twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന് ചലച്ചിത്ര പ്രതിഭകള്‍ സത്യജിത് റെ, അരവിന്ദന്‍ പിന്നെ ജോണും, ഓര്‍മ്മ പുതുക്കി എംസി രാജനാരായണന്‍

    By Desk
    |

    എംസി രാജനാരായണന്‍

    ചലച്ചിത്ര ജാലം
    ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

    ജി. അരവിന്ദന്‍ സംവിധാനം ചെയ്ത 'ഒരിടത്ത്' എന്ന പടത്തിന്റെ പ്രത്യേക പ്രദര്‍ശനം ഡല്‍ഹിയിലെ ഉപഹാര്‍ തിയ്യറ്ററില്‍ അരങ്ങേറിയ ദിവസം. കാണികളില്‍ ബഹുഭൂരിപക്ഷവും മലയാളികളായിരുന്നുവെങ്കിലും അപൂര്‍വ്വം ചില ഉത്തരേന്ത്യക്കാരുമുണ്ടായിരുന്നു - കാരണം അന്ന് പ്രദര്‍ശിപ്പിച്ചത് സബ് ടൈറ്റില്‍ ചെയ്ത പ്രിന്റാണ്. അരവിന്ദനടക്കം എല്ലാവരും അക്ഷമരായി ആകാംഷയോടെ കാത്തുനിന്നത് പ്രധാന അതിഥിയുടെ ആഗമനത്തിനായിരുന്നു - സാക്ഷാല്‍ സത്യജിത് റെ. തിയ്യറ്ററിന് പുറത്ത് ഇടക്കിടെ വാച്ചില്‍ നോക്കി നില്‍ക്കുന്ന അരവിന്ദന്‍. അദ്ദേഹത്തിനടുത്തെത്തി വിഷ് ചെയ്തുകൊണ്ട് ചോദിച്ചു ''റെയെ കാത്തുനില്‍ക്കുയാകും'' ''അതെ'' ''ആരെങ്കിലും വിളിക്കാന്‍ പോയിട്ടുണ്ടോ'' ''ഇല്ല. അദ്ദേഹം എത്തികൊള്ളാമെന്നാണ് പറഞ്ഞത്''. നേരത്തെ പരിചയപ്പെട്ടിരുന്നതുകൊണ്ട് അരവിന്ദന്റെ രീതികളറിയാം. മൗനമാണ് അദ്ദേഹത്തിന്റെ സ്ഥായിയായ ഭാവം. താടിയും മുടിയുമായി ഒരു മൗനിബാബയെ പോലെ തന്നെ. സത്യജിത് റെ എത്തിയതിനുശേഷം അകത്തേക്ക് കയറാമെന്നു കരുതി ഞങ്ങളും കാത്തുനിന്നു.

    അരവിന്ദൻ

    മുന്‍പ് മാവ്‌ലങ്കര്‍ ഹോളിന് വെളിയില്‍വെച്ച് അരവിന്ദനോട് സംസാരിച്ചിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ആ സംഭാഷണം മുന്നോട്ട് നയിച്ചത്. എന്തു ചോദിച്ചാലും മൂളലും തലയാട്ടലും മാത്രം. അത് അദ്ദേഹത്തിന്റെ സ്വഭാവം ആണെന്നറിയുന്നതിനാല്‍ വിടാതെ കൂടിയതുകൊണ്ട് ചിലവാക്കുകളും വാചകങ്ങളും കനിഞ്ഞ് കിട്ടിയിരുന്നു. ''എന്റെ സിനിമയില്‍ സംഭാഷണങ്ങളെക്കാള്‍ ദൃശ്യങ്ങള്‍ക്കാണ് പ്രാധാന്യം'' ''ബര്‍ഗ്മാനും തര്‍ക്കോവ്‌സ്‌ക്കിയും സംഭാഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ടല്ലോ'' ''അത് അവരുടെ രീതി''. ''തമ്പ് റെയ്ക്ക് ഇഷ്ടപ്പെട്ട പടമാണല്ലോ''. ''സംതൃപ്തി നല്‍കിയ വര്‍ക്കാണ്''. ആയിടയ്ക്ക് വിദേശയാത്ര കഴിഞ്ഞുവന്ന അനുഭവം അദ്ദേഹം പറഞ്ഞു. (പിന്നീട് ബുദ്ധദേവ് ദാസ് ഗുപ്തയും അരുണ വാസുദേവും പറഞ്ഞത് രണ്ടോ മൂന്നോ ഡ്രിംഗ്‌സിന് ശേഷം അരവിന്ദന്‍ വാചാലനാകുമായിരിന്നു എന്നാണ്. ഐ റിഗ്രറ്റ്ഫുളി മിസ്ഡ് ദാറ്റ് ചാന്‍സ്'').

    സത്യജിത് റെ

    ഒരു വെളുത്ത അബാസഡര്‍ കാറിലാണ് സത്യജിത് റെ വന്നിറങ്ങിയത്. ഉടനെ അരവിന്ദന്‍ ഓടിചെന്ന് റെയെ സ്വീകരിച്ച് മുകളിലേക്ക് ആനയിച്ചു. ഹാളിനുവെളിയില്‍ റെയും അദ്ദേഹത്തെ നോക്കി ആരാധകരും നില്‍ക്കുകയാണ്. അപൂര്‍വ്വം ചിലര്‍ ഹസ്തദാനം നടത്തി ഉപചാര വാക്കുകള്‍ ഉരിയാടുന്നുണ്ട്. ഞങ്ങളും അദ്ദേഹത്തെ വിഷ്‌ചെയ്ത് മാറിനിന്നു. പെട്ടെന്ന് നടന്‍ സുകുമാരന്‍ റെയുടെ അടുത്തെത്തി അദ്ദേഹത്തോട് രണ്ട് വാക്ക് പറഞ്ഞ് തിരിച്ചുപോകുമ്പോള്‍ ആ മുഖത്ത് വിസ്മയം പ്രകടമായിരുന്നു. ബാല്‍ക്കണിയില്‍ റെയൊടൊപ്പം അരവിന്ദനും ഇരുന്നു. പടം തുങ്ങുന്നതിനുമുന്‍പ് ഘനഗാംഭീര്യമുള്ള ശബ്ദത്തിലെ റെയുടെ വാക്കുകളും പതിഞ്ഞ സ്വരത്തിലെ അരവിന്ദന്റെ മറുപടിയും കേള്‍ക്കാമായിരുന്നു.

    സംവിധായകന്‍

    സത്യജിത് റെ എന്ന ലോക സിനിമയിലെ മഹാരഥനായ സംവിധായകന്‍ ആസ്വദിച്ചുകണ്ട ജി. അരവിന്ദന്റെ പടമാണ് ഒരിടത്ത്. അതിലെ തമാശകള്‍ ആസ്വദിച്ച് റെ സാമാന്യം ഉച്ചത്തില്‍തന്നെ ചിരിച്ചിരുന്നത് ഓര്‍മ്മ വരുന്നു. പടം തുടങ്ങുന്നതിനുമുന്‍പ് ഗൗരവത്തില്‍ സംസാരിച്ചിരുന്ന റെ പടം കഴിഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയോടെ അരവിന്ദനെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു. ഒരു ഗ്രാമത്തില്‍ ആദ്യമായി ഇലക്ട്രിസിറ്റി വരുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഒരിടത്ത് എന്ന പടത്തെ വ്യത്യസ്തമാക്കുന്നു. ഉപഹാര്‍ തിയ്യറ്ററിന്റെ പടവുകള്‍ സാവകാശം ഇറങ്ങുന്ന റെയുടെ (അദ്ദേഹം ഹാര്‍ട് പ്രോബ്ലത്തിനും ഓപ്പറേഷനും ശേഷം പൊതുപരിപാടികള്‍ക്ക് പോകുവാന്‍ ആരംഭിച്ച സമയം) ഫോട്ടോ എടുക്കന്നവരില്‍ ഷാജി എന്‍. കരുണും ഉണ്ടായിരിന്നു. പടം കഴിഞ്ഞ് പുറത്തിറങ്ങിയവരുടെ കൂട്ടത്തില്‍ ജോണ്‍ എബ്രഹാം നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതം തോന്നി. ഒരു പക്ഷെ പടം തുടങ്ങിയ ശേഷം വന്നതാകാം.

    ജോണ്‍ എബ്രഹാം

    അരവിന്ദന്‍ സത്യജിത് റെയെ കാറുവരെ അനുഗമിച്ച് ഡോര്‍ തുറന്ന് കൊടുത്തു കാറില്‍ കയറുന്നതിനുമുമ്പ് റെ വീണ്ടും അരവിന്ദന്റെ തോളില്‍തട്ടി ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു. റെ കയറിയ കാര്‍ അകന്നുപോകുന്നത് നിറ ചിരിയോടെ അരവിന്ദന്‍ നോക്കി നില്‍ക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. ജോണ്‍ എബ്രഹാമും ആ കാഴ്ച ആസ്വദിച്ചുനില്‍ക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. റെയോട്‌പോയി സംസാരിക്കാത്തതെന്തന്ന് ഞങ്ങളുടെ ചോദ്യത്തിന് ജോണിന്റെ മറുപടി ''ഈ കണ്ടീഷനില്‍ അങ്ങോരുടെ മുന്നില്‍ ചെന്ന്‌നിന്ന് കൂട''. സ്വന്തം കണ്ടീഷനെകുറിച്ച് ജോണ്‍ ബോധവാനായിരുന്നു എന്ന് സാരം! പിന്നീട് അരവിന്ദന്റെ അരികിലേക്ക് ജോണ്‍ സാവധാനത്തില്‍ നടന്നുചെന്നു.

    പ്രതിഭകള്‍

    മൂന്ന് ചലച്ചിത്ര പ്രതിഭകള്‍ ഉപഹാര്‍ തിയ്യറ്ററില്‍ ഒരു പടത്തിന്റെ പ്രദര്‍ശനത്തിനെത്തിയ അപൂര്‍വ്വം ദിനമായിരുന്നു അത്. കൂടാതെ എഴുത്തുകാരും അഭിനേതാക്കളും കലാകാരന്മാരായി നിരവധിപേര്‍ വേറെയും. സുകുമാരനെ കൂടാതെ മുകുന്ദനും ഓം ചേരിയും സക്കറിയയും മധവന്‍ കുട്ടിയുമെല്ലാം അന്നത്തെ ഷോയ്ക്ക് എത്തിയിരുന്നു എന്നാണ് ഓര്‍മ്മ. ഒരിടത്ത് വളരെ ഇഷ്ടപ്പെട്ട പടമാണെന്ന് പിന്നീട് റെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അരവിന്ദന് ലഭിച്ച പുരസ്‌കാരം തന്നെയായിരുന്നു സത്യജിത് റെയുടെ വാക്കുകള്‍....

    English summary
    MC Rajanarayanan about Sathyajit Ray, Aravindan, John Abraham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X