഴ്‌നാട്ടുകാരന്‍ പയ്യനാണ്. അല്‍പനേരം ഞങ്ങള്‍ കാത്തുനിന്നെങ്കിലും സംവിധായകനോ മറ്റു നടന്മാരോ വന്നില്ല. പി.ജി. വിശ്വംഭരന്‍ സംവിധാനം നിര്‍വ്വഹിച്ച പടത്തില്‍ നയകനായി എത്തിയതാണ് പ്രേം നസീര്‍ (സ്‌ഫോടനമോ സംഘര്‍ഷമോ മറ്റോ ആണെന്നാണ് ഓര്‍മ്മ)

  കുറച്ചുനേരം കാത്തുനിന്ന ശേഷവും ആരെയും കാണാതിരുന്നപ്പോള്‍ ഞങ്ങള്‍ സ്വീകരണമുറിയിലേക്ക് കയറി. അവിടെയും ആരുമില്ല. ബ്രേക്കിന്റെ സമയമോ അതോ ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്തിരിക്കുമോ? ഏതായാലും അകത്തെ മുറിയുംകൂടി നോക്കാമെന്നുകരുതി ഞങ്ങള്‍ അവിടേക്ക് ചെന്നതും മുറിയിലിരുന്ന് സ്‌ക്രിപ്റ്റ് വായിക്കുന്ന പ്രേം നസീറിനെയാണ് കണ്ടത്. ഞങ്ങള്‍ മലയാളികളാണെന്നും അദ്ദേഹത്തെ കാണാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് പ്രേംനസീര്‍ പറഞ്ഞു ''ഞാന്‍ ഡയലോഗ് പഠിക്കുകയാണ്''. ''ഞങ്ങള്‍ വെയ്റ്റ് ചെയ്യാം''. ''സാരമില്ല, ഇനിയും സമയമുണ്ട്''.

  കഥാപാത്രത്തിന്റെ വേഷത്തിലിരിക്കുന്ന അദ്ദേഹം കണ്ണട എടുത്ത് ടേബിളില്‍ വെച്ചുകൊണ്ടുപറഞ്ഞു. ''ഞാന്‍ ലഞ്ച് കഴിഞ്ഞ ഉടനെ ഇങ്ങുപോന്നു. വിശ്വംഭരനും മറ്റ് അഭിനേതാക്കളും വന്നാലെ ഷൂട്ട് തുടങ്ങുകയുള്ളു''. ഡല്‍ഹിയില്‍ വെച്ച് ഇത്ര സൗകര്യമായി പ്രേം നസീറിനെ കാണാന്‍ കഴിഞ്ഞതിലുള്ള അത്ഭുതം ഞങ്ങളെ വിട്ടുമാറിയിരുന്നില്ല. കിച്ചണില്‍നിന്ന് പ്രത്യക്ഷപ്പെട്ട പയ്യനോട് അദ്ദേഹം തമിഴില്‍ ചായ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ''ഒന്നും വേണ്ട''. ''അല്ല ചായ ആവാം''. പിന്നീട് അദ്ദേഹം ഞങ്ങളോട് വളരെ താല്‍പര്യത്തോടെ ഡല്‍ഹി വിശേഷങ്ങള്‍ ചോദിച്ചു. യാതൊരു താരപരിവേഷവുമില്ലാതെയുള്ള പെരുമാറ്റം. മേ്ക്കപ്പ്മാനും മറ്റുചിലരും അവിടേക്ക് വന്നപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റു. പ്രേം നസീര്‍ പറഞ്ഞു. ''നാളെയൊരു മീറ്റിംങ്ങുണ്ട് നിങ്ങള്‍ തീര്‍ച്ചയായും വരണം''.

  പതിറ്റാണ്ടുകള്‍ നായകനടനായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന പ്രേം നസീര്‍ തന്നെയാണ് ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായകന്‍. ഏറ്റവും കൂടുതല്‍ പടങ്ങള്‍ നായകനായി അഭിനിയിച്ച ഗിന്നസ്സ് റെക്കോര്‍ഡ് (500ല്‍ പരം) കൂടാതെ, കൂടുതല്‍ ഡബിള്‍ റോളുകള്‍ (30), ഒരു നായികയുമൊത്ത് നൂറിലധികം പടങ്ങള്‍ (ഷീല) ഒരു സംവിധായകന്റെ കൂടെ ഏറ്റവും കൂടുതല്‍ പടങ്ങള്‍ (ശശികുമാര്‍-75) തുടങ്ങിയവയും അദ്ദേഹത്തിന്റെ പേരില്‍ രേഖപ്പെടുത്തിയവയാണ്. എന്നാല്‍ റെക്കോര്‍ഡുകള്‍ക്കുപരി സഹപ്രവര്‍ത്തകരോടും നിര്‍മ്മാതാക്കളോടും മറ്റു ഏറ്റവും ഹൃദ്യമായ പെരുമാറ്റത്തിന്റെ ഉടമയായിരുന്നു പ്രേം നസീര്‍. ഒരു പടം പൊട്ടിയാല്‍ ആ നിര്‍മ്മാതാവിന് ഡേറ്റ് കൊടുത്ത് രക്ഷിക്കുവാന്‍ ശ്രമിച്ചിരുന്ന പ്രേം നസീര്‍ ഒരു മഹാനടനല്ലെങ്കിലും മഹാമനുഷ്യന്‍ തന്നെയായിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമായി നിരവധിപേരെ അദ്ദേഹം സാമ്പത്തികമായി സഹായിച്ചിരുന്നു. വര്‍ത്തമാനകാലത്തെ സ്ഥിതിഗതികള്‍ നോക്കുമ്പോള്‍ മനുഷ്യത്ത്വത്തിന്റെ പര്യായം തന്നെയായിരുന്നു മലയാളത്തിന്റെ നിത്യഹരിത നായകന്‍.

  സിനിമാ രംഗത്തെ സഹനടനായ മുത്തയ്യയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് കുടുംബകാര്യങ്ങളടക്കം പ്രേം നസീര്‍ ശ്രദ്ധിച്ചിരുന്നു. അതുപോലെ നല്ല കാര്യങ്ങള്‍ക്കും ചാരിറ്റിക്കുമായി കയ്യയച്ച് സംഭാവനയും നല്‍കിയിരുന്നു. പണം സ്വരൂപിച്ച് വെയ്ക്കുന്നതിനെക്കാള്‍ നല്ലകാര്യങ്ങള്‍ക്കായി ചിലവഴിക്കാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ഒരു പടം പൊട്ടിയാല്‍ ആ പ്രൊഡ്യൂസറെ കണ്ടാല്‍ തിരിഞ്ഞ് നോക്കാത്ത 'സൂപ്പര്‍ സ്റ്റാര്‍' ആയിരുന്നില്ല പ്രേം നസീര്‍. അദ്ദേഹം എന്നും നിര്‍മ്മാതാവിന്റെ സുഖദുഃഖങ്ങള്‍ക്കൊപ്പം നില്‍ക്കുകയും തനിക്ക് കഴിയുന്ന സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. ആ ക്വാളിറ്റി തന്നെയാണ് എതിരില്ലാതെ ദീര്‍ഘകാലം സിനിമാ രംഗം വാഴുവാന്‍ അദ്ദേഹത്തിന് സഹായകമായത്.

  പ്രേം നസീറിനും പി.ജി. വിശ്വംഭരനും മറ്റു സിനിമാ പ്രവര്‍ത്തകര്‍ക്കും ഡല്‍ഹി മലയാളി ഫിലിം സൊസൈറ്റി നല്‍കിയ സ്വീകരണത്തില്‍ നസീര്‍ അരമണിക്കൂറിലധികം നീണ്ടുനിന്ന നല്ലൊരു പ്രസംഗം നടത്തി. ലോക രാഷ്ട്രീയവും ലോക രാജ്യങ്ങളുടെ നിലപാടുകളും അദ്ദേഹത്തിന് പരിചിതമാണെന്ന് വാക്കുകള്‍ തെളിയിച്ചു. ഡീഗോ ഗ്രാഷ്യയിലെ ആയുധകൂമ്പാരത്തെകുറിച്ചടക്കം പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ശ്രദ്ധേയമാക്കിയത്. എന്നാല്‍ സിനിമാ കാര്യങ്ങള്‍ കൂടുതല്‍ പറയാത്തതില്‍ പലര്‍ക്കും നിരാശയുമുണ്ടായിരുന്നു. തന്റെ സിനിമാ അനുഭവങ്ങളെക്കാള്‍ ഏഷ്യയിലെയും ലോകത്തെയും രാഷ്ട്രീയ സാഹചര്യവും മാറുന്ന ലോകവുമാണ് അദ്ദേഹം വിഷയമാക്കിയത്.

  മലയാളത്തിലെ എഴുത്തുകാരും കലാകാരന്മാരുമായി അദ്ദേഹം വളരെ നല്ല സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു. രാഷ്ട്രീയത്തിലിറങ്ങുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നതൊഴിച്ചാല്‍ അദ്ദേഹം അത് യാഥാര്‍ത്ഥ്യമാക്കിയില്ല. അയല്‍സംസ്ഥാനങ്ങളിലെപോലെ സിനിമയും രാഷ്ട്രീയവും ഇവിടെ സഹയാത്രികരാവില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കണം. അവാര്‍ഡുകളിലുപരി ജനമനസ്സുകളിലെ സ്ഥിരപ്രതിഷ്ഠയാണ് അദ്ദേഹത്തിന്റെ നേട്ടം. അടിമകള്‍, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ പടങ്ങളിലെ അഭിനയം നസീറില്‍ ഒരു നല്ല അഭിനേതാവുണ്ടെന്നതിനും തെളിവായിരുന്നു. എന്നാല്‍ കൊമേഴ്‌സ്യല്‍ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായക്കായിരുന്നു പ്രാധാന്യം. എം.ടി വാസുദേവന്‍ നായര്‍ പ്രേം നസീറിനെകുറിച്ച് പറഞ്ഞത് ''മതത്തിനതീതമായി മാനവസൗഹൃദത്തെ കണ്ടിരുന്ന-പ്രപഞ്ചത്തോളം മനസ്സിനെ വിപുലീകരിച്ചിരുന്ന നന്മകളുടെ പൂമരമായിരുന്നു പ്രേം നസീര്‍'' എന്നാണ്.

  English summary
  MC Rajanarayanan about Prem Nazir

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more