»   » സംഗീതത്തെ സ്‌നേഹിച്ച ബോളിവുഡിന്റെ ഷോമാന്‍! രാജ് കപൂറിനെ കുറിച്ച് എംസി രാജനാരായണന്‍ എഴുതുന്നു..!

സംഗീതത്തെ സ്‌നേഹിച്ച ബോളിവുഡിന്റെ ഷോമാന്‍! രാജ് കപൂറിനെ കുറിച്ച് എംസി രാജനാരായണന്‍ എഴുതുന്നു..!

Written By: Desk
Subscribe to Filmibeat Malayalam

എംസി രാജനാരായണന്‍

ചലച്ചിത്രജാലം
ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

ഹൃദയത്തില്‍ സംഗീതത്തിന്റെ വറ്റാത്ത ഉറവയുണ്ടായിരുന്ന, അതൊരു കല്ലോലിനിയായി ബഹിര്‍ഗമിച്ചിരുന്ന കലാകാരനായിരുന്നു രാജ് കപൂര്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ 'ഷോമാന്' ഭാരതത്തിലെന്ന പോലെ റഷ്യയിലും വലിയ ആരാധക വൃന്ദമാണുണ്ടായിരുന്നത്. രാജ് കപൂറിന്റെ പടങ്ങളും അവയിലെ പാട്ടുകളും പോയ തലമുറയില്‍പെട്ട റഷ്യക്കാര്‍ക്ക് പ്രിയങ്കരങ്ങളായിരുന്നു. 'ആവാരാ ഹൂം.....'' എന്ന പാട്ട് പാടാത്ത റഷ്യന്‍ ചലച്ചിത്ര പ്രേമികളും പ്രേക്ഷകരും അക്കാലത്ത് വിരളമായിരുന്നു. ഞാന്‍ ടാസില്‍ (റഷ്യന്‍ രാജ്യാന്തര ന്യൂസ് ഏജന്‍സി) ജോലി ചെയ്യുമ്പോള്‍ മോസ്‌ക്കോവില്‍ നിന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. സുസ്‌ലോവ് ഡല്‍ഹി സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ രാജ് കപൂറിനോടുള്ള ആരാധനയും മറക്കാനാവില്ല.

ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ ഡോ. സുസ്‌ലോവിന്റെ വലിയൊരാഗ്രഹം രാജ് കപൂറിന്റെ മുംബൈയിലെ ആര്‍.കെ. സ്റ്റുഡിയോ സന്ദര്‍ശിച്ച് കുടുംബാഗങ്ങളെ പരിചയപ്പെടുകയായിരുന്നു. രണ്‍ധീര്‍ കപൂര്‍ വിദേശത്തായിരുന്നതിനാല്‍ ആ സന്ദര്‍ശനം നടന്നില്ല. സിനിമയെക്കുറിച്ചുള്ള സംസാരത്തിനിടെയില്‍ അദ്ദേഹം 'ആവാരാ ഹൂം' മൂളുമായിരുന്നു. അതിന്റെ അര്‍ത്ഥവും വിശദമായി ചോദിച്ചറിഞ്ഞു. (ആവാരാ ഹൂം ആസ്മാന്‍ കാ താരാ ഹൂം.... ആരോരുമില്ലാത്തവന്‍ പക്ഷേ ആകാശത്തിലെ നക്ഷത്രം).

ഇന്ത്യന്‍ പ്രസിഡന്റ് രാജ് കപൂറിന് വേണ്ടി പ്രോട്ടോകോള്‍ മാറ്റിവെച്ച ഫങ്ങ്ഷനെകുറിച്ച് അറിഞ്ഞപ്പോള്‍ ഡോ. സുസ്‌ലോവ് അത്ഭുത സ്തബ്ദനായി. ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിക്കുവാനായി രാജ് കപൂര്‍ ഡല്‍ഹിയിലെത്തിയപ്പോഴായിരുന്നു ആ സംഭവം നടന്നത്. കടുത്ത ആസ്മ രോഗിയും ഹാര്‍ട്ട് പേഷ്യന്റുമായിരുന്ന രാജ് കപൂര്‍ അതെല്ലാം വിസ്മരിച്ചുകൊണ്ടാണ് അവാര്‍ഡ് ഫങ്ങ്ഷന് എത്തിയിരുന്നത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുവാനായി സ്റ്റേജിലേക്ക് പോകുവാനായി എഴുന്നേറ്റ അദ്ദേഹം നടക്കുവാനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ അന്നത്തെ രാഷ്ട്രപതി വെങ്കിട്ടരാമന്‍ പ്രോട്ടോകോള്‍ മറികടന്ന് സ്റ്റേജില്‍ നിന്ന് താഴെ ഇറങ്ങിവന്ന് രാജ് കപൂറിന് പുരസ്‌കാരം സമ്മാനിക്കുകയാണ് ചെയ്തത്. കാണികള്‍ എഴുന്നേറ്റുനിന്ന് കരഘോഷത്തോടെ പ്രസിഡന്റിന്റെ നീക്കത്തെ സ്വാഗതം ചെയ്തത് ചരിത്രം.

അതിന് ശേഷം രാജ് കപൂറിനെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റുട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയപ്പോള്‍ ദിവസങ്ങളോളം പ്രസ്സ് ബ്രീഫിംങ്ങ് നടത്തിയിരുന്നത് കപൂര്‍ കാന്താനിലെ പ്രബലരായ ഷമ്മി, ശശി, രണ്‍ധീര്‍ തുടങ്ങിയവരായിരുന്നു. പിന്നീട് അദ്ദേഹത്തെ മുംബൈയിലേക്ക് മാറ്റിയെങ്കിലും രോഗ വിമുക്തനായില്ല. ദേശീയ പുരസ്‌ക്കാര ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ് അന്ന് പ്രോട്ടോകോള്‍ മറികടന്ന് അവിടെ അരങ്ങേറിയത്. പൃഥ്വിരാജ് കപൂറില്‍ തുടങ്ങി രാജ് കപൂറിലൂടെ രണ്‍ധീറിലും ഋഷിയിലും തുടര്‍ന്ന് കരിഷ്മയിലും കരീനയിലും എത്തി നില്‍ക്കുന്ന തലമുറകളുടെ സിനിമ ചരിത്രമാണ് കപൂര്‍ കാന്താന് അവകാശപ്പെടാനുള്ളത്. അഭിനയവും സംവിധാനവും നിര്‍മ്മാണവും വിതരണവും മാത്രമല്ല സ്വന്തം സ്റ്റുഡിയോയും തുടങ്ങിയ ഓരേ ഒരു ഹിന്ദി നടനും രാജ് കപൂര്‍ തന്നെ.

ലോക സിനിമയിലെ മഹാരഥനായ ചാര്‍ളി ചാപ്ലിനെ അനുസരിച്ച കലാകാരനായിരുന്നു രാജ് കപൂര്‍. സംഗീതം അദ്ദേഹത്തിന്റെ സിനിമകളിലെ ഏറ്റവും പ്രചാരമുള്ള ഘടകമായി മാറുകയും ചെയ്തു. സംഗീത പ്രേമികള്‍ നെഞ്ചേറ്റിയ നിരവധി ഗാനങ്ങളാണ് രാജ്കപൂര്‍ പടങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഒഴുകി എത്തിയത്. (മേരാ ജൂത്താ ഹെ ജപ്പാനി, മേരെ മന്‍കി ഗംഗാ ഓര്‍ തേരെ മന്‍ കി ജമുന കാ, ഹം ഉസ് ദേശ് കെ വാസി ഹെ ജിസ് ദേശ് മെ ഗംഗാ ബെഹത്തി ഹെ, ജാനേ കഹാ ഗയേ ഓ ദിന്‍) മികച്ച പടത്തിനുള്ള പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ നേടിയ ബസു ചാറ്റര്‍ജിയുടെ തീസരി കസം എന്ന ചിത്രത്തിലെ നായകന്‍ രാജ് കപൂര്‍ ആണ്. മൂന്ന് തലമുറകള്‍ ഒന്നിച്ച (കല്‍ ആജ് ഓര്‍ കല്‍) ഹിന്ദി സിനിമയിലെ ഒരു നാഴികകല്ലാണ്. ശങ്കര്‍ ജയ്കിഷന്‍ എന്ന സുപ്രസിദ്ധ സംഗീത സംവിധായകരെ രാജ് കപൂര്‍ തെരുവില്‍ നിന്നാണ് കണ്ടെത്തിയത് എന്നത് വലിയ പ്രചാരം നേടിയ അണിയറ കഥ തന്നെ.

രാജ് കപൂര്‍, വൈജയന്തിമാല, രാജേന്ദ്രകുമാര്‍ അഭിനയിച്ച സംഗം ഒരു ട്രന്റ് സെറ്റര്‍ തന്നെയായിരുന്നു. മേരാ നാം ജോക്കര്‍ (കഹത്താ ഹെ ജോക്കര്‍ സാരാ സമാന.....) എന്ന ബ്രഹ്മാണ്ഡ പടത്തിന്റെ പരാജയത്തിന് രാജ് കപൂര്‍ പകരം വീട്ടിയത് ബോബി എന്ന (ഹം തും ഏക് കമരെ മേ ബന്ദ് ഹോ) പടത്തിലൂടെയായിരുന്നു. മേരാ നാം ജോക്കറില്‍ 'ഫൂലെങ്കെ ഓ ഫൂലെങ്കെ തും ഫിര്‍ ബി ഹം തുമാരെ രഹേങ്കേ സദ എന്ന് പാടിയ ജോക്കര്‍ അദ്ദേഹത്തിന്റെ ഹൃദയത്തോട് തൊട്ടുനിന്ന കഥാപാത്രമായിരുന്നു. സിനിമയുടെ ആകാശത്ത് എന്നും നിരവധി താരങ്ങള്‍ മിന്നി തിളങ്ങി നില്‍ക്കുമെങ്കിലും മറവിയെ മറികടന്ന് അനശ്വരതയെ പുല്‍കിയ താരങ്ങളുടെ താരമായി രാജ് കപൂര്‍ എന്നും ജ്വലിച്ചു നില്‍ക്കുന്നു...

ചെല്ലപ്പനും കണ്ണപ്പനുമല്ല, കുഞ്ഞച്ചനാണ് ഹീറോ! കുരു പൊട്ടിയവര്‍ക്ക് നല്ല നമസ്‌കാരവുമായി ട്രോളന്മാര്‍

English summary
MC Rajanaryanan saying about actor Raj Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X