twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടോണിക്കുട്ടന്റെ ട്രെയിന്‍ യാത്ര, നമ്പര്‍ 20 മദ്രാസ് മെയില്‍ സിനിമയെ കുറിച്ച് എംസി രാജനാരായണന്‍!

    By Desk
    |

    എംസി രാജനാരായണന്‍

    ചലച്ചിത്രജാലം
    ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

    ഇതിന് മുമ്പ് പ്രതിപാദിച്ച 'നായക്', '27 ഡൗണ്‍' തുടങ്ങിയ ട്രെയിന്‍ മൂവിസിന്റെ നിലവാരമില്ലെങ്കിലും മലയാള സിനിമയില്‍ വേറിട്ടുനില്‍ക്കുന്ന ഒരു ട്രെയിന്‍ മൂവിയാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ജോഷി സംവിധാനം ചെയ്ത ഈ പടം ഒരു മള്‍ട്ടി സ്റ്റാറര്‍ മാത്രമല്ല മറ്റു പല സവിശേഷതകള്‍ ചേര്‍ന്നതുമാണ്. കുറ്റാന്വേഷണ വിഭാഗത്തിലെ ത്രില്ലര്‍ ഫോര്‍മാറ്റില്‍ ഹാസ്യം കലര്‍ത്തിയ അവതരണത്തിന്റെ വിജയമാണ് ജോഷി നേടിയത്. മമ്മുട്ടി സ്വയം അദ്ദേഹമായി തന്നെ പ്രത്യക്ഷപ്പെടുന്ന ഈ പടത്തില്‍ മോഹല്‍ലാല്‍ അടക്കം വലിയ താരനിരതന്നെയുണ്ട്. വില്ലനായി സോമനും സഹായിയായി ജനാര്‍ദ്ദനനും. കൂടെ ഇന്നസെന്റ്, ജഗതി, മണിയന്‍പിള്ള രാജു, ജഗദ്ദീഷ്, സിദ്ദിഖ്, അശോകന്‍, ജയഭാരതി, സുചിത്ര, സുമലത എന്നിവരും.

     മദ്രാസ്സ് മെയില്‍

    മദ്രാസ്സ് മെയില്‍ പണ്ട് കേരളത്തില്‍ നിന്ന് വെളിയിലേക്ക് യാത്ര ചെയ്യുന്നവരുടെ വലിയൊരു ആശ്രയമായിരുന്നു- പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവര്‍ക്ക്. അക്കാലത്ത് ഡല്‍ഹിക്ക് ഡയറക്ട് ട്രെയിന്‍ ഇല്ലായിരുന്നു- ബോഗികള്‍ മാത്രം. മദ്രാസ്സ് മെയിലില്‍ ചെന്നൈയില്‍പോയി അവിടെ നിന്ന് ഗ്രാന്റ് ട്രങ്ക് എക്‌സ്പ്രസ്സില്‍ യാത്രചെയ്തു വേണമായിരുന്നു ഡല്‍ഹിയില്‍ എത്തുവാന്‍. ഓര്‍മ്മയില്‍ തെളിയുന്ന ആദ്യം കണ്ട ട്രെയിനും മദ്രാസ് മെയില്‍ തന്നെ. യു.പി.എസ്.സി സെലക്ഷന്‍ കിട്ടി ഡല്‍ഹിയ്ക്ക് യാത്ര തിരിച്ച ജേഷ്ഠനെ യാത്രയയക്കുവാന്‍ കുടുംബാംഗങ്ങള്‍ കുറ്റിപ്പുറത്തേക്ക് പോയപ്പോഴാണ് ആദ്യമായി പുകതുപ്പുന്ന മദ്രാസ് മെയില്‍ കാണുന്നത് (1962). ഇപ്പോള്‍ ഡല്‍ഹിക്കു തന്നെ മംഗളയും കേരളയുമടക്കം പല ട്രെയിനുകളായി. ഒരു പക്ഷെ ഏറ്റവും പഴക്കം ചെന്ന ട്രെയിനുകളിലൊന്നു തന്നെയാണ് നമ്പര്‍ 20 മദ്രാസ് മെയില്‍.

    മോഹന്‍ലാലും സംഘവും

    സുഹൃത്തുക്കള്‍ (മോഹന്‍ലാലും സംഘവും) ക്രിക്കറ്റ് മാച്ച് കാണുവാന്‍ മദ്രാസിലേക്ക് യാത്രതിരിക്കുന്നതും ട്രെയിനില്‍വെച്ച് അരങ്ങേറുന്ന സംഭവങ്ങളുമാണ് പടത്തിനാധാരം. സാഹസികനായ ചെറുപ്പക്കാരന്‍ ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ കൈമെയ്യ് മറന്നഭിനയിച്ച പടവുമാണിത്. ട്രെയിനില്‍ വെച്ച് നടക്കുന്ന കൊലപാതകത്തില്‍ ടോണി കുരിശിങ്കലും സുഹൃത്തുക്കളും സംശയിക്കപ്പെടുന്നതോടെയാണ് പടം ഉദ്ദ്യോഗജനകമായ മറ്റൊരു തലത്തിലേക്ക് ട്രാക്ക് മാറുന്നത്. യഥാര്‍ത്ഥ കൊലപാതകി സോമനാണെന്ന് തെളിയിക്കുന്നതിനുള്ള ഡയറിയ്ക്കായുള്ള സുഹൃത്തുക്കളുടെ ശ്രമങ്ങളും മറ്റും ശക്തമായി അവതരിപ്പിക്കുന്നുണ്ട് സംവിധായകന്‍ ജോഷി. മദ്യപിച്ച് മദോന്മത്തരായ ടോണിയും സംഘവും അടുത്ത കൂപ്പയിലെ ഫാമിലിയെ (സോമന്‍, ജയഭാരതി, സുചിത്ര) ശല്ല്യപ്പെടുത്തുന്നത് യഥാതഥമായിതന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

     മമ്മുട്ടി

    സുഹൃത്തുക്കളുടെ സഹയാത്രികനായി സാക്ഷാല്‍ മമ്മുട്ടി എത്തുമ്പോള്‍ അവര്‍ അദ്ദേഹത്തെ പരിചയപ്പെടുവാനും കൂടെനിന്ന് ഫോട്ടോ എടുക്കുവാനും കാണിക്കുന്ന തത്രപ്പാടുകള്‍ ഏറെയാണ്. സാധാരണ അഭിനയത്തില്‍ മിതത്വം പാലിക്കുന്ന മോഹന്‍ലാല്‍ ട്രെയിനിലെ സീനുകള്‍ അല്‍പ്പം ഓവറാക്കുന്നത് മനപ്പൂര്‍വ്വം തന്നെ. കാരണം മദ്യപന്റെ ലീലാവിലാസങ്ങളാണല്ലോ അരങ്ങേറുന്നത്. ഇന്നസെന്റിന്റെ ടി.ടി.ഇ. ഹാസ്യപ്രധാനമായ കഥാപാത്രമാണ്. ടോണികുട്ടാ എന്ന പാട്ട് ഏറെ പ്രശസ്തി നേടിയിരുന്നു. ടോണിയോടും കൂട്ടുകാരോടുമൊത്ത് മത്സരിച്ച് മദ്യപിക്കുന്ന ഇന്നസെന്റും ശേഷം എത്തുന്ന ജഗതിയുടെ ടി.ടി.ഇ സ്വാമിയും വിചിത്ര സ്വഭാവമുള്ളവരാണ്. ഇടയ്ക്ക് മോഹന്‍ലാലിന്റെവക മമ്മുട്ടിയുടെ കവിളില്‍ ഒരു ചുംബനവും നല്‍കുന്നുണ്ട് (മലായളത്തിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ കിസ്സ്). ജോഷിയുടെതന്നെ ട്വന്റി ട്വന്റിയിലെത്തുമ്പോള്‍ ഇത് പരസ്പരം അടിയായി മാറുന്നു.

     ടോണി കുരിശിങ്കൽ

    പേരു പോലെ തന്നെ പടത്തിന്റെ നല്ലൊരുഭാഗം ട്രെയിനില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മദ്രാസിലും നാട്ടിലുമായി കുറെ രംഗങ്ങള്‍. ഡയറിയുമായുള്ള രണ്ടാം യാത്രയിലെ നീണ്ടസംഘട്ടനം അടക്കം ട്രയിനിലാണ് അരങ്ങേറുന്നത്. പടത്തിന്റെ മറ്റൊരു സവിശേഷത ഇതില്‍ സിനിമയ്ക്കുള്ളിലെ സിനിമയുമുണ്ട് എന്നതാണ്. മോഹന്‍ലാലും സംഘവും മമ്മുട്ടിയെ കാണുവാന്‍ സ്റ്റുഡിയോയിലെത്തുമ്പോള്‍ അദ്ദേഹം അവിടെ പോലീസ് വേഷത്തില്‍ അഭിനയിക്കുകയാണ്. സംവിധായകന്‍ പ്രിയദര്‍ശനും അദ്ദേഹമായിതന്നെ രംഗത്തു വരുന്നു. പോലീസ് ഇന്‍സ്‌പെക്ടറായി അവിടെ എത്തുന്ന വി.കെ. ശ്രീരാമന്‍ ടോണി കുരിശിങ്കലിനെയും കൂട്ടുകാരെയും അന്വേഷിച്ച് മമ്മുട്ടിയുടെ ബ്ലംഗ്ലാവില്‍ എത്തുന്നുണ്ടെങ്കിലും അവരെ കണ്ടെത്താനാവുന്നില്ല. സുഹൃത്തുക്കളുടെ നിരപരാധിത്വം അറിയുന്ന മമ്മുട്ടി അവരെ സഹായിക്കാനിറങ്ങുന്നത് കൊച്ചിന്‍ ഹനീഫയോട് വണ്ടി ആവശ്യപ്പെട്ടുകൊണ്ടാണ്. അവര്‍ തയ്യാറാക്കുന്ന പദ്ധതിയനുസരിച്ച് ഡയറി കൈമാറാമെന്ന്പറഞ്ഞ് സോമനെ ട്രാപ്പ് ചെയ്ത് പോലീസിന് കൈമാറുന്നു. അങ്ങിനെ ടോണി കുരിശിങ്കലും സംഘവും നിരപരാധിത്വം തെളിയിക്കുന്നു.

    നമ്പര്‍ 20 മദ്രാസ്സ് മെയില്‍

    അവസാനരംഗം വീണ്ടും ചെന്നൈയില്‍നിന്ന് നമ്പര്‍ 20 മദ്രാസ്സ് മെയില്‍ പുറപ്പെടുന്നതാണ്. മോഹന്‍ലാലും സംഘവും വീണ്ടും മമ്മുട്ടിയെ കണ്ടുമുട്ടുന്നു. അദ്ദേഹം ആ ബോഗിയില്‍ കയറാതെ രക്ഷപ്പെടാന്‍ നോക്കുന്നുണ്ടെങ്കിലും സുഹൃത്ത് സംഘം അദ്ദേഹത്തെ തോളിലെടുത്ത് ട്രെയിനിനകത്തേക്ക് നീങ്ങുന്നു. നമ്പര്‍ 20 മദ്രാസ്സ് മെയില്‍ അങ്ങനെ വീണ്ടും യാത്ര ആരംഭിക്കുകയാണ്...

    ഫേസ്ബുക്കില്‍ കുത്തിപൊക്കല്‍ മത്സരം, മമ്മൂട്ടി, പൃഥ്വിരാജ്, സണ്ണി ലിയോണിനെ പോലും വെറുതേ വിട്ടില്ലഫേസ്ബുക്കില്‍ കുത്തിപൊക്കല്‍ മത്സരം, മമ്മൂട്ടി, പൃഥ്വിരാജ്, സണ്ണി ലിയോണിനെ പോലും വെറുതേ വിട്ടില്ല

    English summary
    MC Rajanarayanan's article about no 20 madras mail
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X