For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതിഭയില്‍ നിന്ന് പ്രതിഭാസമായി മാറിയ നടനവിസ്മയം, കമല്‍ ഹാസനെ കുറിച്ച് എംസി രാജനാരായണന്‍ എഴുതുന്നു..

  By Desk
  |

  എംസി രാജനാരായണന്‍

  ചലച്ചിത്രജാലം
  ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

  പണ്ട് ഡല്‍ഹിയില്‍ അരങ്ങേറാരുള്ള രാജ്യന്തര ചലച്ചിത്ര മേളകളിലെ (ഇഫി) സ്ഥിരം സന്ദര്‍ശകനും ഡെലിഗേറ്റുമായിരുന്നു കമല്‍ ഹാസന്‍ എന്ന തമിഴ് സിനിമയിലെ നിത്യവസന്തവും നടനവിസ്മയവും. ഇഫിയുടെ പ്രധാന വേദിയായിരുന്ന സൗത്ത് ഡല്‍ഹിയിലെ സിരി ഫോര്‍ട്ടില്‍ (നാലു തിയ്യറ്ററുകള്‍ അടങ്ങിയ കോംപ്ലക്‌സ്) വെച്ച് പലതവണ കമല്‍ ഹാസനെ കാണുകയും സിനിമാ വിഷയങ്ങള്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ് ചുവയില്ലാതെ മലയാളത്തില്‍ സംസാരിക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നതും രസകരമായ ഓര്‍മ്മയാണ്.

  വിവധ ഭാഷകളില്‍ പ്രാവീണ്യമുള്ള ഒരു ലിങ്കിസ്റ്റിനെ പോലെയാണ് കമല്‍. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ കൂടാതെ ഹിന്ദിയിലും ശ്രദ്ധേയമായ നിരവധി പടങ്ങള്‍ കമലിന്റേതായുണ്ട്. ഏക് ദൂജെകേലിയെ, സദ്മപോലുള്ളവയും അതില്‍ ഉള്‍പ്പെടുന്നു. ചുവപ്പ് റോജാക്കള്‍, മൂന്റ്രാം പിറൈ, ഗുന, പുന്നകൈ മന്നന്‍ തടങ്ങിയ തമിഴ് ചിത്രങ്ങള്‍ എക്കാലത്തെയും മികച്ചവയായി പരിഗണിക്കപ്പെടുന്നു. കന്യാകുമാരി, ഈറ്റ, മദനോത്സവം, രാസലീല തുടങ്ങി നിരവധി മലയാള ചിത്രങ്ങളും കമലിന്റെ സാന്നിദ്ധ്യം കൊണ്ടും അഭിനയസിദ്ധി കൊണ്ടും ശ്രദ്ധ നേടിയവയാണ്.

  രാജ്യന്തര ചലച്ചിത്രമേളയിലെ വിദേശ ചിത്രങ്ങള്‍ കണ്ട് അതേകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും കമല്‍ ഹാസ്സന്‍ അന്നെല്ലാം സമയം കണ്ടെത്തിയിരുന്നു. പലപ്പോഴും താരപരിവേഷമില്ലാതെ സിരി ഫോര്‍ട്ടിലെ പുല്‍ത്തകടിയിലോ സിമന്റ് ബെഞ്ചിലോ ഇരിക്കുന്ന കമല്‍ ഹാസ്സന്‍ ഡെലിഗേറ്റുകള്‍ക്കൊരു 'കാഴ്ച തന്നെയായിരുന്നു'. ഒരിക്കല്‍ ഇഷ്ടപ്പെട്ട ലോക സിനിമാ സംവിധായകരെ കുറിച്ച് ചോദിച്ചപ്പോള്‍ കമല്‍ പറഞ്ഞ പേരുകളില്‍ കുറോസവയും ബെര്‍ഗ്മാനും ഉള്‍പ്പെട്ടിരുന്നത് ഓര്‍ക്കുന്നു. 'സെവന്‍ സമുറായ്' പോലുള്ള കലാമൂല്യമുള്ള എന്നാല്‍ സംഘട്ടനങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്ന ഒരു ചിത്രം ഇന്ത്യന്‍ സിനിമയില്‍ എന്തുകൊണ്ട് വരുന്നില്ല എന്ന് അദ്ദേഹം അത്ഭുതപ്പെട്ടിരുന്നു. ''നമ്മുടെ ആര്‍ട്ട് സിനമ എന്നാല്‍ പൊതുവേ ആക്ഷനല്ല ഇനാക്ഷനാണ് പ്രാധാന്യം''. ''ലോക സിനിമയില്‍ അങ്ങനെയില്ല. കുറോസവ ചിത്രങ്ങള്‍ തന്നെ ഉദാഹരണം.

  കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ ഗോള്‍ഡന്‍ പാം ലഭിച്ച മിസ്സിംങ്ങ് എന്ന കോസ്താ ഗാവറസ്സ് പടത്തെകുറിച്ച് അദ്ദേഹം ദീര്‍ഘമായി തന്നെ സംസാരിച്ചിരുന്നു. ഹാസ്യനടനായി അറിയപ്പെട്ടിരുന്ന ജാക്ക് ലമന്‍ അവതരിപ്പിച്ച പിതാവിന്റെ ഗൗരവമുള്ള കഥാപാത്രത്തിന്റെ രചനാ സാഫല്യവും എടുത്തു പറഞ്ഞിരുന്നു. അന്ന് അദ്ദേഹം ഗാവറസ്സിന്റെ സെഡ് കണ്ടിരുന്നില്ല. ഊഴം കാത്തുനിന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ഡെലിഗേറ്റുകളെ അദ്ദേഹം അരികിലേക്ക് വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു ''ഇന്റര്‍വ്യു കഴിഞ്ഞോട്ടെ'' അദ്ദേഹത്തിന്റെ പ്രതികരണം ''അഭിമുഖമല്ല ഒരു സിനിമാറ്റിക് ചാറ്റ് ആണ്''. ആരാധനയോടെ അവര്‍ കമല്‍ ഹാസനുമായി സംസാരിക്കുന്നതും ഫോട്ടോ എടുക്കുന്നതും നോക്കി നിന്നപ്പോള്‍ അദ്ദേഹത്തിന്റെ ജനസമ്മതിയായിരുന്നു മനസ്സില്‍.

  ബാലതാരമായി തുടങ്ങി സഹനടനും നായകനും സൂപ്പര്‍ താരവുമായി മാറിയ കമല്‍ ഹാസ്സന്റെ ജീവതകഥ തന്നെ സിനിമാ കഥകളെ വെല്ലുന്നതാണ്. ഗുരുവും മെന്ററുമായ ബാലചന്ദറാണ് കമല്‍ ഹാസനെ പോലെ സമകാലികനായ രജനികാന്തിനെയും താരപദവിയിലേക്ക് ആനയിച്ചത്. അഭിനേതാവും നര്‍ത്തകനും മാത്രമല്ല. രചയിതാവും സംവിധായകനും എല്ലാമായ കമല്‍ ഹാസ്സന്‍ എന്ന ബഹുമുഖ പ്രതിഭ അക്ഷരാര്‍ത്ഥത്തില്‍ ഒരു സകലകലാ വല്ലഭന്‍ തന്നെയാണ്. ആദ്യകാലത്ത് നൃത്തത്തിന് പ്രാധാന്യമുള്ള പടങ്ങളിലൂടെയും പിന്നെ ആക്ഷന് പ്രാമുഖ്യം ലഭിച്ചവയിലൂടെയും പിന്നീട് അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെയുമാണ് അദ്ദേഹം തമിഴ് സിനിമയിലും മനസ്സിലും സ്ഥിരപ്രതിഷ്ഠ നേടിയത്.

  എന്നും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വന്തം പ്രതിഭയുടെ മാറ്റുരയ്ക്കുവാനും കൂടുതല്‍ ശോഭ നല്‍കുവാനും കമലിന് കഴിഞ്ഞിരുന്നു. നിശബ്ദ ചിത്രവും (പുഷ്പകവിമാനം) കുള്ളനായി പ്രത്യക്ഷപ്പെട്ട പടവും (അപൂര്‍വ്വ സഹോദരങ്ങള്‍), സ്ത്രീ വേഷത്തില്‍ എത്തിയ അവ്വെയ് ഷണ്‍മുഖിയും ചില ഉദാഹരണങ്ങള്‍ മാത്രം. ആസ്‌ട്രേലിയല്‍ ചിത്രീകരിച്ച് ശ്രദ്ധനേടിയ ഇന്ത്യന്‍, 10 റോളുകളില്‍ പ്രത്യക്ഷപ്പെട്ട ദശാവതാരം തുടങ്ങിയവ അപൂര്‍വ്വ സൃഷ്ടികളാണ്. ലോക സിനിമയിലെ മര്‍ലിന്‍ ബ്രന്റോ, ആന്റണി ക്വിന്‍, ഗിഗറി പെക് തുടങ്ങിയവരുടെ അഭിനയ പാടവവുമായുള്ള പരിചയമാണ് തേവര്‍ മകനിലെ വേഷപ്പകര്‍ച്ചയ്ക്ക് അപാരമായ ശക്തി സൗന്ദര്യം പകരുവാന്‍ കമല്‍ ഹാസനെ പ്രാപ്തനാക്കിയത്. അതുപോലെ മണിരത്‌നം സംവിധാനം ചെയ്ത ബോംബേ അധോലോക നായകന്റെ കഥ പറഞ്ഞ നായകന്‍ കമല്‍ ഹാസ്സന്റെ അഭിനയ ജീവിതത്തിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു അപൂര്‍വ്വ സംഭവമായിമാറി. അതിന്റെ ഹിന്ദി പതിപ്പും വന്‍ വിജയം നേടിയിരുന്നു.

  പ്രതിഭയില്‍ നിന്ന് പ്രതിഭാസമായി മാറിയ കമല്‍ ഹാസ്സന്റെ പുതിയ അവതാര ലക്ഷ്യമായി രാഷ്ട്രീയ പ്രവേശനത്തെ കാണാവുന്നതാണ്. എംജിആര്‍, എന്‍ടിആര്‍, ജയലളിത മാജിക് കമലിന് ആവര്‍ത്തിക്കാനാകുമോ എന്നത് കാലം തെളിയിക്കേണ്ടതാണ്. സിനിമയിലെ പ്രതിയോഗിയായ രജനികാന്ത് കമലിന് രാഷ്ട്രീയത്തിലും വെല്ലുവിളി ഉയര്‍ത്തുന്നതും കാണാം. തമിഴ് സിനിമയും രാഷ്ട്രീയവും ഒരേ പാളത്തില്‍ സഞ്ചരിക്കുന്നു. അപ്പോള്‍ സിനിമയുടെ തുടര്‍ച്ചയായി, തുടര്‍ക്കഥയായി തമിഴ് രാഷ്ട്രീയവും മാറുന്നു. കമല്‍ ഹാസ്സന്റെ റീല്‍ ലൈഫില്‍ നിന്ന് രാഷ്ട്രീയത്തിന്റെ റിയല്‍ ലൈഫിലേക്കുള്ള മാറ്റവും പ്രവചനാതീതമാണ്...

  പിഷാരടിയുടെ സിനിമയില്‍ ധര്‍മജന്‍ രാജാവ്! മൂന്ന് മേക്കോവറുകളുമായി ധര്‍മജന്റെ കള്ളക്കളി കണ്ടുപിടിച്ചു!

  English summary
  MC Rajanaryanan saying about Kamal Haasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X